Total Pageviews
Blog Archive
Search This Blog
നാഗദൈവങ്ങൾക്കുള്ള വഴിപാടുകൾ എന്തൊക്കെ
വെള്ളരി: നാഗദൈവങ്ങൾക്കുള്ള പ്രത്യേക വഴിപാടാണ് വെള്ളരി. ഉണങ്ങല്ലരി, നാളികേരം എന്നിവ സഹിതം ഭഗവാനു സമർപ്പിക്കുന്നു. നിവേദ്യങ്ങളോടെ പത്മമിട്ട് പൂജ നടത്തുമ്പോഴാണ് വെള്ളരി പൂർണമാവുന്നത്.
നൂറുംപാൽ: മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം എന്നിവ ചേർന്ന മിശ്രിതമാണ് നൂറുംപാൽ. ഇത് നാഗങ്ങൾക്ക് ഏറ്റവും ഇഷ്‌ടമുള്ളതും അമൃതിനു തുല്യവുമാണ്.
സർപ്പരൂപപൂജ: നിത്യപൂജയിൽ ഓരോരുത്തരുടെയും നക്ഷത്രത്തിൽ ഒരു സർപ്പരൂപം വച്ചു നടത്തുന്നതാണ് സർപ്പരൂപപൂജ.
ആയില്യപൂജ: നാഗദൈവങ്ങളുടെ പ്രധാന നക്ഷത്രമാണ് ആയില്യം. ഈ നാളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽ പൂജകളും ഇവിടെ നടക്കുന്നു. മൂന്നുതവണ മുടങ്ങാതെ (വർഷത്തിൽ ഒന്ന്) ആയില്യപൂജ നടത്തുന്നത് സർവൈശ്വര്യത്തിനും ഉദ്ദിഷ്‌ടകാര്യസിദ്ധിക്കും വളരെ ഗുണപ്രദമാകുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഈ മൂന്നു പൂജകളും അനുഷ്‌ഠിക്കുമ്പോൾ സർവവിഘ്‌നങ്ങളും തീർന്ന് ഗുണപ്രാപ്‌തി കൈവരുമെന്നാണ് കണ്ടിരിക്കുന്നത്. സർപ്പദോഷ പരിഹാരമായി ഓരോ ദിവസവും എത്തുന്ന വഴിപാടിന്റെ സമാപന പൂജ അതതു മാസത്തെ ആയില്യം നാളിലാണ്. മംഗല്യഭാഗ്യത്തിനും സർവഭീഷ്‌ടസിദ്ധിക്കും സന്താനലബ്‌ധിക്കും സർവൈശ്വര്യത്തിനും പ്രാർഥിക്കാനായി മാസംതോറുമുള്ള ആയില്യപൂജയ്‌ക്ക് അയൽ സംസ്‌ഥാനങ്ങളിൽനിന്നുപോലും ധാരാളം ഭക്‌തർ എത്തിച്ചേരുന്നു.
പ്രത്യേക ആയില്യപൂജ: ആയില്യം നാളിലല്ലാതെ ഭക്‌തർക്ക് അവരുടെ സ്വന്തം നക്ഷത്രത്തിലോ ഇഷ്‌ടമുള്ള മറ്റു നക്ഷത്രത്തിലോ പ്രത്യേകമായി ആയില്യപൂജ നടത്താം.
സർപ്പദോഷ പരിഹാരപൂജ: സർപ്പദോഷ പരിഹാരാർഥം ദോഷത്തിൽനിന്നു നിവൃത്തികിട്ടാൻ നടത്തുന്ന പൂജയാണ് സർപ്പദോഷപരിഹാരപൂജ. ജ്യോത്സ്യവിധിപ്രകാരം മാത്രമേ സർപ്പദോഷ പരിഹാരപൂജ നടത്താറുള്ളൂ. ശുദ്ധമായ സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ രൂപം നിർമിച്ചു കൊണ്ടുവന്നു നടയ്‌ക്കുവച്ചുവേണം സർപ്പദോഷ പരിഹാരപൂജ നടത്താൻ. രൂപത്തിന് വലിപ്പമോ തൂക്കമോ ബാധകമല്ല.
സർപ്പപ്പാട്ട്: സർപ്പപ്രീതിക്കുവേണ്ടി നാഗദൈവങ്ങളെ സ്‌തുതിച്ചുകൊണ്ട് പുള്ളുവന്മാർ പാടുന്നതാണ് സർപ്പപ്പാട്ട്.
സർപ്പബലി, പായസഹോമം: നാഗദൈവങ്ങളെ സംപ്രീതരാക്കാൻ ഏറ്റവും ഉത്തമമായ പൂജയാണ് സർപ്പബലി. പരശുരാമന്റെ കൽപനപ്രകാരമാണ് സർപ്പങ്ങളെ സ്‌ഥലദേവതകളായി സ്വീകരിപ്പിച്ച് സർപ്പക്കാവുകൾ പണിതീർപ്പിച്ചത്. ഓരോ പറമ്പുകളിലും പ്രത്യേക ചില സ്‌ഥലങ്ങളെ പാമ്പുംകാവുകളാക്കി തിരിച്ച് നാഗപ്രതിഷ്‌ഠ നടത്തുകയും കൊല്ലംതോറും സർപ്പപ്രീതി വരുത്തിക്കൊള്ളണമെന്നും കൽപ്പിച്ചുവത്രേ. ഇപ്രകാരം ചെയ്‌തപ്പോൾ സർപ്പദോഷം തീർന്ന് അഭിവൃദ്ധി പ്രാപിച്ചുവെന്ന് പരശുരാമചരിതത്തിൽ പറയുന്നു.
കാവ് ആവാഹനം: ഹൈന്ദവ തറവാടുകളോടു ചേർന്നുകിടക്കുന്ന പാമ്പുംകാവുകളും അവിടെ നാഗദൈവങ്ങൾക്ക് കാരണവന്മാർ നടത്തിപ്പോന്നിരുന്ന ആചാരാനുഷ്‌ഠാനങ്ങൾക്കും പൂജകൾക്കും തടസ്സങ്ങൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ തറവാട്ടിലെ നാഗങ്ങളെ നാഗരാജ ക്ഷേത്രത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന് നിത്യവും പൂജയും കർമങ്ങളും നൽകി ശാന്തി വരുത്തുന്ന രീതിയാണ് കാവ് ആവാഹനം. അങ്ങനെ ചെയ്‌താൽ ആ തറവാട്ടിലെ (കുലത്തിലെ) ഓരോ കണ്ണികൾക്കും സർപ്പദോഷം തീർന്ന് നാഗദൈവങ്ങൾ സത്സന്താന ലബ്‌ധിക്കും സമ്പത്സമൃദ്ധിക്കും സർവൈശ്വര്യത്തിനും കടാക്ഷിക്കുമെന്നാണ് വിശ്വാസം.
Subscribe to:
Posts (Atom)