ശനി 24-01-2020ൽ രാശിമാറുന്നു
ശനി 24-01-2020ൽ രാശിമാറുന്നു: ഫലം, ദോഷം, പരിഹാരം, ജപമന്ത്രം.
24-01-2020 മുതൽ 29-4-2022 വരെ ശനി മകരം രാശിയിൽ
(1195 മകരം 10 മുതൽ 1197 മേടം 16 വരെ)
ശനിമാറ്റം ചില നക്ഷത്രക്കാർക്ക് രാജയോഗം:
ആർക്കൊക്കെയാണ് രാജയോഗം?
-------------
മകം, പൂരം, ഉത്രം-ഒന്നാംപാദം, വിശാഖം-നാലാംപാദം, അനിഴം, കേട്ട, പൂരുരുട്ടാതി-നാലാംപാദം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് ഈ ശനിമാറ്റം രാജയോഗങ്ങൾ നൽകും. ദശാപഹാരകാലവും അനുകൂലമായി നിൽക്കുന്നവർക്ക് അടുത്ത രണ്ടര വർഷക്കാലം അത്യുത്തമം ആയിരിക്കും.
ചാരവശാൽ ശനിയും വ്യാഴവും സൂര്യനും അനുകൂലമായി വരികയും അതോടൊപ്പം ദശാപഹാരകാലവും അനുകൂലവുമായി വരുന്നവർക്ക് ഗുണഗണങ്ങൾ ഏറ്റവും ഉത്കൃഷ്ടമായി ലഭിക്കുകയും മറിച്ചായാൽ ഗുണദോഷസമ്മിശ്രവും പ്രസ്തുത മൂന്ന് ഗ്രഹങ്ങളും ദശാപഹാരകാലവും പ്രതികൂലമായി നിന്നാൽ അത്യധികമായ ദോഷവും സംഭവിക്കുന്നതായിരിക്കും. അതായത്, ശനിയോ വ്യാഴമോ അനുകൂലമായി വന്നാലും ദശാപഹാരകാലവും അനുകൂലമായി വരണമെന്ന് ലളിതമായ അർത്ഥം.
ശനിഗ്രഹത്തെക്കുറിച്ച് ഒരു ലഘുവിവരണം:
-------------
അന്നത്തെ കണക്കുപ്രകാരം ഭൂമിയില്‍ നിന്നും ശനി സഞ്ചരിക്കുന്നത് ഏകദേശം 162കോടി 46 ലക്ഷത്തി 80 ആയിരത്തി 655 കിലോമീറ്റര്‍ ദൂരത്തിനുമേലെയായി മിനിറ്റില്‍ 907 km ന് മുകളിലുള്ള വേഗത്തില്‍ 10 മണിക്കൂര്‍ കൊണ്ട് സ്വയവും 29 വര്‍ഷവും 5 മാസവും 15 ദിവസം കൊണ്ട് സൂര്യനെയും പ്രദക്ഷിണം ചെയ്യുന്നു.
ശനിയ്ക്ക് ഭൂമിയില്‍ നിന്നും ഏറ്റവും കുറഞ്ഞ ദൂരം 104,71,85,097 km ഉം ഏറ്റവും കൂടിയ ദൂരം 164,55,76,581 km ഉം ആകുന്നു.
ശനി ഏകദേശം രണ്ടര വര്‍ഷക്കാലം ഒരു രാശിയില്‍ സ്ഥിതി ചെയ്യും. കൃത്യമായി പറഞ്ഞാല്‍ 2 വര്‍ഷവും 4 മാസവും 14 ദിവസവും. (ചില കാലങ്ങളില്‍ ശനി വക്രഗതിയില്‍ സഞ്ചരിച്ച് പഴയ രാശിയിലേക്ക് നീങ്ങുകയും ചെയ്യും)
അങ്ങനെ രണ്ടര വര്‍ഷം വീതം മൂന്ന്‍ രാശികളില്‍ സഞ്ചരിക്കുന്ന കാലത്തെയാണ് നമ്മള്‍ 'ഏഴരശ്ശനി' എന്ന് വിളിക്കുന്നത്. നമ്മള്‍ ജനിച്ച കൂറ് എന്നത്, നമ്മുടെ ഗ്രഹനിലയില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് (ഉദാഹരണം: ഒരാളിന്‍റെ ഗ്രഹനിലയില്‍ ചന്ദ്രന്‍ നില്‍ക്കുന്നത് കന്നിരാശിയില്‍ ആണെങ്കില്‍ അദ്ദേഹത്തിന്‍റെ കൂറ് അഥവാ രാശി, കന്നിയാണ്. അല്ലെങ്കില്‍ കന്നിക്കൂര്‍ എന്ന് പറയും. എന്നാല്‍ സൂര്യന്‍ ഏത് രാശിയില്‍നില്‍ക്കുന്നോ ആ മലയാളമാസമായിരിക്കും അദ്ദേഹം ജനിച്ചതെന്ന് മനസ്സിലാക്കണം.
ഒരാളുടെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയിലോ (അപ്പോള്‍ ജന്മശ്ശനി എന്ന് പറയും.അതായത്, ഏഴരശ്ശനിയും കണ്ടകശ്ശനിയും ചേര്‍ന്നുവരുന്ന കാലം. ഇത് പൊതുവെദോഷപ്രദം തന്നെയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) ആ ചന്ദ്രന്‍റെ നാലിലോ ഏഴിലോ പത്തിലോ ശനി സഞ്ചരിക്കുന്ന കാലഘട്ടത്തെയാണ് കണ്ടകശ്ശനിയെന്ന് പറയുന്നത്.
ശനിഗ്രഹത്തിന് ഒരു പ്രാവശ്യം സ്വയം കറങ്ങിവരാന്‍ 10 മണിക്കൂറും സൂര്യനെ ഒന്ന് പ്രദക്ഷിണം വെക്കാന്‍ 29 വര്‍ഷവും 5 മാസവും 15 ദിവസവും ആവശ്യമാണ്. ഭൂമിയുടെ സഞ്ചാരത്തിന്‍റെ വേഗം മിനിറ്റില്‍ 1786 കിലോമീറ്റർ വേഗത്തിലാണെങ്കില്‍, ഇപ്പോഴുള്ള കണക്ക് പ്രകാരം ശനിയുടെ വേഗം മിനിറ്റില്‍ ഏകദേശം 907.0176 കിലോമീറ്റർ മാത്രമാണ്. അതായത് വളരെ മന്ദഗതിയില്‍. അതുകൊണ്ടാണ് ശനിയ്ക്ക് 'മന്ദന്‍' എന്ന പേരുകൂടി ലഭിച്ചത്. അങ്ങനെയാണ് ഗ്രഹനിലയില്‍ ശനിയ്ക്ക് മന്ദന്‍റെ ചുരുക്കമായ 'മ' എന്ന് ആചാര്യന്മാര്‍ എഴുതിയത്.
24-01-2020 (1195 മകരം 10) വെള്ളിയാഴ്ച രാവിലെ 09 മാണി 56 മിനിറ്റ് 55 സെക്കന്റിന് ശനി ധനുരാശിയിൽ നിന്നും സ്വക്ഷേത്രമായ മകരത്തിലേക്ക് രാശിമാറും. തുടർന്ന് 29-4-2022 വരെ മകരം രാശിയിലുണ്ടായിരിക്കും. ശേഷം കുംഭം രാശിയിലേക്ക് നീങ്ങും. അതായത്, 24-01-2020 മുതൽ 29-4-2022 വരെ ശനി മകരം രാശിയിൽ.
ശനിയുടെ വക്രഗതി:
-------------
ഈ പ്രാവശ്യം മകരത്തിലെ ശനിയ്ക്ക് രണ്ട് പ്രാവശ്യം വക്രഗതി സംഭവിക്കും. മകരത്തിൽ നിന്നും പിന്നിലെ രാശിയിലേക്ക് ഈ പ്രാവശ്യം ശനിയ്ക്ക് വക്രഗതിയില്ല. എന്നാൽ അടുത്ത കുംഭം രാശിയിലെ മാറ്റത്തിൽ ആ സ്‌ഥിതിയുണ്ടാകും.
11-5-2020, 08.48am to 29-9-2020, 10.14am ശനി വക്രഗതിയിൽ
23-5-2021, 3.06pm to 11-10-2021, 08.12.27am ശനി വക്രഗതിയിൽ
മകരം രാശിയിലെ ശനി, ദോഷപ്രദനായിരിക്കില്ല. ഈ കാലയളവിൽ ജനിക്കുന്നവർക്ക് സ്വക്ഷേത്രബലവാനായ ശനിയുടെ ഗുണവും ലഭിക്കും. ഏഴരശ്ശനി, ജന്മശ്ശനി, കണ്ടകശ്ശനി:
-------------
ഒരാളിന്‍റെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് അവരുടെ 'കൂറ്' അഥവാ 'രാശി'. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ തൊട്ടുപിന്നിലുള്ള (അതായത് പന്ത്രണ്ടാംഭാവം) രാശിയില്‍ ശനി രണ്ടരവര്‍ഷം, പിന്നെ അവരുടെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ രണ്ടരവര്‍ഷം,പിന്നെ അവരുടെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ മുന്നിലുള്ള രാശിയില്‍ (രണ്ടില്‍) രണ്ടരവര്‍ഷം. അങ്ങനെ മൂന്ന് രാശികളിലുമായി മൊത്തം ഏഴരവര്‍ഷം കൊണ്ട് 'ഏഴരശ്ശനി' പൂര്‍ത്തിയാകുന്നു.
ഒരാളിന്‍റെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ നാലാംഭാവത്തില്‍ ശനി നില്‍ക്കുന്നതും, ഏഴാംഭാവത്തില്‍ ശനി നില്‍ക്കുന്നതും, പത്താംഭാവത്തില്‍ ശനി നില്‍ക്കുന്നതും 'കണ്ടകശ്ശനി' എന്ന് അറിയപ്പെടുന്നു.
ഒരാളിന്‍റെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ ശനി നിന്നാല്‍ 'ജന്മശ്ശനി' എന്ന് അറിയപ്പെടുന്നു. ഇത് ഏഴരശ്ശനിയും കണ്ടകശ്ശനിയും ചേര്‍ന്നുവരുന്ന സമയം ആകയാല്‍ ദോഷപ്രദം തന്നെയായിരിക്കും.
ഏഴരശ്ശനി ആർക്കൊക്കെ?
-------------
1) ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം-ഒന്നാംപാദം)
2) മകരക്കൂർ (ഉത്രാടം-2,3,4 പാദങ്ങൾ, തിരുവോണം&അവിട്ടം-1,2 പാദങ്ങൾ)
-- മകരക്കൂറുകാർക്ക് ഇത് ജന്മശ്ശനിക്കാലവുമാകുന്നു--
3) കുംഭക്കൂർ (അവിട്ടം-3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി-1,2,3 പാദങ്ങൾ)
കണ്ടകശ്ശനി ആർക്കൊക്കെ?
-------------
1) മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക-1) (വ്യാഴം അനുകൂലമാകയാൽ ആദ്യവർഷം ദോഷപ്രദമല്ല)
2) കർക്കിടകക്കൂർ (പുണർതം-4, പൂയം, ആയില്യം)
3) തുലാക്കൂർ (ചിത്തിര-3,4 പാദങ്ങൾ, ചോതി, വിശാഖം-1,2,3 പാദങ്ങൾ)
അഷ്ടമശ്ശനി ആർക്കൊക്കെ?
-------------
മിഥുനക്കൂർ (മകയിരം-3,4 പാദങ്ങൾ, തിരുവാതിര, പുണർതം-1,2,3 പാദങ്ങൾ)
ഏഴരശ്ശനി, ജന്മശ്ശനി, കണ്ടകശ്ശനി: ഭയക്കേണ്ടതുണ്ടോ?
-------------
ഏഴരശ്ശനി, ജന്മശ്ശനി, കണ്ടകശ്ശനി എന്നിവ ഒട്ടുമിക്ക ജനങ്ങളും വളരെയേറെ ഭയത്തോടെയാണ് കാണുന്നത്. അവരവര്‍ ചെയ്യുന്നതിന്‍റെ ഗുണദോഷങ്ങള്‍ ഭൂമിയില്‍ വെച്ചുതന്നെ അനുഭവിച്ചുതീര്‍ക്കാനുള്ള സര്‍വ്വേശ്വരന്‍റെ ലളിതമായ ഒരു പ്രക്രിയ മാത്രമായി കണ്ടാല്‍ ശനിദോഷത്തെ ഇത്രയേറെ ഭയപ്പെടേണ്ടതില്ല. രക്ഷകര്‍ത്താക്കളെയും സംരക്ഷിക്കേണ്ടതായ രക്തബന്ധുക്കളെയും അതിനുതുല്യരായവരെയും സംരക്ഷിക്കുകയും പരിപാലിക്കുകയും മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുകയും ചെയ്യുന്നവരെ ശനിദോഷം ബാധിക്കുന്നില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും.
ഞങ്ങളുടെ അഭിവന്ദ്യ ഗുരുനാഥന്‍ ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിയുടെ ജന്മശ്ശനിക്കാലത്താണ് (18-10-1999 ല്‍ - 1175 തുലാം 01- ) ശബരിമല മേല്‍ശാന്തിയായി നറുക്ക് വീണത്. അങ്ങനെ അദ്ദേഹം ശബരിമലയിലെ അഞ്ചാമത് പുറപ്പെടാശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ശനിയുടെ രാശിമാറ്റത്തെ ഭയപ്പെടേണ്ടതില്ല എന്നതിന് ഇതിലും വലിയൊരു തെളിവ് ആവശ്യമില്ലല്ലോ...
കുടുംബത്ത് പകുതിയിലധികം അംഗങ്ങള്‍ക്ക് ശനിദോഷം ഭവിച്ചാല്‍ ശനിദോഷശാന്തി തീര്‍ച്ചയായും അനുഷ്ഠിക്കേണ്ടതാണ്.
മൗഢ്യം:
-----
രാശിമാറുന്ന സമയത്തും ശനിഗ്രഹം മൗഢ്യത്തിലാണ്. ആ മൗഢ്യം 30-01-2020, ഉച്ചയ്ക്ക് 12.43.35 സെക്കന്റ് വരെയുണ്ടാകും.
തുടർന്നുള്ള മൗഢ്യം:
-------------
1) 07-01-2021, വൈകിട്ട് 4.40.52 മുതൽ 10-02-2021, പുലർച്ചെ 02.05.58 സെക്കന്റ് വരെയും
2) 19-01-2022, രാവിലെ 07.22.39 മുതൽ 21-02-2022 രാത്രി 8.16.33 സെക്കന്റ് വരെയും ശനി മൗഢ്യം.
വക്രം:
----
11-5-2020, 09.08.48 am മുതല്‍ 29-9-2020, 10.14.34 am വരെയും 23-5-2021, 3.06.28pm മുതല്‍ 11-10-2021, 08.12.27am വരെയും ശനി വക്രഗതിയില്‍ ആയിരിക്കും.
വക്രശ്ശനി പൊതുവെ ദോഷപ്രദമായിരിക്കുമെന്ന അഭിപ്രായമാണ് മിക്ക ജ്യോതിഷ പണ്ഡിതർക്കുമുള്ളത്. എന്നാൽ വ്യാഴത്തിന്റെ വക്രഗതി ശുഭപ്രദവുമായിരിക്കും.
ശനിമാറ്റം-ഗുണപ്രദം:
-------------
1) ചിങ്ങക്കൂർ (മകം, പൂരം, ഉത്രം-ഒന്നാംപാദം)
--ഇവർക്ക് വ്യാഴവും അനുകൂലമാകയാൽ ആദ്യവർഷം അതീവഗുണപ്രദമായിരിക്കും—
2) വൃശ്ചികക്കൂർ (വിശാഖം-നാലാംപാദം, അനിഴം, കേട്ട)
--ഇവർക്ക് വ്യാഴവും അനുകൂലമാകയാൽ ആദ്യവർഷം അതീവഗുണപ്രദമായിരിക്കും—
3) മീനക്കൂർ (പൂരുരുട്ടാതി-അവസാനപാദം, ഉതൃട്ടാതി, രേവതി)
ശനിമാറ്റം-ദോഷപ്രദം:
-------------
1) മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക-1)
--ഇവർക്ക് വ്യാഴം അനുകൂലമാകയാൽ ആദ്യവർഷം ദോഷപ്രദമായിരിക്കില്ല—
2) മിഥുനക്കൂർ (മകയിരം-3,4 പാദങ്ങൾ, തിരുവാതിര, പുണർതം-1,2,3 പാദങ്ങൾ)
3) കർക്കിടകക്കൂർ (പുണർതം-4, പൂയം, ആയില്യം)
--ഇവർക്ക് വ്യാഴവും പ്രതികൂലമാകയാൽ ആദ്യവർഷം ദോഷം കൂടുതലായിരിക്കും--
4) തുലാക്കൂർ (ചിത്തിര-3,4 പാദങ്ങൾ, ചോതി, വിശാഖം-1,2,3 പാദങ്ങൾ)
--ഇവർക്ക് വ്യാഴവും പ്രതികൂലമാകയാൽ പൊതുവെ ദോഷം കൂടുതലായിരിക്കും--
5) ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം-ഒന്നാംപാദം)
--ഇവർക്ക് വ്യാഴവും പ്രതികൂലമാകയാൽ ആദ്യവർഷം ദോഷം കൂടുതലായിരിക്കും--
6) മകരക്കൂർ (ഉത്രാടം-2,3,4 പാദങ്ങൾ, തിരുവോണം & അവിട്ടം-1,2 പാദങ്ങൾ)
-- മകരക്കൂറുകാർക്ക് ഇത് ജന്മശ്ശനിക്കാലവുമാകുന്നു--
7) കുംഭക്കൂർ (അവിട്ടം-3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി-1,2,3 പാദങ്ങൾ)
--ഇവർക്ക് വ്യാഴം അനുകൂലമാകയാൽ ആദ്യവർഷം ദോഷപ്രദമായിരിക്കില്ല—
രണ്ട് കൂറുകളിലായി സ്ഥിതിവരുന്ന ഒരു നക്ഷത്രക്കാര്‍ക്ക് തീര്‍ച്ചയായും വ്യത്യസ്ഥമായി ശനിദോഷമോ ഗുണമോ അനുഭവിക്കേണ്ടിവരും. ഉദാഹരണമായി ചിത്തിരയുടെ ആദ്യ രണ്ട് പാദങ്ങൾ കന്നിക്കൂറിലാകയാൽ അത് ഗുണദോഷസമ്മിശ്രവും എന്നാൽ ചിത്തിരയുടെ അവസാന രണ്ട് പാദങ്ങൾ തുലാക്കൂറിലാകയാൽ അവർക്ക് കണ്ടകശ്ശനിയുടെ ദോഷകാഠിന്യം കൂടുതലുമായിരിക്കും.
അതുപോലെ ധനുക്കൂറിലെ ഉത്രാടം ഒന്നാംപാദത്തിന് ഏഴരശ്ശനിയും എന്നാൽ ഉത്രാടം 2,3,4 പാദങ്ങൾക്ക് ജന്മശ്ശനിയുമായിരിക്കും. ശാസ്താപ്രീതിക്കായി ഇന്ന് വ്യാപകമായി ചെയ്തുവരുന്നത് 'നീരാജനം' കത്തിക്കുക എന്നതാണ്. നാളീകേരം ഉടച്ച്, അതിലെ ജലം ഒഴിവാക്കി, അതില്‍ എള്ളുകിഴിവെച്ച്, എള്ളെണ്ണ ഒഴിച്ച്, വിളക്കില്‍ നിന്നും തീനാളം എള്ളുകിഴിയില്‍ പകര്‍ന്ന് നാളീകേരത്തിൽ വെച്ച്, പിന്നെ നീരാജനം കത്തിനില്‍ക്കുന്ന രണ്ട് നാളീകേരവും എടുത്ത് ശാസ്താവിനെ ഉഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നതാണ് നീരാജനം. തുടർന്ന് അത് ബിംബത്തിനുമുന്നില്‍ സൗകര്യപ്രദമായ സ്ഥലത്ത് വെക്കുന്നു.
നീരാജനം നടത്തുന്നതിന്, ഇതൊരു കച്ചവടമായി ലക്ഷ്യം വെക്കാത്ത ക്ഷേത്രങ്ങള്‍ തെരഞ്ഞെടുക്കണം. രണ്ട് നാഴിക നേരമെങ്കിലും (48 മിനിറ്റ്) നീരാജനം കത്തിനില്‍ക്കണം. തൊട്ടടുത്ത ദിവസം ആ ബിംബത്തിന് നിങ്ങള്‍ യഥാശക്തി ഒരു അഭിഷേകവും നടത്തണം. പക്ഷെ ഇപ്പോള്‍ കണ്ടുവരുന്ന രീതി, നാളീകേരത്തിൽ എണ്ണയൊഴിക്കാതെ എള്ളുകിഴിയെടുത്ത് എണ്ണയില്‍ പേരിനൊന്ന് മുക്കി, കത്തിച്ച് നാളീകേരത്തില്‍ വെക്കും. രണ്ട് മിനിറ്റ് ആകുമ്പോഴേക്കും എള്ളുകിഴി കത്തിത്തീരുമല്ലോ? നാളീകേരത്തില്‍ എണ്ണയൊഴിക്കാത്ത ക്ഷേത്രങ്ങളിലെ കര്‍മ്മികളേയോ സംഘാടകരെയോ നിങ്ങള്‍ സധൈര്യം ചോദ്യം ചെയ്യണം. അങ്ങനെ ക്ഷേത്രങ്ങളില്‍ നിന്നും സന്തോഷം നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തം ഭവനത്തില്‍ ശാസ്താപ്രീതിക്കായി നീരാജനം നല്‍കി പ്രാര്‍ത്ഥിക്കാവുന്നതാണ്.
ദോഷപ്രദമായി നില്‍ക്കുന്ന കൂറുകള്‍ക്ക് പറഞ്ഞിരിക്കുന്ന ദോഷപരിഹാരകര്‍മ്മങ്ങളും ജപമന്ത്രങ്ങളും ചെയ്യുന്നത് ഉത്തമം ആയിരിക്കും.
അഞ്ചിൽ നിൽക്കുന്ന വ്യാഴവും ശനിയുമൊക്കെ നാലിന്റെ ഫലമേ നല്കുകയുള്ളൂവെന്നും അതുപോലെ എല്ലാ ഭാവങ്ങളും അതിന്റെ പിന്നിലെ ഫലമേ നൽകൂവെന്നും ചിലർ അവരുടെ ജ്യോതിഷ പഠനവൈകല്യത്താൽ പറഞ്ഞുനടക്കുന്നത് അബദ്ധജഡിലമെന്നേ പറയാനുള്ളൂ. ഈ പറയുന്ന ആൾ അല്ലെങ്കിൽ ആളുകൾ രാശി നോക്കുമ്പോൾ ശനിയും വ്യാഴവുമൊക്കെ ഒമ്പതിൽ നിന്നാൽ അഷ്ടമത്തിൽ നില്ക്കുന്ന ഫലവും അഷ്ടമത്തിൽ നിന്നാൽ ഏഴിൽ നിൽക്കുന്ന ഫലവുമൊക്കെ ആയിരിക്കുമല്ലോ ജ്യോതിഷം നോക്കാൻ വരുന്നവർക്ക് പറഞ്ഞുകൊടുക്കുകയെന്ന ചിന്തയാണ് ജ്യോതിഷത്തെ ഉപാസിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്കുള്ളത്.
ഇങ്ങനെ മറ്റൊരു രാശിയുടെ ഫലം പറയണമെങ്കിൽ പ്രസ്തുത ഗ്രഹം, വക്രഗതിയാലോ അതിചാരത്താലോ വേഗം കുറഞ്ഞോ കൂടിയോ മറ്റൊരു രാശിയിൽ പ്രവേശിച്ചാൽ മാത്രം ആദ്യം നിന്ന രാശിയുടെ ഫലം പറയണമെന്ന് ആചാര്യന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്.
"അതിചാരേതു വക്രേതു പൂര്‍വ്വരാശിഗതം ഫലം" എന്ന പ്രമാണം അനുസരിച്ച് വേഗത കൂടിയ കാരണത്താലോ, വേഗത കുറഞ്ഞ കാരണത്താലോ ഗ്രഹം രാശി മാറിയാല്‍, ആദ്യം നിന്ന രാശിയുടെ ഫലമാണ് പറയേണ്ടത് എന്ന് സാരം.
ഇതിന്റെ കൃത്യമായ നിർവചനം അറിയാത്തതിനാൽ ഏതൊരു രാശിയിൽ എപ്പോൾ നിന്നാലും അതിന്റെ പിന്നിലെ രാശിയുടെ ഫലം പറഞ്ഞാൽ മതിയെന്ന തെറ്റിദ്ധാരണമൂലമാകാം ചിലരൊക്കെ അങ്ങനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.
ഈ പ്രാവശ്യം അങ്ങനെയൊരു മാറ്റം പക്ഷെ, ശനിഗ്രഹത്തിനില്ല. അതുകൊണ്ട് ഇതേ രാശിയുടെയും ഭാവത്തിന്റെയും ഫലവും ദോഷവും തന്നെയാണ് ഫലത്തിൽവരിക.
ഓരോ കൂറുകാര്‍ക്കുമുള്ള ഗുണദോഷ-പരിഹാരങ്ങള്‍ എഴുതുന്നു:
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
-------------
ഇവര്‍ക്ക് പത്തില്‍ കണ്ടകശ്ശനി ആരംഭിക്കുന്നു. ഇത് രണ്ടര രണ്ടരവർഷം ഉണ്ടായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇവർക്ക് ഒമ്പതിലെ വ്യാഴം ഉത്തമസ്‌ഥാനത്തകയാൽ ആദ്യവർഷം ദോഷപ്രദമായിരിക്കുകയുമില്ല.
തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും കുടുംബത്തെ ഏറ്റവും വിശ്വസ്തരായവരോട് പറയുകയും ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ തേടുകയും ചെയ്യുന്നത് മനഃസമാധാനം ഉണ്ടാക്കും.
ബന്ധുക്കളുമായി, പ്രത്യേകിച്ച് സഹോദരസ്ഥാനീയരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഫലത്തില്‍ വരും. തൊഴില്‍സ്ഥലത്ത് അത്യധികമായ പിരിമുറുക്കവും സംഭവിക്കും. താമസസ്ഥലം മാറാനായി ആഗ്രഹിക്കും. എന്നാല്‍ അത് സാധിച്ചുവെന്നുവരില്ല. പത്തിലെ കണ്ടകശ്ശനിയില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ആകയാല്‍ നിത്യവും എക്സര്‍സൈസ് ചെയ്യേണ്ടതാകുന്നു. അപമാനം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാകയാല്‍ അസമയത്തുള്ള അന്യഭവന സന്ദര്‍ശനം, അമിതമായ കൂട്ടുകെട്ട് എന്നിവ ഒഴിവാക്കണം. യാത്രകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായി വരുന്നതാണ്. എവിടെയും ഉദാസീനമായ സമീപനം കാണിക്കും. കൂടുതല്‍ പണം മുടക്കിയുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നത് അനുകൂലമായിരിക്കില്ല.
തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെയേറെ ക്ഷമ കാണിക്കേണ്ടതാണ്. എടുത്തുചാടി പറയുകയും പ്രവർത്തിക്കുകയും ചെയ്യരുത്. എന്നാല്‍ കുടുംബത്ത് വിവാഹം പോലുള്ള ശുഭകര്‍മ്മങ്ങള്‍ക്ക് യോഗമുണ്ട്. ദോഷപരിഹാരമായി ശാസ്താവിന് നീല ഉടയാടയും, നീരാജനവും, നീലശംഖുപുഷ്പമാലയും നക്ഷത്രദിവസങ്ങളില്‍ നല്‍കി പ്രാര്‍ത്ഥിക്കണം.
താഴെപ്പറയുന്ന ശാസ്താ-ക്ഷിപ്രമന്ത്രം ശനിയാഴ്ചകളില്‍ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും.
"ഓം നമോ ഭഗവതേ ശനൈശ്ചരായ
ക്ഷിപ്ര പ്രസാദനായ സ്വാഹാ"
ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന് പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
-------------
ഇവര്‍ക്ക് ശനി ഒമ്പതിലാകുന്നു. കൂടുതല്‍ ദുരിതങ്ങള്‍ നല്‍കുകയില്ല. എന്നാൽ വ്യാഴവും പ്രതികൂലമാകയാൽ തിക്താനുഭവങ്ങൾക്ക് സാദ്ധ്യത കൂടുതലായിരിക്കും.
ആശുപത്രിസംബന്ധമായ ക്ലേശങ്ങൾ സംഭവിക്കും. ശനിയുടെ സ്ഥിതിമൂലം ഇവരുടെ പിതൃസ്ഥാനീയര്‍ക്ക് രോഗവും ദുരിതവും കഷ്ടപ്പാടുകളും സംഭവിക്കുന്നതാണ്. ശ്രദ്ധിക്കണം. കോടതിയില്‍ നിന്നും ഒരു വര്‍ഷക്കാലം പ്രതികൂലമായ വിധിയുണ്ടാകും.
പിതൃസ്‌ഥാനീയർക്ക് രോഗാദിക്ലേശങ്ങൾ സംഭവിക്കുന്നതാണ്. ഇവർക്ക് രോഗാവസ്‌ഥയുണ്ടായാൽ ഉടനടി ചികിത്സ നേടേണ്ടതാണ്. ആരെയും പറഞ്ഞ് മോഹിപ്പിക്കാൻ നിൽക്കരുത്. കാരണം, അലച്ചിലും വലച്ചിലുമായി നടക്കുന്ന നിങ്ങൾക്ക് അതൊക്കെ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചെന്നുവരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പക്ഷെ കാലം അനുകൂലമായിരിക്കും. വിവാഹസംബന്ധമായ തടസ്സങ്ങൾ നീങ്ങുകയും ശുഭകർമ്മങ്ങൾ നടക്കുകയും ചെയ്യും. കളത്രത്തിന്‍റെ സ്നേഹം വളരെയേറെ ലഭിക്കും. വീട്ടില്‍ സന്തോഷമുണ്ടാകും.
തനിക്കോ കുടുംബാംഗങ്ങള്‍ക്കോ വിവാഹം, വാസ്തുബലി എന്നിത്യാദി കര്‍മ്മങ്ങള്‍ നടക്കും. പുതിയ അതിഥികള്‍ വന്നെത്തും. എന്നാല്‍ ഏറ്റവും അടുത്ത ബന്ധുക്കളുടെ കഷ്ടതയിലും അത്യാപത്തിലും ദു:ഖിക്കേണ്ടതായും വരും. പ്രശസ്തമായ പല ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിക്കും.
ചിലപ്പോള്‍ അമിതഭക്തിയില്‍ എത്താവുന്ന സാഹചര്യവും ഉണ്ടായേക്കാം. ശനീശ്വരപ്രീതികൂടി വരുത്തിയാല്‍ ഒമ്പതിലെ ശനിയെ അനുകൂലമാക്കാവുന്നതാണ്.
ദോഷപരിഹാരമായി ശാസ്താവിന് നെയ്‌വിളക്ക്, ഭാഗ്യസൂക്തപുഷ്പാഞ്ജലി എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം. താഴെ എഴുതുന്ന ശാസ്താവിന്‍റെ ഇഷ്ടമന്ത്രം ശനിയാഴ്ചകളില്‍ ഭക്തിയോടെ ജപിക്കുന്നതും അത്യുത്തമം ആയിരിക്കും.
ശാസ്താവിന്‍റെ ഇഷ്ടമന്ത്രം:
"ഓം കപാലിനേ നമ:
ഓം മാനനീയായ നമ:
ഓം മഹാധീരായ നമ:
ഓം വീരായ നമ:
ഓം മഹാബാഹവേ നമ:
ഓം ജടാധരായ നമ:
ഓം കവയേ നമ:
ഓം ശൂലിനേ നമ:
ഓം ശ്രീദായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം ഋഗ്വേദരൂപായ നമ:
ഓം പൂജ്യായ നമ:
ഓം പരമേശ്വരായ നമ:
ഓം പുഷ്കലായ നമ:
ഓം അതിബലായ നമ:
ഓം ശരധരായ നമ:
ഓം ദീര്‍ഘനാസായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം കാലഹന്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം മദനായ നമ:"
മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന് പാദം):
-------------
ഇവര്‍ക്ക് അഷ്ടമശ്ശനിയാണ്. വ്യാഴം അനുകൂലമാകയാൽ ആദ്യവർഷം ക്ലേശപ്രദമായിരിക്കില്ല. ശേഷം ശ്രദ്ധിക്കണം. ഗ്രഹനിലയിലെ അഷ്ടമത്തില്‍ യോഗപ്രദനായി നില്‍ക്കുന്ന ശനി ആയുര്‍ദായകനും, ചാരവശാല്‍ അഷ്ടമത്തില്‍ സഞ്ചരിക്കുന്ന ശനി രോഗാദിമരണങ്ങള്‍ നല്‍കുന്നതില്‍ മുമ്പിലുമാകുന്നു. കണ്ടകശ്ശനിയില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല അഷ്ടമശ്ശനിയുടെ കാലവും.
പ്രവൃത്തികളില്‍ അലസത, ഉദരരോഗം, വാഹനങ്ങളില്‍ നിന്നുമുള്ള അപകടം, മറ്റ് അത്യാപത്ത്, ചെയ്യുന്ന കാര്യങ്ങളില്‍ സര്‍വ്വത്ര പരാജയം, കോടതി വ്യവഹാരം മൂലമുള്ള മാനസികവ്യഥ എന്നിങ്ങനെ പ്രതികൂലമായ പലതും സംഭവിക്കും.
പിതൃസ്‌ഥാനീയർക്ക് രോഗാദിക്ലേശങ്ങൾ സംഭവിക്കുന്നതാണ്. ഇവർക്ക് രോഗാവസ്‌ഥയുണ്ടായാൽ ഉടനടി ചികിത്സ നേടേണ്ടതാണ്.
പ്രവൃത്തി ചെയ്യുന്ന മേഖലകളിൽ അനുഭജ്ഞാനമുള്ളവരുടെ ഉപദേശം സ്വീകരിക്കുകതന്നെ ചെയ്യണം. ഇത് മേൽഗതിയുണ്ടാക്കും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികൂലതീരുമാനം വരാന്‍ സാദ്ധ്യത വളരെക്കൂടുതലുമാണ്. എന്നിരിക്കിലും അസുഖങ്ങള്‍ പതിവാകും. എന്നാല്‍ ഈ കാലയളവ് വിവാഹത്തിനും അനുകൂലകാലമാണ്.
ദോഷപരിഹാരമായി ശാസ്താക്ഷേത്രത്തില്‍ ശാസ്താവിന് ഭാഗ്യസൂക്തമന്ത്രസഹിതമുള്ള തേനഭിഷേകം, നീലശംഖുപുഷ്പമാല, നെയ്‌വിളക്ക്, ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയപുഷ്പാഞ്ജലി എന്നിവ മാസത്തിലൊരു ശനിയാഴ്ചയോ നക്ഷത്രദിവസങ്ങളിലോ ചെയ്ത് പ്രാര്‍ത്ഥിക്കണം.
ചുവടെ എഴുതുന്ന ധ്യാനവും ഗായത്രിയും മന്ത്രവും ശനീശ്വരനെ ധ്യാനിച്ചുകൊണ്ട് പ്രഭാതങ്ങളില്‍ ജപിക്കുന്നതും അത്യുത്തമം ആകുന്നു.
ധ്യാനം:
------
നീലാംബര: ശൂലധര: കിരീടി
ഗൃധ്രസ്ഥിതസ്ത്രാസകരോ ധനുഷ്മാന്‍
ചതുര്‍ഭുജ: സൂര്യസുത: പ്രശാന്ത:
സദാസ്തുമഹ്യം വരദോല്‍പഗാമി.
ഗായത്രി:
-----
ഓം കൃഷ്ണാംഗായ വിദ്മഹേ
സൂര്യപുത്രായ ധീമഹി
തന്വോ: സൗരി: പ്രചോദയാത്.
മന്ത്രം:
----
"ഓം ഐം ഹ്രീം ശ്രീം ശനൈശ്ചരായ നമ:"
(മന്ത്രം 180 വീതം ശനിയാഴ്ചകളില്‍ ജപിക്കുന്നത് ശുഭപ്രദം)
ആവശ്യമുള്ളവര്‍ക്ക് രോഗശാന്തിക്കായി താഴെപ്പറയുന്ന ധന്വന്തരീമന്ത്രം ജപിക്കാവുന്നതാണ്.
ധന്വന്തരീമന്ത്രം:
--------
"ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സര്‍വ്വാമയ വിനാശനായ ത്രൈലോക്യനാഥായ
മഹാവിഷ്ണവേ സ്വാഹാ"
കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
-------------
ഇവര്‍ക്ക് കണ്ടകശ്ശനിക്കാലമാണ്. വ്യാഴവും പ്രതികൂലമാണ്. ശത്രുദോഷവും ദാമ്പത്യദുരിതവുമുണ്ടാകും. ശ്രദ്ധിക്കണം.
വിവാഹകാര്യങ്ങളില്‍ ശുഭവാര്‍ത്തയ്ക്ക് യോഗം. കുടുംബത്ത് മറ്റ് ശുഭകർമ്മങ്ങളും സംഭവിക്കാൻ സാദ്ധ്യത കൂടുതലാകുന്നു. ജോലിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. തൊഴിൽമാറ്റമോ നഷ്ടമോ സംഭവിക്കും. അന്യദേശസഞ്ചാരം, ഏറ്റവും അടുത്ത ബന്ധുമിത്രാദികളുടെ വിയോഗം, നഷ്ടവും അതുമൂലമുള്ള ദു:ഖവും, ധനനഷ്ടം, സ്ഥാനചലനം എന്നിവയും സംഭവിക്കുന്ന കാലമായിരിക്കും. തൊഴിൽസ്ഥലത്ത് ദുരനുഭവങ്ങൾക്ക് സാദ്ധ്യതയുണ്ട്. സ്വന്തമെന്ന് കരുതിയവർപോലും ഉപേക്ഷിക്കുന്ന സ്‌ഥിതിയുണ്ടാകും.
കണ്ടകശ്ശനിക്കാലത്ത് അത്യധികം മാനസികപിരിമുറുക്കം അനുഭവത്തില്‍ വരും. ആകയാല്‍ വിദേശവാസവും, കടവും, വിവാഹവും, ആശുപത്രിവാസവും സംഭവ്യമായിരിക്കും. ആശുപത്രിവാസം സംഭവിക്കുന്നത് രക്തസംബന്ധമായ അസുഖങ്ങള്‍, മറ്റ് ശസ്ത്രക്രിയ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും.
ശാസ്താവിന് ഭാഗ്യസൂക്തമന്ത്രസഹിതമുള്ള നെയ്യഭിഷേകം, ഭസ്മാഭിഷേകം, നെയ്‌വിളക്ക് എന്നിവ മാസത്തിലൊരു ശനിയാഴ്ചയോ നക്ഷത്രദിവസങ്ങളിലോ ചെയ്ത് പ്രാര്‍ത്ഥിക്കണം. നക്ഷത്രത്തിൽ മഹാവിഷ്ണുവിന് സുദർശനമന്ത്രാർച്ചനയും നൽകണം.
ചുവടെ എഴുതുന്ന 'ശാസ്തൃസ്തുതി' ഭക്തിയോടെ ജപിക്കുന്നതും അതീവ ഗുണപ്രദമായിരിക്കും.
"സാദ്ധ്യം സ്വ പാശേന വിബന്ധ്യഗാഢ൦
നിപാതയന്തം ഖലു സാധകസ്യ
പാദാബ്ജയോ ദണ്ഡധരം ത്രിനേത്രം
ഭജതേ ശാസ്താരമഭീഷ്ട സിദ്ധ്യെ"
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം):
-------------
ശനിയുടെ രാശിമാറ്റം ഇവര്‍ക്ക് വളരെയേറെ ഗുണാനുഭവങ്ങള്‍ നല്‍കും. പരീക്ഷകളില്‍ ഉന്നതവിജയം നേടുന്നതായിരിക്കും. തൊഴില്‍സ്ഥലത്തെ സ്തംഭനാവസ്ഥ നീങ്ങും. കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.
വിവാഹകാര്യങ്ങളിലും അനുകൂലമായ കാലം. പ്രമോഷന്‍, ഇന്‍ക്രിമെന്‍റ് എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും. ശത്രുക്കള്‍ നിഷ്പ്രഭരാകും. വിദേശഭാഗ്യം ഫലത്തിൽവരും. വിദ്യാർത്ഥികൾക്ക് രണ്ടരവർഷം ഏറ്റവും ഉത്തമം ആയിരിക്കും.
പുതിയ വസ്തുവകകള്‍ വാങ്ങുന്നതിന് അവസരം അപ്രതീക്ഷിതമായി വന്നുചേരും. കുടുംബപരമായി അസന്തുഷ്ടി നിലവില്‍വരുന്നതാണ്. സര്‍ക്കാര്‍ സംബന്ധമായി അനുകൂലസമയം. ലോണ്‍, പുതിയ വാഹനങ്ങള്‍ എന്നിവയും ലഭിക്കും.
മോഷ്ടാക്കളെ കയ്യോടെ പിടികൂടും. ഇവർക്ക് വ്യാഴവും അനുകൂലമാകയാൽ ഈ കാലഘട്ടം ഏറ്റവും ഗുണപ്രദമായി ഭവിക്കുന്നതാണ്. ശനിയുടെ രാശിമാറ്റം ഇവര്‍ക്ക് അനുകൂലമാകയാല്‍ പ്രത്യേകിച്ച് ശാസ്താപ്രീതി കര്‍മ്മങ്ങളൊന്നും ചെയ്യേണ്ടതില്ല.
കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന് പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
-------------
ഇവരുടെ കണ്ടകശ്ശനി അവസാനിക്കുന്നു. അഞ്ചിലെ ശനി ഉത്തമമെന്ന് പറയാന്‍ സാധിക്കില്ല. എന്നിരിക്കിലും അടുത്ത അഞ്ച് വര്‍ഷക്കാലം ശനിദോഷങ്ങളില്ലാതെ കഴിയാവുന്നതാകുന്നു. സന്താനകാര്യങ്ങളിലും മാനസികമായ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
വിവാഹകാര്യത്തില്‍ അനുകൂലതീരുമാനമുണ്ടാകുന്നതാണ്. പുതിയ താമസസ്ഥലം അനുകൂലമായി വരും. ശത്രുക്കള്‍ പലരും സൗമ്യമായി പെരുമാറിത്തുടങ്ങും. സാമ്പത്തികമായി വളരെ മെച്ചമുണ്ടാകും. മക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായി വരും. അവര്‍ക്ക് ആശുപത്രിവാസം, സാമ്പത്തികചെലവ് എന്നിവ ഫലത്തില്‍ വന്നേക്കാം. വയര്‍ സംബന്ധമായി രോഗങ്ങള്‍ സംഭവിക്കാന്‍ ന്യായമുണ്ട്.
തൊഴില്‍പ്രയാസങ്ങള്‍ മേലധികാരികളുമായി സംസാരിച്ച് പരിഹരിക്കാന്‍ അവസരം ലഭിക്കും. എന്നാല്‍ തൊഴില്‍സംബന്ധമായി ഒരു മാറ്റം ആവശ്യമായി വരുന്നതായിരിക്കും. ഹൃദയസംബന്ധം, രക്തസംബന്ധം എന്നിവയാലുള്ള രോഗങ്ങള്‍ക്കും ന്യായം കാണുന്നു.
ദോഷപരിഹാരമായി ശാസ്താവിന് മാസത്തിലൊരു ശനിയാഴ്ച 'നീരാജനം' കത്തിച്ച് പ്രാര്‍ത്ഥിക്കണം. ശനീശ്വരപ്രീതിക്കായി താഴെപ്പറയുന്ന ശനിസ്തോത്രം
ശനിയാഴ്ചകളില്‍ ജപിക്കാവുന്നതാണ്:
"നീലാഞ്ജന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം"
(ചില ഗ്രന്ഥങ്ങളില്‍ 'സമാനാഭം' എന്നും കാണുന്നു. എന്നാല്‍, വൈദികമാര്‍ഗ്ഗദര്‍ശി, സാഹിത്യരത്നശിരോമണി, പണ്ഡിതശ്രേഷ്ഠന്‍ ബ്രഹ്മശ്രീ എല്‍. അനന്തരാമശാസ്ത്രികളുടെ ഗ്രന്ഥത്തില്‍ 'സമാഭാസം' എന്നാണ് പറഞ്ഞിരിക്കുന്നത്)
വ്യാഴം അതീവദോഷപ്രദമാകയാൽ പരിഹാരമായി വ്യാഴാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള 'വ്യാഴകാലഹോര'യില്‍ നെയ്‌വിളക്ക് കൊളുത്തി ശ്രീഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് മൂന്നുരു ഭാഗ്യസൂക്തം ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആകുന്നു.
വിദേശരാജ്യത്തുള്ളവര്‍ ഭാഗ്യസൂക്തം മന:പാഠമാക്കി ഉച്ചയ്ക്ക് മുമ്പ് ഭക്തിയോടെ ജപിക്കുന്നതും ഉത്തമം തന്നെയാകുന്നു. കാരണം, അവരുടെ തൊഴില്‍ സമയം മൂലം ചിലപ്പോള്‍ ചിട്ടയായ ജപത്തിന് അവസരം ലഭിക്കുകയില്ലല്ലോ...
ഭാഗ്യസൂക്തം:
---------
"ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ.
പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ.
പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ.
ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ
ചിദ്യം ഭഗം ഭക്ഷീത്യാഹ.
ഭഗ പ്രണേതര്‍ഭഗ സത്യ രാധോ
ഭഗേമാം ധിയമുദവ ദദന്ന:
ഭഗ പ്ര ണോ ജനയ ഗോഭിരശ്വൈര്‍ഭഗ
പ്രനൃഭിര്‍ നൃവന്തസ്യാമ.
ഉതേദാനീം ഭഗവന്തസ്യാമോത
പ്രപിത്വ ഉത മദ്ധ്യേ അഹ്നാം.
ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ
വയം ദേവാനാം സുമതൗ സ്യാമ.
ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന
വയം ഭഗവന്തസ്സ്യാമ.
തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി
സ നോ ഭഗ പുര ഏതാ ഭാവേഹ.
സമദ്ധ്വരായോഷസോ നമന്ത
ദധിക്രാവേവ ശുചയേ പദായ.
അര്‍വ്വാചീനം വസുവിദം
ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.
അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത:
പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:
യോ മാഅഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി.
അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു"
തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന് പാദം):
-------------
മൂന്നിലെ ശനിയുടെ നല്ല സമയങ്ങള്‍ നീങ്ങി ഇപ്പോള്‍ കണ്ടകശ്ശനിയാണ്. കുടുംബത്ത് പലവിധ കലഹവും സംഭവിക്കും. ഇവർക്കോ കുടുംബാംങ്ങൾക്കോ അന്യദേശങ്ങളിലേക്ക് യാത്ര ശരിയാകും. മാതാവിനും
പിതാവിനും ദുരിതം, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് രോഗാദിക്ലേശങ്ങളും സംഭവിക്കും. മാതൃസ്‌ഥാനീയർക്ക് രോഗാദിക്ലേശങ്ങൾ സംഭവിക്കും. മാതൃദുഃഖം അനുഭവിക്കേണ്ടതായിവരും. ഇവർക്ക് രോഗാവസ്‌ഥയുണ്ടായാൽ ഉടനടി ചികിത്സ നേടേണ്ടതാണ്.
വായ്പകളില്‍ കൃത്യത പാലിക്കാന്‍ സാധിക്കാതെ വരും. ഭവനസംബന്ധമായി ദു:ഖമോ നഷ്ടമോ സംഭവിക്കും. അതുവഴി വളരെയേറെ മാനസികസംഘര്‍ഷം സംഭവിക്കാം. ഔദ്യോഗികമായി ശകാരങ്ങള്‍ കേള്‍ക്കാന്‍ ഇടവരും. എന്നാല്‍ അതിനുബദലായി നിയമനടപടികള്‍ക്ക് മുതിരരുത്.
അങ്ങനെയെങ്കില്‍ ധനനഷ്ടവും സമയനഷ്ടവും മാനനഷ്ടവും സംഭവിക്കും. എതിർലിംഗക്കാരുമായുള്ള അതിരുവിട്ട ചങ്ങാത്തം പരമാവധി ഒഴിവാക്കണം. ഇല്ലെങ്കില്‍ അവസാനം മാനനഷ്ടത്തില്‍ എത്തിയേക്കാം. ഈശ്വരവിശ്വാസത്തോടെ ജീവിക്കുന്നത് നല്ലതായിരിക്കും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനമുണ്ടാകും.
ദോഷപരിഹാരമായി ശാസ്താവിന് മാസത്തിലൊരു ശനിയാഴ്ചയോ അല്ലെങ്കില്‍ നക്ഷത്രദിവസങ്ങളിലോ ഭാഗ്യസൂക്തമന്ത്രജപത്താല്‍ നെയ്യഭിഷേകം നടത്തണം.
താഴെപ്പറയുന്ന ശനീശ്വരന്‍റെ 'ദേവതാമൂര്‍ത്തി ഭജനം' ശനിയാഴ്‌ചകളില്‍ ഭക്തിയോടെ ജപിക്കുന്നതും അതീവ ഗുണപ്രദമായിരിക്കും.
"ഓം ശ്രീഭൂതനാഥായ നമ:
ഭൂതനാഥമഹം വന്ദേ
സര്‍വലോകഹിതേരതം
കൃപാനിധേ സദാസ്മാകം
ഗൃഹപീഡാം സമാഹര
തമാല ശ്യാമളം ഭദ്രം
പിംഗളാകല്പ സുന്ദരം
അധിജ്യകാര്‍മുകം വന്ദേ
സത്യമവ്യക്ത യൗവ്വനം
തേജോ മണ്ഡല മധ്യഗം
ത്രിനയനം ദിവ്യാംബരാലംകൃതം
ദേവ പുഷ്പശരേക്ഷു ചാപ-
വിലസന്‍ മാണിക്യ പാത്രാഭയം
ബിഭ്രാണം കരപങ്കജൈര്‍
മദഗജസ്കന്ധാദിരൂഢ൦ വിഭും
ശാസ്താരം ശരണം നമാമി സതതം
ത്രൈലോക്യ സമ്മോഹനം
സുശ്യാമള കോമള വിശാലതനും വിചിത്രം
വാസോ വസാനമരുണോത് പലദാമഹസ്തം"
വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
-------------
ഏഴരക്കൊല്ലത്തെ ശനിദോഷം നീങ്ങി ഏറ്റവും അനുകൂലമായ കാലമാകുന്നു. ശനി ചാരവശാല്‍ മൂന്നില്‍ നില്‍ക്കുന്നത് സര്‍വ്വ-സുഖ-സമ്പന്നത നല്‍കും. വ്യാഴവും ഉത്തമസ്‌ഥാനത്തായിരിക്കുന്നത് ഭാഗ്യദായകമായി കരുതണം.
കുടുംബത്ത് ദൂരയാത്രകള്‍ക്ക് സാദ്ധ്യതയുണ്ട്. മുടങ്ങിക്കിടന്ന പല പദ്ധതികളും പൂര്‍ത്തിയാക്കും. വിദ്യാഭ്യാസം ഉയര്‍ന്ന നിലയില്‍ പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കും. പുതിയ വസ്തുവകകള്‍, പുതിയ ഭവനം, പേരും പ്രശസ്തിയും, കീഴുദ്യോഗസ്ഥര്‍ക്ക് സന്തോഷം എന്നിവയുണ്ടാകും. ശാരീരികക്ലേശവും സംഭവിക്കും. സര്‍ക്കാര്‍വക പുതിയ വാസസ്ഥലം ഫലത്തില്‍ വരുന്നതാണ്. കാലം ഏറ്റവും അനുകൂലമാണെന്ന് കരുതി അമിതമായ ഭാരങ്ങൾ ചുമക്കാനോ അഹങ്കരിക്കാനോ നിൽക്കരുത്.
ഇവര്‍ പ്രത്യേക ശനിദോഷകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതില്ല.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
-------------
ഇവര്‍ക്ക് ജന്മശ്ശനിയുടെ കാഠിന്യങ്ങള്‍ നീങ്ങി, ഏഴരശ്ശനിയുടെ അവസാനകാലം ആരംഭിക്കുകയാണ്. വ്യാഴവും വളരെ പ്രതികൂലമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
ഏഴരശ്ശനിക്കാലത്ത് തടസ്സങ്ങള്‍ സംഭവ്യമാണ്. അസമയത്തെയും അനാവശ്യമായ യാത്രകളും തീര്‍ച്ചയായും ഒഴിവാക്കണം. ആരോഗ്യപരമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കാറ്റും തണുപ്പും വളരെയേറെ അസ്വസ്ഥതകള്‍ നല്‍കും.ധനപരമായും ശാരീരികമായും ദാമ്പത്യപരമായും മോശസ്‌ഥിതിയുണ്ടാകും. രോഗാദിക്ലേശങ്ങൾ മൂലം ദുരിതമുണ്ടാക്കും. വാഹനങ്ങൾ വളരെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ.മാനസികമായി പിരിമുറുക്കമുണ്ടാകുന്ന പലവിധ സംഗതികളിലൂടെ കടന്നുപോകേണ്ടി വരും. എന്നാൽ ഇടവം, കന്നി, തുലാം, കുംഭം മാസങ്ങൾ പൊതുവെ ശുഭപ്രദമായി ഭവിക്കും.
ശനിയും വ്യാഴവും പ്രതികൂലമായി വന്നാല്‍ തീര്‍ച്ചയായും ദോഷപരിഹാരങ്ങളും മന്ത്രജപവും നടത്തേണ്ടതാണ്.
ദോഷപരിഹാരമായി നക്ഷത്രദിവസങ്ങളില്‍ ശാസ്താവിന് നെയ്‌വിളക്ക് അല്ലെങ്കില്‍ നീരാജനം, നീലശംഖുപുഷ്പമാല എന്നിവയും മഹാദേവന് പിന്‍വിളക്കും, മഹാവിഷ്ണുവിന് വിഷ്ണുസൂക്താര്‍ച്ചനയും ചെയ്ത് പ്രാര്‍ത്ഥിക്കണം.
ചുവടെ എഴുതുന്ന ശനീശ്വരമന്ത്രം ശനിയാഴ്ചകളില്‍ നെയ്‌വിളക്കിന് മുമ്പിലിരുന്ന് ഭക്തിയോടെ ജപിക്കാവുന്നതാണ്.
"ചാപാസനോ കരുദ്രവസ്തു നീല:
പ്രത്യങ്മുഖ: കാശ്യപഗോത്രിജാത:
സശൂല ചാപേഷ്ഠഗദാധരോവ്യാത്
സൗരാഷ്ട്രദേശ പ്രഭവശ്ച സൗരി:
നീലാംബരോ നീലവപു: കിരീടി
ഗൃദ്ധ്രാസനസ്ഥോ വികൃതാനനശ്ച
കേയൂരഹാരാദി വിഭൂഷിതാംഗ:
സദാസ്തുമേ മന്ദഗതി: പ്രസന്ന:
ശനൈശ്ചരായ ശാന്തായ
സര്‍വാഭീഷ്ട പ്രദായിനേ
നമ: സര്‍വാത്മനേ തുഭ്യം
നമോ നീലാംബരായ ച
ദ്വാദശാഷ്ടമ ജന്മാദി-
ദ്വിതീയാന്തേഷ്ഠ രാശിഷ്ഠ
യേ യേ മേ സംഗതാദോഷാ:
സര്‍വേ നശ്യന്തുവൈ പ്രഭോ:"
അടുത്ത നവംബർ മാസംവരെ മഹാവിഷ്ണുവിന് നെയ്‌വിളക്ക്, തൃക്കൈവെണ്ണ, തുളസിമാല, മഞ്ഞപ്പട്ട്, ഭാഗ്യസൂക്താർച്ചന എന്നീ അഞ്ചുകൂട്ടം വഴിപാടുകളും നക്ഷത്ര ദിവസങ്ങളിൽ ചെയ്ത് പ്രാർത്ഥിക്കണം.
മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന് പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
-------------
ഇവര്‍ക്ക് ഏഴരശ്ശനിയുടെ കാഠിന്യം കൂടി, ജന്മശ്ശനിയില്‍ എത്തുന്നു. ദോഷപ്രദമാണ്. 20-11-2020 മുതൽ വ്യാഴവും അതീവദോഷപ്രദമാകും.
ശനിക്ഷേത്രമാകയാല്‍ മകരക്കൂറുകാര്‍ക്കും കുംഭക്കൂറുകാർക്കും ശനിദോഷം ഏല്‍ക്കില്ല എന്ന് പറയുന്ന ചില ആചാര്യന്മാരുമുണ്ട്. അത് ശരിയല്ലെന്ന് പല മകരക്കൂറുകാരുടേയും കുംഭക്കൂറുകാരുടെയും ഏഴരശ്ശനി-കണ്ടകശ്ശനി കാലങ്ങളിലെ അനുഭവംകൊണ്ട് ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് മനസ്സിലായിട്ടുണ്ട്.
അസുഖങ്ങളും വാഹനങ്ങളില്‍ നിന്നുള്ള പരിക്കുകളും ദോഷപ്രദമായേക്കാം. ബന്ധുക്കള്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തും. എന്നാല്‍ അതൊന്നും ബാധിക്കാതെ ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതണം.
ഭാര്യ, ഭർത്താവ്, മക്കൾ എന്നിവരുമായി കൂടുതൽ ആത്മബന്ധം പുലർത്തുന്നത് ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. തൊഴില്‍ മാറണമെന്ന് ആഗ്രഹിക്കും. വിദേശവുമായി ബന്ധപ്പെട്ട് അനുകൂല സാഹചര്യം സംജാതമാകും. ലഭിക്കുന്ന പണം എങ്ങനെ ചെലവാകുന്നു എന്നറിയാതെ ആശ്ചര്യപ്പെടും. ബന്ധുമിത്രാദികള്‍ക്ക് പ്രത്യേകിച്ച് സന്താനങ്ങള്‍ക്കും മൂത്ത സഹോദരനും രോഗാദിക്ലേശങ്ങള്‍ സംഭവിക്കും. മത്സരങ്ങളില്‍ വിജയം വരിക്കും.
മീനം, മിഥുനം, തുലാം, വൃശ്ചികം മാസങ്ങൾ ദോഷം കുറവുള്ളതായി അനുഭവപ്പെടും.
ദോഷപരിഹാരമായി ശനിയാഴ്ചകളില്‍ ശാസ്താവിന് നീരാജനം, തൊട്ടടുത്ത ദിവസം യഥാശക്തി അഭിഷേകം എന്നിവ ചെയ്ത് പ്രാര്‍ത്ഥിക്കണം.
താഴെപ്പറയുന്ന ശനീശ്വരശാന്തിമന്ത്രം ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ നേരം വരെ നെയ്‌വിളക്ക് കൊളുത്തിവെച്ച് പ്രാര്‍ത്ഥിക്കണം.
ശനീശ്വരശാന്തിമന്ത്രം:
------------
"ഓം ശന്നോ ദേവീരഭിഷ്ടയ
ആപോഭവന്തു പീതയേ
ശം യോരഭി സ്രവന്തു ന:
പ്രജാപതേ ന ത്വദേതാന്യന്യോ
വിശ്വാ ജാതാനി പരി താ ബഭൂവ
യത്കാമാസ്തേ ജൂഹുമസ്തന്നോ അസ്തു
വയംങ്സ്യാമ പതയോ രയീണാം
ഇമം യമ പ്രസ്തരമാ ഹി സീദാ-
ങ്ഗിരോഭി: പിതൃഭിസ്സംവിദാന:
ആ ത്വാ മന്ത്രാ: കവിശസ്താ വഹ-
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ
അധിദേവതാ പ്രത്യധിദേവതാ
സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:"
കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന് പാദം):
-------------
ശനിക്ഷേത്രമാകയാല്‍ മകരക്കൂറുകാര്‍ക്കും കുംഭക്കൂറുകാർക്കും ശനിദോഷം ഏല്‍ക്കില്ല എന്ന് പറയുന്ന ചില ആചാര്യന്മാരുമുണ്ട്. അത് ശരിയല്ലെന്ന് പല മകരക്കൂറുകാരുടേയും കുംഭക്കൂറുകാരുടെയും ഏഴരശ്ശനി-കണ്ടകശ്ശനി കാലങ്ങളിലെ അനുഭവംകൊണ്ട് മനസ്സിലായിട്ടുണ്ട്.
ഇവര്‍ക്ക് ഏഴരശ്ശനി ആരംഭിക്കുന്നു. ഇതുവരെ ശനി പതിനൊന്നില്‍ നല്ല സ്ഥാനത്തായിരുന്നെങ്കില്‍ ഇനി തടസ്സങ്ങളും കുംഭക്കൂറുകാർക്ക് വന്നുതുടങ്ങും. എന്നാൽ വ്യാഴം ഏറ്റവും അനുകൂലസ്ഥിതിയിലാകയാൽ കൂടുതൽ ഭയപ്പെടേണ്ടതില്ല.
ആദ്യവർഷത്തിൽ വാഹനലാഭവും ഗൃഹലാഭവും പ്രതീക്ഷിക്കാം. ധനപരമായും നല്ലതായിരിക്കും. വെറുതെ ഭാവിയെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകും. അതുവഴി അത്യധികമായ മാനസികപിരിമുറുക്കവുമുണ്ടാകും. തൊഴില്‍നഷ്ടമോ തടസ്സങ്ങളോ സംഭവിക്കും. കൂടെയുള്ളവരുടെ അവഗണനയും കൂടെയുണ്ടെന്ന് പ്രത്യേകം ഓര്‍ക്കണം. സാമ്പത്തികദുരിതം വരാതെ പ്രത്യേകം ശ്രദ്ധിക്കണം.
ഭാര്യയ്ക്കും ഭര്‍ത്താവിനും ശനിദോഷം സംഭവിച്ചാല്‍ സാമ്പത്തികകാര്യങ്ങളില്‍ അതീവ ജാഗ്രത ആവശ്യമായിരിക്കും. എന്നാല്‍ ഇവരില്‍ ഒരാള്‍ക്ക് ശനി അനുകൂലമായി നിന്നാല്‍ ഭയപ്പെടേണ്ട കാര്യവുമില്ല. കടം കൊടുത്തത് തിരികെ ലഭിക്കാതെ കോടതി വ്യവഹാരങ്ങളില്‍ എത്തിയേക്കാം.
വിവാഹകാര്യങ്ങളില്‍ അനുകൂലമായ സാഹചര്യമുണ്ടാകാതെ ദു:ഖിക്കും. പരിഹാരം അനിവാര്യമാകുന്നു. മേടം, കർക്കിടകം, വൃശ്ചികം, ധനു മാസങ്ങള്‍ പൊതുവെ അനുകൂലപ്രദമായിരിക്കും.
ദോഷപരിഹാരമായി ശാസ്താവിന് ഭാഗ്യസൂക്തമന്ത്രത്താല്‍ നെയ്യഭിഷേകവും തുടര്‍ന്ന്‍ ഭസ്മാഭിഷേകവും മാസത്തിലൊരു ശനിയാഴ്ച നടത്തി പ്രാര്‍ത്ഥിക്കണം. മഹാദേവന് കൂവളമാല, പിന്‍വിളക്ക്, മഹാവിഷ്ണുവിന് ഭാഗ്യസൂക്തപുഷ്പാഞ്ജലി, തൃക്കൈവെണ്ണ എന്നിവയും നല്‍കി പ്രാര്‍ത്ഥിക്കണം.
താഴെപ്പറയുന്ന ശനീശ്വരപ്രാര്‍ത്ഥനാ മന്ത്രം ശനിയാഴ്‌ചകളില്‍ ഭക്തിയോടെ ജപിക്കുന്നതും അത്യുത്തമം ആയിരിക്കും.
"സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ: മന്ദചാര: പ്രസന്നാത്മ
പീഡാം ഹരതു മേ ശനി:"
മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
-------------
കണ്ടകശ്ശനി അവസാനിച്ച്, ശനി അത്യുത്തമമായി വരുന്ന കാലമാണ്. വ്യാഴം പക്ഷെ ഒരുവർഷക്കാലം അനുകൂലമായിരിക്കില്ല. രോഗാദിക്ലേശങ്ങള്‍ നീങ്ങി കുടുംബത്ത് സന്തോഷമുണ്ടാകും. പലവിധ ശുഭകര്‍മ്മങ്ങളും നടക്കുകയും ചെയ്യും. തികച്ചും ശോഭനമായ കാലഘട്ടം. അഭീഷ്ടങ്ങളും, മുടങ്ങിക്കിടന്ന പല നല്ല കാര്യങ്ങളും സാധിക്കുന്നതിനുള്ള അവസരം ദൈവകൃപയാല്‍ വന്നുചേരും. പലവിധ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ചതിയിലും വഞ്ചനയിലും ഉള്‍പ്പെടാതെ മാറിനില്‍ക്കാന്‍ സാധിക്കും. വസ്തു, വീട്, വാഹനം എന്നിത്യാദി കാര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യവും ലഭിക്കുന്നതാണ്.
അടുത്ത നവംബർ അവസാന ആഴ്ച മുതൽ കാലം പൊതുവെ അനുകൂലമായി അനുഭവപ്പെടുകയും രാജയോഗങ്ങൾ ഫലത്തിൽ വരികയും ചെയ്യും.
ശത്രുതയില്‍ക്കഴിഞ്ഞിരുന്ന ബന്ധുമിത്രാദികള്‍ പിണക്കം മാറി രംഗത്തുവരും. തികച്ചും സന്തോഷകരമായ കാലഘട്ടം.
പ്രത്യേകിച്ച് ശനിദോഷപരിഹാരങ്ങള്‍ ആവശ്യമില്ല. ആവശ്യമുള്ളവര്‍ക്ക് തൊഴിൽവിജയത്തിനായി രാജഗോപാലമന്ത്രം ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് ജപിക്കാവുന്നതാണ്.
രാജഗോപാലമന്ത്രം:
----------
"ഓം കൃഷ്ണകൃഷ്ണ മഹായോഗിൻ
ഭക്താനാം അഭയങ്കര ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനയ"
----------
ശനിമാറ്റം പൂർണ്ണമായി വായിക്കാൻ: https://uthara.in/sani-rashimarunnu/
Please LIKE: https://www.facebook.com/uthara.astrology/
Follow: https://www.facebook.com/velichappadan
ജ്യോതിഷ-തന്ത്രശാസ്ത്ര-വാസ്തു വിവരങ്ങൾക്ക്: https://uthara.in/
ശനിയുടെ രാശിമാറ്റത്തെ ഭയക്കാതെ, ഏവര്‍ക്കും ജീവിതവിജയമുണ്ടാകട്ടെയെന്ന് പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം
കരുനാഗപ്പള്ളി, www.uthara.in
Mob: 9497 134 134.
ശനിമാറ്റം പൂർണ്ണമായി വായിക്കാൻ: https://uthara.in/sani-rashimarunnu/
Subscribe to:
Comments (Atom)
