Total Pageviews

Blog Archive

Search This Blog

ക്ഷേത്ര ദര്‍ശനം എങ്ങിനെ? + ഗുണങ്ങൾ


ദിവസങ്ങളും, സൗകര്യവും നോക്കി, ഉറക്കം മുഴുവനാക്കി, മഴയൊന്നും ഇല്ലല്ലോ എന്നുറപ്പാക്കി, ഇന്നലെ ചെയ്ത പാപങ്ങള്‍ ഇന്ന് അമ്പലത്തില്‍ പോയി കളഞ്ഞിട്ട്‌ വരാം എന്ന് കരുതുന്ന കുറച്ച്‌ പേര്‍ക്ക്‌ ഇതുപകരിച്ചേക്കാം…

എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ, നമ്മള്‍ ശരിക്കും എന്തിനാണ്‌ അമ്പലത്തില്‍ പോകുന്നത്‌ എന്ന് അഥവാ അതറിയുമെങ്കില്‍, എങ്ങിനെയാണ്‌ അമ്പലത്തില്‍ പോകേണ്ടത്‌ എന്നറിവുണ്ടോ അതും അറിയുമെങ്കില്‍, തൊഴുത്‌ തിരിച്ച്‌ വരുമ്പോള്‍, എന്ത്‌ മാറ്റമാണ്‌ തൊഴാന്‍ പോയപ്പോഴുള്ളതിനേക്കാള്‍ ഉണ്ടയത്‌ എന്നാലോചിച്ചിട്ടുണ്ടൊ ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ ആവിഷ്കാരം നടക്കുന്നത്. ഒന്ന്, കായികം. രണ്ട്, വാചികം. മൂന്ന്, മാനസികം. കൈ കൂപ്പല്‍, കുമ്പിടല്‍, ഏത്തമിടല്‍, നമസ്കാരം തുടങ്ങിയവ കായികവും മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍, നാമങ്ങള്‍ തുടങ്ങിയവ ഉച്ചരിക്കുമ്പോള്‍ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നത് വാചികവും ധ്യാനം, മനനം തുടങ്ങിയവ മാനസികവുമാണ്.  ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍ അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക


ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.


കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.


തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.


ചെരുപ്പ്‌, തൊപ്പി, തലപ്പാവ്‌, ഷര്‍ട്ട്‌, കൈലി, പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും
കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം പാടില്ല.


നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.
പുരുഷന്മാര്‍ മാറു മറക്കാതെയും, സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.
[നല്ല ചുവപ്പ്, നല്ല നീല, നല്ല പച്ച കളറുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.]


സ്ത്രീകള്‍ മുടിയഴിച്ചിട്ട്‌ ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.
ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ നാം കൊണ്ടു വന്ന തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ , എണ്ണ , കർപ്പൂരം , ചന്ദനത്തിരി , നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക.


ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം.


വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.


ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.


വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.


ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്‌ കൊണ്ട്‌ ക്ഷേത്രപ്രവേശനം പാടില്ല.


സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം  വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌. കുട്ടികളെ ചോറൂണ്‌ കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട്‌ പോകാവൂ.


മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.


വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല.


നിവേദ്യ സമയത്ത്‌ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല.


ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍  പാടില്ല.


തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.


അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക, പ്രസാദം അണിഞ്ഞ ശേഷം ബാക്കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുക, ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍  തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു


ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം.


കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക.


വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക.


നാലമ്പലത്തിന്‌ ഉള്ളില്‍ മൊബൈല്ഫോണ്‍ , മുതലായ ഉപകരണകള്‍ പ്രവ്‌ര്‍ത്തിപ്പിക്കരുത്‌


*പ്രദക്ഷിണ നിയമങ്ങള്‍* ?


ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.


*എങ്ങനെയാണ് പ്രദക്ഷിണ സമയത്ത്‌ നടക്കേണ്ടത്‌ ?


പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം "*


പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട് .


സത്വികാരായ പുജരിമാരാല്‍ തന്ത്ര വിധി പുര്‍വം സംരക്ഷിക്കപെടുന്ന ക്ഷേത്രത്തില്‍ ആ ദേവന്റെ /ദേവിയുടെ മുലമന്ത്ര സ്പന്ദനരൂപിയായ ചൈതന്യംപുറം മതിലോളം വ്യപിച്ച്ചിരിക്കും . തന്ത്ര സാധാനയെക്കുറിച്ചു ഒരറിവും ഇല്ലാത്ത സാധാരണ ഭക്തര്‍ (പുരുഷന്മാര്‍ മേല്‍വസ്ത്രം ഇല്ലാതെയും സ്ത്രീകല് ഇറനോടെയും) ക്ഷേത്രത്തില്‍ കടന്നു ഭക്തി നിര്‍ഭരമായ മനസ്സോടെ ആ ദേവനെ /ദേവിയെ കേന്ദ്ര ബിന്ടുവാക്കി സ്ത്രോത്രങ്ങള്‍ ഉച്ച്ചരിച്ച്ചു ഹൃദയത്തില്‍ ആ രൂപം ധ്യാനിച്ചുകൊണ്ട് മെല്ലെ മെല്ലെ പാദം ഊന്നി ക്ലോക്കുവയിസ്സായി പ്രദക്ഷിണം വയ്ക്കുമ്പോള്‍ മാനസ്സികമായി നേടുന്ന താദാത്മ്യ ഭാവം ആ സാധക ദേഹത്തെ ക്ഷേത്ര ദേഹത്തോട് ട്യുന്‍ ചെയ്യുന്നു (ഇന്നത്തെ ഫിസിക്സ്‌ പറയുന്ന റസനന്‍സ് വൈബ്രേഷന്‍ ) . ക്ഷേത്രമാകുന്ന ശരീരത്തില് മന്ത്ര ചൈതന്യം ശക്തമായി സ്പന്തിക്കുംപോള്‍ ഭക്തി ഭാവത്താല്‍ ദേവിയോട് /ദേവനോട് താദാത്മ്യം പ്രാപിച്ച സാധകന്റെ ദേഹത്തില്‍ ക്ഷേത്ര ശരീരത്തില് സ്പന്ദിക്കുന്ന മന്ത്രങ്ങള്‍ സ്പുരിക്കുവാന്‍ തുടങ്ങും . അല്ലാതെ ഈ സ്പുരണം ലഭിക്കണമെങ്കില്‍ ഉത്തമനായ ഗുരുനാധനില്‍നിന്നു മന്ത്രോപദേശംവാങ്ങി ശാസ്ത്രമനുസരിച്ച്ചു അക്ഷര ലക്ഷ ജപാതി പ്രക്രിയ വര്‍ഷങ്ങളോളം നടത്തിയിരിക്കണം . സഹസ്രാര ചക്രത്തെ പരമശിവ പദമായി സ്ന്കല്‍പിച്ച്ചിരിക്കുന്നതുകൊണ്ടാണ് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ് രീതിയില്‍ പ്രദക്ഷിണം


*ക്ഷേത്ര പ്രദക്ഷിണം വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ നടത്തേണ്ടത് * ?
ദേവന്റെ വലതു ഭാഗത്തേക്ക് ആദ്യം പോകുന്ന തരത്തിലുള്ള ഒരു വര്‍ത്തുള ചലനമാണ് പ്രദക്ഷിണം. പ്രദക്ഷിണം എന്ന വാക്കിന്റെ ഓരോ അക്ഷരത്തിനും പ്രത്യേകം അര്‍ത്ഥമുണ്ട്. 'പ്ര'  എന്ന ശബ്ദം എല്ലാ ഭാഗത്തേയും ദൂരീകരിച്ച് മനസ്സിന് ശാന്തിയുണ്ടാക്കുന്നു.   'ദ' മോക്ഷം പ്രദാനം ചെയ്യുന്ന ശബ്ദമാണ് .  'ക്ഷി' എന്ന ശബ്ദം ചെയ്തുപോയ സകല പാപങ്ങളെയും രോഗങ്ങളെയും കഴുകിക്കളയുന്നു. 'ണ' എല്ലാ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്ന ശബ്ദമാണ് .
കുളിച്ചു ഭസ്മധാരണം നടത്തി ശുഭ്രവസ്ത്രമോ , വെള്ളത്തില്‍ മുക്കിയെടുത്ത വസ്ത്രമോ ധരിച്ചു അതാതു ദേവന്റെ നാമോച്ചാരണത്തോടെ ക്ഷേത്ര ഗോപുരത്തില്‍ എത്തുന്ന ഭക്തന്‍ ദേവന്റെ പാദമായ ഗോപുരത്തെ വന്ദിച്ച് ഉള്ളില്‍ കടക്കണം. വലിയ ബലിക്കല്ലിന്റെ അടുത്തു എത്തിയ ശേഷം ദേവനെ സ്മരിച്ച് തൊഴുതു ദേവനെ വലത്താക്കിക്കൊണ്ട് നാലമ്പലത്തിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയില്‍ കൂടെ പ്രദക്ഷിണം വയ്ക്കണം . ഈ അവസരത്തില്‍ പ്രധാന ദേവന് പുറത്തുകൂടി ചെയ്യുന്ന പ്രദക്ഷിണത്തിന്റെ മൂന്നിരട്ടി ഫലം കിട്ടുന്നതാണ്. ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുകൂടി പ്രദക്ഷിണം വച്ചാല്‍ നാലിരട്ടിയും മൈതാനത്തെ പ്രദക്ഷിണം വച്ചാല്‍ അഞ്ചിരട്ടിയും ഫലം ലഭിക്കുമെന്ന് പറയുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിനു ചുറ്റുമായാല്‍ നൂറിരട്ടിയും ഫലം കിട്ടും. പുറത്തെ പ്രദക്ഷിണം കഴിഞ്ഞ് ബലിക്കല്ലിന്റെ ഇടതുവശത്ത് വന്ന് തോഴുതു വേണം നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുവാന്‍.


*പ്രദക്ഷിണത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത നാലംഗങ്ങള്‍ ഉണ്ട്.*


1. ഓരോ കാലടി ചേര്‍ത്തുവച്ച് നീളം അളക്കുന്ന മാതിരി നടക്കുക


2. കൈകള്‍ ചലിപ്പിക്കാതെ ഒരു താമരമൊട്ടു പോലെ മാറോട് ചേര്‍ത്തു വച്ചു തൊഴുക


3. വാക്കുകള്‍ കൊണ്ട് ദേവനാമം ഉച്ചരിച്ചുകൊണ്ടിരിക്കുക.


4. ഹൃദയത്തില്‍ ദേവനെ ധ്യാനിക്കുക എന്നിവയാണ്‌ ആ നാലംഗങ്ങള്‍.
പ്രദക്ഷിണ വേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും . നാം ജന്മാന്തരങ്ങളിലായി ചെയ്തു പോന്നിട്ടുള്ള എല്ലാ പാപങ്ങളും പ്രദക്ഷിണത്തിന്റെ ഓരോ കാലടി വയ്ക്കുമ്പോഴും നശിച്ചുകൊണ്ടിരിക്കും. പ്രദക്ഷിണം കഴിഞ്ഞ് നടയില്‍ വന്ന് കൈകള്‍ കൂപ്പി തൊഴണം. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് മുപ്പത് ഡിഗ്രിചരിഞ്ഞു നിന്നാണ് തോഴേണ്ടത്.


*ക്ഷേത്ര പ്രദക്ഷിണ കണക്ക്*


ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഏറ്റവും ഉത്തമം. എന്നാല്‍ മൂന്ന് പ്രദക്ഷിണവും നല്ലതാണ്.


ക്ഷേത്ര ദർശന സമയത്തെ ഒരു പ്രധാന ആചാരമാണ് പ്രദക്ഷിണം.
ഇതിൽ ഗണപതിക്ക് 1 പ്രദക്ഷിണം ,
ഭദ്രകാളിക്ക് 2 പ്രദക്ഷിണം,
ശിവന് 3 പ്രദക്ഷിണം എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓവ് മുറിച്ച് കടക്കാതെ പുറകോട്ട് വന്ന് പ്രദക്ഷിണമായി ഓവിന്റെ മറുവശത്ത് വന്ന് വീണ്ടും പ്രദക്ഷിണമായി പ്രദക്ഷിണം ചെയ്താണ് ശിവപ്രദക്ഷിണ രീതി. ശിവചൈതന്യത്തെ മുറിച്ച് കടക്കാൻ പാടില്ല എന്നാണ് ആചാരം. ഈ ആചാരം നിലവിലില്ലാത്ത ശിവക്ഷേത്രങ്ങളും ഉണ്ട്.
മഹാവിഷ്ണു-അവതാര വിഷ്ണു 4 പ്രദക്ഷിണം
ശാസ്താവിനും - അയ്യപ്പനും 5 പ്രദക്ഷിണം,
സുബ്രമണ്യന് (ഷൺമുഖൻ) 6 പ്രദക്ഷിണം,
ദുർഗ്ഗാ ഭഗവതിക്ക് 7 പ്രദക്ഷിണം,
വൃക്ഷരാജന് (അരയാൽ മരം) 7 പ്രദക്ഷിണം,
ആല്‍മരം പ്രദക്ഷിണം വയ്ക്കുമ്ബോള്‍ ചൊല്ലുന്ന മന്ത്രം..
*"മൂലതോ ബ്രഹ്മരൂപായ*
*മദ്ധ്യതോ വിഷ്ണുരൂപായ*
*അഗ്രതോ ശിവരൂപായ*
*വൃക്ഷരാജായതേ നമ:"*
മൂലസ്ഥാനത്തില്‍ (ചുവട്ടില്‍) ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ (മുകളില്‍) ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന് അര്‍ത്ഥം.
നവഗ്രഹത്തിൽ സൂര്യന് ഒന്ന് എന്ന കണക്കിൽ 9 ഗ്രഹങ്ങൾക്കും കൂടി 9 പ്രദക്ഷിണം.
പ്രദക്ഷിണം വെയ്ക്കുമ്ബോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നതാണ് ആദ്യ കാര്യം. ബലിക്കല്ല് എപ്പോഴും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതു ഭാഗത്തായിരിക്കണം. അഭിഷേക തീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ തീര്‍ത്ഥം സേവിക്കുകയോ ചെയ്യരുത്.
*പ്രാർത്ഥന വിധി*


ക്ഷേത്രാചാര പ്രകാരവും ,തന്ത്ര വിധി പ്രകാരവും ,ഉപാസന വിധി പ്രകാരവും , ക്ഷേത്ര നടയിൽ നിന്ന് തൊഴുമ്പോൾ ഒരു കാരണവശാലും കണ്ണടച്ച് പ്രാർത്ഥിക്കരുത് , കണ്ണ് തുറന്നു വേണം പ്രാർത്ഥിക്കാൻ കാരണം ദേവന്റെ അനുഗ്രഹം അങ്ങനെയാണ് ഭക്തനിലേക്കെത്തുന്നത്. കൈകൂപ്പി തൊഴുമ്പോള്‍ പെരുവിരല്‍ രണ്ടും ഹൃദയത്തില്‍ സ്പര്‍ശിക്കണം.
ഗുരുവായൂർ പോലുള്ള പല പ്രമുഖക്ഷേത്രങ്ങളിലും ദേവനെ ദർശിക്കാൻ അല്പം സമയമേ നമുക്ക് കിട്ടുകയുള്ളൂ , അവിടെ നാം കണ്ണടച്ച് ധ്യാനിക്കാൻ നിന്നാൽ ദേവദർശനം ലഭ്യമാകില്ല . എന്നാൽ 4 വരി സ്തോത്രമെങ്കിലും ഭക്തിയോടെ ജപിക്കാൻ സമയം കിട്ടുന്ന ക്ഷേത്രങ്ങളിൽ ദേവനെ / ദേവിയോ കണ്‍കുളിർക്കെ കണ്ട ശേഷം എത്ര നേരം വേണമെങ്കിലും കണ്ണടച്ച് ധ്യാനിക്കാവുന്നതാണ്.
*ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി


നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം; ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ?
ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ  ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം ?


സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..


ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക്‌ ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.


മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ?


ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ?


മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.


1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും.


2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും.


3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും.
4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും.


5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും.


ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.


ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്,
*ക്ഷേത്ര ദര്‍ശന നിയമം*


ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.
*നമസ്കാര വിധി*


ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട്. സൂര്യനമസ്കാരം, സാഷ്ടാംഗ നമസ്കാരം, ദണ്ഡ നമസ്കാരം, പാദ നമസ്കാരം എന്നിങ്ങനെ.


*സൂര്യനമസ്കാരം*


സൂര്യനമസ്കാരം  ഒരു പൂജാംഗമെന്ന നിലയിലും കർമ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.
*സാഷ്ടാംഗ നമസ്കാരം*


സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങൾ നിലത്ത് സ്പർശിച്ചുകൊണ്ട് (നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാൽമുട്ട്, കൈപ്പത്തി, കാൽവിരൽ) ചെയ്യുന്ന നമസ്കാരമാകുന്നു.


*ദണ്ഡ നമസ്കാരം*


ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളിൽ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയിൽ (വടി പോലെ) കിടക്കുന്നതാകുന്നു.


*പാദ നമസ്കാരം*


ക്ഷേത്രദർശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയിൽ മുട്ടിച്ച് തൊഴുന്നതാണ് പാദനമസ്കാരം. ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂർണ്ണ സമർപ്പണമാണ് നമസ്കാരം എന്നാണ് വിശ്വാസം.


ഹൈന്ദവവിശ്വാസപ്രകാരം സ്ത്രീകൾക്ക് സാഷ്ടാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാൻ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ടാംഗനമസ്കാരത്തെ അനുവദിക്കുന്നില്ല. (ലിംഗഭാഗം ഇല്ലാത്തതിനാൽ ഏഴു അംഗങ്ങളേ തറയിൽ സ്പർശിക്കൂ. മാത്രമല്ല, സ്തനങ്ങൾ ഭൂമിയിൽ അമരാനും പാടുള്ളതല്ല.) സാഷ്ടാംഗം പാടില്ലെങ്കിൽ ദണ്ഡവും അനുവദനീയമല്ല. വൈദികാചാരമാകയാൽ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകൾ ആചരിക്കാവു.


*വിശദീകരണം*


കുനിഞ്ഞ് നമസ്കരിക്കുമ്പോൾ വാസ്തവത്തിൽ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വർദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വർദ്ധിച്ച നാം ആ ഭാരത്താൽ തല ഉയർത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കൽ ഒടിഞ്ഞുവീഴാനിടയാകും. എന്നാൽ കുനിഞ്ഞുനിൽക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താൽ നേടുന്ന ഉയർച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമർപ്പിക്കുമ്പോഴാണ്. സമർപ്പണത്താൽ നാം ഭാരത്തിൽ നിന്നും മുക്തമാകും.


ഇന്ദ്രിയങ്ങൾ നിറഞ്ഞ മുൻ വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടു വരുമ്പോൾ, അതായത് മുന്നോട്ട് കുനിയുമ്പോൾ നാം അസത്യത്തിൽ നിന്നും പിൻ വാങ്ങുകയാണ് എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാൽ ശിരസ്സ് ഭൂമിയെ സ്പർശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാൽ ശിരസ്സിനുള്ളിലെ മനോബുദ്ധികളിൽ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകർഷണബലത്താൽ ദുഷ്ടഗുണങ്ങൾ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങൾ ലഭിക്കും എന്നാണു സങ്കൽപ്പം.


സ്ത്രീകൾ സാഷ്ടാംഗനമസ്കാരം ചെയ്യരുതെന്നാണു ശാസ്ത്രവിധി. പുരുഷന്മാർ പോലും ശരിയായ വിധത്തിലല്ല സാഷ്ടാംഗ നമസ്കാരം ചെയ്യുന്നതെന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. എങ്ങനെയാണു സാഷ്ടാംഗം നമസ്കരിക്കേണ്ടത്


*ഉരസാ ശിരസാ വാചാ*
*മനസാഞ്ജലിനാ ദൃശാ*
*ജാനുഭ്യാം ചൈവ പാദാഭ്യാം*
*പ്രണാമോ അഷ്ടാംഗ ഈരിതഃ*
എന്നാണു പ്രമാണശ്ലോകം


മാറിടം, നെറ്റി, വാക്ക്, മനസ്സ്, കൂപ്പിയ കൈ, കണ്ണ്, കാൽമുട്ടുകൾ, കാലടികൾ ഇവയാണു സാഷ്ടാംഗ നമസ്കാരത്തിന് ഉപയോഗിക്കുന്ന എട്ട് അംഗങ്ങൾ. നമസ്കരിച്ചു കിടക്കുമ്പോൾ രണ്ടു കാലിന്റെയും പെരുവിരലുകൾ രണ്ടു കാൽമുട്ടുകൾ, മാറ്, നെറ്റി എന്നീ നാലു സ്ഥലങ്ങൾ മാത്രമേ നിലത്തു മുട്ടാവൂ. കൈകൾ നിലത്തു കുത്താതെ ഈ വിധം നമസ്കരിക്കാൻ കഴിയില്ലെങ്കിലും അങ്ങനെ കമിഴ്ന്നു കിടന്നുകൊണ്ട് കൈകളെടുത്തു തലയ്ക്കു മീതെ നീട്ടി തൊടുമ്പോഴാണു നമസ്കാരമാകുന്നത്. അങ്ങനെ നിലത്തു മുട്ടിയിരിക്കുന്ന നാലവയവങ്ങളും അഞ്ജലിയും കൂടി ചേർത്ത് അഞ്ചംഗങ്ങൾ. ശേഷം വരുന്ന മൂന്ന് അംഗങ്ങൾ വാക്കും കണ്ണും മനസ്സുമാകുന്നു. അതിൽ വാക്കു കൊണ്ടു മന്ത്രം ചൊല്ലുകയും കണ്ണു കൊണ്ടു ദേവനെ നോക്കുകയും മനസ്സു കൊണ്ടു ധ്യാനിക്കുകയും വേണം. ഇത്തരത്തിൽ കമിഴ്ന്നു കിടന്നു ചെയ്യുന്നതു കൊണ്ടു മാറിടത്തിന്റെ അസ്വാധീനം കാരണം സ്ത്രീകൾക്കു ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാലാണു സ്ത്രീകൾ സാഷ്ടാംഗനമസ്കാരം ചെയ്യരുതെന്നു വിധിച്ചിട്ടുള്ളതെന്നായിരുന്നു കരുതിവന്നിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം ഈ നിർദേശത്തെ തള്ളിക്കളയുന്നില്ല. ഗർഭപാത്രത്തിനു സാഷ്ടാംഗ നമസ്കാരം ഗുണകരമല്ലെന്നാണ് അവരുടെ വാദം. ഗർഭപാത്രത്തിനു സ്ഥാനഭ്രംശം സംഭവിക്കുന്നതു മൂലം അതു കീഴ്പ്പോട്ട് തള്ളിവരുന്ന അപകടകരമായ അവസ്ഥ പല സ്ത്രീകളിലും കണ്ടുവരുന്നതായി റപ്പോർട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കു കുനിഞ്ഞിരുന്നു നമസ്കരിക്കാവുന്നതാണെന്നാണ് ആയുർവേദം വിധിച്ചിട്ടുള്ളത്. ഇതു ഗർഭപാത്ര സുസ്ഥിരതയ്ക്കും ആരോഗ്യത്തിനും ഗുണകരമാകുകയും ചെയ്യും.


*പ്രസാദം*


അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്.


ഭൂമിയുടെ പ്രതീകമാണ് ചന്ദനം
നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്.
ദീപം അഗ്നിയുടെയും
ധൂപം വായുവിന്ടെയും
പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം. മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.


*പുണ്യാഹം*


വൈദികമന്ത്രങ്ങളോടുകൂടി അശുദ്ധി മാറാൻവേണ്ടി ചെയ്യുന്ന കർമ്മം. ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അതിൽ തുളസിപ്പൂവ്, അരി, ചന്ദനം, നെല്ല്, ദർഭ എന്നിവയിട്ട് മന്ത്രജപത്തോടുകൂടി ദർഭത്തുമ്പുപയോഗിച്ചു തളിക്കുന്ന ക്രിയ. പുല, വാലായ്മ മുതലായവ മാറുന്നതിനും ക്ഷേത്രവുമായി ബന്ധപ്പെട്ട അശുദ്ധികൾ നീങ്ങുന്നതിനും ഇതുപയോഗിക്കുന്നു.
*ശ്രീഭൂതബലി*


ക്ഷേത്രത്തില്‍ ദേവതകള്‍ക്കും ഭൂതങ്ങള്‍ക്കുമായി ഭക്തിയോടെ അര്‍പ്പിക്കുന്ന ഭക്ഷ്യനിവേദ്യം


*വഴിപാടുകളുടെ പ്രാധാന്യം*


നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്. വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്.‌ വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.


*അര്‍ച്ചന :*


മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാപുഷ്പങ്ങളാല്‍ അര്‍ച്ചനയും, പുഷ്പാഞ്ജലിയും നടത്തുന്ന വഴിപാടാണിത്. അഷ്ടോത്തരശത(108) നാമാര്‍ച്ചന, ത്രിശതി(300) നാമാര്‍ച്ചന, ചതുശതി(400) നാമാര്‍ച്ചന, സഹസ്ര(1000) നാമാര്‍ച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടുള്ള അര്‍ച്ചനകള്‍ അന്നിവയൊക്കെ ഇതില്‍ ഉള്‍പെടും.


*അഭിഷേകം :*


ദാരു, കടുശര്‍ക്കര ബിംബങ്ങള്‍ക്ക് ഒഴിച്ച് മറ്റുള്ളവയ്ക്ക് എല്ലാം അഭിഷേകം പതിവാണ് ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവ എല്ലാം അതാതു ദേവതകള്‍ക്ക് അനുസരണമായി അഭിഷേകത്തിനു ഉപയോഗിക്കുന്നു.


*ചന്ദനം ചാര്‍ത്തല്‍ :*


ദേവബിംബങ്ങളില്‍ മുഖം മാത്രമായോ, പൂര്‍ണമായോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണിത്.


*നിവേദ്യം :*


പവിത്രമായ നിവേദ്യങ്ങള്‍ ഓരോരോ ദേവതാ സങ്കല്‍പം അനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. തിരുമധുരം, വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പായസം, നെയ്‌പായസം, കൂട്ട്പായസം, കടുംപായസം എന്നിങ്ങനെ പല വിതത്തിലുണ്ട്.


*വിളക്ക് :*


നെയ്‌വിളക്ക്- വിളക്കുകളില്‍ പ്രധാനമാണ് ഇതു പൊതുവേ ശ്രീ കോവിലിനു ഉള്ളിലാണ് തെളിക്കാറുള്ളത്. എള്ളെണ്ണ വെളിച്ചെണ്ണ തുടങ്ങിയവയും അകത്തും, പുറത്തും ( വിളക്കുമാടം തുടങ്ങിയ ഭാഗങ്ങളില്‍ ) വിളക്കിനായി ഉപയോഗിക്കുന്നു . നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുമുണ്ട് .
ഗണപതി ഹോമം
നാളികേരമടിക്കല്‍
വെടിവഴിപാട്
തുലാഭാരം
കറുകഹോമം
മൃത്യുഞ്ജയ ഹോമം
പുഷ്പാഞ്ജലി ( അയൂരാരോഗ്യങ്ങള്‍ക്ക്)
രേക്ത പുഷ്പാഞ്ജലി ( ശത്രു ദോഷശമനം , അഷ്ടസിദ്ധി എന്നിവയ്ക്ക് )
സ്വയം വരാര്‍ചന ( മംഗല്യ സിദ്ധിക്ക് )
സഹസ്ര നാമാര്‍ച്ചന ( ഐശ്വര്യത്തിന് )
ഭഗവതിസേവ ( ദുരിത നിവാരണത്തിന് )
നെയ്‌വിളക്ക് ( നേത്രോഗ ശമനത്തിന്, അഷ്ടസിദ്ധിക്കും )
ധാര ( രോഗ ശാന്തിക്ക് )
നിറപറ ( ഐശ്വര്യത്തിന് )
അന്നദാനം ( ഐശ്വര്യത്തിന്, ദാരിദ്രദുഖ ശമനത്തിന്, രോഗശാന്തിക്ക് )
നിറമാല ( അഷ്ടസിദ്ധിക്ക് )
ചുറ്റുവിളക്ക് ( മനശാന്തിക്ക് )
എന്നിങ്ങനെ വഴിപാടുകളും , അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്‌. തീവ്രമായ ഭക്തിയോടെ വഴിപാടുകള്‍ നടത്തുമ്പോള്‍ ഭക്തനില്‍തന്നെ കാര്യ സാധ്യത്തിനായി ഒരു ഇച്ചാശക്തി വളരുന്നു


*നിര്‍മ്മാല്യദര്‍ശനം*


തലേ ദിവസം ദേവന് അണിയിച്ച മാലകളും പൂജാപുഷ്പങ്ങളും വിഗ്രഹത്തില്‍ നിന്നും എടുത്തുമാറ്റുന്നതിന് മുന്‍പ് നടത്തുന്ന ദര്‍ശനത്തിനാണ് നിര്‍മ്മാല്യദര്‍ശനം എന്നുപറയുന്നത്. പ്രഭാതത്തിനു മുന്‍പായി തിരുനട തുറക്കുന്ന സമയത്ത് ദര്‍ശനം നടത്തുന്നു. ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ദര്‍ശനമാണിത്. തലേനാള്‍ ദേവന് ചാര്‍ത്തിയ സര്‍വ്വാലങ്കാരങ്ങളോടു കൂടിയ ദിവ്യദര്‍ശനം സര്‍വ്വാഭീഷ്ടപ്രദായകമാണ്.


*ത്രിമധുരം*


ക്ഷേത്രങ്ങളിൽ ദേവന്‌ നിവേദ്യമായി അർപ്പിക്കുന്ന ഒന്നാണ് ത്രിമധുരം. മൂന്ന് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന നൈവേദ്യമാണ് ഈ പേരിൽ അറിയപ്പെടുന്നത്. നെയ്യ്, പഞ്ചസാര, തേൻ എന്നിവ ചേർത്തും പഴം, കല്ക്കണ്ടം, തേൻ എന്നിവ ചേർത്തും ത്രിമധുരം ഉണ്ടാക്കാറുണ്ട്. കദളിപ്പഴമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കദളിപ്പഴത്തിനു പകരം മറ്റു പഴങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യങ്ങളിലൊന്നാണ് ത്രിമധുരം. ദുർഗാപൂജാവേളയിലും ത്രിമധുരം നിവേദിക്കാറുണ്ട്. ത്രിപുരഭൈരവി ഹോമങ്ങളിൽ നേദിക്കന്നതിനുമാണ് ഉപയോഗിക്കുന്നത്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തും ത്രിമധുരം തയ്യാറാക്കിവരുന്നു. അർത്ഥശാസ്ത്രം (കൗടില്യൻ), തന്ത്രസമുച്ചയം എന്നിവയിൽ ത്രിമധുരത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.


*തീർത്ഥജലം*


ശുദ്ധമായതും ശുദ്ധീകരിക്കുവാൻ കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നൽകാറുള്ള ജലമാണ് തീർത്ഥജലം. ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം. തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.


*കലശം*


ക്ഷേത്രത്തിലെ ബിംബത്തിൽ ദേവ/ദേവീസാന്നിധ്യം ഉണ്ടാക്കുന്നതിനും, ക്ഷേത്രത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമം. കുടങ്ങളിൽ സംഭരിച്ച ജലത്തെ മന്ത്രപൂർവകമായ കർമങ്ങളോടെ ബിംബത്തിൽ അഭിഷേകം ചെയ്യുന്നു. ഇതിനെയാണ് കലശം എന്ന് പറയുന്നത്.


*അഷ്ടബന്ധം*


ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് . അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു. വ്രതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയിൽ ചേർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞി കൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.


*വഴിപാടു ഗുണങ്ങള്‍*


1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം


2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.


3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍ നിന്ന് മോചനം.


4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ ശമനം


5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി, പാപമോചനം, യശസ്സ്


6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.


7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.


8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മാനസിക സുഖം


9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.


10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി


11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.


12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി, രോഗശമനം.


13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.


14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.


15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.


16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി
17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി


18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍


19. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി


20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.


21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.


22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ തടസ്സ നിവാരണം.


23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ശത്രുനിവാരണം


24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .


25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.


26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.


27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ ഐശ്വര്യം.


28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.


29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം, സന്താനലബ്ധി


30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം


31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ സൌഖ്യം


32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല ആരോഗ്യം


33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി


34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും, വിദ്യക്കും.


35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം നീങ്ങും


36. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം


37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു മുക്തി.


38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം


39. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.


40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി, ദീര്‍ഘായുസ്സ്


41. ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം മാറികിട്ടും


42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി, ദീര്‍ഘായുസ്സ്


43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി


44. മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍ നീങ്ങുന്നു.


45. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു


46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.


47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും


48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ വര്‍ദ്ധന


49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, അഭീഷ്ടശാന്തി.


*അര്‍ച്ചനയും ഫലസിദ്ധിയും*


കുമാരസൂക്ത അര്‍ച്ചന :- സുബ്രഹ്മണ്യ പ്രീതി
സാരസ്വതാര്‍ച്ചന :- വിദ്യാഭിവൃദ്ധി
സ്വസ്തി അര്‍ച്ചന :- യാത്രകളില്‍ കാര്യസിദ്ധി
ഭാഗ്യ അര്‍ച്ചന :- കാര്യസാധ്യം, ധനസമ്പാദനം
ആയുര്‍ അര്‍ച്ചന :- രോഗശമനം, ദീര്‍ഘായുസ്
സംവാദ അര്‍ച്ചന :- ഐക്യമത്യം, സൗഹാര്‍ദ്ദം
ദേവി അര്‍ച്ചന :- ദേവി പ്രീതി
ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി
ശ്രീവിദ്യാമന്ത്രാര്‍ച്ചന :- വിദ്യയില്‍ ഉന്നതി
സ്വയംവര മന്ത്രാര്‍ച്ചന :- വിവാഹതടസ്സം നീങ്ങാന്‍
സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന :- രോഗശാന്തി
ശത്രുസംഹാര മന്ത്രാര്‍ച്ചന :- ശത്രുസംഹാരത്തിന്
ഗുരുതി പുഷ്പാഞ്ചലി :- ആഭിചാരദോഷം നീങ്ങികിട്ടാന്‍
ഗ്രഹപൂജകള്‍ :- ഗ്രഹപിഴ ദോഷശാന്തിക്ക്
രാഹുപൂജ :- സര്‍പ്പദോഷശമനം


നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം. അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.


*ക്ഷേത്രദര്‍ശനത്തിനു പിന്നിലുള്ള ചില രഹസ്യങ്ങള്‍*


ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്.എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
പാദരക്ഷ പുറത്ത്  ക്ഷേത്രമതില്‍ക്കെട്ട പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. പുരുഷന്‍മാരുടെ മേല്‍വസ്ത്രം ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്.


ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം


ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്.


പ്രദക്ഷിണം വെയ്ക്കുന്നതെന്തിന് ?


പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം.  ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ട ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം.  വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്   വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.


ഏത്തമിടുന്നത് ഒരു വ്യായാമമുറയാണ്  നടയ്ക്കു നേരെ നിന്ന് തൊഴരുത്   നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.


ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ?


ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.