Total Pageviews

Blog Archive

Search This Blog

മഹാദേവനെ തൊഴുമ്പോൾ


വെറുതേ കയറി തൊഴുതു മടങ്ങലല്ല ക്ഷേത്രദര്‍ശനം. അതിന് നിയതമായ ചിട്ടകളുണ്ട്. പാലിക്കണം. എങ്കിലേ പ്രാര്‍ഥനയുടെ ഫലപ്രാപ്തി ലഭിക്കൂ. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്, പ്രദക്ഷിണം, പ്രാര്‍ഥന, പ്രസാദം സ്വീകരിക്കല്‍ തുടങ്ങി ഓരോന്നിനുമുണ്ട് ചിട്ടവട്ടങ്ങള്‍. ശിവക്ഷേത്രദര്‍ശനത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. കുളിച്ചിറങ്ങുന്നതു മുതല്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നതു വരെയും അക്കാര്യത്തില്‍ ബദ്ധശ്രദ്ധരാവണം.

ശിവക്ഷേത്രത്തിലേക്കാണ് പോകുന്നതെങ്കില്‍ കുളിച്ചിറങ്ങുന്നതു മുതല്‍ ശിവന്റെ ഭൂതഗണങ്ങളുടെ കാവലുണ്ടെന്നാണ് സങ്കല്‍പം. തൊഴുതു മടങ്ങും വരെയും ഭക്തരുടെ കൂടെയുണ്ടാവണമെന്നാണ് ശിവന്‍ ഭൂതഗണങ്ങള്‍ക്ക് നല്‍കിയ കല്‍പ്പന. ശിവക്ഷേത്രങ്ങളുടെ ദ്വാരപാലകരാണ് ചണ്ഡനും പ്രചണ്ഡനും. ഇവരെ മനസ്സില്‍ സങ്കല്‍പിച്ചാവണം ക്ഷേത്രത്തിന് അകത്തു കയറാന്‍. ക്ഷേത്രത്തിനകത്തെത്തിയാല്‍ ആദ്യം പ്രാര്‍ഥിക്കേണ്ടത്. നന്ദികേശനെയാണ്. ശിവഭഗവാനെ  തൊഴുമ്പോള്‍ കൈകൂപ്പി ശിരസ്സില്‍ നിന്നും അരയടി അകലത്തില്‍ ഉയര്‍ത്തിപ്പിടിച്ചു വേണം തൊഴാന്‍. അവിടെ നിന്ന് തിരിഞ്ഞു നന്ദിയുടെ വലതുവശത്തെത്തി നന്ദിയെ തൊഴുത് നന്ദിയുടെ പിന്നിലൂടെ( ഇടതുവശം) ഓവുചാലിനടുത്തെത്തണം. അവിടെ നിന്ന് താഴികക്കുടം നോക്കി തൊഴുത,് തിരിഞ്ഞു നടന്ന് നന്ദിയുടെ പിറകിലൂടെ നന്ദിയുടെ വലതു വശത്തെത്തി നന്ദിയെ തൊഴണം. വീണ്ടും ശ്രീകോവിലടുത്തെത്തി ഭഗവാനെ തൊഴുത് വലത്തോട്ട് നടന്ന് ഓവിനടുത്തെത്തി താഴികക്കുടം നോക്കി കൂപ്പുകൈകളോടെ പ്രാര്‍ഥിക്കുക. തിരികെയെത്തി ഭഗവാനെ തൊഴുത് നന്ദിയേയും വണങ്ങണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത്. ശിവക്ഷേത്രങ്ങളുടെ ഓവുചാല്‍ മുറിച്ചു കടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ജലധാരയാണ്. കൂവളം, , നന്ത്യാര്‍വട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, വെള്ള എരിക്കിന്‍ പൂവ്, മഞ്ഞരളിപ്പൂ എന്നിവയാണ് ഭഗവാന് പ്രിയപ്പെട്ട പുഷ്പങ്ങള്‍. ക്ഷേത്രത്തിന് പുറത്തിറങ്ങിയാല്‍ അല്‍പനേരം ഭക്തര്‍ വിശ്രമിക്കണം. ഭൂതഗണങ്ങളെ അധികം കഷ്ടപ്പെടുത്താതിരിക്കാനാണിത്. വിശ്രമിക്കുന്ന സഥലം വരെ ഭക്തരെ അനുഗമിക്കാനാണ് ഭൂതഗണങ്ങള്‍ക്കു ഭഗവാന്‍ നല്‍കിയിരിക്കുന്ന കല്‍പന.