Total Pageviews

Blog Archive

Search This Blog

നിത്യകർമ്മം


ഓരോ വ്യക്തിയും പ്രതിദിനം അനുഷ്ഠിച്ചിരുന്ന ആചാരങ്ങളുണ്ടായിരുന്നു. ഇന്നും ഈ ആചാരങ്ങള്‍ അവയുടെ ശാസ്ത്രീയ മഹത്വമറിയാതെയാണെങ്കിലും അനുഷ്ഠിച്ചുപോരുന്നുണ്ട്. ദേശകാലാടിസ്ഥാനത്തില്‍ ഈ ആചാരങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകാമെങ്കിലും പൊതുവേ ഭാരതീയര്‍ അനുഷ്ഠിക്കുന്ന പ്രതിദിന ആചാരങ്ങളിലെ പ്രധാനപ്പെട്ടവയിലെ ശാസ്ത്രീയ വീക്ഷണം വളരെ പ്രസക്തമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും സമഗ്രമായ ആരോഗ്യത്തിന് ഈ ആചാരങ്ങള്‍ വളരെ പ്രയോജനപ്രദമാണ്. രാവിലെ ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള ഓരോ സാധാരണ ദിവസത്തിലും അനുഷ്ഠിക്കേണ്ടതായ അഥവാ അനുഷ്ഠിക്കുന്നതായ ആചാരങ്ങളും അവയുടെ ശാസ്ത്രീയ വശങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.

പ്രാതസ്മരണ: 

അതിരാവിലെ ഉണര്‍ന്ന് കിടക്കയിലിരുന്നു ചൊല്ലാറുള്ള ഒരു മന്ത്രമുണ്ട്. ബ്രാഹ്മേമുഹൂര്‍ത്തേ ഉത്ഥായ…. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നിട്ടു ചൊല്ലേണ്ടതാണീ മന്ത്രം.

കരാേ്രഗ്ര വസതേ ലക്ഷ്മി കരമധ്യേ സരസ്വതി
കരമൂലേ സ്ഥിതാ ഗൗരി പ്രഭാതേ കരദര്‍ശനം

കരാഗ്രത്തില്‍ ലക്ഷ്മി വസിക്കുന്നു. കരമധ്യത്തില്‍ സരസ്വതിയും കരമൂലത്തില്‍ ഗൗരിയും വസിക്കുന്നതിനാല്‍ (കര്‍മനിരതനാകുന്നതിനു മുന്‍പ്) ഞാന്‍ കൈയുടെ ചൈതന്യത്തിനായി ദര്‍ശിക്കുന്നു. എന്നു പറഞ്ഞു കൈ സ്വയം നോക്കി പ്രാര്‍ത്ഥിക്കാറുണ്ട്. അതിനെത്തുടര്‍ന്ന് ഭൂമി വന്ദനവും.

സമുദ്രവസനേ ദേവി
പര്‍വതസ്തനമണ്ഡിതേ
വിഷ്ണുപത്‌നി നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ

സമുദ്രത്തെ വഹിക്കുന്ന ദേവി (സമുദ്രത്തിനു വസിക്കുവാന്‍ ഇടംനല്‍കുന്നവളെ, സമുദ്രം തന്നില്‍ വസിപ്പിക്കുന്നവളെ) പര്‍വതത്തെ വഹിക്കുന്നവളെ ഹേ! വിഷ്ണുപത്‌നീ, നിനക്ക് നമസ്‌കാരം. എന്റെ (കിടക്കയില്‍നിന്നെഴുന്നേല്‍ക്കുന്നതുമുതല്‍ക്കുള്ള) പാദസ്പര്‍ശത്തെ നീ ക്ഷമിച്ചാലും.

ഈ രണ്ടു പ്രാതസ്മരണ മന്ത്രങ്ങളിലൂടെ ആത്മീയ വിചാരം പ്രഭാതത്തില്‍ ഉണ്ടാക്കുവാന്‍ കഴിയുന്നു എന്നുമാത്രമല്ല അതിപ്രധാനമായ ഒരു ആരോഗ്യപ്രശ്‌നവും ഇവിടെ പരിഹരിക്കപ്പെടുന്നുണ്ട്. മണിക്കൂറുകളോളം മെത്തയില്‍/തറയില്‍ അഥവാ ഭൂമിക്ക് സമാന്തരമായി കിടന്ന് വിശ്രമിക്കുന്ന (ഉറങ്ങുന്ന വേളയില്‍) ശരീരത്തിലെ രക്തചംക്രമണത്തിനായി ഹൃദയത്തിന് പ്രയോഗിക്കേണ്ടിവരുന്ന ശക്തി വളരെ കുറവാണ്. എന്നാല്‍ പെട്ടെന്ന് ഭൂമിക്ക് കുത്തനെ എഴുന്നേറ്റു നില്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഭൂഗുരുത്വത്തിനെതിരെ ശരീരത്തില്‍ രക്തം പമ്പുചെയ്യുന്നതിന് ഹൃദയത്തിന്നനുഭവിക്കേണ്ടിവരുന്ന ആഘാതം ഒഴിവാക്കുവാന്‍ ഇരുന്നുകൊണ്ട് നടത്തുന്ന ഈ പ്രാര്‍ത്ഥന ഉപകരിക്കും. ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍ 23% പേര്‍ക്കും ഹൃദയാഘാതം സംഭവിക്കുന്നതായി കണ്ടിട്ടുള്ളത്. ഇപ്രകാരം മെത്തയില്‍നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴും പെട്ടെന്ന് കിടക്കുവാന്‍ തുനിയുമ്പോഴുമാണ്. ഈ പ്രാര്‍ത്ഥനാവരികള്‍ ഇരുന്നുചൊല്ലിയശേഷം എഴുന്നേല്‍ക്കുമ്പോള്‍ ഹൃദയം പൂര്‍ണമായും പ്രവര്‍ത്തനോന്മുഖമാകുന്നു. കൂടാതെ മെത്തയിലെ ശരീരചലനത്തിലൂടെ ശരീരത്തില്‍ ഉണ്ടാകുന്ന സ്റ്റാറ്റിക് വൈദ്യുതി എര്‍ത്ത് ചെയ്തില്ലാതാകുന്നതിന്, ഭൂമിതൊട്ട് നെറുകയില്‍ വയ്ക്കുന്ന ആചാരം സഹായിക്കുന്നു. ശരീരത്തെയും മനസ്സിനെയും പ്രവര്‍ത്തനോന്മുഖമാക്കുന്നതിന്റെ ആദ്യപടിയായിത്തീരുന്നു, ഈ ആചാരം.

സ്‌നാന ശൗചാദികള്‍:

ശൗചാദികള്‍ അനുഷ്ഠിക്കുവാനുള്ള നിയമങ്ങള്‍ സ്മൃതികളിലുണ്ട്. പ്രാതസ്‌നാനം അരുണോദയത്തിന് മുന്‍പ് നിര്‍വഹിച്ചിരിക്കണം. കൂടാതെ അനേകതരത്തിലുള്ള അശുദ്ധിക്കും സ്‌നാനവിധി പ്രായശ്ചിത്തമായി ആചാരങ്ങളിലുണ്ട്.

രാത്രിയില്‍ ശരീരവിയര്‍പ്പ് ഉണ്ടാകുന്ന ജലം നഷ്ടപ്പെട്ട്, വിയര്‍പ്പിലെ വിസര്‍ജ്യവസ്തുക്കള്‍ ത്വക്കിനെ ആവരണം ചെയ്യുന്നു. കൊഴുപ്പിന്റെയും ലവങ്ങളുടെയും മറ്റു ജൈവ വസ്തുക്കളുടെയും യൂറിയയുടെയും ഈ ആവരണം നീക്കം ചെയ്യുന്ന സ്‌നാനകര്‍മത്തിലൂടെ ത്വക്‌രോഗം പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും. സൂര്യരശ്മിയാല്‍ അണുമുക്തമായ ജലമാണത്രെ സ്‌നാനത്തിനുപയോഗിക്കേണ്ടത്.

ഇമ ആപ ശിവാ സന്തു ശുഭാഃ ശുദ്ധാശ്ച നിര്‍മ്മലാ
പാവന ശീതളാശ്ചൈവ പൂതാഃ സൂര്യസ്യ രശ്മിഭിഃ

ശുഭകരവും ശുദ്ധവും നിര്‍മലവും ശീതളവും സൂര്യരശ്മിയാല്‍ ശുദ്ധീകരിക്കപ്പെട്ടതുമായ ജലമാകട്ടെ ഇത് എന്നതാണ് സ്‌നാനത്തിനു മുന്‍പുള്ള പ്രാര്‍ത്ഥന.

ചൂടുവെള്ള സ്‌നാനം: 

വിശേഷാവസരത്തിലും മറ്റും ചൂടുവെള്ള സ്‌നാനം പതിവുണ്ട്. ശരീരത്തിലെ പേശികള്‍ക്ക് വികാസവും പ്രവര്‍ത്തനക്ഷമതയും ഉയര്‍ന്ന തോതിലുള്ള രക്തചംക്രമണവും അതിനാല്‍ തന്നെ ശരീരത്തിലെ രക്തശുദ്ധീകരണവും സാധിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ്

ചൂടുവെള്ള സ്‌നാനം.

എണ്ണ തേച്ചുകുളി: 

വിശേഷ ദിവസങ്ങളിലെ ആചാരത്തിന്റെ ഭാഗമാണിത്. ആരോഗ്യത്തിനിത് ഉത്തമമാണെന്ന് വ്യക്തമായും പറയുന്നുണ്ട്. ത്വക്കില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള രോഗാണുക്കള്‍ക്ക് എണ്ണയുടെ ആവരണത്തിനുള്ളില്‍ വായു ലഭിക്കാതെ, നശിച്ചുപോകുന്നു എന്നതുകൊണ്ട് ത്വക്‌രോഗശമനത്തിനും ഇത് ഉത്തമമാണ്. കുറെ എണ്ണമയം ശരീരത്തില്‍ നിലനിര്‍ത്തുവാന്‍ സോപ്പു കൂടാതെയുള്ള കുളിയും ആചാരങ്ങളിലുണ്ട്.

സ്‌നാനത്തിനുമുമ്പുള്ള പ്രാര്‍ത്ഥന: 

സ്‌നാനത്തിനു മുമ്പ് ജലം സ്പര്‍ശിച്ചുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിക്കുക പതിവുണ്ട്.

ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരി ജലേളസ്മിന്‍ സന്നിധിം കുരു

ഈ സ്‌നാനജലത്തില്‍ ഗംഗയും (ഹിമാലയം), യമുനയും (ദല്‍ഹി), ഗോദാവരിയും (ആന്ധ്ര), സരസ്വതിയും (രാജസ്ഥാന്‍) നര്‍മ്മദയും (ഗുജറാത്ത്), സിന്ധുവും (ഇന്നത്തെ പാക്കിസ്ഥാനും പഞ്ചാബും), കാവേരിയും (കര്‍ണാടക-തമിഴ്‌നാട്) വന്നു ചേരട്ടെ.

2500 ബി.സി.യോടുകൂടി സരസ്വതീനദി വറ്റി പോയതിനാല്‍ ഈ പ്രാര്‍ത്ഥന അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ചതാണ്. ഭാരതത്തിന്റെ വിവിധ നദികളെക്കുറിച്ചുള്ള സ്മരണ ഈ ദേശത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെ ആണിക്കല്ലായി നിലനിന്നിരുന്നു. അനേകം സമൂഹങ്ങള്‍ ചേര്‍ന്ന ഒരു രാഷ്ട്രത്തില്‍ ഏകത്വഭാവം ഉണ്ടാക്കുന്നതിന് ഈ പ്രാര്‍ത്ഥന ഏറെ സഹായിക്കുന്നു. നമ്മുടെ ദേശീയ ഗാനത്തില്‍ പഞ്ചാബും സിന്ധും ഗുജറാത്തും മഹാരാഷ്ട്രയും ബംഗാളും വന്നത് ഇതേ ഏകത്വഭാവ സൃഷ്ടിക്കായിട്ടാണല്ലോ. നിത്യവും ഉപയോഗിക്കുന്ന ജലം പവിത്രവും പാവനവുമായതിനാല്‍ അത് അശുദ്ധമാക്കുവാനുള്ള മനഃസ്ഥിതിയില്ലാതാകുകയും ചെയ്യും.

യാമ്യം ഹി യാതനാ ദുഃഖം നിത്യസ്‌നായീ ന പശ്യതി
നിത്യസ്‌നാനേന പൂയന്തേ യേളപി പാപകൃതോ നരാഃ

യമലോക ദര്‍ശനഹേതുവാകുന്ന യാതനാ ദുഃഖം നിത്യവും കുളിക്കുന്ന വ്യക്തി കാണുന്നില്ല. നിത്യ സ്‌നാനംകൊണ്ട് സര്‍വ്വവിധ പാപങ്ങളും (അശുദ്ധിയും) ഇല്ലാതാകുന്നു. രോഗങ്ങളില്ലാതാക്കുന്നതിന് സ്‌നാനം സര്‍വ്വപ്രകാരത്തിലും സഹായിക്കുന്നു.