ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കാന്‍ ഒരുക്കം തുടങ്ങുമ്പോള്‍ അതിന്റെ കേന്ദ്രബിന്ദുവായ തൃക്കാക്കര മഹാദേവ ക്ഷേത്രത്തില്‍ തിരുവോണ മഹോത്സവത്തിന് കൊടിയേറിക്കഴിഞ്ഞു. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പാദം പതിഞ്ഞയിടം എന്ന അര്‍ത്ഥത്തിലാണ് പ്രദേശത്തിന് തൃക്കാല്‍ക്കര അഥവാ തൃക്കാക്കര എന്ന പേര് ലഭിച്ചത്. മഹാബലികര, വാമനക്ഷേത്രം എന്ന പേരിലും തൃക്കാക്കര അറിയപ്പെട്ടിരുന്നു.
വൈഷ്ണവര്‍ വിശ്വസിക്കുന്ന 13 ദിവ്യദേശങ്ങളില്‍ ഒന്നാണ് തൃക്കാക്കര മഹാദേവ ക്ഷേത്രം. മഹാബലി ആരാധന നടത്തിയിരുന്നതാണ് തൃക്കാക്കര ശിവക്ഷേത്രമെന്നാണ്
ഐതീഹ്യം.
ഓണാഘോഷത്തിന്റെ ആരംഭത്തെക്കുറിച്ച് പ്രചരിക്കുന്ന ഐതീഹ്യം ഇതാണ്. വാമനരൂപം പൂണ്ട മഹാവിഷ്ണു മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ചു. മൂന്നടി മണ്ണ് മഹാബലി വാഗ്ദാനം ചെയ്തപ്പോള്‍ വാമനം വിശ്വരൂപം കൊള്ളുകയും രണ്ടുപാദങ്ങള്‍കൊണ്ട് മൂന്നു ലോകവും അളന്നെടുത്ത വാമനന്‍ മൂന്നാമത്തെ അടി മണ്ണിനായി കാലെവിടെ വയക്കുമെന്ന് മഹാബലിയോട് ചോദിച്ചു. മറ്റു മാര്‍ഗങ്ങളൊന്നും കാണാതെ ധര്‍മ്മിഷ്ടനായ മഹാബലി മൂന്നാമത്തെയടി വയ്ക്കുവാനായി തന്റെ ശിരസ് കുനിച്ചു കൊടുത്തു. പ്രജാ ക്ഷേമതല്‍പരനായ മഹാബലി വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാനായി രാജ്യസന്ദര്‍ശനത്തിനുള്ള അനുമതി ചോദിച്ചു. മഹാബലിയുടെ അപേക്ഷ വാമനന്‍ ഇത് അംഗീകരിക്കുകയായിരുന്നു. മഹാബലിയുടെ വാര്‍ഷിക സന്ദര്‍ശനദിനമാണ് തിരുവോണമെന്നാണ് ഐതീഹ്യം അറുപത്തിനാല് നാടുവാഴികള്‍ ചേര്‍ന്നായിരുന്നു ആദ്യകാലത്ത് ക്ഷേത്രത്തില്‍ ഓണാഘോഷം നടത്തിയിരുന്നത്. കോഴിക്കോട് സാമൂതിരിയടക്കമുള്ളവര്‍ ഓണാഘോഷത്തിന് നേരിട്ടെത്തിയിരുന്നു. ഇടപ്പള്ളി രാജാവിനായിരുന്നു പൂജാരിയുടെ ചുമതല. അക്കാലത്ത് ഓരോ മലയാളികുടുംബങ്ങളില്‍ നിന്നും ഒരംഗത്തെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞയക്കുക പതിവായിരുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷം ചിങ്ങമാസത്തിലെ തിരുവോണത്തിനാണ് സമാപിച്ചിരുന്നത്. അവസാനത്തെ പത്തുദിവസമാണ് ഗംഭീര ആഘോഷം. പൂക്കള്‍കൊണ്ട് അലങ്കാരം, കലാപ്രകടനങ്ങള്‍, നെറ്റിപ്പട്ടം കെട്ടിയ 64 ആനകള്‍ സദ്യ വെടിക്കെട്ട് എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടിയിരുന്നു. എന്നാല്‍ ചേര രാജ്യത്തിന്റെ തകര്‍ച്ചയോടെ ഓണാഘോഷത്തിന്റെ പ്രാധാന്യം കുറഞ്ഞു തുടങ്ങി.
എ.ഡി. 12ാം നൂറ്റാണ്ടോടെയായിരുന്നു അത്. എങ്കിലും നാടുവാഴികളുടെ കിടമത്സരം രൂക്ഷമാകുന്ന 15ാം നൂറ്റാണ്ടുവരെ ഉത്സവം നടന്നുപോന്നു. പിന്നീട് തൃക്കാക്കരയില്‍ ഓണം ആഘോഷിക്കുന്നതിന് പകരം ഓരോരുത്തരും സ്വന്തം വീടുകളിലും പ്രദേശങ്ങളിലും ഓണം ആഘോഷിക്കാന്‍ ഇതോടെ തുടങ്ങി. അപ്പോഴും തൃക്കാക്കരദേവനെ ആരാധിക്കുന്ന പതിവ് തുടര്‍ന്നു. മണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പന്റെ രൂപത്തെ വച്ച് പൂജിക്കാന്‍ തുടങ്ങി. തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവങ്ങളും പൂജകളും ഇല്ലാതെയായതോടെ ക്ഷേത്രം നശിച്ചു. ചരിത്രപരമായ കാരണങ്ങള്‍ക്കു പുറമെ ഭക്തനായ ഒരു ബ്രാഹ്മണന്റെ ആത്മഹത്യയും മഹാമാന്ത്രികനായ ഒരു ഭട്ടതിരിയുടെ ദുര്‍മരണവും ആണ് ക്ഷേത്രത്തിന്റെ നാശത്തിന് കാരണമായതെന്നും ഐതീഹ്യമുണ്ട്. കൊച്ചി രാജ്യത്തിന്റെ സഹായത്തോടെ 16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരും ടിപ്പുസുല്‍ത്താനും ആക്രമിച്ചതും ക്ഷേത്രത്തിന് നാശമുണ്ടാക്കി. നിവേദ്യം പോലും നടത്താന്‍ കഴിയാത്ത അവസ്ഥ ക്ഷേത്രത്തിനുണ്ടായി. പിന്നീട് ഇടപ്പള്ളി രാജാവ് ക്ഷേത്രത്തിന്റെ ചുമതലയേല്‍ക്കുകയും ക്രമേണ ശ്രീമൂലം തിരുന്നാളിന്റെ കാലത്ത് ഇടപ്പള്ളി തിരുവിതാംകൂറില്‍ ലയിക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ ശ്രീമൂലം തിരുന്നാള്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊടുത്തു. കോട്ടയം ഡിവിഷന്‍ പേഷ്‌കാര്‍ ചെമയ്ക്കല്‍ ശങ്കരമേനോന്റെ നേതൃത്വത്തില്‍ കൊല്ലവര്‍ഷം 1085 ല്‍ ക്ഷേത്രം പുനര്‍നിര്‍മ്മാണം തുടങ്ങിയതായാണ് രേഖകള്‍ പറയുന്നത്. 1123 മിഥുനം 25ാം തീയതി പുനപ്രതിഷ്ഠയും ശുദ്ധികലശവും നടത്തിയതായും രേഖകള്‍ പറയുന്നു. തൃക്കാക്കര ക്ഷേത്രത്തിനും 4500 ല്‍ അധികം വര്‍ഷത്തെ പഴക്കമാണ് കണക്കാക്കുന്നത്. തൃക്കാക്കരയില്‍ നിന്ന് ലഭിച്ച 17 ശിലാലിഖിതങ്ങളിലൊന്നില്‍ കാല്‍ക്കര നാട്ടിന്റെ അധിപനായിരുന്ന ഒരു ചാത്തന്റെ പിറന്നാളാഘോഷത്തെക്കുറിച്ച് പറയുന്നുണ്ട്. എ.ഡി എട്ടാം നൂറ്റാണ്ടില്‍ നമ്മള്‍വാള്‍ രചിച്ച പാടലുകള്‍ (4000 ദിവ്യപ്രബന്ധങ്ങളില്‍ 3612 മുതല്‍ 3622 വരെ ദിവ്യപ്രബന്ധങ്ങള്‍) തൃക്കാക്കരയെക്കുറിച്ചാണ്മാങ്കുടി മരുതനാര്‍ എന്ന സംഘകവി മായുരൈ കാഞ്ചി എന്ന കൃതിയില്‍ മധുരയിലും ഓണാഘോഷിച്ചിരുന്നതായി പറയുന്നു. കേരളത്തില്‍ ഏറ്റവും പഴക്കമുള്ള ശിലാലിഖിതങ്ങള്‍ തൃക്കാക്കരയിലും ചെങ്ങന്നൂരിലുമാണ് എന്നതും ഈ പഴക്കത്തിന് തെളിവേകുന്നു. ഇന്ദുക്കോതവര്‍മ്മ, ഭാസ്‌കര രവി വര്‍മ്മ തുടങ്ങിയവരുടെ ശിലാ ലിഖിതങ്ങള്‍ പലതും തൃക്കാക്കരയിലുണ്ട്.
തൃക്കാക്കര ക്ഷേത്രത്തിലെ വൈഷ്ണവ ചൈതന്യം ത്രിവിക്രമ സങ്കല്‍പമാണ്. പൂര്‍ണ ചന്ദ്രന്‍ ശ്രാവണനക്ഷത്രത്തില്‍ സഞ്ചരിക്കുന്ന സുദിനമാണ് പൊന്നിന്‍ ചിങ്ങ തിരുവോണം. ചിങ്ങമാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണദിവസം അവസാനിക്കുന്നതാണ് തിരുവോണ മഹോത്സവം. വാമനമൂര്‍ത്തി ക്ഷേത്രവും ശിവക്ഷേത്രവും അടങ്ങുന്നതാണ് തൃക്കാക്കര മഹാക്ഷേത്രം. വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ശ്രീഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍ (കടമ്പനാട് തേവര്‍), യക്ഷി എന്നീ ഉപദൈവങ്ങളെയും പ്രതിഷ്ടിച്ചിട്ടുണ്ട്. ശിവക്ഷേത്രത്തില്‍ സ്വയംഭൂവായ ശിവനാണുള്ളത് എന്നാണ് ഭക്തരുടെ വിശ്വാസം. ശ്രീപാര്‍വ്വതി, ദുര്‍ഗാദേവി, സുബ്രഹ്മണ്യസ്വാമി, ഗണപതി എന്നി ഉപദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്. തശാവതാരം, ചന്ദനം ചാര്‍ത്ത്, പകല്‍പ്പൂരം, തിരുവോണ സദ്യ എന്നിവയാണ് മഹോത്സവത്തിലെ സവിശേഷതകള്‍.
എറണാകുളം നഗരത്തില്‍ നിന്ന് ഏകദേശം പത്തു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം തീര്‍ത്ഥാടന കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ നാട്ടുകാരടങ്ങിയ തൃക്കാക്കര മഹാദേവ ക്ഷേത്ര ഉപദേശക സമിതിയാണ് ഉത്സവത്തിനും മറ്റും നേതൃത്വം നല്‍കുന്നത്.