Total Pageviews

Blog Archive

Search This Blog

ധര്‍മാനുഷ്ഠാനം



രണ്ടുതരത്തിലാണ് ഈ ധര്‍മാനുഷ്ഠാനം. ഒന്നു വര്‍ണത്തെച്ചൊല്ലി, പിന്നത്തേത് ആശ്രമത്തെച്ചൊല്ലിയും. അതില്‍ ദ്വിജന്മാരായവര്‍ക്കെല്ലാം യാഗം, വേദാധ്യയനം, ദാനം എന്നിവ ഒരുപോലെതന്നെ.
ഈശ്വരനെ ഉദ്ദേശിച്ചു ചെയ്യുന്നതൊക്കെ യജ്ഞയാഗത്തില്‍പ്പെടും. വേദാദികള്‍ മുറപോലെ അധ്യയനം ചെയ്തുവരുന്നതും ഒഴിച്ചുകൂടാത്തതാണ്. രക്തവിവാഹബന്ധത്തില്‍പ്പെടാത്തവര്‍ക്ക് ഉപയോഗിയ്ക്കാനായി സ്‌നേഹപൂര്‍വം നല്കുന്നതെന്തും ദാനമാണ്.
ദാനത്തിന് ഏറ്റവും നല്ലതും ഉചിതവുമായ ഇനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. വീട്ടില്‍ ഉപയോഗശൂന്യമായവ സ്ഥലമൊഴിയ്ക്കാന്‍വേണ്ടി ആര്‍ക്കെങ്കിലും നല്കുന്നതു ദാനമാവില്ല.
നല്ല സാധനങ്ങള്‍ നല്ല മനസ്സോടെ സ്‌നേഹവിനയപൂര്‍വം തിരഞ്ഞെടുത്തു സ്വീകര്‍ത്താക്കള്‍ക്കു സന്തോഷംതോന്നുംവിധം നല്കയാണ് വേണ്ടത്. അങ്ങനെവരുമ്പോള്‍ ദാതാക്കളുടെ മനസ്സ് എത്ര ഉദാത്തവും വിശാലവുമാകുമെന്ന് ഒന്നാലോചിച്ചുനോക്കുക.
ബ്രാഹ്മണക്ഷത്രിയവൈശ്യന്മാരെല്ലാം ഒരുപോലെ അനുവര്‍ത്തിയ്‌ക്കേണ്ടതാണ് യാഗാധ്യയനദാനങ്ങള്‍. ബ്രാഹ്മണനു വിശേഷവിധിയായുള്ള മൂന്നെണ്ണം യാജനം (യാഗം ചെയ്യിയ്ക്കല്‍) അധ്യാപനം (വേദം പഠിപ്പിയ്ക്കല്‍) പ്രതിഗ്രഹം (മറ്റുള്ളവരില്‍നിന്നു സമ്മാനമോ സമര്‍പ്പണമോ വാങ്ങല്‍) എന്നിവയത്രെ. സ്വന്തമായ തൊഴിലും വരുമാനവും ഇല്ലെന്നുവന്നാല്‍, ആരെങ്കിലും ആദരവോടെ നല്കുന്നതു സ്വീകരിയ്‌ക്കേണ്ടിവരുന്നതു സ്വാഭാവികമാണല്ലോ.

അധ്യയനത്തില്‍ പൂര്‍ണസമയം വിനിയോഗിയ്ക്കുന്നവര്‍ക്കേ അധ്യാപനം നടത്താനാകൂ. കുടത്തിലൊഴിച്ച വെള്ളം നിറഞ്ഞുകവിയുന്നതുപോലെയാകണം, പഠിച്ചതു തന്നില്‍ നിറഞ്ഞശേഷം മറ്റുള്ളവര്‍ക്കുവേണ്ടി പുറത്തേയ്ക്കു പ്രവഹിയ്ക്കുന്നതും.
ഇതു സാധിയ്ക്കുന്നവരുടെ സംഖ്യ ചുരുക്കമേ ആകൂ. ഒരധ്യാപകന് അനേകംപേരെ പഠിപ്പിയ്ക്കാം. ബ്രാഹ്മണനില്‍ യാജനം, അധ്യാപനം, പ്രതിഗ്രഹം എന്നിവ ഒരുമിച്ചുപോകുന്നു. ബ്രാഹ്മണവൃത്തിയെ സംബന്ധിച്ചിടത്തോളമുള്ള നിബന്ധനകളാണിത്.

യജിപ്പിയ്ക്കലും പഠിപ്പിയ്ക്കലും നടത്തുന്ന ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആദരണീയരും ഉപദേഷ്ടാക്കളുമാവുന്നതു സ്വാഭാവികമാണ്. ഈ മഹദ്ദൗത്യം, സ്ഥാനം, നിലനിര്‍ത്തത്തക്കവിധമുള്ള ചര്യയാകണം ബ്രാഹ്മണന്റേത്.
മറ്റുള്ളവര്‍ക്ക് ആദരണീയനായവന്‍ അവരുടെ മുമ്പില്‍ അപേക്ഷയുംആവശ്യങ്ങളുമായി നില്ക്കരുതെന്നതു നിര്‍ബന്ധമാണ്. ഒരുവന്‍ തന്റെ സ്വാതന്ത്ര്യത്തിലും നിരപേക്ഷതയിലുമാണ് മറ്റുള്ളവരുടെ മുമ്പില്‍ ശ്രേഷ്ഠനാകുക. ദാസ്യം ശ്രേഷ്ഠതയെ ഹനിയ്ക്കുന്നതത്രെ. അങ്ങനെ വരുമ്പോള്‍ പലതും ആലോചിയ്‌ക്കേണ്ടിവരുന്നു.
ക്ഷത്രിയര്‍ക്കുള്ള ആപദ്ധര്‍മം സാധാരണ ക്രമങ്ങളും സാഹചര്യങ്ങളും അപകടത്തിലാകുന്ന വേളകളുണ്ടാകാം. പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധി, അരാജകത്വം ഇങ്ങനെ പലതും അസംഭാവ്യമല്ല. തത്ഫലമായി വ്യവസ്ഥക്കേടുകള്‍ പിണയുമ്പോള്‍, അതില്‍ എല്ലാകൂട്ടരും ഇരയായേയ്ക്കും. അപ്പോഴൊക്കെ ആരെന്തു ചെയ്യും, ചെയ്യാം എന്നു ധര്‍മശാസ്ത്രത്തിനു വ്യക്തമാക്കേണ്ടിവരുന്നു.
ആപത്കാലങ്ങളില്‍ അനുവര്‍ത്തിയ്‌ക്കേണ്ട വ്യതിയാനക്രമങ്ങള്‍ക്കു തത്ത്വചിന്തകര്‍ രൂപംനല്കിയത് ഇങ്ങനെയാണ്.
അത്തരം ചുറ്റുപാടുകളിലും ക്ഷത്രിയനു പ്രതിഗ്രഹം വയ്യ; എന്നാല്‍ പ്രജാപാലനത്തിന്റെ ഭാഗമായി ജനങ്ങളുടെ വരുമാനം കണക്കിലെടുത്തുകൊണ്ട് അതില്‍ നികുതി ചുമത്തി വസൂലാക്കാം. പക്ഷേ വരുമാനജീവിതം നയിയ്ക്കാത്ത ബ്രാഹ്മണരെ ഇതില്‍നിന്ന് ഒഴിവാക്കണം. എത്ര ഉചിതമാണ് ഇത്തരം നികുതിമാനദണ്ഡം!
വരുമാനത്തിനല്ലാതെ പരോപകാരപ്രദമായിമാത്രം പ്രവര്‍ത്തിയ്ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയില്ലെന്ന വ്യവസ്ഥ ഇന്നും നിലവിലുള്ളതിന്റെ വേരുകള്‍ ഈ ആദിമതത്ത്വചിന്തയിലാണെന്നു മനസ്സിലാക്കാന്‍ വിട്ടുപോകരുത്.
വൈശ്യശൂദ്രവൃത്തികളേവ വൈശ്യവൃത്തിയാണ് കൃഷിയും വാണിജ്യവും. ജീവിയ്ക്കുന്നവര്‍ക്കെല്ലാം ഭക്ഷണപദാര്‍ഥങ്ങള്‍ വേണമല്ലോ. ഇതിനു കൃഷിഭൂമികളുള്ളേടത്തൊക്കെ ചെറുതും വലുതുമായ തോതില്‍ വിളയിറക്കേണ്ടിവരും. ബഹുമുഖമാണ് ഈ പ്രവൃത്തി.
ഇതുപോലെതന്നെ ഉടുക്കാനുള്ള വസ്ത്രവും, ജീവിതം സുഗമമാക്കാനുള്ള സാമഗ്രികളും ഉത്പാദിപ്പിയ്ക്കണം. അപ്പോഴേ സമാജത്തിനു കെട്ടുറപ്പു വരൂ.
കാര്‍ഷികവ്യവസായോത്പന്നങ്ങളെ അതാതിടങ്ങളില്‍നിന്നും സംഭരിച്ചു ജനങ്ങള്‍ അധിവസിയ്ക്കുന്നിടങ്ങളിലേയ്ക്ക് എത്തിച്ചുകൊടുക്കണം. കൃഷിയും വാണിജ്യവും ഒരുമിച്ചു പോകുന്നവയത്രെ. ഇതുരണ്ടും വൈശ്യന്നുള്ളതാണ്.
ഈ മൂന്നിലും പെടാതിരിയ്ക്കുന്നവരുണ്ടാകും. ബാക്കിയുള്ള മൂന്നുവിഭാഗക്കാരേയും ആത്മാര്‍ഥമായി സേവനംചെയ്തു സഹായിയ്ക്കുന്നതാണ് അവരുടെ ദൗത്യം. അവര്‍ക്കുവേണ്ട ജീവനോപായം അതുവഴി ലഭിയ്ക്കയും ചെയ്യും.
ഓരോരുത്തരും ആര്‍ക്കു സേവനംചെയ്യുന്നുവോ, ആ യജമാനന്റെ ചുമതലയാണ് സേവകന്നുള്ള ജീവനോപായം ലഭ്യമാക്കല്‍. ഇതില്‍ ബന്ധപ്പെട്ടവര്‍ അശ്രദ്ധ വരുത്തിക്കൂടെന്നു വ്യക്തം. ഈ കര്‍ത്തവ്യനിബന്ധനകള്‍ പാലിയ്ക്കവഴിയേ സമാജത്തിനു ഭദ്രത ഉറപ്പുവരൂ.
ഇങ്ങനെ നാലു വകുപ്പുകളായി ജനങ്ങള്‍ നില്ക്കുന്നതു കാണാം. പ്രകൃ തിരചനയായ ഈ വിഭജനം മനുഷ്യരെ പാരസ്പര്യവും പൂരകത്വവും നല്കി നിലനിര്‍ത്തുന്നു.