Total Pageviews

Blog Archive

Search This Blog

നാഗങ്ങളെക്കുറിച്ചുളള സംശയങ്ങൾ (QUESTION ABOUT NAGADEVATHA)


നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും  ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.

 *നാഗങ്ങളുടെ ഉദ്ഭവം ?*

കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ. അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്. കേരളത്തിൽ പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു. ഇന്നു കേരളത്തിലതു തുടർന്നുവരുന്നു. ഭൗമസർപ്പങ്ങൾ, ദിവ്യസർപ്പങ്ങൾ, പാതാളസർപ്പങ്ങൾ എന്നിങ്ങനെ മൂന്നു തരം സർപ്പങ്ങളുണ്ട്. അഷ്ടനാഗങ്ങളുടെ പ്രജകളാണു ഭൗമസർപ്പങ്ങൾ. ഇവ ഭൂമിയിൽ വസിക്കുന്നതിനാൽ മനുഷ്യർക്കു കാണാനാകും. പാതാളാ ദിവ്യസർപ്പങ്ങളെ കാണാനാകില്ല. മാറാരോഗങ്ങൾക്കും സന്താനക്ലേശങ്ങൾക്കും ശാപദുരിതങ്ങൾക്കും പരിഹാരം നാഗപൂജയിലൂടെ ലഭിക്കുന്നു. ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽ‌കും. 

 *നാഗങ്ങളും സർപ്പവും തമ്മിലുളള വ്യത്യാസം ?


സർപ്പങ്ങളുടെ അധിപതി വാസുകിയാണ്. രജോഗുണ പ്രധാനമാണ്. വിഷം കൂടുതലുളളവയാണ്‌. നാഗങ്ങളുടെ അധിപതി അനന്തൻ‌. ഇവ സാത്വികഗുണമുളളവയും വിഷക്കുറവുളളവയുമാണ്. ജീവിത്തിൽ കഷ്ടപ്പാടുകളുണ്ടാകുന്നതു രാഹുദോഷം കൊണ്ടാണ്. കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊന്നും ജീവിക്കുകയാണ്‌. നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും. നാഗങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

കാവുകൾ വെട്ടി നശിപ്പിക്കാമോ ?

കാവുകൾ വെട്ടി നശിപ്പിക്കാൻ‌ പാടില്ല. കാവുകൾ വെറുതെ മാറ്റാനാവില്ല. ദേവപ്രശ്നം നോക്കി കാവുമാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം. മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുകയോ ആവാഹിച്ച് ഏതെങ്കിലും സർപ്പ സങ്കേതത്തിൽ‌ സമർപ്പിക്കുകയോ ചെയ്യേണ്ടിവരും. കാവിലെ മരം മുറിക്കുന്നതു ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.

സർപ്പത്തെയും മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ ?

പ്രശ്നത്തിലൂടെ ഏതു തരം സർപ്പത്തെയാണു നശിപ്പിച്ചതെന്നു കണ്ടെത്തുകയും അതിന്റെ സ്വഭാവമനുസരിച്ചു പരിഹാരം ചെയ്യുകയും  വേണം. പാമ്പിൽ മുട്ട അറിഞ്ഞോ അറിയാതെയോ നശിപ്പിച്ചാൽ സർപ്പരൂപവും മുട്ടയും വെളളിയിൽ ഉണ്ടാക്കി അഭിഷേകം നടത്തി ക്ഷേത്രത്തിൽ സമർപ്പിക്കണം.

നാഗപൂജ നടത്താൻ പാടില്ലാത്ത സമയമുണ്ട് ?

ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. സർപ്പങ്ങൾ പുറ്റിൽ തപസ്സിരിക്കുന്നു എന്നും സർപ്പങ്ങൾ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ഒഴിവാക്കേണ്ടതാണ്. ഏകാദശി ദിനത്തിൽ ഒരു ദൈവങ്ങൾക്കും വഴിപാടു നടത്താൻ പാടില്ല. നാഗങ്ങൾ വളരെയധികം പരിശുദ്ധിയുളളവരാണ്‌. അവർക്കു പാലഭിഷേകം പാടില്ല. രക്തത്തിൽ നിന്നാണ് പാലുണ്ടാകുന്നത്. അത് അശുദ്ധിയെ വിളിച്ചുവരുത്തുന്നതാണ്. അതു മാത്രവുമല്ല. ഇന്ന് മാർക്കറ്റിൽ കിട്ടുന്നത് പരിശുദ്ധ പാലുമല്ല. അതിനാൽ ഗുണത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിപരീതഫലം നൽകും. കരിക്കഭിഷേകമാണു കൂടുതൽ ഉത്തമം.

നാഗങ്ങൾക്ക് ഞായറാഴ്ച പ്രധാനമാകാൻ കാരണം?

നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്. സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ചയാണല്ലോ. 

സർപ്പദോഷം കൊണ്ട് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും  ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ തരണം ചെയ്യാം?

കുടുംബത്തിൽ കാവും മറ്റുമുണ്ടെങ്കിൽ വൃത്തിയായും ഭംഗിയായും പരിപോഷിപ്പിക്കുകയും ആറു മാസത്തിലൊരിക്കൽ വഴിപാടു നടത്തി പ്രാർഥിക്കുകയും വേണം. സർപ്പങ്ങൾ ഉപദ്രവകാരികളല്ല. നമ്മളെ സഹായിക്കുകയല്ലാതെ ഉപദ്രവിക്കില്ല എന്ന ചിന്തിക്കുകയും ഭക്ത്യാദരവോടെ വണങ്ങുകയും വേണം.

സർപ്പ ബലി എന്നാലെന്ത് ?

സർപ്പബലി അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്‌. സർപ്പങ്ങൾക്കുളള സമർപ്പണമാണിത്. അല്ലാതെ സർപ്പത്തെ ബലി നൽകുന്നു എന്നു ധരിച്ച് പേടിച്ച് കാണാൻ പോകാതിരിക്കുന്നവരുണ്ട്. ഇന്നു പല ക്ഷേത്രങ്ങളിലും സർപ്പബലി നടത്തുന്നുണ്ട്. പല ആചാരാനുഷ്ഠാനത്തിലുമാണു നടത്തുന്നത്. അതുകണ്ടു തൊഴുന്നതു നല്ലതാണ്.

സർപ്പത്തിനു മഞ്ഞളഭിഷേകമെന്തിനു നടത്തുന്നു?

സർപ്പങ്ങൾ ഇഴയുമ്പോൾ ശരീരത്തിൽ പോറലുണ്ടാകും. അതിനു മഞ്ഞൾ പൊടിയിടുമ്പോൾ വ്രണം നശിച്ചുപോകും. ചില കാവുകളിൽ ഉപ്പ് വിതറരുത് എന്ന് എഴുതി വച്ചിരിക്കുന്നതു കണ്ടിരിക്കുമല്ലോ. അതായത് ഈ വ്രണത്തിൽ ഉപ്പു ചേരുമ്പോൾ അതിനെ നീർവീക്കലുണ്ടാകും അതിനാലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. മഞ്ഞൾ പൊടി വിതറിയാൽ സർ‌പ്പങ്ങളുടെ അനുഗ്രഹം ലഭിക്കും.

ആയില്യവ്രതം എങ്ങനെ?


ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽ‌ക്കണം. ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി തീർഥം കുടിച്ച് വ്രതമാവസാനിക്കുന്നു. നാഗാരാധനയ്ക്കു പ്രാധാന്യമുളള ക്ഷേത്രങ്ങൾ: ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട്, മണ്ണാറശാല, തൃശൂരിലെ പാമ്പു മേക്കാട്ട്‌, കൊല്ലത്തെ തൃപ്പാര, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, തിരുവനന്തപുരം അനന്തൻകാട്, മാന്നാർ പനയനാർകാവ്, നാഗർകോവിൽ, അനന്തപത്മനാഭ സ്വാമി ക്ഷേത്രം, തിരുവട്ടാർ ആദി കേശവ ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം.

രാഹുവിനെ ഭയക്കുന്നതെന്തിന് ?

കാര്യമായി ഗുണഫലം നൽകുന്ന ഗ്രഹമാണു രാഹു. നവഗ്രഹങ്ങളിൽ ഏറ്റവും നല്ല ഫലവും നൽകുന്ന ഗ്രഹമാണു രാഹു. ദോഷ ഫലത്തിനും കഴിവുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിലോ പ്രശ്നചിന്തയിലോ രാഹു ചില ഗ്രഹങ്ങളുമായി യോഗം ചെയ്തു നിൽക്കുന്നതിന്റെ  അടിസ്ഥാനത്തിലാണു ഫലങ്ങൾ നൽകുന്നത്. രാഹുദശാകാലം കൂടി മോശമായാൽ ഏതു ആനയും അടിതെറ്റി വീഴും പോലെ നശിച്ചതു തന്നെ. ഒരു ജാതകം പരിശോധിച്ചാൽ നല്ല ഫലം ഉണ്ടെങ്കിലും രാഹുവിന്റെ സ്ഥിതി മോശമായാൽ ഗുണാനുഭവം കുറയും.  അനുഭവത്തിൽ രാഹുവിന്‌ അത്രയ്ക്കേറെ പ്രാധാന്യമുണ്ട്‌.

രാഹുവിന്റെ ഉൽപ്പത്തി ?

സിംഹികേയൻ എന്ന അസുരൻ പാലാഴിമഥനക്കാലത്ത്‌ അമൃതപാനം ചെയ്യാൻ ദേവസദസ്സിലിരുന്നു. പാലാഴി കടയാൻ ദേവന്മാർ അസുരന്മാരെ കൂട്ടുപിടിച്ച് അമൃതു നൽകാമെന്നു സമ്മതിക്കുകയും  ചെയ്തു. പക്ഷേ കാര്യസാധ്യം നടന്ന ശേഷം കൈയൊഴിഞ്ഞു. അമൃതു കഴിക്കാൻ തുടങ്ങിയ സിംഹികേയനെ വിഷ്ണു സുദർശനചക്രം കൊണ്ടു ഭേദിച്ചു. അപ്പം അമൃതു കഴിച്ചതിനാൽ രണ്ടു ഭാഗമായെങ്കിലും ജീവൻ നിലനിന്നു. ശിരസ്സുഭാഗം രാഹുവും മറുഭാഗം കേതുവുമായി ഇന്നും ജനങ്ങളെ അനുഗ്രഹിക്കുന്നു എന്ന്‌ ഐതിഹ്യം.