സര്‍പ്പക്കാവുകളില്‍ എന്തിന് വിളക്ക് വയ്ക്കണം?
സര്‍പ്പക്കാവുകളില്‍ വിളക്ക് വയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിനു വിളക്ക് വയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്. എന്നാല്‍ സര്‍പ്പത്തിനു മാത്രമല്ല നാം വിളക്ക് വയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്ക് തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം. വൃക്ഷപൂജയെന്നത് ആത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ. വൃക്ഷകൂട്ടങ്ങള്‍ എല്ലാ തറവാടുകളുടെയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍ വൃക്ഷങ്ങളെയും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ് സങ്കല്‍പ്പം.
ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജലസുലഭത ഉറപ്പുവരുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് ലക്ഷക്കണക്കിന് രൂപ മുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിരിക്കുന്നതും. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സങ്കേതങ്ങളായി സര്‍പ്പക്കാവുകളെ വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചറിയാനായി ഇവ പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നു. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്ന പോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' കോണ്ടംപറ്റി സയന്‍സ് ' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല. മിണ്ടാപ്രാണികളോട് എന്നും ഭാരതീയാചാര്യന്മാര്‍ കാണിച്ച വാത്സല്യത്തിന്റെ ഭാഗമായിട്ടാകണം സര്‍പ്പക്കാവുകള്‍ക്കുള്ളില്‍ അധിവസിക്കുന്ന സര്‍പ്പദേവതകളെപ്പറ്റിയുള്ള സങ്കല്‍പ്പവും.
സര്‍പ്പദോഷം
സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.
സര്‍പ്പദോഷ നിവാരണങ്ങള്‍
സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക് വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.
നാഗവഴിപാടുകളും ഫലസിദ്ധികളും
1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്
2. പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും
3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍
4. മഞ്ഞള്‍ :- വിഷനാശത്തിന്
5. ചേന :- ത്വക്ക് രോഗശമനത്തിന്
6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്
7. നെയ്യ് :- ദീര്‍ഘായുസ്സിന്
8. വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :- സര്‍പ്പദോഷ പരിഹാരത്തിന്
9. പാല്, കദളിപ്പഴം, നെയ്യ് പായസ്സം :- ഇഷ്ടകാര്യസിദ്ധി
10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി :- സന്താനലാഭത്തിന്
11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.
പാമ്പുംമേയ്‌ക്കാട് ഇല്ലത്തിന്റെ മാഹാത്‌മ്യം
പാമ്പുംമേയ്‌ക്കാട് ഇല്ലത്ത് പണ്ടുണ്ടായിരുന്നവർ വലിയ ഈശ്വര ഭക്തന്മാരും മന്ത്ര തന്ത്ര നിപുണരുമായിരുന്നു. എങ്കിലും വലിയ ദാരിദ്ര്യദു:ഖംകൊണ്ട് വളരെ കഷ്ടപ്പെട്ടാണ് അവർ നിത്യവൃത്തി കഴിച്ചിരുന്നത്. അങ്ങനെയിരുന്ന കാലത്ത് അവിടത്തെ ഗ്രഹസ്ഥനായ നമ്പൂതിരി ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലുർ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിൽ തന്റെ ദാരിദ്ര്യദു:ഖത്തിനു ശമനമുണ്ടാക്കി തരണമെന്നുള്ള പ്രാർത്ഥനയോടുകൂടി ദേവനെ ഭജിച്ചു തുടങ്ങി.
ഭജനം ഏകദേശം 12 കൊല്ലം തികയാറായപ്പോൾ ഒരു ദിവസം ക്ഷേത്രത്തിലെ അത്താഴപൂജയും കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷം നമ്പൂതിരി കുറച്ച് വെള്ളം എടുക്കുന്നതിനായി തീർത്ഥക്കുളത്തിൽ ചെന്നു . അപ്പോൾ അവിടെ കടവിൽ തേജ്വസ്വിയായ ഒരാൾ നിൽക്കുന്നത് കണ്ടിട്ട് നമ്പൂതിരി " ആരാണത്? എന്നു ചോദിച്ചു.അപ്പോൾ ആ പുരുഷൻ " ആളറിഞ്ഞിട്ട് മേക്കാടിനെന്തു വേണം?വെള്ളം വേണമെങ്കിൽ മുക്കിയെടുത്തുകൊണ്ടു പൊയ്ക്കോള്ളൂ"എന്ന്പറഞ്ഞു. വാക്കുകൊണ്ടും തേജോമയമായ രൂപംകൊണ്ടും ആ ആൾ കേവലം മനുഷ്യനല്ലെന്നും ഏതോ ദിവ്യനാണെന്നും നമ്പൂതിരിക്ക് മനസ്സിലായി. അപ്പോൾ ആ ആ ദിവ്യ പുരുഷന്റെ കയ്യിൽ തീക്കട്ടപോലെ തിളങ്ങുന്നതായ എന്തോ ഒരു സാധനമിരിക്കുന്നത് കണ്ടിട്ട് നമ്പൂതിരി "ആ കയ്യിലിരിക്കുന്നത് എന്താണ് ?എന്ന് ചോദിച്ചു.അതിനും ശരിയായ ഉത്തരം പറയാതെ ആ ദിവ്യൻ "മേക്കാട് മാണിക്യക്കല്ല് കണ്ടിട്ടുണ്ടോ?"എന്നു ചോദിച്ചു.നമ്പൂതിരി കണ്ടിട്ടില്ല,എന്നു പറഞ്ഞപ്പോൾ ദിവ്യൻ" കാണാൻ ആഗ്രഹമുണ്ടോ? എന്നു വീണ്ടും ചോദിച്ചു.നമ്പൂതിരി കണ്ടാൽ കൊള്ളാമെന്നുണ്ട് " എന്ന് പറഞ്ഞു കൈനീട്ടി.അപ്പോൾ ആ ദിവ്യൻ " ഇത് അങ്ങോട്ട് തന്നാൽ മടക്കിതരാമെന്നു നിശ്ചയമുണ്ടോ?"എന്നുചോദിച്ചു. "നിശ്ചയമുണ്ട്"എന്നു നമ്പൂതിരി പറഞ്ഞപ്പോൾ ആ ദിവ്യൻ ആ രത്നം നമ്പൂതിരിയുടെ കയ്യിലേക്കിട്ടുകൊടുത്തു.
മുൻപ് കണ്ടിട്ടില്ലാത്ത ആ ദിവ്യരത്നം കണ്ടപ്പോൾ നമ്പൂതിരിക്ക് വളരെ കൗതുക്കം തോന്നി. ആ ദിവ്യരത്നം നമ്പൂതിരിക്ക് കൊടുങ്ങല്ലുർ വലിയ തമ്പുരാനെ കാണിക്കണമെന്ന് മോഹം തോന്നിയതിനാല്‍ ദിവ്യനോട് അഌവാദം വാങ്ങികൊണ്ടുപോയി തമ്പുരാനെ കാണിച്ചതിനുശേഷം രത്നം ദിവ്യനു മടക്കി നൽകി.രത്നം കയ്യിൽ വാങ്ങയ ക്ഷണത്തിൽ ആ ദിവ്യൻ അദൃശ്യനായി.ആ രത്നതിന്റെ ശോഭകൊണ്ട് അതുവരെ പകൽ പോലെ പ്രകാശിച്ചിരുന്ന ആ സ്ഥലം അപ്പോൾ അന്ധകാരപൂർണമായി തീർന്നു.
നമ്പൂതിരി വല്ലാതെ അന്ധനും ഭീതിതനുമായി ഭവിക്കുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞ് കണ്ണ് കാണാറായപ്പോൾ നമ്പൂതിരി തീർത്ഥ കുളത്തിലിറങ്ങി വെള്ളം മുക്കിയെടുതു കൊണ്ടുപോയി.അന്ന് രാത്രി കിടന്നിട്ട് നമ്പൂതിരിക്ക് ഉറക്കം വന്നില്ല. താൻ കണ്ട ആ ദിവ്യൻ ആരാണെന്ന പരമാർത്ഥം അറിയാതെ പോയതിൽ ഏറെ ദു ഖിച്ചു കിടന്ന നമ്പൂതിരി ഇടയ്‌ക്കെപ്പോഴൊ ഉറങ്ങിപ്പോയി. എങ്കിലും അധികം വൈകാതെ ഉണർന്ന അദേഹം പ്രഭാതമായെന്ന തോന്നലിൽ കുളത്തിൽ കുളിക്കാൻ എത്തി.അപ്പോഴും ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. നമ്പൂതിരി "ആരാണത്?" എന്ന് ചോദിക്കുകയും അപ്പോൾ ആ ആൾ " ഇതാരണെന്നും മറ്റും അറിഞ്ഞിട്ടെന്തു വേണം? മേക്കാടിന് കുളിക്കാൻ നേരമായിട്ടില്ലെന്നും പോയികിടന്നുറങ്ങാൻ പറയുകയും ചെയ്തു. ആ ശബ്ദം കേട്ട് ഇത് താൻ മുൻപ് കണ്ട ദിവ്യൻ തന്നെയാണെന്ന് മനസ്സിലായ നമ്പൂതിരി അദ്ദേഹത്തിന്റെ പാദത്തിൽ വീണു വന്ദിച്ചു കൊണ്ട് " അവിടുന്ന് ആരാണെന്നുള്ള പരമാർത്ഥം എന്നോട് പറയണം" എന്നപേക്ഷിച്ചു.
പരമാർത്ഥം പറയാതെയിരിക്കാൻ നിവൃത്തിയില്ലാതെ വരികയാൽ അദ്ദേഹം താൻ സാക്ഷാൽ വാസുകിയാണെന്ന് പറഞ്ഞു. ഉടനെ നമ്പൂതിരി "എന്നാൽ അവിടുത്തെ സാക്ഷാൽ സ്വരൂപം എനിക്ക് കാണിച്ചു തരണമെന്ന് "അപേക്ഷിച്ചു. " തന്റെ സ്വരൂപം കണ്ടാൽ അങ്ങ് ഭയപ്പെടുമെന്ന് " വാസുകി പറഞ്ഞെങ്കിലും നമ്പൂതിരിയുടെ നിർബന്ധത്തെത്തുടർന്നു വാസുകി തന്റെ ദേഹം ചുരുക്കി ശ്രീപരമേശ്വരന്റെ കൈ വിരലിന്മേൽ കിടക്കുന്ന മോതിരത്തോളമാക്കി കാണിച്ചു കൊടുത്തു.അതുകണ്ടിട്ട് നമ്പൂതിരി ബോധം കെട്ട് വീണു.പിന്നെ മുക്കാൽ നാഴിക കഴിഞ്ഞപ്പോഴാണ് നമ്പൂതിരിക്ക് ബോധം വീണത്. അപ്പോൾ വാസുകി" എന്താണ് വരം വേണ്ടത്"എന്ന് ചോദിച്ചു.അതിനു മറുപടിയായി നമ്പൂതിരി" അവിടുത്തെ സാന്നിധ്യം സദാ എന്റെ ഇല്ലത്തുണ്ടായിരിക്കണം.എന്റെ ദാരിദ്ര ദു:ഖം തീർത്തു തരികയും വേണം.
ഇത്രയുമല്ലാതെ എനിക്ക് വിശേഷിച്ചൊരപേക്ഷയുമില്ല" എന്നു പറഞ്ഞു. അതു കേട്ട വാസുകി " ആട്ടെ " അങ്ങനെ ചെയ്യാം;മേക്കാടിന്റെ ഭജനം 12 കൊല്ലം തികയുന്നതിന് ഇനി 3 ദിവസം മതിയല്ലോ. അതു കഴിഞ്ഞിട്ടു ഇല്ലത്തേക്ക് പോയികൊള്ളൂ.അപ്പോഴേക്കും ഭഗവാന്റെ അനുവാദം വാങ്ങി ഞാൻ അവിടെ വന്നു മേക്കാടിന്റെ ആഗ്രഹം സാധിപ്പിക്കുന്നതാണ്. അങ്ങനെ ഭജനം കഴിഞ്ഞ് നമ്പൂതിരി ഇല്ലത്തെത്തി തന്റെ ഓലകുട കിഴക്കിനിയിൽ വെച്ചിട്ട് കുളിയും നിത്യകർമ്മാനുഷ്‌ഠാനാദികളും മറ്റും കഴിച്ചു വന്നു. തുടർന്ന് നമ്പൂതിരി കുടമാറ്റി വെയ് ക്കാനായി എടുത്തപ്പോൾ അതിന്മേലൊരു പാമ്പിനെകണ്ടു ഭയപ്പെട്ടു.ഉടനെ ആ പാമ്പ് താഴെയിറങ്ങി,യഥാപൂർവം ദിവ്യ പുരുഷന്റെ രൂപം ധരിച്ച്കൊണ്ട് നമ്പൂതിരിയോട് ," മേക്കാട് ഭയപ്പെടേണ്ട, ഞാൻ വാസുകി തന്നെയാണ്. അങ്ങയുടെ സത്യസന്ധതയും ഭക്തിയും നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ അങ്ങയെകുറിച്ച് ഏറ്റവും പ്രസാദിച്ചിരിക്കുന്നു.
ഭവാന്റെ അഭിഷ്ടം സാധിപ്പിച്ചുതരുന്നതിനായി സ്വാമി അരുളിചെയ്തിട്ടു തന്നെയാണ് ഇപ്പോൾ ഞാൻ ഇവിടെ വന്നിരിക്കുന്നത്. നമ്മൾ ആദ്യം കണ്ട ദിവസം ഞാൻ കാണിച്ചു മാണിക്യക്കല്ല് ഇതാ.ഇത് ഇനി ഇവിടെ തന്നെ ഇരിക്കട്ടെ.ഇത് സൂക്ഷിച്ചു വെച്ചു കൊള്ളണം. ഇതിരിക്കുന്നിടത് ഒരിക്കലും ദാരിദ്ര്യദു:ഖം ബാധിക്കുകയില്ല.എന്ന് പറഞ്ഞ് ആ ദിവ്യരത്നം കൊടുത്തിട്ട് വാസുകി പിന്നെയും പറഞ്ഞു. ഇനി ഇവിടെ ഒരു നാഗയക്ഷിയും വന്നുചേരും.
അപ്പോഴും മേക്കാട് ഭയപ്പെടേണ്ട."ഇത്രയും പറഞ്ഞപ്പോഴേക്കും സ്വജനഗ്രഹത്തിൽ സദ്യക്ക് പോയ മൂത്ത അന്തർജ്ജനം അവിടെ വന്നുചേർന്നു.ആ അന്തർജ്ജനം വന്ന് അവരുടെ മറകുട ഇറയത് വെച്ചിട്ട് അകത്തേക്ക് കയറി.അപ്പോൾ ആ കുടയിൽ നിന്ന് ഒരു പാമ്പ് താഴെയിറങ്ങി ഇഴഞ്ഞ് കിഴക്കിനിയിലെത്തി.ഉടനെ ആ പാമ്പും സർ വ്വാംഗസുന്ദരിയായ ഒരു ദിവ്യ സ്ത്രീയുടെ രൂപം ധരിച്ച് വാസുകിയുടെ അടുക്കൽ നിന്നു. വാസുകി പിന്നെയും പറഞ്ഞു തുടങ്ങി " ഞങ്ങളുടെ രണ്ടുപേരുടെയും പ്രതിമകളുണ്ടക്കിച്ച് ഈ കിഴക്കിനിയിൽ തന്നെ പ്രതിഷ്‌ഠിച്ച് കുടുംബപരദേവതകളായി വിചാരിച്ച് എന്നും പതിവായി പൂജിച്ച് വന്ദിച്ചു കൊള്ളണം.അങ്ങനെചെയ്തു കൊണ്ടാൽ ഇവിടെ ശ്രേയസ്സിന് ഒരിക്കലും കുറവുവരില്ല.നാഗങ്ങൾ മുറക്ക് ഇനിയും ഇവിടെ വന്നു ചേരും.അവയെല്ലാം യഥേഷ്ടം ഇവിടെ എവിടെയെങ്കിലുംതാമസിച്ചു കൊള്ളും ഒന്നിനെയും പ്രത്യേകം പ്രതിഷ്‌ഠി ക്കണമെന്നില്ല. ഈ ഇല്ലവും ഇല്ലപ്പറമ്പും സർപ്പ ങ്ങളുടെ സങ്കേതമാക്കിസങ്കല്‍പ്പിച്ചു കൊണ്ടാല്‍ മതി.ഇവിടെ മലമൂത്ര വിസർജ്ജനങ്ങൾക്കും തുപ്പാനും എച്ചിൽക്കൈ കഴുകാനും മറ്റും പ്രതേകം പ്രതേകം ഓരോ സ്ഥലങ്ങളുണ്ടാക്കി കൊള്ളണം.
അതാത് കാര്യങ്ങൾ അതാത് സ്ഥലങ്ങളിലല്ലാതെ മുറ്റത്തും പറമ്പിലും തുപ്പുകപോലും ചെയ്യരുത്. അടുത്തുള്ള പറമ്പിൽ ഒരുപഭവനം കൂടിയുണ്ടാക്കണം. വിശേഷിച്ചുണ്ടാകുന്ന അടിയന്തിരാദികളെല്ലാം അവിടെ വെച്ച് നടത്തികൊള്ളണം.പേറും തീണ്ടാരിയും ഈ ഇല്ലത്ത് പാടില്ല.അവക്കുള്ള കാലമടുക്കുമ്പോൾ അന്തർജ്ജനങ്ങൾ ആ ഉപഭവനതിലേക്ക് മാറി താമസിച്ചു കൊള്ളണം.ഈ ഇല്ലതിനകത്തും പുറത്തും മുറ്റത്തും പറമ്പിലും മറ്റും പാമ്പുകളെ ചിലപ്പോൾ കണ്ടേക്കാം എന്നാൽ ആരും ഭയപ്പെടേണ്ട.ഈ ഇല്ലത്തുള്ളവരെ പാമ്പുകൾ,അവയെ ചവിട്ടുകയോ മറ്റോ ചെയ്യാതെ കടിക്കുകയില്ല. അങ്ങനെ കടിച്ചാലും ഈ ഇല്ലത്തുള്ളവരെ വിഷം ബാധിക്കുകയില്ല. നേരേമറിച്ച് ഈ വിഷം ആ പാമ്പുകളെ തന്നെ ബാധിക്കും.അങ്ങനെ വന്നാൽ ആ പാമ്പുകളെ വിഷം ഇറക്കി വിട്ടേക്കണം.അങ്ങനെ ചെയ്തില്ലെങ്കിൽ ആ പാമ്പുകൾ മരിച്ചുപോയേക്കും.
അന്യന്മാരെ പാമ്പുകൾ ദംശിച്ചാൽ ഈ ഇല്ലത്തുള്ളവർ വിഷമിറക്കരുത്. എന്നാൽ സർപ്പകോപം നിമിത്തം ജനങ്ങൾക്കുണ്ടാക്കുന്ന രോഗങ്ങൾക്കും മറ്റും പ്രതിവിധികൾ ചെയ്യുന്നതിനു വിരോധമില്ല.ഞങ്ങളെ പ്രതിഷ്‌ഠിക്കുന്ന ഈ കിഴക്കിനിയിൽ രണ്ടു വിളക്കുകൾ കെടാതെ എപ്പോഴും കത്തികൊണ്ടിരിക്കണം ആ വിളക്കുകളിന്മേലുണ്ടാകുന്ന മഷിയും ആ വിളക്കുകളിലെ എണ്ണയും സർപ്പകോപം നിമിത്തമുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്കും മറ്റും ഔഷധങ്ങളായിരിക്കും.ഞാനീപ്പറഞ്ഞിട്ടു ളളവയെല്ലാം ഈ ഇല്ലത്തുളളവരും ഇനി ഉണ്ടാകുന്നവരും അറിഞ്ഞിരിക്കേണ്ടവയാകയാൽ തലമുറ തോറും അവരവരുടെ സന്തതികൾക്ക് ഉപദ്ദേശിഷിച്ചുകൊള്ളണം." ഇങ്ങനെ വേണ്ടതെല്ലാം പറഞ്ഞതിനു ശേഷം" ഇനി ആവശ്യപ്പെടുമ്പോൾ കാണാം" എന്നുകൂടി പറഞ്ഞിട്ട് വാസുകിയും നാഗയക്ഷിയും മറഞ്ഞു.ആ നമ്പൂതിരി വാസുകി പറഞ്ഞതുപോലെ കിഴക്കിനിയിൽ വാസുകിയേയും നാഗയക്ഷിയെയും പ്രതിഷ്‌ഠി ച്ചു.അക്കാലം മുതൽക്ക് ആ ഇല്ലകാർക്ക് മേക്കാട്ട് നമ്പൂതിരി എന്നായിരുന്ന പേര് പാമ്പുംമേയ്‌ക്കാട്ട് നമ്പൂതിരി എന്നായിതീരുകയും അത് പ്രസിദ്ധപ്പെടുകയും സ്ഥിരപ്പെടുകയും ചെയ്തു.