വേദമന്ത്രങ്ങള്‍ക്കെല്ലാം ഏറ്റവും ചുരുങ്ങിയത് മൂന്നു തരത്തില്‍ അര്‍ഥം പറയാം. ആധിഭൗതികം, ആധിദൈവികം, ആധ്യാത്മികം. ആധിഭൗതികമെന്നാല്‍ ഭക്ഷണം, വസ്ത്രം തുടങ്ങിയ ഭൗതിക കാര്യങ്ങള്‍. ആധിദൈവികമെന്നാല്‍ സൂര്യന്‍, ഗ്രഹങ്ങള്‍, കാലാവസ്ഥ എന്നിവയാണ്. ആധ്യാത്മികമെന്നാല്‍ ഈശ്വരീയമായ വിചാരങ്ങള്‍ എന്നിങ്ങനെ ഈ മൂന്നിനും അര്‍ഥം പറയാം.
നമുക്ക് ഈ അര്‍ഥതലങ്ങളിലൂടെ വേദങ്ങളെ പിന്‍പറ്റി കടന്നുപോകാം. വിഷ്ണുവും ശ്രീകൃഷ്ണനുമൊക്കെ നമുക്ക് സുപരിചിതരായ ദേവതകളാണ്. യഥാര്‍ഥത്തില്‍ വിഷ്ണുവും, കൃഷ്ണനും, ഗരുഡനനും, അനന്തനുമൊക്കെ കേവലം കെട്ടുകഥകള്‍ മാത്രമാണാ? വിഷ്ണു ആധിദൈവികാര്‍ഥത്തില്‍ സൂര്യനാണ്. മഹാഭാരതത്തിലും വിഷ്ണുവിനെ സൂര്യനായി ചിത്രീകരിച്ചുകാണുന്നു. ആകാശം സൂര്യപദം അഥവാ സ്ഥാനമാകുന്നുവെന്നും അതിനാല്‍ സൂര്യപദം ആകാശത്തിന്റെ പര്യായമാണെന്നും അമരകോശത്തിലുണ്ട്.
യാസ്‌കന്‍ എന്ന വിശ്വവിഖ്യാതനായ നിരുക്തകാരനും വിഷ്ണുവിനെ സൂര്യനായി ചിത്രീകരിച്ചിട്ടുണ്ട്. ഇപ്രകാരം സൂര്യനെന്ന് അര്‍ഥമെടുത്താല്‍ ഭാഗവതം ഉള്‍പ്പെടെയുള്ള പുരാണങ്ങളിലെ വിഷ്ണുവിനെക്കുറിച്ചുള്ള വിവരണങ്ങളുടെ ആന്തരികമായ അര്‍ഥം പതുക്കെപ്പതുക്കെ നമുക്ക് മുന്‍പില്‍ തെളിഞ്ഞുവരും. ഋഗ്വേദത്തിലും വിഷ്ണുവിനെ സൂര്യനായിട്ടുതന്നെ ചിത്രീകരിച്ചിട്ടുണ്ട്. ”അല്ലയോ സൂര്യാ (വിഷ്‌ണോ), ഈ ദ്യുലോകത്തേയും ഭൂലോകത്തേയും അങ്ങ് രക്ഷിച്ചുനിര്‍ത്തുന്നു. തന്റെ അനന്തകിരണങ്ങളാല്‍, ആകര്‍ഷണശക്തിയാല്‍ ഭൂമിയെ നാലുപാടുനിന്നും സംരക്ഷിച്ചുനിര്‍ത്തുന്നു” എന്നു പറയുന്നതു കാണാം. കൃഷ്ണന്‍ ഗോക്കളെ മേച്ചു നടക്കുന്ന കന്നാലിച്ചെക്കനാണെന്നു പലരും കരുതുന്നു.
‘ഘനശ്യാമമോഹനവര്‍ണന്‍’ എന്നൊരു ഓമനപ്പേരും നമ്മളിട്ടു. യഥാര്‍ഥത്തില്‍ എന്താണ് ഈ കറുപ്പിന്റെയും കന്നാലിമേക്കലിന്റേയും രഹസ്യാര്‍ഥം. വിഷ്ണു സൂര്യന്‍തന്നെ. ‘ഗോ’ എന്നാല്‍ ഭൂമി തുടങ്ങിയ ഗ്രഹങ്ങളാണ്. ആകര്‍ഷണശക്തിയുള്ളതിനാല്‍ കൃഷ്ണന്‍ എന്നു പേരായി. ഗോക്കളെ കൃഷ്ണന്‍ മേയ്ക്കുന്നത് ആകര്‍ഷണശക്തികൊണ്ടാണ്. ഭൂമി തുടങ്ങിയ ഗ്രഹങ്ങള്‍ സൂര്യനു ചുറ്റും മേഞ്ഞുനടക്കുന്നത് ഇതേ ആകര്‍ഷണശക്തികൊണ്ടുതന്നെ. ഇതേ അര്‍ഥത്തിലുള്ള ഒരു മന്ത്രംതന്നെ ഋഗേ്വദത്തിലും യജുര്‍വേദത്തിലുമുണ്ട്. ‘ആകൃഷ്‌ണേന രജസാ’ എന്നു തുടങ്ങുന്ന മന്ത്രത്തിന്റെ അര്‍ഥമിങ്ങനെ: ‘ആകര്‍ഷണശക്തിയുള്ള ഭൂമി തുടങ്ങിയവയെ ചലിപ്പിച്ചു നടത്തുന്നത് സവിതാവായ സൂര്യനാണ്.
വ്യാഴം തുടങ്ങിയ ഗ്രഹങ്ങളെ അതതു സ്ഥാനത്ത് ഉറപ്പിച്ചുകൊണ്ട് പ്രാണിസമൂഹത്തിന് കാഴ്ചശക്തിയെ നല്‍കി സ്വര്‍ണതുല്യമായ രഥത്തിലേറി വരികയാണ് സൂര്യന്‍’. ഇവിടെ ‘കൃഷ്ണ’ ശബ്ദത്തിന് ‘ആകര്‍ഷണശക്തിയുള്ളത്’ എന്ന അര്‍ഥംതന്നെയാണ് ഉള്ളത്. ‘ഹരി’ എന്നൊരു പേര് കൃഷ്ണനുണ്ടായതും ഇതേ വേദമന്ത്രത്തില്‍ നിന്നാണ്. ‘ആദിത്യസ്യ ഹരയഃ സുപര്‍ണാ ഹരണാ ആദിത്യരശ്മയഃ’ എന്ന് നിരുക്തത്തില്‍ വിശദീകരിക്കുന്നു. തന്റെ സുവര്‍ണകിരണങ്ങളാല്‍ ജലത്തെ ഹരിക്കുന്നതിലൂടെ മേഘങ്ങളില്‍ വെള്ളം നിറയ്ക്കുകയാണ് സൂര്യന്‍. ജലം സൂര്യതാപത്താലാണ് വറ്റിപ്പോകുന്നതും മേഘങ്ങളില്‍ നിറയുന്നതും.
ഹരി സൂര്യന്‍തന്നെയാണ്. കൃഷ്ണന്‍ സൂര്യന്റെ ആകര്‍ഷണശക്തിയും. ‘ഗോ’ക്കളാകട്ടെ ഭൂമി തുടങ്ങിയ ഗ്രഹങ്ങളുമാകുന്നു. ‘ഗോ’ എന്നാല്‍ കേവലം ‘പശു’ എന്നു മാത്രം അര്‍ഥമെടുക്കരുത്. അത് ഭൂമിയുടെ പര്യായമാണെന്ന് യാസ്‌കനെപ്പോലുള്ള പ്രാചീന ഋഷിമാര്‍ നിരുക്തത്തില്‍ എഴുതിയത് ഉള്‍ക്കൊള്ളണം. (‘ഗൗരിതി പൃഥിവ്യാ നാമധേയം’ -നിരുക്തം 2.5) ഇങ്ങനെ ശ്രീകൃഷ്ണന്‍ ഗോക്കളെ മേച്ചുനടക്കുന്നൂവെന്ന ആലങ്കാരിക പ്രയോഗത്തിന്റെ നേരായ അര്‍ഥം അറിയാന്‍ ശ്രമിച്ചാല്‍ നിരവധി ജ്യോതിശാസ്ത്ര രഹസ്യങ്ങള്‍ പുറത്തുവരും.
ഘനശ്യാമവര്‍ണനാണ് കൃഷ്ണന്‍. എല്ലാറ്റിനെയും ആകര്‍ഷിക്കുന്നവന്റെ നിറം കറുപ്പാകാനേ തരമുള്ളൂ. കാരണം എല്ലാ ദൃശ്യവര്‍ണങ്ങളെയും ആഗിരണം ചെയ്യുന്നതു നിമിത്തമാണ് ഏതൊരു വസ്തുവും കറുപ്പ് നിറമായി കാണപ്പെടുന്നത്. അതിനാലാണ് സംസ്‌കൃതത്തില്‍ കൃഷ്ണവര്‍ണം എന്നത് കറുപ്പായത്. ഏറ്റവും ആകര്‍ഷണശക്തിയുള്ള ബ്ലാക്ക് ഹോളുകളെക്കുറിച്ചും കേള്‍ക്കാത്തവരില്ലല്ലോ.
വിഷ്ണു സൂര്യനാണെങ്കില്‍, സൂര്യന്റെ വാഹനം രശ്മിയാകാനെ തരമുള്ളു. ഗരുഡന്‍ വാസ്തവത്തില്‍ എന്താണ്? ഗരുഡന്റെ മറ്റൊരു പേര് സുപര്‍ണന്‍ എന്നാണെന്ന് നിഘണ്ടുവില്‍ കാണാം.സൂര്യരശ്മിക്ക് 15 പേരുകളാണുള്ളത്. അതിലൊന്ന് ‘സുപര്‍ണാ’ എന്നാണ്. (യാസ്‌കനിഘണ്ടു 1.5)വേദങ്ങളുടെ കോശമാണ് നിഘണ്ടു. വേദങ്ങളില്‍ സുപര്‍ണ എന്നാല്‍ സൂര്യരശ്മിയാണ്. ‘സുപര്‍ണാ ആദിത്യരശ്മയഃ’ എന്ന്് യാസ്‌കന്‍ നിരുക്തത്തില്‍ വിശദീകരിച്ചത് നേരത്തെ ഉദ്ധരിച്ചതാണ്. അതായത് സൂര്യകിരണങ്ങളുടെ പേരാണ് സുപര്‍ണനെന്നര്‍ഥം. ഈ സുപര്‍ണനാണ് ഗരുഡനായതും. ഇക്കാര്യം അമരകോശത്തില്‍ നോക്കിയാല്‍ മനസ്സിലാകും.
അവിടെ ഗരുത്മാന്‍, ഗരുഡന്‍, സുപര്‍ണന്‍, പന്നഗാശനന്‍ തുടങ്ങിയ പേരുകളൊക്കെ ഗരുഡപക്ഷിയുടേതാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിലെ ‘ഗരുത്മാന്‍’ എന്ന ശബ്ദവും സൂര്യകിരണങ്ങള്‍ക്കുവേണ്ടി വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. സൂര്യന്റെ വാഹനം കിരണങ്ങളാണ്. കാരണം കിരണങ്ങളിലൂടെയാണ് സൂര്യന്‍ സര്‍വത്ര വ്യാപിച്ചിരിക്കുന്നത്. ഗരുഡന്‍ സര്‍പ്പഭക്ഷകനാണ്. സര്‍പ്പത്തിന്റെ ഒരു പേര് ‘അഹി’ എന്നാണ്.
വൈദികഭാഷയില്‍ ‘അഹി’ എന്നാല്‍ മേഘമെന്നാണ് അര്‍ഥം. നിഘണ്ടുവില്‍ 10 പേരുകളാണ് മേഘത്തിനുള്ളത്. അതിലൊന്ന് അഹിയാണ്. ചുരുക്കത്തില്‍ സൂര്യന്റെ സുപര്‍ണ (കിരണങ്ങള്‍) ‘അഹി’ അഥവാ ‘മേഘ’ത്തെ ഭക്ഷിക്കുന്നു. വിഷ്ണുഭഗവാന്റെ സുപര്‍ണന്‍ (ഗരുഡന്‍) അഹി അഥവാ സര്‍പ്പത്തെ ഭക്ഷിക്കുന്നു. മഹാഭാരതം ആദിപര്‍വത്തില്‍ ഗരുഡന്‍ അമൃത് മോഷ്ടിക്കുന്നതിനെക്കുറിച്ചൊരു കഥയുണ്ട്. ‘അമൃത്’ എന്നു കേള്‍ക്കുമ്പോള്‍ എന്തോ ദിവ്യമായ ദ്രാവകമെന്നൊരു സങ്കല്‍പം പലര്‍ക്കുമുണ്ട്.
‘അമൃതം’ എന്നാല്‍ ഇവിടെ ജലം എന്ന അര്‍ഥമേയുള്ളു. ‘പയഃ കീലാലമമൃതം ജീവനം ഭുവനം വനം’ എന്ന് അമരകോശത്തില്‍തന്നെ പറയുന്നുണ്ട്. പയം, കീലാലം, അമൃതം, ജീവനം, ഭുവനം, വനം തുടങ്ങിയ പേരുകള്‍ ജലത്തിനുണ്ടെന്നാണ് ഈ പ്രസ്താവനയുടെ അര്‍ഥം. സൂര്യകിരണങ്ങളായ സുപര്‍ണന്‍ അഥവാ ഗരുഡന്‍ അമൃത് അഥവാ ജലത്തെ ബാഷ്പീകരിക്കുന്നു. ഇതാണ് ഗരുഡന്റെ അമൃത് മോഷണം. പുരാണങ്ങളില്‍ വിഷ്ണു പാല്‍ക്കടലില്‍ പള്ളികൊള്ളുന്നവനാണെന്ന് വര്‍ണിച്ചിട്ടുണ്ട്. ക്ഷീരപഥമെന്നും പേരുള്ള ആകാശഗംഗതന്നെയാണ് ഈ പാല്‍ക്കടല്‍.
പാല്‍ക്കടലില്‍ ആയിരം ഫണങ്ങളുള്ള അനന്തന്റെ മേല്‍ ശയിക്കുകയാണ് മഹാവിഷ്ണു. ഒരു സര്‍പ്പത്തിനും ആയിരം ഫണങ്ങങ്ങളില്ല. എങ്കില്‍ അതെന്താണ്? വിഷ്ണു സൂര്യനാണെങ്കില്‍ അനന്തമായ ആകാശത്തില്‍ വ്യാപിച്ചിരിക്കുന്ന സൂര്യരശ്മികള്‍തന്നെയാണ് ഈ ആയിരം ഫണങ്ങള്‍. വേദത്തെ പിന്‍പറ്റി ചിന്തിക്കുമ്പോള്‍ ഇപ്രകാരം ആധിദൈവികാര്‍ഥങ്ങള്‍ മാത്രമല്ല, വിഷ്ണുദേവതാസങ്കല്‍പത്തിന്റെ ആധിഭൗതികവും ആധ്യാത്മികവുമായ അര്‍ഥങ്ങള്‍ നമുക്ക് മുന്‍പില്‍ അനാവരണം ചെയ്യപ്പെടും.