Total Pageviews

Blog Archive

Search This Blog

തുളസിത്തറ -THULASI THARA


വീടിന്റെ മുന്‍വശത്ത് ഗൃഹമദ്ധ്യത്തിലായി ഏകദേശം ഏഴ് അടി വിട്ട് തുളസിത്തറയുണ്ടാകും. കിഴക്കുവശത്തുനിന്നുള്ള മുഖവാതായനത്തിന് നേര്‍ക്കാവുന്നതാണുത്തമം. വീടിന്റെ തറയുയരത്തേക്കാള്‍ താഴ്ന്നാവരുത്. നിത്യവും പരിപാലിക്കുകയും അശുദ്ധമായി പ്രവേശിക്കാതിരിക്കുകയും വേണം. സന്ധ്യ, ഏകാദശി, ചൊവ്വ, വെള്ളി എന്നീ സമയങ്ങളിലും ദിവസങ്ങളിലും തുളസി പറിക്കാന്‍ പാടുള്ളതല്ല. നാമം ജപിച്ചുകൊണ്ടാണ് തുളസിയെ സമീപിക്കേണ്ടത്.


”പ്രസീദ തുളസീ ദേവി പ്രസീദ
ഹരി വല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ തുളസീ
ത്വം നമാമ്യഹം”


ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തുളസിയെ പ്രദക്ഷിണം വെക്കുകയും സന്ധ്യക്ക് തുളസിത്തറയില്‍ തിരിവെച്ച് ആരാധിക്കുകയും വേണം. ഈശ്വരാംശവും ഔഷധമൂല്യങ്ങളും ഒത്തുചേര്‍ന്നതാണ് തുളസി. ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളമായി വളരുന്നത് അവിടെ യമദൂതന്മാര്‍ അടുക്കുകയിലെന്നും തുളസിമാല ധരിച്ചവരെ നശിപ്പിക്കുവാന്‍ യമദൂതന്മാര്‍ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നുണ്ട്.


പൂജാപുഷ്പങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവിയാണ് തുളസി. ഇതേക്കുറിച്ച് ദേവീഭാഗവതത്തില്‍ പറയുന്നു: ”സരസ്വതിയും ഗംഗയും ലക്ഷ്മിയും ആദ്യകാലത്ത് വിഷ്ണുവിന്റെ പത്‌നിമാരായിരുന്നു. ഇവര്‍ സല്ലാപനിമഗ്‌നരായിരിക്കുന്ന അവസരത്തില്‍ ഗംഗാദേവി കാമാര്‍ത്തയായി വിഷ്ണുദേവന്റെ മുഖത്തുനോക്കി മന്ദഹസിച്ചു.

ഇതുകണ്ട സരസ്വതിയും ലക്ഷ്മിയും കോപാകുലരായി. ഗംഗയും സരസ്വതിയും പരസ്പരം ശാപവചനങ്ങള്‍ ചൊരിയാന്‍ തുടങ്ങി. ഇടയില്‍ കയറി ഇടപെട്ട ലക്ഷ്മിയെ ഭൂമിയില്‍ ഒരു ചെടിയായി ജനിക്കട്ടെയെന്ന് സരസ്വതി ശപിച്ചു. ഇതുകേട്ടുനിന്ന ഗംഗാദേവി സരസ്വതിയെ ഒരു നദിയായി തീരട്ടെയെന്നും ശപിച്ചു. അതിനു പ്രതികാരമായി ഗംഗാദേവിയും ഒരു നദിയായി ഭൂമിയിലൊഴുകട്ടെയെന്ന് സരസ്വതിയും ശാപവചനം ചൊല്ലി. ബഹളമെല്ലാം ശമിച്ചപ്പോള്‍ വിഷ്ണുദേവന്‍ വിഷണ്ണയായ ലക്ഷ്മീദേവിയെ അരികില്‍ വിളിച്ച് പറഞ്ഞു ”അല്ലയോ ദേവിനീ മൂന്നു ലോകങ്ങളെയും പരിശുദ്ധമാക്കുന്ന ചെടിയായി- തുളസിയായിത്തീരും. ശാപമോക്ഷത്തിലൂടെ വൈകാതെ ഇവിടെ തിരിച്ചെത്തുകയും ചെയ്യും.”


തുല (ഉപമ)യില്ലാത്തവള്‍ എന്നര്‍ത്ഥത്തിലാണ് തുളസി എന്ന നാമമുണ്ടായത്.
”തുലാന അസ്യതി ഇതി തുളസി”


”തുളസി, ചെടികളില്‍ ശ്രേഷ്ഠയായും വിഷ്ണുപ്രിയയായും തീരുന്നതാണ്. നിന്നെ കൂടാതുള്ള പൂജകളെല്ലാം വിഫലങ്ങളായിരിക്കും.” ബ്രഹ്മാവ് അരുൡയതായും പുരാണങ്ങള്‍ പ്രതിപാദിക്കുന്നു.


മുപ്പത്തിയേഴോളം തരങ്ങളും അത്രതന്നെ ഔഷധമൂല്യങ്ങളുമുള്ള തുളസിയുടെ മാഹാത്മ്യം തുലോം വര്‍ണ്ണനാതീതമാണ്. പ്രാണോര്‍ജം ധാരാളമായി പ്രവഹിക്കുന്ന തുളസി ഒരു അണുസംഹാരികൂടിയാണ്.