Total Pageviews

Blog Archive

Search This Blog

വഴിപാട് - VAZHIPAD


ക്ഷേത്രങ്ങളിലെത്തി ഉദ്ദിഷ്ടകാര്യത്തിനായി വഴിപാടുകള്‍ കഴിക്കുന്നവരാണ് വിശ്വാസികള്‍. ഓരോ വഴിപാടിനും അതിന്റേതായ ഗുണങ്ങളുണ്ട്.

സര്‍വ്വവിധ ഐശ്വര്യത്തിനും വേണ്ടിയാണ് നിത്യപൂജ വഴിപാട് നടത്തുന്നത്. ഉദയാസ്തമന പൂജ വഴിപാട് നടത്തിയാലുള്ള ഫലം ദീര്‍ഘായുസ്സ്, ശത്രുദോഷ നിവാരണം, സര്‍വ്വൈശ്വര്യം എന്നിവയാണ്. വിദ്യാലാഭം, സന്താനലബ്ധി എന്നിവയ്ക്കുവേണ്ടിയാണ് ഉഷപൂജ വഴിപാട്. രോഗശാന്തിയ്ക്കുവേണ്ടിയാണ് ഉച്ചപൂജ വഴിപാട്.

വിളക്ക് വഴിപാട് കഴിച്ചാല്‍ ദുഖനിവാരണമാണ് ഫലം. മംഗല്യസിദ്ധി, ദാമ്പത്യ ഐക്യം എന്നിവയ്ക്കുവേണ്ടിയാണ് പിന്‍വിളക്ക് വഴിപാട് കഴിക്കുന്നത്. കെടാവിളക്ക് വഴിപാട് കഴിച്ചാല്‍ മഹാവ്യാധിയില്‍ നിന്ന് മോചനം ഫലം. നേത്രരോഗ ശമനത്തിനായാണ് നെയ് വിളക്ക് വഴിപാട്.

മനഃശാന്തി, പാപമോചനം, യശസ്സ് എന്നിവയ്ക്ക് വേണ്ടിയാണ് ചുറ്റുവിളക്ക് വഴിപാട് കഴിയ്ക്കുന്നത്. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാല്‍ രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍ എന്നിവ ഫലം. മാനസിക സുഖത്തിന് വേണ്ടിയാണ് മാല വഴിപാട് കഴിക്കുന്നത്. അഭീഷ്ടസിദ്ധിക്കുവേണ്ടിയാണ് നിറമാല വഴിപാട്.

മൂന്ന് ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നതിനും ദൃഢതയുള്ള മനസ്സിനും ശിവപ്രീതിയ്ക്കും വേണ്ടിയാണ് കൂവളമാല വഴിപാട് നടത്തുന്നത്. വിഘ്‌നങ്ങള്‍ മാറുന്നതിനായാണ് ഗണപതിഹോമം. ബാലാരിഷ്ടമുക്തി, രോഗശമനം എന്നിവയ്ക്കുവേണ്ടിയാണ് കറുകഹോമം നടത്തുന്നത്. കഠിനരോഗ നിവാരണം, സകലവിധ പാപമോചനം എന്നിവയ്ക്കായാണ് മൃത്യുജ്ഞയഹോമം.

ശത്രുദോഷം അകറ്റുന്നതിനാണ് കാളികാഹോമം. ധനാഭിവൃദ്ധിയ്ക്കായാണ് ലക്ഷ്മീഹോമം നടത്തുന്നത്. മംഗല്യതടസ്സം നീങ്ങുന്നതിനായി ഉമാമഹേശ്വരപൂജ ഉത്തമം. ദുരിത നിവാരണം, ശത്രുനിവാരണം എന്നിവയ്ക്ക് ലക്ഷ്മീ നാരായണ പൂജ നടത്താം. ദുരിതനിവാരണം, ആപത്തുകളില്‍ നിന്ന് മോചനം എന്നിവയക്കായാണ് ഭഗവതീസേവ നടത്തുന്നത്.

നൂറുംപാലും വഴിപാട് സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് എന്നിവയ്ക്കുവേണ്ടി. താപത്രയങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായാണ് ത്രിമധുരം വഴിപാട്. ബുദ്ധിക്കും വിദ്യയ്ക്കും വേണ്ടിയാണ് വെണ്ണ നിവേദ്യം.

ആയുരാരോഗ്യ സൗഖ്യത്തിനായാമ് അത്താഴപൂജ വഴിപാട് നടത്തുന്നത്. ദൈവാനുഗ്രഹത്തിന് വേണ്ടി പഞ്ചാമൃതം വഴിപാട് കഴിക്കാം. പ്രശസ്തി, ദീര്‍ഘായുസ്സ് എന്നിവയ്ക്ക് ദേവിയ്ക്ക് മുഴുക്കാപ്പ് ചാര്‍ത്താം.