Total Pageviews

Blog Archive

Search This Blog

വ്രതാനുഷ്ടാനം


തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ഗുണങ്ങള്‍ ഏറെയെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. മംഗല്യസിദ്ധിക്ക് തിങ്കളാഴ്ച വ്രതം ഏറ്റവും ഉത്തമമെന്നാണ് വിശ്വാസം. ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കാനും വൈധവ്യദോഷപരിഹാരത്തിനും ഹൈന്ദവര്‍ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കാറുണ്ട്. എന്നാല്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ ശരീരശുദ്ധി അനുവാര്യമെന്നാണ് ആചാര്യന്മാരുടെ നിര്‍ദേശം. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുള്ളവര്‍ ചന്ദ്രദശാകാലത്ത് വ്രതമനുഷ്ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം നടത്തണമെന്നാണ് വിശ്വാസം.

ദേവീമാഹാത്മ്യ പാരായണം, വെളുത്ത പൂക്കള്‍ക്കൊണ്ട് ദുര്‍ഗ്ഗാദേവിക്ക് അര്‍ച്ചന എന്നിവയും ഉത്തമം. ജാതകത്തില്‍ പക്ഷബലമില്ലാത്തവര്‍ ആ ദശാകാലത്ത് ഭദ്രകാളീക്ഷേത്രദര്‍ശനമാണ് നടത്തേണ്ടത്. പൗര്‍ണ്ണമിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നത് ചന്ദ്രദോഷശാന്തിക്ക് ഉത്തമമെന്നും ആചാര്യന്മാര്‍ പറയുന്നു.

തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നവര്‍ സാമാന്യമായ വ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിക്കുകയും ഉമാമഹേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സ്വയംവരാര്‍ച്ചന നടത്തണം. സ്വയംവരപാര്‍വ്വതീ സ്‌തോത്രം ജപിക്കുന്നതും ഉത്തമം എന്നാണ് വിശ്വാസം. ദോഷകാഠിന്യമനുസരിച്ച് 12,18,41 ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കണം. ശ്രാവണമാസത്തില്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് കൂടുതല്‍ ഉത്തമമെന്നും ആചാര്യന്മാര്‍ പറയുന്നു. രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസം ചന്ദ്രദോഷശാന്തി കര്‍മ്മങ്ങളും സ്വയംവരപൂജയും നടത്തുന്നത് ഫലപ്രാപ്തി നല്‍കുമെന്നും വിശ്വാസമുണ്ട്.