Total Pageviews

Blog Archive

Search This Blog

സമ്പൂർണ്ണ വിഷു ഫലം


ധനുശനി തുലാവ്യാഴക്കാലം കൊല്ലവര്‍ഷം 1193 മേടമാസം ഒന്നാം തീയതി ശനിയാഴ്ചയും ഉതൃട്ടാതി നക്ഷത്രവും കൃഷ്ണ പക്ഷ ത്രയോദശി തിഥിയും സുരഭിക്കരണ വും മാഹേന്ദ്ര നാമ നിത്യയോഗവും ചേര്‍ന്ന ദിവസം ഉദയാല്പരം 2 നാഴിക 50 വിനാഴികയ്ക്ക് മീനക്കൂറില്‍ മേടലഗ്നത്തില്‍ അഗ്നി ഭൂതോദയം കൊണ്ട് മേഷ സംക്രമം.

അശ്വതി:

അശ്വതിക്കാര്‍ക്ക് ഈ വിഷു നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ശ്രദ്ധയും ക്ഷമയും പുലര്‍ത്തിയാല്‍ പല പ്രശ്നങ്ങള്‍ക്കും നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. വിദേശ ജോലിയില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ വലിയ അളവില്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്കും ഈ വിഷു മുതല്‍ വരുന്നതായ ഒരു വര്‍ഷം ഗുണം ചെയ്യും. നിസ്സാര കാര്യങ്ങളെ ചൊല്ലി കുടുംബ കലഹം വരാതെ ശ്രദ്ധിക്കുക. സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ ധന സമ്പാദ്യത്തിന് അവസരം ഉണ്ടാകും. അധികാരികള്‍ അനുകൂലരായി പെരുമാറും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. വിദ്യാര്‍ഥികള്‍ക്ക് വിദ്യാ ഗുണവും തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാധ്യവും ഫലമാകുന്നു.

ഭരണി:

പ്രയത്നങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ലഭ്യമാകുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തയാറായാല്‍ ഈ വര്‍ഷം തൊഴില്‍ വിജയത്തിന്റെതായിരിക്കും. അന്തര്‍ മുഖനാവാനുള്ള പ്രവണത ഉപേക്ഷിക്കുക. സ്നേഹം ഭാവിച്ച് അടുത്തു വരുന്ന എല്ലാവരും സദുദ്ദേശം ഉള്ളവര്‍ ആയിരിക്കണമെന്നില്ല. സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ വേണം. വലിയ ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും തുടര്‍ച്ചയായ ചെറിയ രോഗങ്ങള്‍ മൂലം അസ്വസ്ഥതകള്‍ വരാവുന്നതാണ്. സാമ്പത്തികമായി വലിയ ക്ലേശങ്ങള്‍ക്ക് സാധ്യതയില്ല. തൊട്ടാവാടി സ്വഭാവം മാറ്റി വയ്ക്കുക. ഭരണിക്കാര്‍ക്ക് ഈ വിഷുക്കാലം മുതല്‍ പല പ്രധാന ആഗ്രഹങ്ങളും സാധിക്കുവാന്‍ കഴിയും.

കാർത്തിക :

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ഭൂമി സംബന്ധമായും ഗൃഹ സംബന്ധമായും തടസ്സപ്പെട്ടു കിടന്നിരുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയും. കമിതാക്കള്‍ക്ക് പ്രേമ സാഫല്യവും അവിവാഹിതര്‍ക്ക് വിവാഹ ഭാഗ്യവും മറ്റും പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ്‌. തടസ്സപ്പെട്ട സ്ഥാന കയറ്റം ലഭ്യമാകാവുന്ന വര്‍ഷമാണ്‌. ഉയര്‍ന്ന വ്യക്തികളുമായി ഇടപെടുമ്പോള്‍ ആശയ വിനിമയത്തില്‍ അപാകത വരാതെ നോക്കണം. പല കാര്യങ്ങളും നമ്മുടെ ഇഷ്ടപ്രകാരം പരിവര്‍ത്തനം ചെയ്തെടുക്കാന്‍ കഴിയും. അനാവശ്യ വാശി ഉപേക്ഷിച്ചാല്‍ ഈ വിഷുക്കാലം മുതല്‍ ഒരു വര്‍ഷം മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

രോഹിണി:

ശത്രു ശല്യം, പ്രതിസന്ധികള്‍, എതിര്‍പ്പുകള്‍ എന്നിങ്ങനെ എന്തു പ്രതിബന്ധങ്ങള്‍ വന്നാലും സ്വന്തം ബുദ്ധിയും ഈശ്വരാധീനവും കൊണ്ട് അവയെ പ്രതിരോധിക്കുവാന്‍ കഴിയും. വീടുപണി ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കാന്‍ കഴിയും. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ ആരോഗ്യ കാര്യങ്ങളില്‍ കരുതല്‍ പുലര്‍ത്തണം. വിട്ടുവീഴ്ച പുലര്‍ത്തിയാല്‍ കുടുംബ സുഖത്തിനും കുറവുണ്ടാകുകയില്ല. വ്യാപാരം വിപുലമാക്കാന്‍ കൂടുതല്‍ ധനനിക്ഷേപത്തിനു തയാറാകും.നയ- വിനയത്തോടെയുള്ള പെരുമാറ്റം മുഖമുദ്രയാക്കിയാല്‍ ഈ വിഷുവര്‍ഷം പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിക്കുവാന്‍ കഴിയ

മകയിരം:

അവിവാഹിതര്‍ക്ക് വിവാഹ സാഫല്യം വരാവുന്ന സമയമാണ്. വിദ്യാര്‍ഥികള്‍ക്കും കാലം അനുകൂലംതന്നെ. അസൂയാലുക്കളില്‍  നിന്നും അസന്തുഷ്ടികരമായ നീക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബത്തില്‍ നിലനിന്നിരുന്ന അസുഖകരമായ സാഹചര്യങ്ങള്‍ക്ക് ശമനം ഉണ്ടാകും. സര്‍ക്കാര്‍ ഇടപാടുകള്‍ വിജയകരമാകും. തൊഴിലിലും വലിയ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അനാവശ്യ കാര്യങ്ങളിലും ദുഷിച്ച കൂട്ടുകെട്ടിലും സമയം ചിലവഴിക്കാതിരുന്നാല്‍ ഈ വിഷുവര്‍ഷം മകയിരം നാളുകാര്‍ക്ക് ശുഭഫലങ്ങള്‍ പ്രതീക്ഷിക്കാം.

തിരുവാതിര:

കഠിനാധ്വാനം ഫലം ചെയ്യും. സാമ്പത്തിക ബാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയും.തൊഴില്‍ രംഗം വിപുലമാക്കി കൂടുതല്‍ ജീവനക്കാരെ നിയമിക്കും. കലാകാരന്മാര്‍ വ്യത്യസ്തത കൊണ്ട് ശ്രധേയരാകും. ജീവിതത്തിനു വഴിത്തിരിവുണ്ടാകാന്‍ പ്രാപ്തിയുള്ളവരെ അപ്രതീക്ഷിതമായി കണ്ടെത്തും. പല പ്രശ്നങ്ങള്‍ക്കും അവസാന നിമിഷം പരിഹാര മാര്‍ഗം കണ്ടെത്തും. പ്രതികൂല സാഹചര്യങ്ങളെ ക്ഷമയോടെ നേരിട്ടാല്‍ മാത്രം മതി. സ്വന്തം ആശയങ്ങള്‍ മറ്റുള്ളവര്‍ക്കും സ്വീകാര്യമാകും. തൊഴില്‍ ഉപേക്ഷിച്ചു ബിസിനസ്‌ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. പ്രതിസന്ധികള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ താനെ തെളിഞ്ഞു വരും. പൂര്‍വിക സ്വത്തുക്കള്‍ ലഭിക്കും. വിദ്വല്‍ സദസ്സുകളില്‍ സംബന്ധിക്കും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. ജീവിത പങ്കാളിയുടെ പെരുമാറ്റം മനശാന്തി നല്‍കും. അകലെ താമസിച്ചിരുന്നവര്‍ കുടുംബത്തോടൊപ്പം ചേരും.

പുണര്‍തം:

പഠന കാര്യങ്ങളില്‍ അലസത വരാവുന്നതിനാല്‍ വിദ്യാര്‍ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ മനസ്സിരുത്തി പരിശ്രമിക്കണം. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പുതു സംരംഭങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. അശ്രദ്ധ അബദ്ധങ്ങള്‍ക്കു വഴി വയ്ക്കും. എല്ലാ കാര്യങ്ങള്‍ക്കും തടസ്സവും ചെലവും വര്‍ധിക്കും. എങ്കിലും നന്നായി പരിശ്രമിച്ചാല്‍ കര്‍മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ അധ്വാനം വേണ്ടി വരും. ബിസിനസ്‌ -ല്‍ പണം മുടക്കരുത്. എന്നാല്‍ പണം നിക്ഷേപിക്കാതെ സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നത് വരുമാനം വര്‍ധിപ്പിക്കും. യാത്രക്കും അലച്ചിലിനും സാധ്യത. തസ്കര ഭയം ഉണ്ടാകും.വ്യക്തമായി പദ്ധതി തയാറാക്കിയ ശേഷമേ സംരംഭങ്ങളില്‍ ഏര്‍പ്പെടാവൂ. അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കുക. മറ്റുള്ളവരുടെ ജോലികള്‍ ഏറ്റെടുക്കേണ്ടി വരും. ചെയ്ത ജോലിക്ക് മതിയായ പ്രതിഫലം ലഭിച്ചെന്നു വരില്ല.

പൂയം:

പൂയം നക്ഷത്രക്കാര്‍ക്ക് ഈ വിഷു വര്‍ഷത്തില്‍ ശത്രുക്കളില്‍ നിന്നും പല വിധ നീക്കങ്ങളും നേരിടേണ്ടി വരും. എന്നാല്‍ ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ ലക്ഷ്യത്തില്‍ എത്താന്‍ കഴിയുന്നതാണ്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് ഗുണകരമാകില്ല. സുഖദുഖങ്ങള്‍ ഒരുപോലെ വന്നുചേരും. ബന്ധുജനങ്ങളുടെ പെരുമാറ്റം മൂലം വീട് വിട്ടു താമസിക്കും. വരവും ചെലവും തുല്യമാകും.കര്‍മ രംഗത്ത് പ്രതിസന്ധികള്‍ക്ക് സാധ്യത. ഇഷ്ടമല്ലാത്ത സ്ഥലം മാറ്റം വരാന്‍ സാധ്യത. മുന്‍കോപം നിയന്ത്രിക്കണം.വേണ്ടത്ര ആലോചനയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അപമാനം ഉണ്ടാക്കും. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാല്‍ ജീവിത ചെലവുകള്‍ക്ക്  സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രശ്നങ്ങള്‍ അടുപ്പക്കാരുമായി  ചര്‍ച്ച ചെയ്യുന്നത് ഗുണം ചെയ്യും. എന്നാല്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. സ്വയം തീരുമാനങ്ങള്‍ എടുക്കുന്നത് നഷ്ടങ്ങള്‍ ഉണ്ടാക്കും.

ആയില്യം:

സന്താങ്ങളെ കൊണ്ട് മനക്ളേശവും സാമ്പത്തിക നഷ്ടവും ഉണ്ടാകുവാന്‍ ഇടയുള്ള വര്‍ഷമാണ്‌. കുട്ടികള്‍ പഠനത്തില്‍ അലസരാകും. അനാവശ്യ വിവാദങ്ങളില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതു പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം. തര്‍ക്കങ്ങളില്‍ പക്ഷം ചേരരുത്. ആയുധങ്ങളില്‍ നിന്നോ വാഹനങ്ങളില്‍ നിന്നോ അപകടത്തിനു സാധ്യത. പൂര്‍വിക സ്വത്തുക്കള്‍ വില്‍ക്കേണ്ടി വരാം. തൊഴിലില്‍ വൈഷമ്യങ്ങള്‍ വന്നാലും അന്തിമ കാര്യ വിജയം ഉണ്ടാകും. തെറ്റിധാരണ മൂലം സുഹൃത്തുക്കളുമായി അകലാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ – കോടതി സംബന്ധമായ കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലമായി ഭവിക്കും.

മകം:

നിര്‍ദേശങ്ങളും അപേക്ഷകളും അംഗീകരിക്കപ്പെടും . സര്‍ക്കാരില്‍ നിന്നും മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാകും. ഒട്ടേറെ കാര്യങ്ങള്‍ സമയ ബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ കഴിയും. അഭിമാനാര്‍ഹമായ സ്ഥാനമാനാദികള്‍ ലഭിക്കും. വ്യാപാര വ്യവസായ രംഗത്തും ബിസിനസ്‌ രംഗത്തും ഉയര്‍ച്ചയുണ്ടാകും. കുടുംബത്തോടൊപ്പം താമസിക്കാന്‍ തക്കവണ്ണം സ്ഥലംമാറ്റം പ്രതീക്ഷിക്കാം. പൂര്‍വിക സമ്പത്തുകള്‍ കൈയില്‍ വന്നുചേരും. പുതിയ വാഹനം വാങ്ങുവാനോ പഴയത് മാറ്റി പുതിയത് വാങ്ങുവാനോ അവസരമുണ്ടാകും. ഗൃഹ നിര്‍മാണത്തിന് സാധ്യതയുണ്ട്. എത്ര വലിയ പ്രശ്നങ്ങള്‍ ഉണ്ടായാലും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും പരിഹാരം ഉണ്ടാക്കുവാനും കഴിയും. വ്യാപാരം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഉദ്യോഗ കയറ്റം ലഭിക്കും. അംഗീകാരം ലഭിച്ചതിനാല്‍ സ്വീകാരവും അനുമോദനവും ലഭിക്കും. ദാമ്പത്യ സുഖം ഉണ്ടാകും. സാമ്പത്തിക പ്രലോഭനങ്ങളില്‍ അകപ്പെടരുത്‌.

പൂരം:

ഭൂമി വില്പനയിലൂടെ ലാഭം നേടും. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. പരിശ്രമങ്ങള്‍ അംഗീകരിക്കപ്പെടും. ജീവിതത്തില്‍ നേട്ടമുണ്ടാക്കുന്ന പല വഴിത്തിരിവുകളും ഈ വിഷുവര്‍ഷം പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ നിന്നും തൊഴിലില്‍ നിന്നും ഭൂമിയില്‍ നിന്നും ഒരുപോലെ ലാഭമുണ്ടാകും. ഉന്നത സ്ഥാനീയരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹം മോടി പിടിപ്പിക്കും. നഷ്ടപ്പെട്ട മുതലുകള്‍ തിരികെ ലഭിക്കും. അപരിചിതര്‍ സഹായം നല്‍കും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. കൂട്ട്  കച്ചവടം മതിയാക്കി സ്വന്തം സംരംഭം ആരംഭിക്കും. സന്താനങ്ങളുടെ പെരുമാറ്റം ആശ്വാസവും സമാധാനവും നല്‍കും. പഴയ തെറ്റുകള്‍ തിരുത്താന്‍ സാധിക്കും. പുതിയ ഗൃഹം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യും. മറ്റുള്ളവരോട് വിരോധം വച്ച് പുലര്‍ത്തുന്നത് മനസമ്മര്‍ദം വര്‍ധിക്കുവാന്‍ മാത്രമേ സഹായിക്കൂ .   വാഹനം മാറ്റി വാങ്ങും. ഭാഗ്യക്കുറി, സമ്മാനം തുടങ്ങിയവ ലഭിച്ചാല്‍ അത്ഭുതപ്പെടേണ്ട.

ഉത്രം:

നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാനും വിജയിപ്പിക്കുവാനും കഴിയുന്ന വിഷു വര്‍ഷമാണ്‌ വരുന്നത്. പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. പുണ്യ പ്രവര്‍ത്തനങ്ങള്‍ ആത്മവിശ്വാസം നല്‍കും. തൊഴില്‍ രംഗം വിപുലീകരിക്കും. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ എടുക്കും.അംഗീകാരങ്ങള്‍ ലഭിക്കും.മെച്ചപ്പെട്ട സേവനത്തിനു സ്ഥാന കയറ്റവും പാരിതോഷികങ്ങളും ലഭിക്കും. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.സാമ്പത്തിക രംഗം തൃപ്തികരമാകും. മുടങ്ങിക്കിടന്ന ഗൃഹ നിര്‍മാണം പുനരാരംഭിക്കും. എഞ്ചിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. സന്താനങ്ങളെ കൊണ്ട് സംതൃപ്തി ഉണ്ടാകും. പ്രതിസന്ധികളെ നിഷ്പ്രയാസം അതിജീവിക്കും. അതില്‍ സഹ പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകും. അനാവശ്യ ആധി ഉപേക്ഷിക്കാം. കുടുംബ ജീവിതത്തില്‍ കഴിഞ്ഞ വര്ഷം ഉണ്ടായിരുന്ന അസ്വസ്ഥത അവസാനിക്കും. മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയം നേടിത്തരും. ഉദര രോഗങ്ങള്‍ക്ക് സാധ്യത.

അത്തം:

ഏര്‍പ്പെടുന്ന തൊഴിലുകളില്‍ നിന്നും മാന്യമായ വരുമാനം നേടിയെടുക്കാന്‍ കഴിയും. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ലാഭാനുഭവങ്ങള്‍ വരാവുന്നതാണ്. പ്രധാന ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍  തൊഴില്‍ വൈഷമ്യങ്ങള്‍ ഒഴിവാകും. സമയോചിതമായ ഇടപെടലുകള്‍ പുതിയ അവസരങ്ങള്‍ ഉണ്ടാകും . കുടുംബത്തില്‍ സന്തോഷവും സമാധാനവും സംജാതമാകും. നേതൃസ്ഥാന ത്തേക്ക്  ഉയര്‍ച്ച ഉണ്ടാകും. ഉന്നത സ്ഥാനീയരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടും. ഉല്ലാസ യാത്രക്ക് സാധ്യത. ഈശ്വരാധീന വും ഭാഗ്യവും വര്‍ധിക്കും. പരീക്ഷകളില്‍ വിജയിക്കും. ജീവിത പങ്കാളിയുമായി  ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. വാഹന ലാഭം ഉണ്ടാകും. അടുപ്പം കാണിക്കുന്ന ശത്രുക്കളെകരുതലോടെകാണണം.

ചിത്തിര:

പുതിയ മാറ്റങ്ങള്‍ക്ക് ശ്രമിക്കാതെ ലഭ്യമായവയെ പരിപുഷ്ടമാക്കാന്‍ ശ്രമിക്കുക. വിഷുവര്‍ഷം ചിത്തിര നക്ഷത്രക്കാര്‍ക്ക് മോശമല്ല.  എത്ര വലിയ പ്രശ്നങ്ങള്‍ ഉണ്ടായാലും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും പരിഹാരം ഉണ്ടാക്കുവാനും കഴിയും.  ജീവിത പങ്കാളിയുടെ കഴിവില്‍ ആത്മവിശ്വാസം ഉണ്ടാകും. അനുമോദനങ്ങളും പുരസ്കാരങ്ങളും ലഭിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ സംഖ്യ തിരിച്ചു കിട്ടും. പണം വിദഗ്ധമായി നിക്ഷേപിക്കും. മേലധികാരികള്‍ അനുകൂലരാകും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം. തൊഴില്‍ ഇതര വരുമാനങ്ങള്‍ ഉണ്ടാകുമെങ്കിലും വരുമാനം പ്രതീക്ഷിച്ചത് പോലെ ഉയരില്ല. പിതൃസ്വത്ത് ലഭിക്കും. പ്രായോഗിക മനോഭാവവും ആത്മവിശ്വാസവും പുലര്‍ത്തും.

ചോതി:

അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ പോലും അതിവേഗം സാധിക്കും. ഗുരുസ്ഥാനീയരുടെ ഉപദേശങ്ങളാല്‍ സര്‍വാഭീഷ്ടങ്ങള്‍ സാധിക്കും. ഗൃഹത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും. പിതൃസ്ഥാനീയര്‍ക്കു രോഗമോ അപകടമോ വരുന്നത് ദുഃഖം ഉണ്ടാക്കും.സന്താനങ്ങള്‍ക്കും വിഷമതകള്‍ ഉണ്ടാകാം. ബിസിനസ്‌-തൊഴില്‍ അഭിവൃധിയിലൂടെ അപ്രതീക്ഷിത ധനാഗമം ഉണ്ടാകും. പാരമ്പര്യ തൊഴിലുകള്‍ വിപുലീകരിക്കും. മുടങ്ങിക്കിടന്ന പദ്ധതികള്‍ വിജയകരമായി പുനരുജ്ജീവിപ്പിക്കും. ജീവിത പങ്കാളിയുടെ ഉപദേശങ്ങള്‍ ആത്മവിശ്വാസം ഉണ്ടാക്കും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും.  ചെറുകിട വ്യവസായ രംഗത്ത് വലിയ വരുമാന വര്‍ധനയുണ്ടാകും.  നിക്ഷേപങ്ങളില്‍ നിന്നും സ്ഥിര വരുമാനം ലഭിച്ചുതുടങ്ങും. തിരിച്ചു ലഭിക്കില്ല എന്ന് കരുതിയ പലതും തിരികെ ലഭിക്കും.

വിശാഖം:

അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ച വേണ്ടിവരും. കുടുംബത്തില്‍ സമാധാനം കുറയും. പല കാര്യങ്ങള്‍ ഒരേ സമയം ചെയ്യേണ്ടി വരും. പണം കടം കൊടുക്കേണ്ടി വരും. ഭൂമിയില്‍ പണം നിക്ഷേപിക്കരുത്. പ്രായോഗികമായ സമീപനം പുലര്‍ത്തണം.മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ ദുരഭിമാനം വിചാരിക്കരുത്. ജോലികള്‍ തീര്‍ക്കാന്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരും. യാത്രാക്ലേശം വര്‍ധിക്കും. മനസ്സ് അകാരണമായി വിഭ്രാന്തപ്പെടും. അത് നിയന്ത്രിക്കുവാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ അവലംബിക്കരുത്. ക്ലേശം വര്ധിക്കുമെങ്കിലും അന്തിമ വിജയം ഉണ്ടാകും.അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗം നിയന്ത്രിക്കണം. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ നിര്‍ബന്ധിതനാകും. അടുത്ത ബന്ധുക്കള്‍ പോലും അകല്‍ച്ച പാലിക്കും.

അനിഴം:

വളരെക്കാലമായി മനസ്സില്‍ സൂക്ഷിച്ച പല ആഗ്രഹങ്ങളും ഈ വിഷു വര്‍ഷത്തില്‍ നടപ്പാക്കാന്‍ കഴിയും. ധനപരമായ വിഷയങ്ങളില്‍ ചതി പറ്റാന്‍ ഇടയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. അവിവാഹിതരായ അനിഴം നാളുകാര്‍ക്ക് വിവാഹ സാഫല്യം വരാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ മികവുപുലര്‍ത്താന്‍ കഴിയും. തൊഴിലില്‍ ചില മാറ്റങ്ങള്‍ വരാവുന്നതാണ്. അത് ബുദ്ധിപൂര്‍വ്വം അനുകൂലമാക്കിയെടുക്കുക. പ്രധാന വരുമാനം കൂടാതെ പാര്‍ശ്വ വരുമാനം ലഭിക്കുന്ന ചില സംരംഭങ്ങളെ പറ്റി ആലോചിക്കും. വര്‍ഷങ്ങളായി വിദേശത്ത് താമസിക്കുന്നവര്‍ക്ക് നാട്ടില്‍ വന്നു മടങ്ങാന്‍ കഴിയും.

തൃക്കേട്ട:

എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുക. സ്വന്തം വ്യക്തിത്വം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ള സമയമാണ്.  വിട്ടുവീഴ്ചകള്‍ ചെയ്തില്ലെങ്കില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടാകും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാല്‍ മനപ്രയാസം ഉണ്ടാകും. ജോലിഭാരം വര്‍ധിക്കും.  ആരോഗ്യത്തിന് കുറവുണ്ടാകും. എന്തെന്നില്ലാത്ത അലസത ബാധിക്കും. ആത്മ നിയന്ത്രണത്തോടെ ചെയ്യുന്ന കര്‍മങ്ങള്‍ ഫലം കണ്ടു തുടങ്ങും.അകാരണമായ ദുര്‍വാശിയും സാഹസവും  ഗുണം ചെയ്യില്ല. നടക്കാന്‍ സാധ്യതയില്ലാത്ത വ്യാമോഹങ്ങള്‍ ഉപേക്ഷിച്ചു പ്രായോഗിക ബുദ്ധി സ്വീകരിക്കണം. വിദേശ യാത്ര ഫലം ചെയ്യും. പുതിയ സംരംഭങ്ങള്‍ ഈ വര്‍ഷം തുടങ്ങരുത്‌. ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാകും. മാറ്റങ്ങള്‍ അനുകൂലമാകാന്‍ പ്രാര്‍ഥന നടത്തുക.

മൂലം:

തൊഴില്‍ സംബന്ധമായി അനിഷ്ടകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നാലും പരിഹാര മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. കുടുംബത്തിലും ഒത്തൊരുമ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഒന്നിലധികം ജോലികള്‍ ഒരേസമയം ചെയ്യേണ്ടതായി വരും. കോടതി വ്യവഹാരങ്ങളി ലോ നിയമ കുരുക്കുകളിലോ പെട്ടുപോകാന്‍ സാധ്യത. പണം കടം കൊടുക്കരുത്. സ്വന്തം ജോലികള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചാല്‍ നഷ്ടം ഉണ്ടാകും.ഉദ്യോഗ സംബന്ധമായി ധാരാളം യാത്ര ചെയ്യേണ്ടിവരും. വീട്ടില്‍ നിന്ന് വിട്ടു താമസിക്കും. ബന്ധുക്കളും സുഹൃത്തുക്കളും ശത്രുതയോടെ പെരുമാറുന്നതായി തോന്നും. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യും.  അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയം പ്രതീക്ഷിക്കാം. മത്സരങ്ങളില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരും. എന്നിരുന്നാലും എല്ലാ കാര്യങ്ങളിലും ഈശ്വരാധീനം നിഴലിക്കും.

പൂരാടം:

സാമ്പത്തികമായും വ്യക്തിത്വപരമായും ഉയര്‍ച്ചകള്‍ വരാവുന്ന വിഷു വര്‍ഷമാണ്‌ പൂരാടം നക്ഷത്രക്കാര്‍ക്ക്. വീഴ്ചകള്‍ സംഭവിച്ചാല്‍ അത് അലസതയും ജാഗ്രതക്കുറവും കൊണ്ടും ആയിരിക്കും. അഭിപ്രായ ഐക്യം വരാവുന്നതിനാല്‍ കുടുംബ പരമായ പല പ്രശ്നങ്ങള്‍ക്കും നിവൃത്തി ഉണ്ടാകും. പ്രാരംഭ തടസ്സം വന്നാലും പല കാര്യങ്ങളും വിജയത്തില്‍ എത്തും. മനസ്സിനെ മഥിച്ചിരുന്നതായ പല വൈഷമ്യ ങ്ങള്‍ക്കും പരിഹാരം ലഭിക്കും. വലിയ മുതല്‍ മുടക്കുകള്‍ ആലോചനയോടെ ആകുന്നതാണ് നല്ലത്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാകാരന്മാര്‍ക്കും അര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.

ഉത്രാടം:

കാര്യങ്ങള്‍ വിചാരിച്ചവണ്ണം നടക്കുന്നതിനാല്‍ മനസ്വസ്ഥതലഭിക്കും. ജീവിതത്തില്‍ പൊതുവില്‍ ഉയര്‍ച്ച ഉണ്ടാകും. ലാഭം വര്‍ദ്ധിക്കും. കലാകാരന്മാര്‍ക്ക്  അംഗീകാരം ലഭിക്കും. ജീവിതത്തില്‍ നിര്‍ണ്ണായകതീരുമാനങ്ങള്‍ എടുക്കും. അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കി ലും  ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. അപ്രതീക്ഷിത പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ക്രിയാത്മകമായ പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. വഴിപാടുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും  ഫലപ്രാപ്തി വര്‍ധിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍  ആത്മാഭിമാനം തോന്നും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക്  വിദേശത്ത് ഉപരിപഠത്തിന് അവസരമുണ്ടാകും. ഭൂമി വാങ്ങാനിടവരും. ആരോഗ്യം തൃപ്തികരമായിരിക്കും. മനസ്സറിയാത്ത കുറ്റാരോപണങ്ങള്‍ ചിലപ്പോള്‍ നേരിടേണ്ടി വരും. ഊഹ കച്ചവടം ഗുണകരമാകാന്‍ ഇടയില്ല.

തിരുവോണം:

തൊഴില്‍ മേഖലയില്‍ പുരോഗതിയും സാമ്പത്തിക ഭദ്രതയും ഉണ്ടാകും. വിട്ടുവീഴ്ചാ മനോഭാവത്തില്‍ ദാമ്പത്യപ്രശ്ങ്ങള്‍ പരിഹരിക്കും. നിസ്സാര കാര്യങ്ങള്‍ ക്കുപോലും പ്രയത്നവും പരസഹായവും വേണ്ടിവരും. സാഹചര്യങ്ങള്‍ ക്കുസരിച്ച് ലളിതമായി ജീവിക്കുവാന്‍ തയ്യാറാകും. അവിചാരിതമായി തൊഴില്‍  പ്രശ്നങ്ങള്‍ ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയമല്ല.  ജീവിതത്തില്‍ അച്ചടക്കം പാലിക്കും. ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യസൌഖ്യവും കുടുംബ സമാധാനവും  കുറയും. ഉദ്യോഗരംഗത്ത് മാറ്റമുണ്ടാകും.  വാഹന ഉപയോഗം കരുതലോടെ വേണം. വിദേശയാത്ര സഫലമാകും. പുതിയ സംരംഭങ്ങള്‍  തുടങ്ങുന്നത് അഭികാമ്യമല്ല. മനസ്സറിയാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടിവരും. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നല്ല സമയമല്ല. വാത സംബന്ധമായ  രോഗങ്ങള്‍ക്ക് വിദഗ്ദ്ധചികിത്സ വേണ്ടിവരും. സന്താനങ്ങളെ കൊണ്ട് അഭിവൃദ്ധി ഉണ്ടാകും. പൊതുവില്‍ സാമ്പത്തി കനേട്ടം കുറയും. അപകടങ്ങളില്‍ നിന്ന്  ദൈവാധീനത്താല്‍ രക്ഷപെടും.

അവിട്ടം:

പ്രവര്‍ത്തനങ്ങളിലും തൊഴില്‍ രംഗത്തും വരുന്ന ഗുണാനുഭവങ്ങള്‍ ആരോഗ്യകാര്യ ങ്ങളില്‍ പ്രതിഫലിക്കണമെന്നില്ല. കൂടുതല്‍ ചുമതലാ ബോധം ആവശ്യമുള്ള ഉത്തരവാദിത്വ ങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. പ്രായോഗികമായി ചിന്തിച്ച്  കാര്യങ്ങള്‍ വിജയപഥത്തിലെത്തിക്കു വാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം തൊഴിലില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യം വരാന്‍ സാധ്യത.  വിദേശത്ത് ജോലിയുള്ളവര്‍ക്ക് സ്വന്തം കുടുംബത്തെ ഒപ്പം  കൊണ്ടുപോകാന്‍ കഴിയും. ദേവാലയ കാര്യങ്ങളില്‍ സഹകരിക്കും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദ-ഹൃദയ രോഗികള്‍ക്ക് കരുതല്‍ വേണം. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്  കീര്‍ത്തിയും ആദരവും വന്നുചേരും. തൊഴില്‍മേഖലയോട് ബന്ധപ്പെട്ട മന സംഘര്‍ഷം വര്‍ധിക്കും. കലാ കായിക മത്സരങ്ങളില്‍ വിജയിക്കും. വാഹന ഉപയോഗം ഒഴിവാക്കണം. പൊതു പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും.

ചതയം:

സാമ്പത്തികമായും തൊഴില്‍ പരമായും ഉയര്‍ച്ച പ്രതീക്ഷിക്കാവുന്ന വിഷു വര്‍ഷമാണ്‌ ചതയം നക്ഷത്രക്കാര്‍ക്ക്. ആലോചനയില്ലാതെ കാര്യങ്ങള്‍ വെട്ടി ത്തുറന്നു പറയുന്ന സ്വഭാവം മൂലം പല വൈഷമ്യങ്ങളും നേരിടേണ്ടി വരും. ഈ സ്വഭാവം കൊണ്ട് തനിക്കു ഗുണമൊന്നും വരാന്‍ പോകുന്നില്ല എന്ന ചിന്ത മനസ്സില്‍ ഉറപ്പിക്കുക. ശുഭകരമായ അനുഭവങ്ങള്‍ ഉണ്ടാകും. പഠനത്തിനു യോജ്യമായ  ഉദ്യോഗം ലഭിക്കും. തൊഴില്‍ മേഖലകളില്‍ നല്ല വളര്‍ച്ച അനുഭവപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ  മാറ്റമുണ്ടാകും. വിട്ടുവീഴ്ചാ മനോഭാവത്താല്‍ കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം  ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ജീവിത പങ്കാളിയുമായി നില നിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹൃതമാകും. ദീര്‍ഘ നാളത്തെ  പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകും. പാരമ്പര്യ  തൊഴില്‍മേഖലകള്‍ക്ക് പണം മുടക്കും.  ആത്മീയ കാര്യങ്ങളാല്‍ മനസ്സമാധാനം വര്‍ധിക്കും. ആഡംബരജീവിതത്തിന് കടിഞ്ഞാണ്‍ വേണ്ടിവരും.

പൂരൂരുട്ടാതി:

തടസ്സപ്പെട്ടു കിടന്നിരുന്ന പല സംരംഭങ്ങളും പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയും. സമ്പത്ത് ലഭിച്ചാലും അമിതവ്യയം മൂലം അത് കൈയില്‍ നില്‍ക്കുവാന്‍ പ്രയാസമാണ്. ബന്ധുജനങ്ങളുമായും മറ്റും ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സ്വയം സംരംഭങ്ങളില്‍ ഏര്‍പ്പിട്ടിരിക്കുന്നവര്‍ക്ക് ലാഭം വര്‍ധിക്കും. കുടുംബ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. വസ്തുതര്‍ക്കം പരിഹരിക്കും. ചിന്തയും പ്രവൃത്തിയും വിഭിന്നമാകയാല്‍ അവസരനഷ്ടം വരും. ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന ബന്ധങ്ങള്‍ സംജാതമാകും. ഉദര സംബന്ധമായോ പ്രമേഹ സംബന്ധമായോ ഉള്ള രോഗങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണം. അധികാരം വിപുലമാകും. പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും തളരാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അതിജീവിക്കും.  സാമ്പത്തിക ക്രയവിക്രയങ്ങളില്‍ നഷ്ട സാധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കണം. കടം കൊടുക്കുന്നതും ജാമ്യം നില്‍ക്കുന്നതും പരമാവധി ഒഴിവാക്കണം. അമിതമായ ഉത്തരവാദിത്വങ്ങള്‍ ഒഴിയുന്നത് ഗുണം ചെയ്യും.

ഉതൃട്ടാതി:

മന സമ്മര്‍ദം  വര്‍ധിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എങ്കിലും ആവശ്യമുള്ള സമയത്ത് സഹായങ്ങള്‍ ലഭ്യമാകുന്നതിനാല്‍ വൈഷമ്യങ്ങള്‍ കുറയും. അടുത്തു കൂടുന്നവര്‍ എല്ലാവരും അഭ്യുദയകാംക്ഷികള്‍  ആണെന്ന മിഥ്യാധാരണ ഒഴിവാക്കണം. അശ്രദ്ധയും ജാഗ്രതക്കുറവും മൂലം പല അബദ്ധങ്ങളിലും ചെന്ന് പെടാന്‍ ഇടയുള്ള വര്‍ഷമാണ്‌. വേണ്ടത്ര ഉറപ്പില്ലാത്ത സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് ഗുണം ചെയ്യില്ല. ഊഹ കച്ചവടവും ഭാഗ്യപരീക്ഷണവും നഷ്ടത്തില്‍ കലാശിക്കാനാണ് സാധ്യത. പ്രവര്‍ത്തന രംഗത്ത് പല മാറ്റങ്ങളും വരാവുന്ന വര്‍ഷമാണ്‌. അത് തനിക്ക് അനുകൂലമാക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുക. എന്തിലും അഭിപ്രായം പറയുന്ന സ്വഭാവം നിയന്ത്രിക്കുക. ക്ഷമയും ദൃഡനിശ്ചയവും ഉണ്ടെങ്കില്‍ ഈ വിഷുവര്‍ഷം വലിയ ദോഷങ്ങള്‍ കൂടാതെ കഴുഞ്ഞു പോകാം.

രേവതി:



രേവതി നാളില്‍ ഉള്ളവര്‍ ഈ വിഷുവര്‍ഷം എല്ലാ കാര്യങ്ങളിലും വേണ്ട വിധം ചിന്തിച്ചു മാത്രം ഇടപെടുക. മുതല്‍ മുടക്കുള്ള പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സമയം അനുകൂലമല്ല. മറ്റൊരു  തൊഴില്‍ ഉറപ്പാക്കാതെ ഇപ്പോള്‍ ഉള്ള തൊഴില്‍ വിട്ടാല്‍ അബദ്ധമാകും. മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിക്കരുത്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാകാരന്മാര്‍ക്കും അവരവരുടെ രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിയും. പരിശ്രമം വര്‍ധിപ്പിച്ചാല്‍ പല കാര്യങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാനും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുവാനും  കഴിയും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ബന്ധിതനാകും. അമിത ചിലവുകള്‍ ഈ വര്‍ഷവും വൈഷമ്യം സൃഷ്ടിക്കാന്‍ ഇടയുണ്ട്.