കൂവളം എന്നാൽ എന്താണ് അതിന്റെ മാഹാത്മ്യം അറിയാം


ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണു കൂവളത്തില. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്. വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്. കൂവളത്തില കൊണ്ടു ശിവഭഗവാനെ അര്‍ച്ചിക്കുന്നതു മൂലം ജന്മാന്തരപാപങ്ങള്‍ നശിക്കും. സര്‍വരോഗസംഹാരിയായ കൂവളത്തെ അഷ്ടാംഗഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവപാര്‍വതിമാര്‍ക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നല്‍കി കൂവളം പരിപാലിക്കുന്നു. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ചിത്തിര നക്ഷത്രത്തിന്റെ വൃക്ഷമാണു കൂവളം. ഈ നാളുകാര്‍ ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നതു ഗ്രഹദോഷങ്ങള്‍ കുറയ്ക്കും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യും. 27 നക്ഷത്രക്കാരും അവരവരുടെ ജന്മവൃക്ഷത്തെ പരിപാലിച്ചുപോന്നാല്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ ലഭിക്കും.

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമം. ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സൽഫലങ്ങൾ ലഭിക്കുമെന്നു പുരാണങ്ങളിൽ പറയുന്നു.

കൂവളം പറിക്കാൻ പാടില്ലാത്ത ദിവസങ്ങൾ


മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നതു ശിവകോപത്തിനു കാരണമാകുമെന്നാണു വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർ‌ത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം. കൂവളത്തിൽ കയറുമ്പോൾ വഴുതി വീഴാതിരിക്കാൻ പുലിയുടേതു പോലുളള കാലുകൾ നൽകണം എന്നു വരം ചോദിച്ച വ്യാഘ്രപാദമഹർഷിയുടെ കഥ പുരാണങ്ങളിലുണ്ട്.
ക്ഷേത്രത്തിൽ വില്വപത്രം പൂജയ്ക്കായി സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകും, പ്രത്യേകിച്ച് ശിവരാത്രിദിനത്തിൽ. ശിവക്ഷേത്രത്തിൽ കൂവളത്തില കൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം. കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാൽ സകലപാപങ്ങളും നീങ്ങി ദേവതുല്യനായിത്തീരും.

ബില്വാഷ്‌ടകം


ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുഷം
ത്രിജന്മപാപ സഹാരം
ഏകബില്വം ശിവാര്‍പ്പണം
ത്രിശാഖൈ: ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഹ്യേകബില്വം ശിവാര്‍പ്പണം
അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:
ഹ്യേകബില്വം ശിവാര്‍പ്പണം
സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഹ്യേകബില്വം ശിവാര്‍പ്പണം
ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഹ്യേകബില്വം ശിവാര്‍പ്പണം
ലക്ഷ്മ്യാസ്തനുത ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഹ്യേകബില്വം ശിവാര്‍പ്പണം
ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപസംഹാരം
ഏകബില്വം ശിവാര്‍പ്പണം
കാശീക്ഷേത്ര നിവാസം ച
കാലഭൈരവദര്‍ശനം
പ്രയാഗേമാധവം ദൃഷ്ട്വാ
ഹ്യേകബില്വം ശിവാര്‍പ്പണം
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഹ്യേകബില്വം ശിവാര്‍പ്പണം
ബില്വാഷ്ടകമിദം പുണ്യം
യ: പഠേച്ഛിവസന്നിധൗ
സര്‍വപാപവിനിര്‍മുക്തഃ
ശിവലോകമവാപ്നുയാത്