Total Pageviews

Blog Archive

Search This Blog

നക്ഷത്രങ്ങളുടെ (നാളുകളുടെ) ഇഷ്ട ദേവതകൾ

അശ്വതി

അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാർഥം ഭജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ജന്മദിനത്തിൽ ധന്വന്തരി ക്ഷേത്രത്തിൽവഴിപാടോ പൂജയോ നടത്താം.

ഭരണി

ഭരണിയുടെ നക്ഷത്രദേവത യമൻ ആയതിനാൽ ശിവനെ പൂജിക്കുന്നതാണ് ഉത്തമം. ക്ലേശപരിഹാരത്തിന് സൂര്യദേവനെ പ്രാർഥിക്കാം. ഭരണി, പൂരാടം, പൂരം നക്ഷ ത്രങ്ങളിൽ ക്ഷേത്രദർശനം നടത്താം. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തുന്നത് ക്ലേശങ്ങൾ കുറയാൻ സഹായിക്കും.

കാർത്തിക

മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാർ സുബ്രഹ്മണ്യനെയും ഇടവക്കൂറിലുള്ളവർ ദേവിയെയും പൂജിക്കണം. ദിവസവും സൂര്യദേവനെയോ ശിവനെയോ പ്രാർഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കണം.

രോഹിണി

മഹാവിഷ്ണുവിനെയോ കൃഷ്ണനെയോ ഭജിക്കാം. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. ഞാവൽ വൃക്ഷം നനയ്ക്കുന്നതു ക്ലേശം കുറയ്ക്കും. ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയും ഉപാസിക്കണം. പൗർണമിയിൽ ദുർഗാദേവിയെയും അമാവാസിയിൽ ഭദ്രകാളിയെയും ദർശിക്കണം. തിങ്കളാഴ്ച വ്രതമെടുക്കുന്നതും ഗുണം ചെയ്യും.

മകയിരം

മഹാലക്ഷ്മി, ദുർഗാദേവി എന്നീ ദേവിമാരിലാരെയെങ്കിലും ഇഷ്ടദേവതയായി മകയിരം നക്ഷത്രജാതർക്ക് പൂജിക്കാം. സുബ്രഹ്മണ്യഭജനവും ഭദ്രകാളി ഭജ നവും ഗുണം ചെയ്യും. ചൊവ്വാഴ്ച വ്രതമെടുക്കുന്നത് ഉത്തമമാണ്. ചന്ദ്രപ്രീതികരമായ കാര്യങ്ങൾ അനുഷ്ഠിക്കുക. ഇടവക്കൂറുകാർ ശുക്രനെയും മിഥുനക്കൂറുകാർ ബുധനെയും പ്രീതിപ്പെടുത്തണം.

തിരുവാതിര

തിരുവാതിരക്കാരുടെ ഇഷ്ടദേവൻ ശിവനാണ്. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. രാഹുവിനെയും സർപ്പദൈവങ്ങളെയും ആരാധി ക്കുന്നത് ഗുണം ചെയ്യും. ജന്മനക്ഷത്രനാളിൽ രാഹുവിനെ ആരാധിക്കുക.

പുണർതം

പുണർതത്തിന്റെ ഇഷ്ടദേവൻ കൃഷ്ണനാണ്. ശ്രീരാമനെയും ആരാധിക്കാം. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കാൻ സഹായിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തണം.

പൂയം

പൂയം നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുഭഗവാനാണ്. ശനിയാഴ്ച വ്രതവും ശനിഭജനവും അനുഷ്ഠിക്കണം. പൂയവും ശനിയാഴ്ചയും ഒരുമിച്ചുവരുന്ന ദിവസങ്ങളിൽ ശാസ്താപൂജയോ ശനീശ്വരപൂജയോ ചെയ്യുന്നതു ക്ലേശം കുറയ്ക്കാൻ സഹായിക്കും. ചന്ദ്രനെ പ്രീതിപ്പെടുത്തുക. മകരത്തിലെ പൗർണമിയിൽ ദുർഗാപൂജ നടത്തുക.

ആയില്യം

നാഗദൈവങ്ങളാണ് ഇഷ്ടദേവത. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ച് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്.

മകം

മകം നക്ഷത്രജാതർക്കു പിതൃപൂജയാണു ഗുണകരം. ശിവനെ ഇഷ്ടദേവതയായി ആരാധിക്കണം. പിറന്നാളിന് ഗണപതിഹോമം നടത്തുന്നത് ഗുണം ചെയ്യും. മകം, മൂലം, അശ്വതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. മകവും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ശിവപൂജ നടത്തുക.

പൂരം

ഇഷ്ടദേവത ശിവനാണ്. മഹാലക്ഷ്മിയെ ആരാധിക്കുന്നതും ഉത്തമമാണ്. പൂരവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുന്ന ദിവസങ്ങളിൽ വ്രതമെടുക്കുക. പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം ഗുണം ചെയ്യും. പൂരം നാളിൽ ശിവപൂജയും ലക്ഷ്മീപൂജയും നടത്തണം.

ഉത്രം

ഉത്രം നക്ഷത്രക്കാർ ശാസ്താവിനെയാണു പൂജിക്കേണ്ടത്. പതിവായി ശാസ്താ ക്ഷേത്ര ദർശനം നടത്തണം. ശബരിമല ദർശനം നടത്തുന്നത് അഭികാമ്യമാണ്. ഞായറാ ഴ്ചയും ഉത്രവും ചേരുന്ന ദിവസങ്ങൾ പൂജകൾക്ക് അനുയോജ്യമാണ്. ഉത്രം, ഉത്രാടം, കാർത്തിക നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ശിവക്ഷേത്രദർശനവും ശിവ പൂജയും ഉത്രം നക്ഷത്രജാതർക്ക് ഗുണം ചെയ്യും. ആദിത്യ ഹൃദയജപം ഉടൻ ഫലം ലഭിക്കാൻ സഹായിക്കും.

അത്തം

ഗണപതിയാണ് ഇഷ്ട ദേവത. ആദിത്യഹൃദയം പതിവായി ജപിക്കുന്നത് ക്ലേശങ്ങൾ കുറയ്ക്കാൻ സഹായിക്കും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

ചിത്തിര

ദേവീ ഉപാസനയാണ് ഗുണകരം. ഭദ്രകാളിയാണ് ഇഷ്ടദേവത. ലളിതാസഹസ്രനാമം ഗുണം ചെയ്യും. ചൊവ്വാഴ്ച ഭദ്രകാളീ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്. ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ അനുഷ്ഠിക്കണം.

ചോതി

ചോതിയുടെ ഇഷ്ടദേവൻ ഹനുമാനാണ്. സർപ്പദൈവങ്ങളെ ആരാധിക്കുന്നതും ലക്ഷ്മീഭജനം നടത്തുന്നതും ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും ചേർന്നുവരുന്ന ദിവസം വ്രതമെടുക്കുക.

വിശാഖം

വിശാഖം നക്ഷത്രജാതർ ബ്രഹ്മാവിനെ പൂജിക്കണം. വ്യാഴാഴ്ചകളിൽ വിഷ്ണുപൂജയും വിഷ്ണുസഹസ്രനാമജപവും ഗുണം ചെയ്യും.

അനിഴം

ഇഷ്ടദേവത ഭദ്രകാളിയാണ്. കാളീമന്ത്രജപം പ്രശ്നപരിഹാരത്തിന് സഹായിക്കും. ശാസ്താഭജനവും ക്ഷേത്രദർശനവും ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും ചേർന്നുവരുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

തൃകേട്ട

ഇന്ദ്രനെയാണ് പൂജിക്കേണ്ടത്. കേട്ടയും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസ ങ്ങളിൽ വ്രതമെടുക്കുക. കൃഷ്ണക്ഷേത്ര ദർശനവും ഗുണം ചെയ്യും. സുബ്രഹ്മണ്യ നെയും ഭദ്രകാളിയെയും പൂജിക്കുന്നതും ഉത്തമമാണ്.

മൂലം

മൂലം നക്ഷത്രജാതരുടെ ഇഷ്ടദേവൻ ശിവനാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുക. ഗണപതിയെ ഭജിക്കുന്നതും ഗുണം ചെയ്യും. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേർന്നുവരുന്ന ദിവസങ്ങളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം.

പൂരാടം

വരുണനാണ് ഇഷ്ടദേവൻ. മഹാലക്ഷ്മി ഭജനവും അന്നപൂർണേശ്വരി ഭജനവും ഗുണം ചെയ്യും. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തണം.

ഉത്രാടം

ഉത്രാടം നക്ഷത്രജാതർ ശിവനെയും വിഷ്ണുവിനെയും പൂജിക്കണം. സൂര്യോദയ ശേഷം ആദിത്യനെ തൊഴുന്നത് ഉത്തമമാണ്. ശിവരാത്രി വ്രതം, ഞായറാഴ്ച വ്രതം എന്നിവ ഗുണം ചെയ്യും.

തിരുവോണം

വിഷ്ണുവാണ് ഇഷ്ടദേവൻ. ശനിയാഴ്ച തോറും ശാസ്താഭജനം, ശനീശ്വരപൂജ, അന്നദാനം എന്നിവ തിരുവോണം നാളിൽ നടത്തണം.

അവിട്ടം

ഇഷ്ടദേവതയായി ദേവിയെ അല്ലെങ്കിൽ ഭദ്രകാളിയെയാണ് ആരാധിക്കേ ണ്ടത്. നക്ഷത്രാധിപൻ ചൊവ്വ ആയതിനാൽ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ ചെയ്യണം. സുബ്രഹ്മണ്യഭജനം നടത്തുക.

ചതയം

വരുണനോ സർപ്പമോ ആണ് ഇഷ്ടദേവത. ജന്മനക്ഷത്രത്തിൽ രാഹുപൂജ നടത്തുന്നത് ഉത്തമമാണ്. കുടുംബത്തിൽ സർപ്പക്കാവുണ്ടെങ്കിൽ അവ സംരക്ഷിക്കുകയും കടമ്പുമരം വച്ചുപിടിപ്പിക്കുകയും വേണം.

പൂരുട്ടാതി

ഭദ്രകാളിയാണ് ഇഷ്ടദേവത. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമം എന്നിവ നടത്തണം. ശനിയെ പ്രീതിപ്പെടുത്തുന്നതും ഗുണം ചെയ്യും.

ഉതൃട്ടാതി

ശ്രീരാമനും കൃഷ്ണനുമാണ് ഈ നക്ഷത്രജാതരുടെ ഇഷ്ടദേവത. വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുക.

രേവതി

രേവതി നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുവും ദേവിയുമാണ്. ദിനവും വിഷ്ണുമന്ത്രമോ ലക്ഷ്മി മന്ത്രമോ ജപിക്കുന്നതും ക്ലേശങ്ങൾ ഇല്ലായ്മ ചെയ്യാൻ സഹായിക്കും.