Total Pageviews
Blog Archive
Search This Blog
സ്വര്‍ണകാളീശ്വരര്‍ ക്ഷേത്രം - SORNA KALEESWARAR TEMPLE
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ നാട്ടരശന്‍ കോട്ടൈ എന്ന സ്ഥലത്താണ് സ്വര്‍ണകാളീശ്വരര്‍ ക്ഷേത്രം എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന കാളിയാര്‍ കോവില്‍. തിരുകണപ്പേര്‍ എന്നും പറഞ്ഞുവരുന്നു.
ദക്ഷിണ കാളിപുരം, ജ്യോതിവനം, മന്ദാരവനം, ദേവതാരുവനം, ഭൂലോക കൈലാസം, അഗസ്ത്യ ക്ഷേത്രം, മഹാകാളപുരം എന്നിങ്ങനെ പല പേരുകളില്‍ മുന്‍പ് അറിയപ്പെട്ടിരുന്നു ഈ ക്ഷേത്രം. മുക്തിസ്ഥലം എന്നും പേരുണ്ട്.
നിരവധി യോഗികളും മഹര്‍ഷിമാരും എല്ലാം സന്ദര്‍ശിച്ചിട്ടുള്ള വളരെ പാവനമായൊരു പ്രദേശമാണിത്. അഗസ്ത്യമഹര്‍ഷി ഒരിക്കല്‍ ഇവിടെവന്ന് പുണ്യതീര്‍ത്ഥമായ ശിവഗംഗയില്‍ കുളിച്ചിട്ടുണ്ടത്രെ. ശിവന്റെ യഥാര്‍ത്ഥ സ്വരൂപം മഹര്‍ഷി ദര്‍ശിച്ചതും ഇവിടെവച്ചാണെന്ന് പറഞ്ഞുപോരുന്നു.
വിനോദവേളയില്‍ പാര്‍വതീദേവി ശിവന്റെ കണ്ണുകള്‍ അടച്ചുപിടിച്ച് ലോകം മുഴുവന്‍ അന്ധകാരമാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതമനുഭവിക്കുക മൂലം ശിവന്‍ ദേവിയെ ശപിച്ചു. ശാപമോചനം നേടാന്‍ ദേവി ശിവനെ ഭജിക്കാനെത്തിയത് ഇവിടെയാണത്രെ. വിഷ്ണു, ദേവേന്ദ്രന്‍, ബ്രഹ്മാവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ദേവന്മാരെ ശല്യം ചെയ്തുകൊണ്ടിരുന്ന ചണ്ഡാസുരന്‍ എന്നുപേരായ ഒരു അസുരന്‍ ഉണ്ടായിരുന്നു. ഈ അസുരനില്‍ നിന്നുള്ള തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി ഉണ്ടാക്കിത്തരണമെന്നപേക്ഷിച്ച് ദേവന്മാരെല്ലാവരും കൂടി ശ്രീപരമശിവന്റെ മുന്നിലെത്തി. ഭഗവാന്റെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ കാളീദേവിയുടെ മുന്‍പില്‍ ചെന്ന് പ്രശ്‌നം വിശദീകരിച്ചു. അവരുടെ സങ്കടങ്ങള്‍ കേട്ട് മനസ്സലിഞ്ഞ ലോകമാതാവായ ദേവി ഉഗ്രപോരാട്ടത്തില്‍ അസുരനെ വധിച്ചു, ദുരിതങ്ങള്‍ ദൂരീകരിച്ചു. ദേവന്മാര്‍ ആദ്യം കണ്ട സ്ഥലം കണ്ടദേവി എന്നറിയപ്പെടുന്നു. ദേവിക്ക് വസിക്കാനായി ദേവന്മാര്‍ കെട്ടിയ കോട്ട ദേവികോട്ട എന്നും ദേവകോട്ട എന്നും അറിയപ്പെട്ടു. ദേവി അസുരനുമേല്‍ വിജയം കൈവരിച്ച സ്ഥലം വെട്രിയൂര്‍ (ജയിച്ച സ്ഥലം) എന്നും അസുരന്റെ രഥത്തിലെ കൊടിമരം രണ്ടായി മുറിഞ്ഞുവീണ സ്ഥലം കൊടികുളം എന്നും വിജയശ്രീലാളിതയായി മടങ്ങിവരുന്ന ദേവിയുടെ ദേഹത്ത് ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തിയ സ്ഥലം പൂങ്കുടി എന്നും അറിയപ്പെടുന്നു. ബ്രഹ്മഹത്യാ പാപത്തിന് ഇരയായതുകൂടാതെ ദേവിയുടെ നിറം ഭീതിദമായ എണ്ണക്കറുപ്പായി മാറുകയും ചെയ്തു.
അസുരനെ വധിച്ച് തിരിച്ചെത്തിയ ദേവി ഈ സ്ഥലത്ത് വന്ന് ഭഗവാനെ ഭജിച്ച് ശാപമോക്ഷം നേടി സ്വര്‍ണവര്‍ണവും കൈവരിച്ചു ഭഗവാനോടൊപ്പം ചേര്‍ന്നു. ഭഗവാന്‍ കാളീശ്വരര്‍ എന്ന് അറിയപ്പെടുന്നു. കാളീശ്വരര്‍, സോമേശ്വരര്‍, സുന്ദരേശ്വരര്‍ എന്നിവര്‍ക്കായി മൂന്ന് സന്നിധികളുണ്ട്-സൃഷ്ടി, സ്ഥിതി, സംഹാര അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നതായാണ് സൂചന. ദേവിമാര്‍ക്കും വെവ്വേറെ സന്നിധികളാണ്.
വളരെക്കാലം മുന്‍പ് വളക്കിള്ളയാര്‍ എന്നറിയപ്പെട്ടിരുന്ന ഒരു വര്‍ഗക്കാര്‍ അവിടെ താമസിച്ചിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ട തപസ്സിലേര്‍പ്പെട്ട് ശക്തി നേടിയവരാണെന്ന് അവര്‍ അഹങ്കരിക്കുകയും ചെയ്തിരുന്നു. മഹാവിഷ്ണുവിന്റെ പത്‌നിയായ മഹാലക്ഷ്മിപോലും ഒരിക്കല്‍ ഇക്കൂട്ടരുടെ ശാപത്തിനിരയായത്രെ. ശാപമോചനത്തിനായി ദേവിക്ക് കാളിയാര്‍ കോവിലില്‍ വരേണ്ടതായി വന്നു. മഹാവിഷ്ണുവിന്റെ ഏറ്റവും ശക്തിയുള്ള ആയുധമായ സുദര്‍ശനചക്രത്തിന് ഒരിക്കല്‍ ശക്തി നഷ്ടപ്പെട്ടു എന്നും ഈ സ്ഥലത്തുവന്ന് കാളീശ്വര ഭഗവാനെ ഭജിച്ച് ശക്തി വീണ്ടെടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.
ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്ന വെളുത്ത ആനയെ ശിവന്റെ മുഖ്യസഹായിയായ നന്തി ശപിച്ചു-കാട്ടാനയായി കാട്ടില്‍ അലയട്ടെ എന്ന്. ശാപമോചനത്തിനായി ഇവിടെ വന്ന ഐരാവതം സ്വന്തം കൊമ്പുകള്‍കൊണ്ട് ഒരു കുളം കുഴിച്ച് നിത്യവും ഇതില്‍ തീര്‍ത്ഥസ്‌നാനം നടത്തി കാളീശ്വരനെ ഭജിച്ചാണ് ശാപമോചനം നേടിയത്. ആനക്കുളം എന്ന് അര്‍ത്ഥം വരുന്ന ഗജപുഷ്‌കരണി അഥവാ ആനമടു എന്നാണ് ഈ തീര്‍ത്ഥം അറിയപ്പെടുന്നത്. ഈ തീര്‍ത്ഥക്കുളത്തിലെ വെള്ളം ഒരിക്കലും വറ്റുകയില്ല.
കൈലാസത്തില്‍ വച്ച് ശ്രീപരമശിവന്റെ ശാപമേറ്റ ദേവേന്ദ്രന്‍ ഇവിടെവന്ന് നിരവധി ഉത്സവങ്ങളും യാഗാദികര്‍മ്മങ്ങളും നടത്തിയാണ് ശാപമോചനം നേടിയത്. ഇന്ദ്രന്റെ സാന്നിദ്ധ്യം ഓര്‍മിപ്പിക്കുന്ന ഉത്സവം എല്ലാ വര്‍ഷവും തമിഴ് മാസമായ വൈകാശിയില്‍ (മെയ്-ജൂണ്‍) നടത്തിവരുന്നു. വളരെ ദൂരെനിന്നുതന്നെ കാണാവുന്ന വലിയ രാജഗോപുരമാണ് ഇവിടുത്തേത്, ഈ വിധം മറ്റൊരു ഗോപുരവും കൂടി ഉണ്ട്.
തിരുപ്പത്തൂരിനടുത്താണ് ഈ സ്ഥലം. നാലേക്കറോളം വിസ്തൃതിയുണ്ട് ക്ഷേത്രഭൂമിയ്ക്ക്. അരുണഗിരിനാഥര്‍ മുരുകനെ സ്തുതിച്ച് തിരുപ്പുകഴ് പാടിയത് ഇവിടെവച്ചത്രെ.
Subscribe to:
Posts (Atom)