Total Pageviews
Blog Archive
Search This Blog
വേദാന്തം പഠിപ്പിക്കുന്നത് എന്താണ് ?
ഒരു മനുഷ്യന്‍ ഏതെങ്കിലും പക്ഷിയേക്കാളോ പുഴുവിനേക്കാളോ മേലെ ആരാധ്യനല്ല. ഞാനും ഏറ്റവും താഴ്ന്ന നിലയിലുള്ള പുഴുവും തുല്യരാണ്. ഒരുവന് നമ്മേക്കാള്‍ മേലേക്കിടയില്‍ നില്‍ക്കാനോ നാം അയാളെ ആരാധിക്കാനോ അയാളാല്‍ വലിച്ചിഴച്ചുരക്ഷിക്കപ്പെടാനോ ഉള്ള സാദ്ധ്യത വേദാന്തത്തില്‍ എത്ര വിരളമാണ് എന്നുകാണാം. വേദാന്തം നിങ്ങള്‍ക്ക് അതൊന്നും അനുവദിക്കുന്നില്ല. അവിടെ ഗ്രന്ഥമില്ല. ആരാധ്യപുരുഷനില്ല, യാതൊന്നുമില്ല.
ഈശ്വരനെ സംബന്ധിച്ചാണ് ഇതിലും വിഷമം. നിങ്ങള്‍ ഈ രാജ്യത്ത് ജനായത്തമാണല്ലോ ആഗ്രഹിക്കുന്നത്. വേദാന്തം ഉപദേശിക്കുന്ന ഈശ്വരനും ജനായത്തനാണ്. നിങ്ങള്‍ക്ക് ഒരു ഭരണകൂടമുണ്ട്. എന്നാല്‍ അത് വസ്തുനിഷ്ഠമല്ല. അതിലെ യഥാര്‍ത്ഥ അധികാരം, യഥാര്‍ത്ഥ ശക്തി, യഥാര്‍ത്ഥജീവന്‍-ആദൃശ്യമായതില്‍, സാമാന്യതത്ത്വത്തില്‍ അധിഷ്ഠിതമാണെന്നും വ്യക്തിനിഷ്ഠമല്ലെന്നും ആരും മനസ്സിലാക്കുന്നതായി തോന്നുന്നില്ല. മറ്റുള്ളവരില്‍ നിന്ന് വേര്‍പ്പെട്ട കേവലവ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ വെറും നിസ്സാരന്‍. എന്നാല്‍ സ്വയംഭരിക്കുന്ന ഒരു വലിയ രാഷ്ട്രത്തിന്റെ സാമാന്യഘടകമെന്ന നിലയില്‍ നിങ്ങള്‍ ഒരു അത്ഭുതശക്തിയാകുന്നു, മഹത്തായൊരു ശക്തി. ഈ ശക്തി എവിടെയിരിക്കുന്നു?. ഓരോ മനുഷ്യനും ആ ശക്തിയുടെ ആസ്ഥാനമാണ്. എല്ലാവരും ഒരുപോലെ തുല്യന്മാരാണെന്ന് ഞാന്‍ കാണുന്നു. ഓരോ മനുഷ്യനിലും നിസ്സീമമായ ശക്തി കുടികൊള്ളുന്നു.
ഇത് വേദാന്തത്തിന്റെ ശരിയായൊരു നിദര്‍ശകമാണ്. അവിടെ ഈശ്വരന്‍ നമ്മില്‍ നിന്ന് വളരെ അകന്ന് സിംഹാസനത്തിലിരിക്കുന്ന ചക്രവര്‍ത്തിയല്ല. അത്തരം ഒരീശ്വരനെ, നാം പേടിക്കേണ്ടതും പ്രീണിപ്പിക്കേണ്ടതുമായ ഒരീശ്വരനെ വേണ്ടവരുണ്ട്. അവര്‍ അവിടത്തെ മുമ്പില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പൊടിയില്‍ കിടന്ന് ഇഴയുകയും മറ്റും ചെയ്യുന്നു. എല്ലാവരേയും ഭരിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ ഒരു രാജാവുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ രാജ്യത്തുനിന്നെങ്കിലും രാജാവ് പൊയ്‌പോയിരിക്കുന്നു. ഈ രാജ്യത്ത് രാജാവ് നിങ്ങള്‍ ഓരോരുത്തരിലും കുടികൊള്ളുന്നു. ഇവിടെ നിങ്ങളെല്ലാവരും രാജാക്കന്മാരാണ്. വേദാന്തമതത്തിലും അങ്ങനെ തന്നെ. നിങ്ങളെല്ലാവരും ഈശ്വരന്മാരാണ്. ഒരീശ്വരന്‍ പോരാ. നിങ്ങളെല്ലാവരും ഈശ്വരന്മാരാണെന്ന് വേദാന്തം പറയുന്നു.
ഈ വസ്തുത വേദാന്ത സ്വീകരണത്തിന്റെ പ്രയാസം വര്‍ദ്ധിപ്പിക്കുന്നു. അത് ഈശ്വരന്റെ പഴയ മട്ടിലുള്ള ആശയം പഠിപ്പിക്കുന്നില്ല. മേഘങ്ങള്‍ക്ക് മുകളിലിരുന്ന് നമ്മുടേ ആരുടേയും സമ്മതം നോക്കാതെ ലോകഭരണം നടത്തുകയും തന്റെ ഇഷ്ടമാണെന്ന ഏകകാരണത്താല്‍ നമ്മെ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് പലതരം ദുരിതങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്ന ഈശ്വരന്റെ സ്ഥാനത്ത്, ഓരോ ജീവിയിലും കുടികൊളളുന്ന, ഓരോ ജീവിയും ഓരോ വസ്തുവുമായി പരിണമിച്ചിട്ടുള്ള ഒരീശ്വരനെയാണ് വേദാന്തം പഠിപ്പിക്കുന്നത്.
Subscribe to:
Posts (Atom)