Total Pageviews

Blog Archive

Search This Blog

ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും




നിത്യവും ദേവിയുടെ ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും, നിശ്‌ചയം. മാത്രമല്ല ജാതകദോഷം, ഗ്രഹദോഷം, ശാപദോഷം, പാപദോഷം, സുകൃതക്ഷയം തുടങ്ങി എല്ലാ ദോഷങ്ങളും ദിവസവുമുള്ള നാമജപത്തില്‍ ലയിച്ചില്ലാതെയാകും.

ദീര്‍ഘായുസ്സുണ്ടാകും. സത്‌ സന്താനങ്ങള്‍ക്കുടമയാകും. മക്കള്‍ മാതാപിതാക്കളെ സ്‌നേഹിക്കും. പെണ്‍കുട്ടികള്‍ക്ക്‌ ആഗ്രഹിക്കുന്ന സമയത്ത്‌ വിവാഹം നടക്കും. വൈധവ്യദോഷങ്ങളകന്നുപോകും.
ലളിതാ സഹസ്രനാമത്തിന്റെ മഹാത്മ്യം വിവരിക്കാന്‍ സാഹസമുള്ള പ്രവൃത്തിയാണ്‌. മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും അഗാധതയിലേക്ക്‌ ഗമിക്കുന്ന ജ്‌ഞാനാനന്ദ പ്രവാഹമാണീ സ്‌തോത്രം. ശ്രേഷ്‌ഠതയില്‍ ശ്രേഷ്‌ഠവുമാണ്‌; ആദിപരാശക്‌തിയുടെ നാമങ്ങള്‍.

ശ്രീമഹാദേവിയെപ്പറ്റി വിവരിക്കുന്ന പത്തോളം പ്രധാന സഹസ്രനാമങ്ങളില്‍ ഏറ്റവും കീര്‍ത്തിയേറിയതാണ്‌ ലളിതാ സഹസ്രനാമസ്‌തോത്രം. മന്ത്രശക്‌തി നിര്‍ഭരവുമാണിത്‌.

എല്ലാ നാമങ്ങളിലും വച്ച്‌ ശ്രേഷ്‌ഠവും വളരെ വളരെ ഔഷധപ്രദവുമാണ്‌ വിഷ്‌ണുനാമങ്ങള്‍. ആയിരം വിഷ്‌ണുനാമത്തിന്‌ തുല്യമാണൊരു ശിവനാമം.

ആയിരം ശിവനാമത്തിന്‌ തുല്യമാണൊരു ദേവിനാമം. ദേവി സഹസ്രനാമങ്ങള്‍ അനേകമുണ്ടെങ്കിലും ലാളിത്യവും ഗാംഭീര്യവും ഒത്തിണങ്ങിയതാണ്‌ ആദിപരാശക്‌തിയായ മാതാവിന്റെ ലളിതാ സഹസ്രനാമം.

ഏതു കുറ്റത്തിനും മാപ്പു നല്‍കുന്ന കോടതി ഒന്നേയുള്ളൂ. അതാണ്‌ മാതൃഹൃദയം. ഏതു ദുഃഖത്തിനും ശാന്തി നല്‍കുന്നതാണ്‌ ദേവി നാമം. ഈ സ്‌ത്രോത്രം നിത്യോപാസന ചെയ്യുന്നവര്‍ക്ക്‌ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല. സാക്ഷാല്‍ മാതൃസ്വരൂപയാണ്‌ ലളിതാ ദേവി.

ലളിതാ സഹസ്രനാമത്തിന്റെ ഓരോ നാമവും ഓരോ മന്ത്രമാണ്‌. ഓരോരുത്തര്‍ക്കും ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ ലളിതോപാസന സാധ്യമാവുകയുള്ളൂ.

മൂന്ന്‌ ഏകാക്ഷരീ മന്ത്രങ്ങളും എഴുപത്തിരണ്ട്‌ ദ്വ്യക്ഷരീമന്ത്രങ്ങളും നൂറ്റിമുപ്പത്തിയൊന്‍പത്‌ ത്യക്ഷരീമന്ത്രങ്ങളും ഇരുന്നൂറ്റിയെണ്‍പത്തിയൊന്ന്‌ ചതുരക്ഷരീ മന്ത്രങ്ങളും നൂറ്റിയിരുപത്‌ പഞ്ചാക്ഷരീ മന്ത്രങ്ങളും അമ്പത്തെട്ട്‌ ഷഡക്ഷരീ മന്ത്രങ്ങളും രണ്ട്‌ സപ്‌താക്ഷരീ മന്ത്രങ്ങളും ഇരുനൂറ്റി നാല്‌പത്‌ അഷ്‌ടാക്ഷരീ മന്ത്രങ്ങളും ഏഴ്‌ ദശാക്ഷരീ മന്ത്രങ്ങളും മൂന്ന്‌ ഏകാദശാക്ഷരീ മന്ത്രങ്ങളും മൂന്ന്‌ ദ്വാദശാക്ഷരീ മന്ത്രങ്ങളും എഴുപത്തിരണ്ട്‌ ഷോഡശാക്ഷരീ മന്ത്രങ്ങളുമാണ്‌ ദേവിയുടെ ആയിരം നാമങ്ങള്‍.
ഇതില്‍നിന്നുതന്നെ ലളിതാ സഹസ്രനാമജപത്തിന്റെ ദിവ്യത്വം മനസ്സിലാക്കാം. പ്രത്യേകിച്ചൊരു മന്ത്രജപം ഇനി ആവശ്യമില്ല. ഏതു തരത്തിലുള്ള ക്ലേശങ്ങള്‍ അനുഭവിക്കുന്നവരായാലും ലളിതാസഹസ്രനാമജപത്തിലൂടെ മുക്‌തരാകും.
ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും മാതാവിനെ ഉപാസിക്കാവുന്നതാണ്‌. മായയില്‍ മുങ്ങിക്കഴിയുന്ന മനുഷ്യരെ നന്മയിലേക്ക്‌ നയിക്കാന്‍ ശ്രീലളിതാ സഹസ്രനാമജപം ഉപകരിക്കും. ഇതിന്‌ തുല്യമായൊരു സ്‌തോത്രം വേറെയില്ല. ഹയഗ്രീവാഗസ്‌ത്യ സംവാദത്തിന്റെ ഒരു ഭാഗമാണീ സ്‌ത്രോത്രം.
രോഗങ്ങള്‍ വരാതിരിക്കാനും വന്ന രോഗങ്ങള്‍ മാറാനും അപമൃത്യു വില്‍പ്പെടാതിരിക്കാനും ഈ നാമജപം ഉപകരിക്കും. ദിവസവും ഇരുപതു മിനിട്ട്‌ നാമം ജപിച്ചശേഷം മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വിഘ്‌നങ്ങളുണ്ടാകുകയില്ല.

അര്‍ത്ഥം ഗ്രഹിക്കാതെയാണെങ്കില്‍പ്പോലും മനസ്സറിഞ്ഞു സേവിച്ചാല്‍ ഫലം തീര്‍ച്ചതന്നെ. ഒരു നാമജപം കൊണ്ട്‌ പാപങ്ങളകലുമെങ്കില്‍ ഈ സ്‌തോത്രജപം ഗുണകരമാണ്.