Total Pageviews
Blog Archive
Search This Blog
ഐശ്വര്യം നല്‍കാനുള്ളതാകണം പ്രാര്‍ത്ഥന
ആഘോഷങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാ മലയാളികളെയും പോലെ എനിക്കും വിഷു ഏറെ പ്രിയപ്പെട്ട ഉത്സവമാണ്. ആഘോഷങ്ങളെ സമ്പന്നമാക്കുന്നത് ഓര്‍മ്മകളാണല്ലോ. ഓണവും വിഷുവുമൊക്കെ ഓര്‍മ്മകളുടെ ആഘോഷം കൂടിയാണ്. മറ്റുപലരെയും പോലെ ചെറുപ്പകാലത്തെ വിഷുവാണ് മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നത്. ആഘോഷങ്ങളുടെ ആഹ്ലാദം മുന്നില്‍ നില്‍ക്കുന്നത് എപ്പോഴും ഗ്രാമങ്ങളിലാണല്ലോ. അങ്ങനെയൊരു ഗ്രാമത്തിലാണ് ഞാനും ജനിച്ചത്. വക്കീല്‍ പണിക്കുവേണ്ടിയും പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായപ്പോഴും നഗരജീവിയായിപ്പോയെങ്കിലും ഗ്രാമത്തില്‍ ജീവിച്ച ആ നല്ല കാലത്തെ മറക്കാനേ കഴിയില്ല. ആ ഗ്രാമത്തില്‍ നിന്നാണ് എനിക്ക് ഏറെ വിലപ്പെട്ട വിഷു ഓര്‍മ്മകളും ഉണ്ടായിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ വടക്കഞ്ചേരിക്കടുത്ത് പുതുക്കോട് പഞ്ചായത്തില്‍ മണപ്പാടം എന്ന കൊച്ചു ഗ്രാമത്തിലാണ് ചെറുപ്പകാലത്തെ എന്റെ എല്ലാ ഓര്‍മ്മകളും ജീവിക്കുന്നത്. 'അക്കാലമിനിയും വരുമോ' എന്ന് പലപ്പോഴും ഞാന്‍ ആലോചിക്കുകയും ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അത്ര സമ്പന്നമായ ഓര്‍മ്മകളാണ് അവിടെയുള്ളത്. വീട്, ബന്ധുക്കള്‍, കൂട്ടുകാര്‍, പാടം, നിറയെ മരങ്ങളുള്ള തൊടികള്‍, ക്ഷേത്രം, ഉത്സവങ്ങള്‍... പിന്നെ, വിഷുവും ഓണവും.
വിഷുവും ഓണവും ഞങ്ങള്‍ ഒരുപോലെ പ്രാധാന്യത്തോടെ ആഘോഷിച്ചിരുന്നു. വിഷുവും ഓണവും വരാന്‍ കാത്തിരിക്കും. വരാറായെന്ന് പ്രകൃതി തന്നെ മുന്നറിയിപ്പു തരും. സ്‌കൂള്‍ അടച്ചാല്‍ ചൂടുകൂടുന്ന കാലമാണ്. കേരളത്തിലെ മറ്റുള്ള സ്ഥലങ്ങളെ പോലെ കൊന്നമരങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ അക്കാലത്ത് അത്ര വ്യാപകമായി കണ്ടിരുന്നില്ല. അവിടവിടെ ചില കൊന്നമരങ്ങള്‍. ഞങ്ങളുടെ നാടിന് തമിഴ്‌നാടിനോടായിരുന്നു കൂടുതല്‍ ചേര്‍ച്ച. തമിഴ് സംസ്‌കാരം മണപ്പാടത്തിന്റെ ജീവിതത്തെയും ബാധിച്ചിരുന്നതിനാലാകാം കൊന്നമരങ്ങള്‍ വ്യാപകമായി വളര്‍ത്താതിരുന്നത്. ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നു വേണം കരുതാന്‍. വിഷു വരുന്നത് സ്‌കൂള്‍ അടച്ചിരിക്കുന്ന കാലമായതിനാല്‍ എപ്പോഴും കളിതന്നെയായിരിക്കും.
വിഷുത്തലേന്ന് കണിക്കൊന്ന ശേഖരിക്കാന്‍ പോകുന്നതാണ് പ്രധാനജോലി. കൊന്ന പൂത്തു നില്‍ക്കുന്ന സ്ഥലത്ത് പോയി പൂ കൊണ്ടുവരണം. കണിയൊരുക്കാനുള്ള സാധനങ്ങളൊന്നും ഇന്നത്തേ
പോലെ അന്ന് വില്‍പ്പനയ്ക്ക് വച്ചിരുന്നില്ല. കണിവെള്ളരിയും ചക്കയും മാങ്ങയും മത്തങ്ങയുമെല്ലാം വീട്ടില്‍ തന്നെയുണ്ടാകും. നല്ല കോടിമുണ്ടും സ്വര്‍ണ്ണത്തിന്റെ ചെറിയ ഉരുപ്പടിയുമെല്ലാം ചേര്‍ത്താണ് കണിഒരുക്കുക. ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹവും കണ്ണാടിയുമുണ്ടാകും. ഒരുക്കലെല്ലാം അമ്മയുടെ പരിപാടിയാണ്.
വീട്ടിലെ മൂത്ത കുട്ടി ഞാനായിരുന്നു. അതിനാല്‍ തന്നെ അമ്മയെ സഹായിക്കാനും നേതൃത്വം വഹിക്കാനുമെല്ലാം എനിക്ക് പരിഗണന കിട്ടി. രാത്രി തന്നെ അമ്മ കണിയൊരുക്കി വയ്ക്കും. പുലര്‍ച്ചെ ഞങ്ങളെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി, കണ്ണ് മൂടിക്കൊണ്ടാണ് വിളക്കിനു മുന്നിലേക്ക് കൊണ്ടുവരിക. പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യമുള്ള കാഴ്ചയാണത്. ഓട്ടുരുളിയില്‍, നിലവിളക്കിന്റെ വെളിച്ചത്തില്‍ അതെല്ലാം തിളങ്ങും. എല്ലാത്തിനും സ്വര്‍ണ്ണ നിറം. എത്ര നേരം നോക്കിനിന്നാലും മതിയാകില്ല. അത്രയ്ക്ക് ഭംഗിയായിരുന്നു ആ കാഴ്ചയ്ക്ക്. ഇപ്പോഴും വിഷുക്കണിയെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത് മണപ്പാടത്തെ വീട്ടില്‍ അമ്മ ഒരുക്കിയ ആ കണിക്കാഴ്ചയാണ്.
വീട്ടിലുള്ളവരെല്ലാം കണി കണ്ടുകഴിഞ്ഞാല്‍ കണിക്കാഴ്ചയും നിലവിളക്കുമെടുത്ത് തൊഴുത്തിലേക്കാണ് പോകുന്നത്. അന്ന് വീട്ടില്‍ കുറേ കന്നുകാലികളുണ്ടായിരുന്നു. വീട്ടുകാര്‍ കണി കണ്ടുകഴിഞ്ഞാല്‍ കന്നുകാലികളെ കണികാണിക്കും. വീട്ടിലുള്ള ജീവി വര്‍ഗ്ഗങ്ങളെയെല്ലാം കണികാണിക്കും. അതിനുശേഷം വെളുപ്പിനു തന്നെ പടക്കം പൊട്ടിക്കല്‍ തുടങ്ങും. മൂത്തയാളായിരുന്നതിനാല്‍ എനിക്കായിരുന്നു അതിന്റെ നേതൃത്വം. പിന്നീട് എണ്ണതേച്ച് വിസ്തരിച്ചുള്ള കുളി. കുളി കഴിഞ്ഞു വരുമ്പോഴാണ് ഏറ്റവും ആഹ്ലാദമുള്ള സംഗതി. എല്ലാവര്‍ക്കും കൈനീട്ടം കിട്ടും. അന്ന് നാലണയാണ് കൈനീട്ടം തരുന്നത്. ചിലപ്പോള്‍ അതിലും കുറയും. മിക്കപ്പോഴും കൈനീട്ടം കിട്ടുന്ന പണവും പടക്കം വാങ്ങിപ്പൊട്ടിക്കുകയാണ് ചെയ്യുക.
വിഷുവിന് രാവിലത്തെ ആഹാരം കഞ്ഞിയും പുഴുക്കുമാണ്. അന്നൊക്കെ പലഹാരം ഉണ്ടാകില്ല. എല്ലാ ദിവസവും കഞ്ഞിയാണ്. വിഷുവായതിനാല്‍പുഴുക്കും കൂടിയുണ്ടാകും. കഞ്ഞിയില്‍ നാളികേരം ചുരണ്ടിയിട്ട് കുടിക്കും. ആ രുചി ഇന്നും നാവിലുണ്ട്. വിഷുപ്പകല്‍ കളികളുമായി തൊടിയില്‍ തന്നെയായിരിക്കും. കൂട്ടുകാരെല്ലാം ഒത്തു ചേരും. വിഷുവേലകളിയാണ് പ്രധാനം. എല്ലാവരും ഒത്തു ചേര്‍ന്ന് ചെണ്ടകൊട്ടുമൊക്കെയായി, വേലകളിയുമായി ഓരോ വീട്ടിലും ചെല്ലും. ഉച്ചയൂണ് വിഷുസദ്യയാണ്. ഓണത്തിനൊപ്പം വരില്ലെങ്കിലും രണ്ടുമൂന്ന് കറികളും പായസവുമൊക്കെയുണ്ടാകും. കണിവച്ച സാധനങ്ങള്‍ കൊണ്ടാണ് കറികളുണ്ടാക്കുക. ഉണക്കലരികൊണ്ട് പായസവും. ഇലയിട്ട് വീട്ടുകാരെല്ലാവരും ഒന്നിച്ചിരുന്ന് വിഷുസദ്യയുണ്ണും. വിഷുവിനും ഓണത്തിനുമൊന്നും ഞങ്ങളുടെ നാട്ടില്‍ ആരും മാംസഭക്ഷണം കഴിച്ചിരുന്നില്ല. എന്നാല്‍, മലബാറില്‍ മാംസഭക്ഷണം ഇല്ലാതെ വിഷുവും ഓണവുമൊന്നുമില്ല.
പഠിക്കാനായി നാടുവിട്ടതോടെ ഇത്തരം ആഘോഷങ്ങള്‍ക്കെല്ലാം വിരാമമായി. ഹോസ്റ്റലിലായിരുന്നു താമസം. വല്ലപ്പോഴും വീട്ടില്‍ വരും. മിക്കപ്പോഴും വിഷുവിന് വരാതെയായി. ഓണത്തിനു മാത്രമായി വീട്ടിലേക്കുള്ള വരവ്. ഓണത്തിന് അവധി കൂടുതലുണ്ട്. വിഷുവിന് ഒരു ദിവസം മാത്രമല്ലേ ഉള്ളൂ. എല്‍എല്‍ബി പഠിക്കാന്‍ പോയപ്പോള്‍ അതും നിലച്ചു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ എനിക്കു മാത്രമായി ആഘോഷങ്ങളൊന്നുമില്ലാതെയായി. ആഘോഷങ്ങള്‍ക്ക് പ്രാധാന്യവും കൊടുക്കാതെയായി. യാത്രകളായിരുന്നു കൂടുതലും. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നപ്പോള്‍ അതിനായി പ്രാമുഖ്യം.
വിഷുവും ഓണവും പോലുള്ള ആഘോഷങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവയെല്ലാം വലിയ സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കുന്നുമുണ്ട്. സാഹോദര്യത്തിന്റെ, സമാധാനത്തിന്റെ, സമൃദ്ധിയുടെ, ആഹ്ലാദത്തിന്റെ കണിക്കാഴ്ചകളാണ് ഓരോ വിഷുവും നമുക്കു സമ്മാനിക്കുന്നത്. കാര്‍വര്‍ണ്ണന്റെ മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ നമുക്കു മാത്രമായല്ല പ്രാര്‍ത്ഥിക്കേണ്ടത്. ലോകത്തി
നു മുഴുവന്‍ ഐശ്വര്യം നല്‍കാനുള്ളതാകണം നമ്മുടെ ഓരോ പ്രാര്‍ത്ഥനയും. മണപ്പാടത്തെ കൊച്ചുഗ്രാമത്തില്‍ നിന്ന് എന്റെ അമ്മ എന്നെപഠിപ്പിച്ച പാഠമതാണ്.
കടപ്പാട് - ജന്മഭൂമി , തയ്യാറാക്കിയത്: ആര്‍. പ്രദീപ്
Subscribe to:
Posts (Atom)