ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് തൃശൂരുമായി ചരിത്രപ്രധാനമായ ബന്ധമുണ്ട്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. വിശാലമായ ക്ഷേത്രമതിലകം ഉള്ള വടക്കുംനാഥക്ഷേത്രത്തിന് 20 ഏക്കര്‍ വിസ്താരമുണ്ട്.
മഹാഭാരതംപോലുള്ള ഇതിഹാസങ്ങളിലേയും പുരാണങ്ങളിലേയും കഥാസന്ദര്‍ഭങ്ങളും രൂപങ്ങളും ക്ഷേത്രച്ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് അഭിമുഖമായാണ് പ്രതിഷ്ഠ. ക്ഷേത്രത്തില്‍ മൂന്ന് പ്രധാന പ്രതിഷ്ഠകളുണ്ട്. പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍ എന്നിവയാണ് അവ. ശിവന്റെ പിറകില്‍ കിഴക്കോട്ട് ദര്‍ശനമായി പാര്‍വ്വതിയും ഉണ്ട്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ കാണാം. വടക്കുംനാഥന്റെ പ്രദക്ഷിണവഴി യാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നു. തൃശ്ശൂര്‍ പൂരം നടക്കുന്നത് വടക്കും നാഥന്റെ മുന്നിലുള്ള തേക്കിന്‍കാട് മൈതാനത്താണ്.
വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴുന്ന വിധം എങ്ങിനെ ?
അനേകഭക്തരുടെ പ്രിയ ക്ഷേത്രമാണ് തൃശൂരിലെ വടക്കുംനാഥന്.കേരളത്തിലെ ഏറ്റവും വിസ്താരമേറിയ മതില്ക്കെട്ടുള്ള വടക്കുംനാഥക്ഷേത്രം 108 ശിവാലയസ്തോത്രത്തിലെ പ്രഥമസ്ഥാനം വഹിക്കുന്നതോടൊപ്പം തന്നെ അതില് ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ ഇത്രയും അധികം ദേവതകളും പ്രതിഷ്ഠകളും ഉള്ള ഒരു ക്ഷേത്രം കേരളത്തില് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ആദ്യമായി തൊഴാന് വരുന്നവര്ക്ക് രീതികള് അല്പം സങ്കീർണ്ണമായി തോന്നാം.പ്രധാന ദേവതകൾ വടക്കുംനാഥൻ(ശിവൻ) , പാര്വതി , ശങ്കരനാരായണൻ, ശ്രീരാമൻ എന്നിവയാണ്
*ഉപദേവതകൾ*
ഗണപതി , നരസിംഹമൂര്ത്തി ,
ഗോശാലകൃഷ്ണന് , അയ്യപ്പന് ,
സിംഹോദരന് , പരശുരാമന് ,
നന്ദികേശ്വരന് ,
വാസുകീശയനശിവന് , നൃത്തനാഥന് ,
ഋഷഭന് , വേട്ടേക്കരന് ,
നാഗദൈവങ്ങള് , സുബ്രഹ്മണ്യന് ,
ഹനുമാന് , ആദിശങ്കരന് ,
കാശിവിശ്വനാഥന് ,
ചിദംബരനാഥന് , സേതുനാഥന് ,
ഊരകത്തമ്മ തിരുവടികള് ,
കൂടല്മാണിക്യസ്വാമി ,
കൊടുങ്ങല്ലൂരമ്മ , വേദവ്യാസന് ,
ദക്ഷിണാമൂര്ത്തി ,
പാറമേക്കാവിലമ്മ
വടക്കുംനാഥനില് തൊഴാന് ചില രീതികള് ഉണ്ട്. ഇത്രയധികം പ്രതിഷ്ഠകളും സങ്കല്പ്പങ്ങളും ഉള്ള ക്ഷേത്രമായതിനാല് പലര്ക്കും ഇവിടെ തൊഴേണ്ട
വിധമറിയില്ല. മാത്രമല്ല മേല്പറഞ്ഞ ഉപദേവതകളില് പലതിനും പ്രതിഷ്ഠകള് ഇല്ല
എന്നത് ശ്രദ്ധേയമാണ്. ചിലതിന് വിളക്ക് വയ്പ്പും ആരാധനകളും മാത്രമേ നടപ്പിലുള്ളൂ.
നരസിംഹമൂര്ത്തി ,വാസുകീശയനശിവന് ,നൃത്തനാഥന് ,ഹനുമാന് എന്നീ ദേവതകള്ക്ക് പ്രതിഷ്ഠകള്ക്ക് പകരം ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളില് സങ്കല്പങ്ങള് ആണുള്ളത്. പാറമേക്കാവിലമ്മ വടക്കുംനാഥന്റെ പുറത്ത് കിഴക്ക് പ്രത്യേക ക്ഷേത്രത്തിലും തൊഴേണ്ട വിധം. ചുറ്റമ്പലത്തിന് പുറത്ത് നിന്നും തുടങ്ങണം
ശ്രീമൂലസ്ഥാനത്ത് തൊഴുത് പുറകെ കലിശിലയെ തൊഴുതശേഷം
ഗോശാലകൃഷ്ണനെ തൊഴാം. ശേഷം ഋഷഭനെ വന്ദിക്കാം. ഋഷഭന് എല്ലായ്പ്പോഴും ധ്യാനത്തില് ആയതിനാല് കൈകള് കൊട്ടി ശബ്ദമുണ്ടാക്കി നമ്മുടെ വസ്ത്രത്തില് നിന്നും ഒരു നൂലെടുത്ത് വാതിലില് ഇട്ടിട്ടു വേണം
പ്രാര്ഥിക്കാന്. തുടര്ന്ന് വടക്കേ നടയിലൂടെ അകത്തു പ്രവേശിച്ച് വടക്കുംനാഥനെ തൊഴാം. ശേഷം പടിഞ്ഞാറേ നാലമ്പലത്തില് പോയി നന്ദികേശ്വരന് , വാസുകീശയനശിവന് , നൃത്തനാഥന് എന്നിവരെ തൊഴുതശേഷം വീണ്ടും വടക്കുംനാഥനെ വന്ദിച്ച് കിഴക്ക് നടയില്
പാര്വതിദേവിയെ തൊഴണം. തുടര്ന്ന് ഗണപതിയെ തൊഴുത് , ശങ്കരനാരായണനെ തൊഴുത് , ശ്രീരാമനെ തൊഴുക. ശേഷം സൂര്യനമസ്കാരം ചെയ്തു വടക്കുംനാഥന് , പാര്വതി , ഗണപതി , ശങ്കരനാരായണന് ,
ശ്രീരാമന് ഇവരെ രണ്ടു തവണ കൂടി ഇതേ രീതിയില് തൊഴുത് മൂന്നു
തവണ പൂര്ത്തിയാക്കുക. അതിനു ശേഷം വീണ്ടും പുറത്തേക്ക്
കടക്കാം പുറത്തു കടന്നു പ്രദക്ഷിണം വച്ച് വടക്ക് കിഴക്ക് ഭാഗത്ത് പോയി
പരശുരാമനെ തൊഴുതശേഷം കിഴക്കുള്ള സിംഹോദരനെ
വന്ദിക്കണം. ശേഷം അവിടെ തന്നെ നിന്നുകൊണ്ട് വടക്ക്
പടിഞ്ഞാറേ ഭാഗത്ത് ത്രികോണാകൃതിയില് ഉള്ള
ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം തൊഴണം. പിന്നീട്
വടക്ക് കിഴക്കോട്ടു നിന്ന് കാശിവിശ്വനാഥനെ തൊഴണം.
കാശിവിശ്വനാഥന് തന്നെയാണ് വടക്കുംനാഥന് എന്നാണ് ഇവിടെ
സങ്കല്പം.
അതിനു ശേഷം വീണ്ടും പ്രദക്ഷിണമായി നടന്ന് തെക്കുകിഴക്ക് മൂലയിലെ തറയില് കയറി നിന്ന് വടക്കോട്ട് തിരിഞ്ഞു ചിദംബരനാഥനെയും
കിഴക്കോട്ടു തിരിഞ്ഞു രാമേശ്വരം സേതുനാഥനെയും
തൊഴണം. ശേഷം തെക്കേഗോപുരനടയില് വന്നു തെക്കോട്ട് തിരിഞ്ഞു നിന്ന്
ഊരകത്തമ്മ തിരുവടികളെയും കൂടല്മാണിക്യസ്വാമികളെയും
തൊഴണം. പിന്നീട് തൊട്ടു പടിഞ്ഞാറുള്ള തറയില് കയറി
തെക്ക് പടിഞ്ഞാറ് നിന്ന് കൊടുങ്ങല്ലൂരമ്മയെ തൊഴണം.
തുടര്ന്ന് വ്യാസശിലയില് വേദവ്യാസനെ മനസ്സില്
ധ്യാനിച്ച് ഹരിശ്രീ ഗണപതയേ നമ: എഴുതിയ ശേഷം മരച്ചുവട്ടില്
ഉള്ള ദക്ഷിണാമൂര്ത്തിയെ നമിക്കണം. അതിനുശേഷം
അയ്യപ്പനെ തൊഴാം. അയ്യപ്പനെ തൊഴുതാല് അതിനു
പുറകിലുള്ള മൃതസഞ്ജീവനിത്തറയില് പോവുക. അവിടെ ഹനുമാന്
സ്വാമി ഉണ്ടെന്നാണ് വിശ്വാസം. ഹനുമാനെ മനസ്സില്
വിചാരിച്ച ശേഷം എന്നും പൂവുള്ള ചെടിയില് നിന്ന് ഒരു പുഷ്പം
എടുത്ത് തലയില് സ്പര്ശിക്കണം. അതിനു ശേഷം വേട്ടേക്കരനെ
തൊഴാന് പോകണം. വേട്ടക്ക് ഹരന് ( കിരാത മൂര്ത്തിയായ
ശിവന് ) എന്നും പറയും. ശത്രുനാശത്തിനു നല്ലതായാണ്
കിരാതമൂര്ത്തിയെ പ്രാര്ഥിക്കുന്നത് എന്നാണ്
വിശ്വാസം. വ്യാസശിലക്ക് മുമ്പ് വേട്ടേക്കരനെ തൊഴുന്നവരും
ഉണ്ട്.
അതിനു ശേഷം നാഗപ്രതിഷ്ഠകള് ആണ്. നാഗരാജാവിനെ തൊഴുത
ശേഷം ആദിശങ്കരനെ തൊഴുതതിനു പുറമേ ശംഖചക്രവും
തൊഴുക. ചിലര് ആദിശങ്കരനെ തൊഴുന്നതിന് മുമ്പ് ശംഖചക്രം
തൊഴുന്നവരും ഉണ്ട്.