നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.
മനസിനെയും ശരീരത്തെയും ശുദ്ധിയാക്കാനുള്ള വ്രത കാലയളവാണ് നവരാത്രി വ്രതകാലം.ഈ സമയത്ത് സൂര്യോദയത്തിനു മുൻപ് കുളിച് നിലവിളക്ക് കൊളുത്തി ദേവി നാമങ്ങൾ ഉരുവിടുക, ലളിതാ സഹസ്ര നാമം ചൊല്ലുക , ദേവി ക്ഷേത്ര ദർശനം നടത്തുക മത്സ്യമാംസാദികൾ വർജിക്കുക.സാധ്യമെങ്കിൽ അരിഭക്ഷണം ഒരു നേരമായി ചുരുക്കുക...വ്രതം അനുഷ്ഠിക്കുന്നവർ ഭക്ഷണത്തില്‍ മാത്രമല്ല വാക്കിലും പ്രവൃത്തിയിലും ശുദ്ധിയുണ്ടാവണം.ഒൻപതു ദിവസം അടുപ്പിച്ചു ദേവീക്ഷേത്രത്തിൽ കുളിച്ചു തൊഴുന്നതും ശ്രേഷ്ഠമാണ്.ദേവീപ്രീതിയിലൂടെ സർവ ഐശ്വര്യത്തിനു നവരാത്രി വ്രതം കാരണമാവും.ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്.
വിദ്ധാർത്ഥികൾ മാത്രമല്ല ഈ വ്രതം ആചരിക്കേണ്ടത് ഏതു പ്രായത്തിലുള്ളവർക്കും മാതൃ സ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി ഒൻപതു ദിവസം നീണ്ട് നിൽക്കുന്ന ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ് . ഇനി ഒൻപതു ദിവസം അനുഷ്ഠിക്കാൻ സാധിക്കാത്തവർ 7 , 5 , 3 ,1 എന്നുള്ള ക്രമത്തിലും അനുഷ്ഠിക്കാവുന്നതാണ്. നമ്മുടെ കേരളത്തിൽ സപ്തമി,അഷ്ടമി , നവമി എന്നി ദിവസങ്ങളിൽ ആണ് കൂടുതൽ പേർ വ്രതം അനുഷ്ഠിക്കുന്നത് .
കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. ഇതോടനുബന്ധിച്ചു കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ മൂകാംബികാക്ഷേത്ര ദർശനത്തിനായി കൊല്ലൂരിലേക്ക് മലയാളികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്. കേരളത്തിൽ കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ് ,എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര തുടങ്ങി അനേകം ക്ഷേത്രങ്ങളിൽ നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ മറ്റു ചിലർ ശ്രീരാമൻ രാവണനെ വിജയിച്ചതിന്റെ ഓർമ്മക്കായും ആഘോഷിക്കുന്നു. മൈസൂർ ചാമുണ്ഡി ക്ഷേത്രത്തിലെ ദസ്സറ പ്രസിദ്ധമാണ്. കേരളത്തിൽ ഇത് സരസ്വതീ പ്രധാനമാണ്. പൂജവെപ്പും വിദ്യാരംഭവും ഇതോട് അനുബന്ധിച്ചു നടക്കുന്നു.
കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് സർവ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ടിക്കുവാൻ വിധിയുണ്ട്. കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് (പൂജ വെയ്പ് മുതൽ പൂജയെടുപ്പുവരെ) ആചരിക്കുന്നത്. ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീ ഭാഗവതം, ദേവീമാഹാത്മ്യം, കാളികാ പുരാണം, മാർക്കണേഡേയ പുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.
ത്രികാലം പൂജയേദ്ദേവിം ജപസ്തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.
ഈ ദിവസത്തെ സായാഹ്നത്തിലാണ് പണി ആയുധങ്ങളും പുസ്തകങ്ങളും പൂജ വയ്ക്കുന്നത്. പരാശക്തിയെ ദുർഗ്ഗയായി അന്ന് ആരാധിക്കുന്നു.
പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. ഭഗവതിയെ ഐശ്വര്യദേവതയായ മഹാലക്ഷ്മിയായി ആരാധിക്കുന്നു.
കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തിൽ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ദുർഗ്ഗയുടെ വിജയ സൂചകമായ ഈ ദിനം ക്ഷത്രിയർ പ്രധാനമായി കരുതുന്നു. അന്ന് പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു.
ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ
എന്നാണ് പ്രമാണം. സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യ നാളാണിത്. വിദ്യാരംഭം മുതലായ ശുഭ കർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു.