Total Pageviews

Blog Archive

Search This Blog

THULASI (തുളസി)


ഹിന്ദുക്കള്‍ ദിവ്യവും പരിപാവനവുമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തുളസിക്ക് ദേവാര്‍ച്ചനകളില്‍ വളരെ പ്രാധാന്യമുണ്ട്. ശ്രീകൃഷ്ണന്റെ സഖാവായ സുദാമാവിന് രാധാ ശാപംമൂലം അസുരവംശത്തില്‍ ജനിക്കേണ്ടതായിവന്നു. വിഷ്ണുഭക്തനായ ദംഭാസുരന്റെ തപഃശക്തിയുടെ ഫലമായി അദ്ദേഹത്തിന്റെ പുത്രനായി സുദാമാവ് അസുരവംശത്തില്‍ ജനിച്ചു. ശംഖചൂഡന്‍ എന്നപേരിലാണ് ആ അസുരവംശജാതന്‍ അറിയപ്പെടുന്നത്.
പ്രായമായപ്പോള്‍ ശംഖചൂഡന്‍ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. വിധാതാവ് അസുരന്‍ ആവശ്യപ്പെട്ട വരങ്ങള്‍ നല്‍കി. ദേവന്മാരെ ജയിക്കുവാനുള്ള വരമാണ് ശംഖചൂഡന്‍ ആവശ്യപ്പെട്ടത്. ആ വരം നല്‍കി അനുഗ്രഹിച്ചു.
മാത്രമല്ല ജഗന്മംഗളകരവും ദിവ്യവുമായ ശ്രീകൃഷ്ണ കവചവും നല്‍കി. ബദര്യാശ്രമത്തില്‍ പോകുവാനും അവിടെ തപസ്സനുഷ്ഠിക്കുന്ന തുളസിയെ ദര്‍ശിക്കുവാനും ബ്രഹ്മാവ് കല്‍പ്പിച്ചു. ധര്‍മധ്വജന്റെ പുത്രിയായ തുളസി വിഷ്ണുവിനെ പതിയായി ലഭിക്കുവാനാണ് തപസ്സനുഷ്ഠിച്ചിരുന്നത്.
ബ്രഹ്മാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ശ്രീകൃഷ്ണ കവചവും ധരിച്ച് ബദര്യാശ്രമത്തില്‍ പോയ ശംഖചൂഡന്‍ തുളസിയെ കണ്ടു. അവര്‍ പരസ്പരം സംഭാഷണം നടത്തി. അപ്പോള്‍ ബ്രഹ്മാവ് അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്താലും അനുഗ്രഹത്താലും ശംഖചൂഡനും തുളസിയും ഗാന്ധര്‍വ്വ വിധിപ്രകാരം വിവാഹിതരായി. വരപ്രസാദത്താല്‍ അനുഗ്രഹീതനായി എത്തിയ ശംഖചൂഡനെ അസുരന്മാര്‍ രാജാവായി അഭിഷേകം ചെയ്തു.
ദേവദാനവരുടെ മത്സരകഥകള്‍ ഗുരുവായ ശുക്രാചാര്യരുടെ മുഖത്തുനിന്ന് ശ്രവിച്ച ശംഖചൂഡന്‍ വലിയ സൈന്യത്തോടുകൂടി ചെന്ന് മൂന്നുലോകവും പിടിച്ചെടുത്തു. ദേവന്മാരുടെ അധികാരങ്ങളെല്ലാം സ്വയം ഏറ്റെടുത്തു.
ശംഖചൂഡന്റെ ഭരണം എല്ലാവരും ഇഷ്ടപ്പെട്ടു. പ്രജകള്‍ വളരെ ക്ഷേമത്തോടെ കഴിഞ്ഞു. കാലാകാലങ്ങളില്‍ മഴ പെയ്യുകയും എങ്ങും സമൃദ്ധി ഉണ്ടാവുകയും ചെയ്തു. അധികാരം നഷ്ടപ്പെട്ട ദേവന്മാര്‍ മാത്രം ദുഃഖത്തിലാണ്ടു.
അവര്‍ ബ്രഹ്മദേവനോട് സങ്കടം ഉണര്‍ത്തിച്ചു. അവരെല്ലാവരും കൂടി ശ്രീഹരി വിഷ്ണുവിനെ സമീപിച്ചു. രൗദ്രശൂലത്താല്‍ മാത്രമേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ എന്ന് വിഷ്ണുദേവന്‍ അറിയിച്ചു. അതനുസരിച്ച് എല്ലാവരുംകൂടി ശിവലോകത്തേക്ക് പോയി.
പരാശക്തിയോടൊപ്പം വിരാജിക്കുന്ന ശ്രീപരമേശ്വരനോട് അവര്‍ സങ്കടമുണര്‍ത്തിച്ചു.

സര്‍വ്വജ്ഞനാണല്ലോ ജഗദ് പിതാവ്-ശംഖചൂഡന്റെ പൂര്‍വവൃത്താന്തമെല്ലാം അദ്ദേഹത്തിന് അറിയാം. കൈലാസത്തില്‍ രൗദ്രനായി വസിക്കുന്നത് താന്‍ തന്നെയാണെന്നും അദ്ദേഹത്തിനോട് പറഞ്ഞാല്‍ സങ്കടനിവൃത്തി ഉണ്ടാകുമെന്നുള്ള സദാശിവനിര്‍ദ്ദേശം ശിരസാവഹിച്ചുകൊണ്ട് എല്ലാവരും കൈലാസത്തിലെത്തി.
ദേവന്മാരുടെ ക്ലേശനിവാരണത്തിനുവേണ്ടി രൗദ്രദേവന്‍ ശംഖചൂഡന്റെ സമീപത്തേക്ക് ഒരു ദൂതനെ നിയോഗിച്ചു. ദേവന്മാരില്‍നിന്ന് കരസ്ഥമാക്കിയ രാജ്യവും അധികാരവും തിരികെ നല്‍കണമെന്നും അതിന് തയ്യാറല്ലെങ്കില്‍ യുദ്ധ സന്നദ്ധനാകണമെന്നുള്ളതും ആയിരുന്നു ശ്രീരൗദ്രന്‍ ദൂതന്‍ മുഖേന നല്‍കിയ സന്ദേശം.
പ്രഭാതത്തില്‍ തന്നെ യുദ്ധം ചെയ്യാന്‍ സന്നദ്ധനായി വന്നുകൊള്ളാമെന്നുള്ള അറിയിപ്പ് ദൂതന്‍ മുഖേന ശംഖചൂഡന്‍ നല്‍കി. താന്‍ അടുത്ത ദിവസം മഹാദേവനോട് യുദ്ധത്തിന് പുറപ്പെടുകയാണെന്നുള്ള കാര്യം ശംഖചൂഡന്‍ പത്‌നിയായ തുളസിയോടു പറഞ്ഞു.
അതീവ ദുഃഖിതയായ തുളസിയെ സമാശ്വസിപ്പിച്ചതിനുശേഷം അനന്തരനടപടികള്‍ ആ അസുര രാജാവ് സ്വീകരിച്ചു. അസുരന്മാരുടെ സാന്നിദ്ധ്യത്തില്‍ പുത്രനെ രാജാവായി അഭിഷേകം ചെയ്യുകയും പത്‌നിയെ പുത്രനെ ഏല്‍പ്പിക്കുകയും ചെയ്തു.
ശ്രീപരമേശ്വരന്‍ ഭദ്രകാളിയോടും ഗണേശനോടും സുബ്രഹ്മണ്യനോടുമൊപ്പം വന്‍ സൈന്യത്തോടുകൂടി യുദ്ധഭൂമിയിലെത്തി. ഇരുസൈന്യങ്ങളും തമ്മില്‍ ഘോരമായ യുദ്ധം നടത്തി. ശംഖചൂഡന് പരാജയം സംഭവിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ രൗദ്രദേവന്‍ ശൂലം പ്രയോഗിക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഒരു അശരീരി ഉണ്ടായി. ”ശംഖചൂഡന്റെ കഴുത്തില്‍ ശ്രീകൃഷ്ണ കവചവും ഭാര്യയായ തുളസിക്ക് പാതിവ്രത്യവും ഉള്ളിടത്തോളം കാലം അദ്ദേഹത്തിന് മരണം സംഭവിക്കുകയില്ല.”
ശിവന്റെ പ്രേരണയാല്‍ വിഷ്ണു ഭഗവാന്‍ ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ ശംഖചൂഡന്റെ കഴുത്തില്‍ കിടന്നിരുന്ന ശ്രീകൃഷ്ണ കവചം യാചിച്ചു വാങ്ങി. അന്തഃപുരത്തില്‍ ശംഖചൂഡന്റെ രൂപത്തില്‍ ചെന്ന് തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വരുത്തി.
അനന്തരം രൗദ്ര ഭഗവാന്‍ ശൂലത്താല്‍ ശംഖചൂഡനെ വധിച്ചു. തല്‍ഫലമായി ആ ഭൗതികശരീരം ഭസ്മീകൃതമായി. മഹാദേവന്റെ കാരുണ്യത്താലും അനുഗ്രഹത്താലും ശംഖചൂഡന് ഗോലോകത്തില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞു. ശംഖചൂഡന്റെ അസ്ഥിയില്‍ നിന്നുംഉണ്ടായതാണ് ശംഖ്.
തന്റെ പാതിവ്രത്യത്തിന് ഭംഗം വരുത്തിയത് വിഷ്ണു ഭഗവാനാണെന്നറിഞ്ഞ തുളസി കോപത്താലും ശോകത്താലും അദ്ദേഹത്തെ ശപിച്ചു. തെറ്റൊന്നും ചെയ്യാത്ത ഭക്തനെ നിഗ്രഹിക്കുവാന്‍ പാതിവ്രത്യഭംഗം വരുത്തിയ വിഷ്ണുദേവനെ ‘ശിലാരൂപനായത്തീരട്ടെ’ എന്ന് തുളസി ശപിച്ചു.
കൃപാസിന്ധുവായ ഭഗവാന്‍ ശംഖചൂഡവധത്തിനായി ശിലപോലെയുള്ള മനോഭാവത്തോടുകൂടി പാതിവ്രത്യഭംഗം വരുത്തുകയാണ് ചെയ്തത്. അതുകൊണ്ടാണ് തുളസി അങ്ങനെ ശപിച്ചത്.
പാതിവ്രത്യ ഭംഗം വന്നതിനാലും പതിയുടെ ദേഹവിയോഗം സംഭവിച്ചതിലും ദുഃഖിതയായി തീര്‍ന്ന തുളസിയുടെ വിഷ്ണുദേവന്‍ മഹാദേവനെ സ്മരിച്ചു. മഹാദേവന്‍ പ്രത്യക്ഷപ്പെട്ട് എല്ലാവരേയും അനുഗ്രഹിച്ചു. അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് അദ്ദേഹം നല്‍കിയ തിരുമൊഴികള്‍ ഇതായിരുന്നു.

ഓരോരുത്തരും അവരവരുടെ കര്‍മ്മഫലമാണ് അനുഭവിക്കുന്നത്. വിഷ്ണുഭഗവാനെ പതിയായി ലഭിക്കുവാന്‍ തപസ്സിരുന്ന തുളസിക്ക് ആ സൗഭാഗ്യം അനുഭവിക്കാന്‍ സാധിച്ചു. ഇപ്പോഴുള്ള ശരീരം ഉപേക്ഷിച്ച് ദിവ്യശരീരം സ്വീകരിക്കുവാനും വിഷ്ണുവിനോടൊപ്പം എന്നും എവിടെയും കഴിയുവാനും തുളസിക്ക് സാധിക്കും. ലക്ഷ്മീദേവിക്ക് തുല്യയായി ഭവിക്കും. തുളസിയുടെ ശരീരം പുണ്യനദിയായ ഗണ്ഡകി എന്ന പേരില്‍ ഒഴുകും.
കുറച്ചുകാലത്തിനുശേഷം വൃക്ഷാധിഷ്ഠാന ദേവതയാകും. ദേവാര്‍ച്ചനകളില്‍ തുളസിക്ക് പ്രധാന സ്ഥാനം കൈവരും. ശ്രീഹരി വിഷ്ണു തുളസിയുടെ ശാപത്താല്‍ ഗണ്ഡകീനദിയുടെ സമീപം ഒരു വലിയ ശിലയായിത്തീരും. മൂര്‍ച്ചയുള്ള കീടങ്ങള്‍ ആ പാറമേല്‍ ദ്വാരങ്ങള്‍ നിര്‍മ്മിച്ച് പാറക്കഷ്ണങ്ങള്‍ മുറിച്ച് ഗണ്ഡകി നദിയിലിടും.
അവ സാളഗ്രാമങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധങ്ങളാകും. ആ പാറക്കഷ്ണങ്ങളില്‍ കാണപ്പെടുന്ന ചക്രത്തിന്റെ അടിസ്ഥാനത്തില്‍ ഓരോരോ പേരുകളില്‍ അവ അറിയപ്പെടും. സാളഗ്രാമവും തുളസിയും ശംഖും ഒന്നിച്ച് സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ വിഷ്ണു ഭഗവാന് പ്രിയപ്പെട്ടവരായിത്തീരും.


ഇപ്രകാരം അനുഗ്രഹവര്‍ഷം ചൊരിഞ്ഞതിനുശേഷം മഹാദേവന്‍ അന്തര്‍ധാനം ചെയ്തു. ഭഗവാന്റെ അരുളപ്പാടുപോലെ സാളഗ്രാമവും തുളസിയും ശംഖും ഇന്നും ഭക്തജനങ്ങള്‍ പരിപാവനമായി ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.