ക്ഷേത്രത്തിനു
വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനക്കായി സന്ധ്യാനാമജപം വേണം.
ദേവാരാധനയില്‍ അവശ്യംവേണ്ട പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം, (ആകാശം),
ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം -
ചന്ദനാദികള്‍ (പൃഥ്വി) എന്നിതേരയും വീട്ടിലെ അനുഷ്ഠാനങ്ങളിലും
നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും
സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം
എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.
പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന
ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി
വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു
തുല്യമാകയാല്‍ ഭദ്രദീപമായി. അതിനു ദിവസവും നിര്‍മ്മാല്യവും വിധിയുണ്ട്.
വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു
താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം.
നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.
ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. ഒറ്റത്തിരിയിട്ടു
കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി
ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു
വിധിയുണ്ട്. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും
നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി
വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും
പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു
കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍
കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി
ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ
പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍
ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.
നിലവിളക്കു കൊളുത്തുന്നതോടൊപ്പം
"ദീപം ജ്യോതി പരബ്രഹ്മഃ
ദീപം ജ്യോതിസ്തപോവനം
ദീപേന സാദ്ധ്യതേ സര്‍വ്വം
സന്ധ്യാദീപം നമോ നമഃ
ശിവം ഭവതു കല്ല്യാണം ആയുരാരോഗ്യവര്‍ദ്ധനം
മമ ദുഃഖഃ വിനാശായ സന്ധ്യാദീപം നമോ നമഃ" എന്നു ജപിക്കണം.
നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ
അരുത്. എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി
കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി. വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം
ഉപയോഗിക്കാം. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ
നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.