ഇന്ന് ജന്മംകൊണ്ടുള്ള ബ്രാഹ്മണനേയുള്ളൂ. എന്നാല്‍ പണ്ട് ജന്മംകൊണ്ട് 'സാധാരണമനുഷ്യനാണ്' ഉണ്ടാകുന്നത്. അവന്റെ കര്‍മ്മത്താല്‍ അവന്‍ പുനര്‍ജനിക്കുന്നതുപോലെ സമഗ്രമായ ബ്രഹ്മജ്ഞാനം നേടി ബ്രാഹ്മണനായും തീരുന്നു. സര്‍വ്വോത്തമ ആചാര വിവരണഗ്രന്ഥമായ ഭഗവദ്ഗീതയിലെ വരി ശാസ്ത്രീയമായി വിവരിച്ചാല്‍ ഈ കാര്യം വ്യക്തമാകും
ഹിന്ദുധര്‍മ്മത്തില്‍ അനാചാരം എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുവാന്‍ സാധിക്കുന്ന ഒന്നാണ് ജാതിയിലൂടെ മനുഷ്യനെ വേര്‍തിരിച്ചത്. കര്‍മ്മാടിസ്ഥാനത്തില്‍ വര്‍ണാശ്രമധര്‍മ്മങ്ങളായി ഉത്ഭവിച്ച ജാതിചിന്ത അനാചാരത്തിന്റെ മൂര്‍ത്തിമദ്ഭാവമായി. ഇത് ഭാരതീയ ചിന്താധാരയുടെ വക്താക്കളെയും വിശ്വാസികളെയും ഇന്നും നിരന്തരം ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്നു.
വര്‍ണധര്‍മ്മങ്ങളുടെ ഉത്ഭവം ആദിമകാലത്ത് ഇന്നത്തേതുപോലെ ആയിരുന്നില്ല എന്നുകാണുവാന്‍ വിഷമമുണ്ടാകില്ല.
ജന്മനാല്‍ ജായതേ മര്‍ത്ത്യ
കര്‍മ്മണാല്‍ ജായതേ ദ്വിജഃ
ബ്രഹ്മജ്ഞാനേന ബ്രാഹ്മണഃ
ഇന്ന് ജന്മംകൊണ്ടുള്ള ബ്രാഹ്മണനേയുള്ളൂ. എന്നാല്‍ പണ്ട് ജന്മംകൊണ്ട് ‘സാധാരണമനുഷ്യനാണ്’ ഉണ്ടാകുന്നത്. അവന്റെ കര്‍മ്മത്താല്‍ അവന്‍ പുനര്‍ജനിക്കുന്നതുപോലെ സമഗ്രമായ ബ്രഹ്മജ്ഞാനം നേടി ബ്രാഹ്മണനായും തീരുന്നു. സര്‍വ്വോത്തമ ആചാര വിവരണഗ്രന്ഥമായ ഭഗവദ്ഗീതയിലെ വരി ശാസ്ത്രീയമായി വിവരിച്ചാല്‍ ഈ കാര്യം വ്യക്തമാകും.
ചാതുര്‍വര്‍ണ്യം മായാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
നാലുവര്‍ണങ്ങളേയും കര്‍മഗുണങ്ങളുടെ അടിസ്ഥാനത്തിലായി ഞാന്‍ സൃഷ്ടിച്ചതാണ്. വര്‍ണസൃഷ്ടിയുടെ അടിസ്ഥാനം കര്‍മ്മം മാത്രമാണെന്നു വ്യക്തം. (ഇന്ന് ഓഫീസുകളില്‍ മാനേജരും, ഗുമസ്തനും ശിപായിയും സെക്യൂരിറ്റിയും ഉള്ളതുപോലെ അവരെ അതത് പേരിലറിയപ്പെടുന്നത് ജന്മംകൊണ്ടോ ശരീരഘടനകൊണ്ടോ അല്ല മറിച്ച് അവരുടെ കര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണല്ലോ)
ശൂദ്രോപി ശീലസമ്പന്നോ ബ്രാഹ്ണാത് ഗുണവാന്‍ ഭവേത്
ബ്രാഹ്മണേളപി ക്രിയാ ഹീന ശൂദ്രാത് പ്രത്യവരോ ഭവേത്
സമ്പന്നമായ ശീലംകൊണ്ട് ശൂദ്രനാണെങ്കില്‍പ്പോലും ബ്രാഹ്മണനേക്കാള്‍ ശ്രേഷ്ഠനായിത്തീരുന്നു. കര്‍മ്മവും തേജസുമില്ലാത്ത ബ്രാഹ്മണന്‍, ശൂദ്രനേക്കാള്‍ എത്രയോ നീചനാണ്.
നാലുവര്‍ണത്തിലുള്ളവര്‍ക്കും പരസ്പരം കര്‍മ്മം മാറി മറ്റൊരു വര്‍ണത്തിലേക്ക് പോകുവാന്‍ പുരാതനകാലം മുതല്‍ക്കുതന്നെ (അഥവാ മറ്റൊരു വര്‍ണം സ്വീകരിക്കുവാന്‍)അനുവാദമുണ്ടായിരുന്നു.
ദ്രോണാചാര്യന്‍ ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്നു. പിന്നീട് ക്ഷത്രിയ ധര്‍മ്മം സ്വീകരിച്ച് പടക്കളത്തില്‍ പൊരുതിയതാണ്. അദ്ദേഹത്തിന്റെ പുത്രനായ അശ്വത്ഥാമാവും കര്‍മ്മത്തില്‍ മാത്രമാണ് ക്ഷത്രിയനായത്. ഐതരേയന്‍ എന്ന മഹര്‍ഷി ശ്രേഷ്ഠന്‍ വംശം നോക്കിയാല്‍ ചണ്ഡാലനാണ് എന്ന് വിവരണങ്ങളില്‍ കാണാം. അദ്ദേഹം എഴുതിയ വൈദിക ഗ്രന്ഥങ്ങളാണ് അതിമഹത്വമുള്ള ഐതരേയ ഉപനിഷദ്, മഹൈതരേയ ഉപനിഷദ്, ഐതരേയ ബ്രാഹ്മണം, ഐതരേയ ആരണ്യകം എന്നിവ. ഐതരേയന്റെ യഥാര്‍ത്ഥ പേരാകട്ടെ മഹീദാസ ഐതരേയന്‍ എന്നാണ്. ചണ്ഡാലനില്‍നിന്ന് ബ്രാഹ്മണ്യത്തിലേക്കുയര്‍ന്നതാണിദ്ദേഹം.
സമഗ്രജ്ഞാനത്തെ നാലുവേദങ്ങളിലായി വിന്യസിച്ച വേദവ്യാസന്‍ ബ്രാഹ്മണനേയായിരുന്നില്ല. അദ്ദേഹം മുക്കുവ വംശത്തില്‍, മത്സ്യഗന്ധിയില്‍ ജനിച്ച കൃഷ്ണദ്വൈപായനനാണ്. ജാതി നോക്കിയാല്‍ അമ്മയുടെ ജാതിയാണ് മക്കളുടേത് എന്ന് ധര്‍മ്മശാസ്ത്രം വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ വ്യാസന്‍ മുക്കുവ വംശജനാണ്. വാല്മീകി കാട്ടാളനായിരുന്നു.
ശ്രീരാമപുത്രന്മാര്‍ക്ക് ജന്മം നല്‍കുവാന്‍ സീതയെ ശ്രീരാമന്‍ അയച്ചത് വാല്മീകി ആശ്രമത്തിലേക്കായിരുന്നു. ഇവിടേയും വര്‍ണം പ്രശ്‌നമായിരുന്നില്ല. ശ്രീകൃഷ്ണനും ശ്രീരാമനും ബ്രാഹ്മണനായിരുന്നില്ല. ശ്രീകൃഷ്ണന്‍ യാദവനായിരുന്നു. ശ്രീരാമനാകട്ടെ ക്ഷത്രിയനും. ഇന്ന് യാദവന്മാര്‍ ഒബിസി എന്ന വിഭാഗത്തില്‍ പെടുന്നവരാണെന്നോര്‍ക്കുമല്ലോ. വിശ്വാമിത്രന്‍ ക്ഷത്രിയനായിരുന്നു. പിന്നീടദ്ദേഹം ഋഗ്വേദത്തിന്റെ പകുതിയോളം മന്ത്രങ്ങളെഴുതി ബ്രാഹ്മണ്യത്തിലേക്കുയര്‍ന്നു. വിശ്വാമിത്രനാണ് അത്യുജ്ജലമായ ഗായത്രീമന്ത്രംപോലും രചിച്ചത്.
ക്ഷത്രിയനായ വിശ്വാമിത്രനില്ലായിരുന്നെങ്കില്‍ ഇന്ന് ഋഗ്വേദമില്ല. മുക്കുവനായ വ്യാസനില്ലായിരുന്നെങ്കില്‍ നാല് ഉജ്ജ്വല വേദങ്ങളും ഇന്നത്തെപ്പോലെ ഉണ്ടാകുമായിരുന്നില്ല.
പണ്ട് ദുരാചാര രീതിയിലായിരുന്നില്ല പുരാതന ഭാരതത്തില്‍ വര്‍ണരീതികള്‍. എന്നാല്‍ ഇന്നും അനുഷ്ഠിക്കുന്ന ശ്രേഷ്ഠമായ കീഴ്‌വഴക്കമുണ്ട്. നാരായണഗുരുവും ചിന്മയാനന്ദനും അമൃതാനന്ദമയീ ദേവിയും എല്ലാം ജാതി നോക്കിയല്ല പൂജ്യരായിത്തീര്‍ന്നത്. ഈ ഒരു വീക്ഷണമാണ് പൂര്‍വഭാരതത്തില്‍ നിലനിന്നിരുന്നത്. മഹാഭാരതം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിവര്‍ത്തനത്തില്‍ (അഞ്ചാം വാല്യം 565-ാം പേജില്‍) ഭരദ്വാജ-ഭൃഗു സംവാദത്തില്‍ ജാതിയെക്കുറിച്ചുള്ള വിഷയത്തില്‍ ഋഷിവര്യന്മാരുടെ വീക്ഷണം സ്പഷ്ടമാകുന്നുണ്ട്.
നാലുവര്‍ണത്തിന്റെ വര്‍ണംകൊണ്ടു വര്‍ണം തിരുക്കികില്‍
സര്‍വവര്‍ണത്തിലും കാണുന്നുണ്ടല്ലോ വര്‍ണസങ്കരം
കാമം ക്രോധം ഭയം ലോഭം ശോകം ചിന്ത പരിശ്രമം
ഏവമുണ്ടാമതില്ലെന്നിലെന്തേ വര്‍ണം തിരുക്കുവാന്‍
വിയര്‍പ്പു മലമൂത്രങ്ങള്‍ കഫപിത്തങ്ങള്‍ ചോരയും
ഏവര്‍ക്കും മെയ്യിലൊഴുകുമെന്തേവര്‍ണം തിരിക്കുവാന്‍
ചരങ്ങള്‍ക്കചരങ്ങള്‍ക്കും സംഖ്യവിട്ടുണ്ടു ജാതികള്‍
നാനാവര്‍ണക്കാരവര്‍ക്കു വര്‍ണനിശ്ചയമെങ്ങിനെ?
ഈ ചോദ്യങ്ങല്‍ ഭരദ്വാജമഹര്‍ഷി, ഭൃഗുമഹര്‍ഷിയോടു ചോദിക്കുന്നതാണ്. അതിന് ഭൃഗുവിന്റെ ഉത്തരമാകട്ടെ.
ജാതിവ്യത്യാസമിങ്ങില്ലാ ബ്രഹ്മമീവിശ്വമൊക്കെയും കാമഭോഗാസക്തര്‍, തീക്ഷ്ണര്‍, ശുണ്ഠിക്കാര്‍, സാഹസപ്രിയര്‍, സ്വധര്‍മ്മം വിട്ട രക്താംഗര്‍, ദ്വിജന്മാര്‍, ക്ഷത്രിയജാതിയായ് പൈക്കളാല്‍ കൊറ്റുമായ് മഞ്ഞച്ചുള്ളോര്‍ കൃഷികഴിപ്പവര്‍ സ്വകര്‍മ്മം ചെയ്തീടാതുള്ള ദ്വിജന്‍ വൈശ്യരുമായിനാര്‍. ഹിംസാനൃതാസക്തര്‍ ലുബ്ധര്‍ സര്‍വകര്‍മ്മോപ ജീവികള്‍ കറുത്ത ശൗചം വിട്ടുള്ളാദ്വിജര്‍ ശൂദ്രരുമായിനാര്‍ ഈ കര്‍മ്മങ്ങളാലത്രേ ദ്വിജര്‍ ജാതിതിരിഞ്ഞതും. ഈ വിവരണത്തില്‍ ജാതി വ്യക്തമായും കര്‍മ്മത്താലാണ് വേര്‍തിരിച്ചിരിക്കുന്നതെന്ന് തെളിയിക്കുന്നു. എല്ലാ മനുഷ്യരും ബ്രാഹ്മണരായിരുന്നു. അവിടെനിന്നാണ് മറ്റുള്ള വര്‍ണത്തിലേക്ക് ചേക്കേറിയത്. സ്വഭാവ-കര്‍മ്മവ്യത്യാസത്തിലൂടെയാണിത് സംഭവിച്ചത്. സ്മൃതികളില്‍ പ്രാധാന്യമുള്ള വിഷ്ണുസ്മൃതി കര്‍മ്മത്തെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു.
ബ്രാഹ്മണസ്യ യാജനം പ്രതിഗ്രഹോ ക്ഷത്രിയസ്യക്ഷിതിത്രാണം
കൃഷിഗോരക്ഷവാണിജ്യാദി വൈശ്യസ്യ ശൂദ്രസ്യസര്‍വ ശില്‍പാനി
ഇവിടെ ശൂദ്രന് സര്‍വശില്‍പാദി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉപദേശിക്കുന്നത്. ബ്രാഹ്മണന് പഠിക്കലും പഠിപ്പിക്കലും ഭൂമിയുടെ (രാഷ്ട്രത്തിന്റ) സംരക്ഷയാണ് ക്ഷത്രിയ ധര്‍മ്മം, കൃഷിയും ഗോരക്ഷയും വൈശ്യന്റെ ആചാരഭാഗമായ ധര്‍മ്മമാണ്.
ഇവിടെ വസിഷ്ഠന്റെ വരികളും ശ്രദ്ധേയമാണ്.
ഉല്‍കൃഷ്ടം ചാപകൃഷ്ടം തയോഃ
കര്‍മ്മ ന വിദ്യതേ
മധ്യമേ കര്‍മ്മണീ ഹിത്വാ
സര്‍വസാധാരണേ ഹിതേ
ഒരു കര്‍മ്മവും ഉല്‍കൃഷ്ടമോ അപകൃഷ്ടമോ ആകുന്നില്ല. എല്ലാം സാധാരണ കര്‍മ്മങ്ങളാണ്.
ചില സ്മൃതികളില്‍ ഇതിനു വിരുദ്ധമായി പറയുന്നുണ്ട്. വസ്തുത എന്തെല്ലാമാണെങ്കിലും സഹസ്രാബ്ദങ്ങളുടെ പഴക്കത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറഞ്ഞും മാറിയും ഒരു വലിയ ദുരാചാരം ഉണ്ടായി. അതിന്റെ തിക്താനുഭവങ്ങള്‍ നാമിന്നും അനുഭവിക്കുകയാണ്.
പണ്ടുള്ളവര്‍ എഴുതിവച്ചിരിക്കുന്നത് അതേപ്രകാരം അനുഷ്ഠിച്ചാല്‍ ഇന്ന് ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ ശൂദ്രാദികളായി കര്‍മ്മ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ ആരും ഉണ്ടാകുകയില്ല. ജന്മനാല്‍ ബ്രാഹ്മണരായവര്‍ വ്യാപാരി വ്യവസായികളായിട്ടുണ്ട്. നമ്മെ ഭരിക്കുന്നവരും സൈന്യത്തിലുള്ളവരുമെല്ലാം ക്ഷത്രിയരുമല്ല. പണ്ട് എഴുതിവച്ചതുമല്ല. പുതിയതായി ഉണ്ടാക്കിയതുമല്ല, ഇന്നത്തെ ജാതിവ്യവസ്ഥ. കാലപ്പഴക്കത്തില്‍ അടിഞ്ഞുകൂടിയ ചെളി പരസ്പരം വാരിയെറിയാതെ സമൂഹത്തില്‍നിന്ന് ജാതി ചിന്തയും അതുമായി ബന്ധപ്പെട്ട ദുരാചാരങ്ങളും തുടച്ചുമാറ്റേണ്ടതുതന്നെയാണ്.