വാരനാട്ട് നാരായണ കുറുപ്പ്

അനുഷ്ഠാനകലയിൽ കുലപതി , കാളീവേഷത്തിലെ കാരണവർ, വാരണാട്ട് ശ്രീ നാരായണക്കുറുപ്പ് , വിശ്വാസത്തിൻ്റെയും ആചാരഅനുഷ്ഠാനത്തിൻ്റെയും സാഫല്യത്തിൻ്റെയും പശിമയുള്ള കൊരട്ടി വാരണാട്ട്കളരിയിൽ കുടുംബപാരമ്പര്യമായി പകർന്ന് കിട്ടിയ ദൈവീകകലയെ ജീവശ്വാസമായി നെഞ്ചോട് ചേർത്ത് പിടിച്ച് പ്രായത്തിൻ്റെ അവശതയിലും അത് വകവയ്ക്കാതെ കലാരംഗത്ത് ഇന്നും പ്രവർത്തിച്ചു വരുന്നു വാരണാട്ട് നാരായണക്കുറുപ്പ് ,

പാരമ്പര്യത്തിൻ്റെ ഉത്തുംഗശൈലയിൽ മുടിയേറ്റിൻ്റെ കാരണവരായി അറിയപെടുമ്പോഴും അദ്ദേഹത്തിന് കേന്ദ്ര, സംസ്ഥാനതലത്തിൽ നിന്ന് ഇതുവരെ ഒരു അംഗീകാരവും ആദരവും ലഭിച്ചിട്ടില്ല എന്ന് കേട്ടപ്പോൾ ആശ്ചര്യം തോന്നി, പതിനാലാംവയസിൽ അമ്മാവൻ വാരണാട്ട് ശങ്കരൻ രാമക്കുറുപ്പിൻ്റെ ശിഷ്യനായി മുടിയേറ്റിൽആരംഭം കുറിച്ചു,

പതിനാറാംവയസിൽ കാലടിമറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കാളിവേഷം കെട്ടിയാടി അരങ്ങേറ്റം, പിന്നീടങ്ങോട്ട് പതിറ്റാണ്ടുകളോളം കാളിയായി മുടിയേറ്റിൽ നിറഞ്ഞാടിയ അദ്ദേഹം കാണികളെ ഭക്തിയുടെ കൊടുമുടിയിലെത്തിച്ചു, മുഖത്തെഴുതി ശിരസ്സിലേക്ക് ഭഗവതിയുടെ തിരുമുടി വെയ്ക്കുന്നതോടുകൂടി അദ്ദേഹം സാക്ഷാൽ ഭദ്രകാളിയായി മാറുകയാണ്.

അസുരവാദ്യത്തിൻ്റെയും തീവെട്ടി, പന്തങ്ങൾ എന്നിവയുടെ അകമ്പടിയോടെ ദാരികനിഗ്രഹത്തിനായി ഭദ്രകാളി ശബ്ദകോലാഹലങ്ങളോടെ എഴുന്നള്ളുമ്പോൾ ഭക്തജനങ്ങൾ ഭയഭക്തിയാൽ രണ്ടടി പിന്നോക്കം മാറും, മുത്തശ്ശിമാർ തൊഴുകൈയ്യോടെ ഭഗവതീയെന്ന് വിളിച്ച് പ്രാർത്ഥിച്ച് നിക്കും, കുട്ടികളാണെങ്കിൾ ഉഗ്രരൂപംകണ്ട് ഭയത്താൽ മുഖത്തേക്ക് നോക്കാനാകാതെ  കണ്ണുപൊത്തി പിടിക്കുന്നതും കാണാം, വേഷം കെട്ടി കഴിഞ്ഞാൽ പിന്നെ അദ്ദേഹം കാളിയായി പരകായപ്രവേശം ചെയ്യുകയാണ്,

മുടിയേറ്റ് കണ്ടിട്ടുള്ളവർക്ക് അത് അറിയാൻ സാധിക്കും , പത്ത് വർഷം മുമ്പ് വാരണാട്ട്നാരായണ കുറുപ്പ് കാളിയായി വേഷം കെട്ടിയ മുടിയേറ്റ് നേരിൽ കണ്ടിട്ടുണ്ട്, അന്ന് ആദ്യവസാനം വരെ കണ്ടിരുന്നു, കാളിവേഷം ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു,  'തനിയാവർത്തനം' എന്ന ചലച്ചിത്രത്തിൽ നായക കഥാപാത്രത്തെ സ്വപ്നത്തിൽ വന്ന് ഭയപ്പടുത്തുന്നതും സിനിമയുടെ അവസാനം നായകൻ്റെ മകൻ നോക്കി നിക്കുന്നതും വാരണാട്ട് നാരായണക്കുറുപ്പ് കെട്ടിയാടിയ മുടിയേറ്റിലെ ഭദ്രകാളിയാണ്,

സിനിമക്കു വേണ്ടി അന്ന് ചുമ്മാ വേഷം കെട്ടിയാടിയതല്ല, മുടിയേറ്റ് അങ്ങനെ ഒരിക്കലും കെട്ടിയാടാനും കഴിയില്ല. കൃത്യമായി ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് പൂജകളും നടത്തി മണ്ണാർക്കാട്ടുള്ള പാലിയത്തച്ഛൻ്റെ പതിനാറുകെട്ടിൽ വെച്ചായിരുന്നു മുടിയേറ്റ് നടത്തിയത്, ബാബു നമ്പൂതിരിയാണ് അന്ന് പൂജയ്ക്ക് മേൽനോട്ടം വഹിച്ചത്, പൂജകൾ എല്ലാം കഴിഞ്ഞ ശേഷമാണ് സിനിമാപ്രവർത്തകരെ പ്രവേശിപ്പിച്ചത്,

ഏഴാംക്ലാസ് മലയാള പാഠപുസ്തകത്തിൽ കേരള അനുഷ്ഠാനകലകളെ പരിചയപ്പെടുത്തുന്ന പേജിൽ മുടിയേറ്റ് ചിത്രം വാരണാട്ട് നാരായണക്കുറുപ്പാണ്,  എൻപത്തിരണ്ട് വയസ് കഴിഞ്ഞ അദ്ദേഹത്തിന് പ്രായത്തിൻ്റെ അവശതകൾ ഉണ്ട്,  കഴിഞ്ഞകുറച്ച് കാലങ്ങളായിട്ട് കാളിവേഷം അഴിച്ചു വെച്ചു, വേഷം കെട്ടുന്നില്ലെങ്കിലും കളമെഴുത്തുപാട്ടിൽ അദ്ദേഹം സജീവമായി തന്നെ രംഗത്തുണ്ട്, അദ്ദേഹത്തിൻ്റെ മകൻ വാരണാട്ട്  രമേശ് ക്കുറുപ്പ് ആണ് ഇപ്പോൾ കാളിവേഷം കെട്ടുന്നത്.

മുടിയേറ്റ്:

മധ്യകേരളത്തിലെ ഭദ്രകാളികാവുകളിൽ അതിപ്രാചീനകാലം മുതൽ നടത്തിവരുന്ന അനുഷ്ഠാനകലയാണ് മുടിയേറ്റ്, കാളി-ദാരികയുദ്ധമാണ് മുടിയേറ്റിലെ ഇതിവൃത്തം, തൃശൂർ ജില്ലയിലെ കൊരട്ടി വാരണാട്ട് കളരിയാണ് മുടിയേറ്റിൻ്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത്, വാരണാട്ട് ക്കുറുപ്പുമാരാണ് പാരമ്പര്യമായി മുടിയേറ്റ് വേഷം കെട്ടിയാടുന്നത്,

ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായി നിരവധി മുടിയേറ്റ് സംഘങ്ങൾ ഉണ്ട്, കളമെഴുത്ത്പ്പാട്ട്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ,  കളംമായ്ക്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ, പനയോല കൊണ്ട് കളം മായ്ച്ചതിനു ശേഷമാണ് മുടിയേറ്റ് അരങ്ങേറുക,  അരങ്ങുകേളി, അരങ്ങുവാഴ്ത്തൽ, ദാരികൻ്റെയും കാളിയുടെയും പുറപ്പാട്, കാളി - ദാരികയുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്,

ചെണ്ടയും ഇലത്താളവും ആണ് പ്രധാനവാദ്യങ്ങൾ, കൂടാതെ വീക്കൻ ചെണ്ടയും ഉപയോഗിക്കുന്നു, കത്തിച്ച് വെച്ച വലിയ നിലവിളക്കിന് മുന്നിലാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്, തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു, 

കമനീയമായ ആടയാഭരണങ്ങളും ഘനമുള്ള മുഖത്തെഴുത്തും വലിപ്പമുള്ള മുടിയും മുടിയേറ്റിൻ്റെ പ്രത്യേകതകളാണ്, മുടിയേറ്റിൽ ഭദ്രകാളിയെ അനുഗമിച്ച് കോയിമ്പർ നായരും കൂളിയും എന്ന കഥാപാത്രങ്ങളും ഉണ്ടായിരിക്കും,

മുടിയേറ്റിൻ്റെ വസ്ത്രധാരണത്തിൽ പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്, കൊരട്ടി ശൈലിയിൽ മാറ്റുകൊണ്ട് ഉത്തരീയം കെട്ടി അതിൻ്റെ മീതെ പലക കൊണ്ട് ഉണ്ടാക്കിയ മുല മാറ് വെയ്ക്കും,  മാറിടം പ്രദർശിപ്പിക്കും, തെക്കൻ കേരളത്തിൽ മുഴുവൻ ഭാഗവും പട്ടുവസ്ത്രം ധരിക്കും, മാറിടം പ്രദർശിപ്പിക്കില്ല,

കൊരട്ടി ശൈലിയിൽ ദാരികൻ്റെ വേഷം ഇന്നത്തെ കഥകളി വേഷത്തോട് സാമ്യമുള്ളതാണ്, കഥകളി വേഷവും കൂടിയാട്ടവേഷവും എല്ലാം മുടിയേറ്റിൽ നിന്ന് കടം കൊണ്ടതാണ്, രണ്ടായിരംവർഷത്തെ പഴക്കമാണ് മുടിയേറ്റ് എന്ന കലാരൂപത്തിന് കണക്കാക്കുന്നത്, പന്ത്രണ്ടാംനൂറ്റാണ്ടിൽ രൂപം കൊണ്ട കൂടിയാട്ടം മുടിയേറ്റ് വേഷത്തിൻ്റെ അരയ്ക്ക് താഴെ ഭാഗവും പതിനേഴാം നൂറ്റാണ്ടിൽ ഉത്ഭവിച്ച കഥകളി മുടിയേറ്റിൻ്റെ അരയ്ക്കു മുകളിലെ വേഷവും കടം കൊണ്ടു എന്നാണ് പറയപ്പെടുന്നത്,


2010 ൽ യുനസ്കോയുടെ അംഗീകാരം മുടിയേറ്റിന് ലഭിച്ചു,


എന്നാൽ സംസ്ഥാനസർക്കാരിൽ നിന്നോ കേന്ദ്രസർക്കാറിൽ നിന്നോ മുടിയേറ്റിൻ്റെ കുലപതി എന്ന നിലയ്ക്ക് വാരണാട്ട് നാരായണക്കുറുപ്പിന് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയിട്ടുണ്ട്,

നിലവിൽ മുടിയേറ്റ് അന്യം നിന്ന് പോകുന്ന കലകളുടെ പട്ടികയിലാണ്, കേരളത്തിലെ ഏറ്റവും പുരാതനമായ അനുഷ്ഠാനകല അന്യം നിന്നുപോകാതിരിക്കാൻ സംസ്ഥാന തലത്തിൽ നിന്ന് അതിന് വേണ്ടുന്ന പ്രോത്സാഹനവും അംഗീകാരവും കലാകാരൻമാർക്ക് ലഭിക്കണം, മുടിയേറ്റ് എന്ന കലാരൂപത്തെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാനും മുടിയേറ്റിൻ്റെ കാരണവരായ വാരണാട്ട് നാരായണക്കുറുപ്പിന് അർഹിക്കുന്ന അംഗീകാരം നേടികൊടുക്കുന്നതിനും കേരളത്തിൽ നിന്ന് ഉത്തരവാദിത്യപ്പെട്ടവർ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു,

മുടിയേറ്റിനെ പറ്റി വാരണാട്ട് നാരയണക്കുറുപ്പ് രചിച്ച ഗ്രന്ഥമാണ് 'മുടിയേറ്റ് ആചാരവും അനുഷ്ടാനവും', കിഴക്കെ വാരണാട്ട് മുടിയേറ്റ്കളരി സംഘം എന്ന പേരിലുള്ള അദ്ദേഹത്തിൻ്റെ കളരിയിൽ അനവധി ശിഷ്യൻമാർ മുടിയേറ്റ് പരിശീലിക്കുന്നുണ്ട്, മുടിയേറ്റിനെ സംബന്ധxരമേശ് കുറുപ്പിൻ്റെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു .

രമേഷ് കുറുപ്പ് - 9895009433.

(തയ്യാറാക്കിയത് - അനീഷ് )