വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മജ്ഞാനവുമായി ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറിയെത്തുന്ന സ്വാമിമാരുടെ മനസ്സില്‍ ലക്ഷ്യം ഒന്നേയുള്ളു. സത്യമായ പൊന്നു പതിനെട്ടാംപടി കയറി ഹരിഹരസുതനെ കാണണമെന്ന്.
തത്വമസിയുടെ ശ്രീകോവിലിനു തുല്യമായ സ്ഥാനമാണ് ഭക്തമനസ്സുകളില്‍ പരമപവിത്രമായ പതിനെട്ടാംപടിക്കുള്ളത്. അതിനാല്‍ ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടില്ല.
ഭഗവല്‍ സന്നിധിയെ പ്രാപിക്കാനായി ആരോഹണം ചെയ്യേണ്ട പതിനെട്ടു പടികളെയാണ് പതിനെട്ടാംപടി എന്ന് പറയുന്നത്. ഏകദേശം നാലാള്‍ ഉയരത്തില്‍ ചുറ്റും കരിങ്കല്ലുകെട്ടി ഉയര്‍ത്തി ചതുരാകാരമായിട്ടാണ് പതിനെട്ടാംപടിക്കകം നിര്‍മിച്ചിരിക്കുന്നത്. ഇതിനകം കഷ്ടിച്ച് ഇരുപത്തഞ്ച് സെന്റോളം വിസ്തീര്‍ണം വരും. ദുഷ്ടമൃഗങ്ങള്‍ക്ക് പ്രവേശിക്കാന്‍ സൗകര്യം ലഭിക്കാത്തവണ്ണം സമഭൂമിയില്‍നിന്നും ഉയര്‍ത്തിയാണ് ഈ മതില്‍ക്കകം സൃഷ്ടിച്ചിരിക്കുന്നത്. ശ്രീകോവില്‍, നാലമ്പലം, മടപ്പള്ളി, മണ്ഡപം ഗണപതികോവില്‍, നാഗനട തുടങ്ങിയുള്ള ക്ഷേത്രഭാഗങ്ങളെല്ലാം തന്നെ ഇതിനകംകൊണ്ട് ഒതുങ്ങുന്നു.
പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടിയെന്നാണ് വിശ്വാസം. നാലുവേദം, ആറുശാസ്ത്രം, നാലുജാതി ചതുരുപായങ്ങള്‍ എന്നിവയെയാണ് പൊന്നുപതിനെട്ടാംപടി പ്രതിനിധാനം ചെയ്യുന്നതെന്നും കരുതുന്നവരുണ്ട്.
മനുഷ്യശരീരത്തില്‍ സൂക്ഷ്മനാഡിമാര്‍ഗം ആറ് ചക്രങ്ങളുണ്ടത്രെ. ഓരോന്നിനും മൂന്നുവീതം പടികള്‍. ഈ പതിനെട്ടുപടികളും കടന്നിട്ടാണ് കുണ്ഡലിനി ശക്തി പരബ്രഹ്മത്തില്‍ ലയിക്കുന്നതെന്നാണ് പ്രമാണം. ഇതിനെ അടിസ്ഥാനമാക്കിയാല്‍ ശബരിമലശാസ്താവിന്റെ പാദാരവിന്ദങ്ങളിലേക്കുള്ള പതിനെട്ടുപടികള്‍ പതിനെട്ട് കശേരുക്കളെ മുമ്മൂന്നായി വിഭജിച്ച ഷഡാധാരങ്ങളാണെന്ന് സമര്‍ത്ഥിക്കാം.
നമ്മുടെ പ്രാണനെ ആയാസരഹിതമാക്കി ആധ്യാത്മിക അനുഭൂതിയിലേക്കുള്ള മാര്‍ഗത്തില്‍ ചെന്നെത്തുമ്പോള്‍ പ്രാണന്‍ മൂലാധാരത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് കുണ്ഡലിനീശക്തിയെ ഉണര്‍ത്തി ചൈതന്യത്തോടെ മണിപൂരകത്തില്‍ പ്രവേശിക്കും. ഇതിനുശേഷം സ്വാധിഷ്ഠാനമെന്ന ആധാരത്തിലൂടെ തേജോഭൂമിയില്‍ പരബ്രഹ്മത്തില്‍ ലയിക്കുമ്പോഴാണ് അനിര്‍വചനീയമായ പരമാനന്ദം കൈവരിക. പടികള്‍ക്കുതാഴെ ജ്വലിക്കുന്ന അഗ്നി കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. പടികള്‍ക്ക് ഇരുവശത്തുമുള്ള കൈവരികള്‍ ഇഡാപിംഗലാ നാഡികളാണത്രെ. പടവുകള്‍ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ഷഡ്ചക്രങ്ങളാണ്.
ആത്മാവിന്റെ പാപം കളഞ്ഞാണ് സത്യസ്വരൂപന്റെ സന്നിധിയിലേക്ക് പതിനെട്ടാംപടി ചവിട്ടുന്നത്. പൂങ്കാവനത്തിലേക്ക് പതിനെട്ടാംപടി ചവിട്ടുന്നത്. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടിയെന്ന സങ്കല്‍പ്പം. ഈ പതിനെട്ട് മലകള്‍ അയ്യപ്പന്റെ ആധിപത്യത്തിലായതുകൊണ്ട് പ്രത്യേകം ഒരു ദൈവികത്വം കല്‍പ്പിച്ചിരിക്കുന്നു. ശ്രീകോവിലിന് മുന്നിലെത്തുന്നതിന് മുന്‍പ് ഒരു ഭക്തന്‍ ഈ പൂങ്കാവനത്തിലെ പതിനെട്ട് മലകളും കയറിയിരിക്കണം എന്നതാണ് വിധിപ്രകാരമുള്ള ചടങ്ങ്. ഓരോ പടിയെയും ഓരോ മലയായി സങ്കല്‍പ്പിച്ച് പതിനെട്ട് പടികള്‍ കയറിക്കഴിയുമ്പോള്‍ പതിനെട്ട് മലകളും കയറിയെന്നതാണത്രെ പ്രധാനപ്പെട്ട സങ്കല്‍പ്പം.
മറ്റൊരു സങ്കല്‍പ്പമാണ് ആദ്യത്തെ അഞ്ച് പടികള്‍ പഞ്ചേന്ദ്രിയങ്ങളായും പിന്നീടുള്ള എട്ട് പടികള്‍ അഷ്ടരാഗങ്ങളായും അടുത്ത മൂന്നെണ്ണം സത്വരജതമസ് എന്ന മൂന്ന് ഗുണങ്ങളായും ഏറ്റവും മുകളിലുള്ള രണ്ട് പടികളെ വിദ്യ, അവിദ്യ എന്നിവയായും പരിഗണിച്ചുവരുന്നു.