Total Pageviews

Blog Archive

Search This Blog

കര്‍മ്മഫലവും പുനര്‍ജന്മവും - KARAMA PHALAM


ഭാരതീയ ചിന്താധാരകള്‍ക്ക് ആധാരമായ ഗ്രന്ഥങ്ങള്‍, വിശ്വാസങ്ങള്‍, ആചാരവിചാരങ്ങള്‍, സങ്കല്‍പം എന്നിവയിലെല്ലാം പുനര്‍ജന്മത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഈ ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം ഒരു ചാക്രികവൃത്തിക്ക് വിധേയമാണെന്നത് ആധുനിക ശാസ്ത്രവീക്ഷണമാണ്.

ജനിച്ചതിനെല്ലാം മരണമുണ്ട്. മരിച്ചതിന് ജനനവുമുണ്ട്. ജനനമരണം പോലെ എല്ലാറ്റിനും ദ്വന്ദങ്ങളുണ്ടെന്നതും വസ്തുതയാണ്. സുഖം,ദുഃഖം, ലാഭം,നഷ്ടം, ഉയര്‍ച്ച താഴ്ച, ചിരി, കരച്ചില്‍, ശരിതെറ്റ് ശാസ്ത്ര ദൃഷ്ടിയിലൂടെ വിവരിച്ചാല്‍ എല്ലാറ്റിനും ജന്മമുണ്ടെങ്കില്‍ മരണമുണ്ടെന്ന് വിവക്ഷിക്കാം. ആത്മാവ് എന്താണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് ശാസ്ത്രവും, ഉപനിഷത്തും ഒരുപോലെ പറയുന്നു.

വിസ്തരിച്ചുള്ള ഒരു വിവരണം ആത്മാവിനെക്കുറിച്ച് ആര് നല്‍കിയാലും അത് ആ വ്യക്തിയുടെ വീക്ഷണമെന്നേ പറയാന്‍ കഴിയൂ. ആത്മാവ് അനന്തമായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു. ഇനിയും നിലനില്‍ക്കും. ഒരു ജലത്തിന്റെ കണികപോലെ, അല്ലെങ്കില്‍ ഓക്‌സിജന്റെ ‘തന്മാത്ര’പോലെ എല്ലാ ജീവജാലങ്ങളിലും ദ്രവ്യമുണ്ട്. ആ ദ്രവ്യങ്ങള്‍ കര്‍മ്മഫലം അനുസരിച്ച് ഒന്നില്‍ നിലനിന്ന് പിന്നീട് മറ്റൊന്നിലേക്ക് പോകുന്നു

എപ്രകാരം മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയത് തെരഞ്ഞെടുക്കുന്നുവോ അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു. അതായത് ആത്മാവ് പല ശരീരങ്ങളിലായി ശാശ്വതമായി അനവധി കാലം നിലനില്‍ക്കുന്നു. പരമാത്മാവില്‍ അലിഞ്ഞുചേരുന്നതുവരെ എന്നു പറയാം.അപ്പോള്‍ ആത്മാവ് ഒരു ശരീരത്തെ ഉപേക്ഷിക്കുന്നത് മരണവും മറ്റൊന്നിനെ സ്വീകരിക്കുന്നത് ജനനവുമായിത്തീരുന്നു.

ഇതിലൂടെ ആത്മാവിന് മരണമില്ലെന്നും മരണം ശരീരത്തിനാണെന്നും വ്യക്തമാകുന്നു. ശരീരം ആത്മാവിനെ കൊണ്ടു നടക്കാനുള്ള ഒരു വാഹനം മാത്രമാണ്. ശ്രീകൃഷ്ണന്‍ പറയുന്നു. ”ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ.” അര്‍ജ്ജുനാ ഈ ശരീരം ക്ഷേത്രമാണെന്നറിഞ്ഞാലും.

ശരീരത്തിന് സംഭവിക്കുന്നതൊന്നും ആത്മാവിനെ ബാധിക്കാറില്ല. ഏതുപോലെന്നാല്‍; വൈദ്യുതി ഉപകരണത്തിന് എന്തു സംഭവിച്ചാലും വൈദ്യുതിക്ക് ഒന്നും സംഭവിക്കുന്നില്ല. ഇനി ചിന്തിക്കേണ്ടത് ആത്മാവ് എന്തടിസ്ഥാനത്തിലാണ് മറ്റൊരു ശരീരത്തെ സ്വീകരിക്കുന്നത് എന്നാണ്. ഇവിടെ നമുക്ക് ശാസ്ത്രീയമായി പറയാവുന്ന ഒരു പ്രയോഗം ‘കര്‍മ്മഫലം’ എന്നാണ്.

നാം ചെയ്ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് അനുഭവിച്ചേ തീരൂ. കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. വിശാലമായി ചിന്തിച്ചാല്‍ പ്രകൃതിയുടെ താളാത്മകമായ നിലനില്‍പ്പ് ഒരു സൂക്ഷ്മജീവി മുതല്‍ ഈ ബ്രഹ്മാണ്ഡത്തിലെ സൂര്യഗോളംവരെയാണ്. അതിലേതിന്റേയും നിലനില്‍പ്പിന് കോട്ടം വരുത്തിയാല്‍ അത് പാപവുമാണ്. അതിന്റെ കര്‍മ്മഫലം അനുഭവിച്ചേ തീരൂ.

അനുഭവിച്ചുതീരുമ്പോള്‍ അതില്‍നിന്ന് മുക്തമാകുകയും ചെയ്യും. ആത്മാവിന് കൊണ്ടുപോകാന്‍ പാപകര്‍മ്മഫലങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ആത്മാവിന് മോക്ഷപ്രാപ്തിയായെന്നു പറയാം.പാപപുണ്യങ്ങള്‍കൊണ്ടുപോകുന്നതിനെ ഇങ്ങനെ ഉപമിക്കാം: വൈദ്യുതി എത്ര ഉയര്‍ന്ന അളവിലായാലും വൈദ്യുതി കമ്പിയില്‍ക്കൂടി പോകുമ്പോള്‍ കമ്പിക്ക് ബാധകമാകാറില്ല.

സുഗന്ധമോ, ദുര്‍ഗന്ധമോ ആയാലും വായു അതു പരത്തുമ്പോള്‍ വായുവിന്റെ അസ്ഥിത്വത്തെ ബാധിക്കാറില്ല. അതേപോലെയാണ് ആത്മാവിന്റെ കാര്യവും. സഞ്ചിതം, ആര്‍ജിതം, പ്രാരബ്ധം എന്നിങ്ങനെ മൂന്നിനം കര്‍മ്മഫലങ്ങളാണുള്ളത്.

കഴിഞ്ഞ ജന്മംവരെയുള്ള ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളില്‍ അനുഭവിച്ചു തീര്‍ക്കാത്തതാണ് സഞ്ചിതകര്‍മ്മം. ഈ ജന്മത്തില്‍ ചെയ്തു കൂട്ടിയത് അഥവാ ഈ ജന്മത്തില്‍ ആര്‍ജിച്ചതാണ് ആര്‍ജ്ജിത കര്‍മ്മം. അപ്പപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്റേതാണ് പ്രാരബ്ധകര്‍മ്മം. ഇവ മൂന്നും ഈ ജന്മത്തില്‍ അനുഭവിച്ചു തീര്‍ക്കണം.

ഓരോ വ്യക്തിയും മരിച്ചുകഴിഞ്ഞാല്‍ ആ വ്യക്തി ചെയ്ത കര്‍മ്മഫലം മാത്രമാണ് കൂടെക്കൊണ്ടുപോകുന്നത്. തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാന്‍ പറ്റിയ ശരീരത്തെയാണ് പിന്നീട് ആത്മാവ് തിരഞ്ഞെടുക്കുന്നത്. അങ്ങനെ ജന്മജന്മാന്തരമായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കര്‍മ്മഫലം അനുഭവിച്ച് തീരുന്നതുവരെ പുനര്‍ജന്മവും ഉണ്ടാകും.

സല്‍കര്‍മ്മം ദുഷ്‌കര്‍മ്മം എന്നിവയുണ്ടോ? പുനര്‍ജന്മം ശാസ്ത്രീയമാണോ? അതിന്റെ യുക്തി കഴിഞ്ഞ ജന്മം ചെയ്ത സല്‍ഫലങ്ങള്‍ക്കും, ദുഷ്ഫലങ്ങള്‍ക്കും ഈ ജന്മത്തില്‍ അനുഭവിക്കേണ്ടിവരുമെന്ന് പറയുന്നത് അന്ധവിശ്വാസമാണോ? ഈ ജന്മത്തില്‍ ഒരു പാപകര്‍മ്മവും ചെയ്യാത്ത ഒരു ശിശു എങ്ങനെ മൂകനും അന്ധനും ബധിരനുമായി ജനിക്കാന്‍ കാരണം?

എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ സാധാരണക്കാരില്‍നിന്ന് കേള്‍ക്കുന്നത് സ്വാഭാവികം. ഒരാളുടെ മരണം, പുനര്‍ജന്മരീതി എന്നിവയെക്കുറിച്ചുള്ള അറിവ്, ശാസ്ത്രസത്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ആത്മീയമായി ചിന്തിക്കുന്ന ഏവര്‍ക്കും കൗതുകകരമായിരിക്കും.