ഭഗവല്‍ പ്രസാദമായാണ് ചന്ദനം സ്വീകരിക്കപ്പെടുന്നത്. വലതു ഹസ്തത്തില്‍ വാങ്ങി ഇടതുകയ്യിലേക്ക് പകര്‍ന്ന് വലതുകൈയുടെ മോതിരവിരലിന്റെ അഗ്രംകൊണ്ട് ചന്ദനം ലലാടത്തില്‍ (നെറ്റിയില്‍) തൊടുക. സ്ത്രീകള്‍ നെടുകെയും പുരുഷന്മാര്‍ കുറുകെയും (ഗോപിക്കുറി) ആണ് കുറി വരക്കേണ്ടത്. ഈ സമയങ്ങളില്‍ പ്രതിഷ്ഠക്കനുസൃതമായ മന്ത്രങ്ങള്‍ ഉരുവിട്ടിരിക്കണം.
സ്ത്രീകള്‍ നെറ്റിക്കു പുറമെ കണ്ഠത്തിലും പുരുഷന്മാര്‍ മാറിടത്തിലുമാണ് തുടര്‍ന്ന് ചന്ദനം തൊടേണ്ടത്. പുരുഷന്മാര്‍ ഷര്‍ട്ടിടാതെയായിരിക്കണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. ക്ഷേത്രദര്‍ശനത്തിന്റെ പ്രധാനപ്പെട്ട ഫലം ഭക്തരില്‍ ഈശ്വരചൈതന്യം സന്നിവേശിക്കലാണ്.
നടയ്ക്കു മുന്നില്‍ പ്രതിഷ്ഠ സമാന്തരമായി തൊഴുതുനില്‍ക്കുന്ന ഭക്തനിലേക്ക് ഭഗവാന്റെ ചൈതന്യം മൂലാധാരം മുതല്‍ ഷഡാധാരങ്ങള്‍ ഓരോന്നിലും വന്നുനിറയുന്നു. ആ സമയം ഭക്തന്റെ അതത് ഭാഗങ്ങള്‍ ഉത്തേജിതമാകും. പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന് നിഷ്‌കര്‍ഷിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. പുരുഷന്റെ മാറിടത്തിലേക്ക് ‘ദേവോര്‍ജ്ജം’ പ്രതിബന്ധമേതുമില്ലാതെ പ്രവഹിക്കപ്പെടും. മറയ്‌ക്കേണ്ട ഭാഗങ്ങള്‍ മറയ്ക്കപ്പെടാതെയിരിക്കുമ്പോള്‍ ഭക്തനില്‍ സാമൂഹ്യവിരുദ്ധ പ്രവണത വളരുമെന്ന് ശാസ്ത്രം പറയുന്നു. ലൈംഗിക പ്രവണതയെ ഉത്തേജിപ്പിക്കാനല്ല, നിയന്ത്രിച്ചുനിര്‍ത്താനാണല്ലോ ക്ഷേത്രദര്‍ശനം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം കഴുത്തിനു താഴെയുള്ള ഭാഗങ്ങള്‍ മറയ്‌ക്കേണ്ടതുമാണ്.
പുഷ്പങ്ങള്‍
പൂജിച്ച പുഷ്പങ്ങള്‍ വലതുകൈയില്‍ വാങ്ങി ഇടതുകൈയിലേക്ക് മാറ്റുക. വലതുകൈകൊണ്ടെടുത്ത് ഇടതുചെവിയില്‍ വച്ച് തുടര്‍ന്ന് വലതു ചെവിയിലും ശിരസ്സിലും വക്കുക. സ്ത്രീകള്‍ക്ക് ഇതുപോലെ വാങ്ങി മുടിയില്‍ (സഹസ്രാരവം) വച്ച് ഇടത് ചെവിയിലും വലതുചെവിയിലും വയ്ക്കാം. മിച്ചമുള്ളവ തറയില്‍ ഇടരുത്. പുഷ്പങ്ങളില്‍ ചവിട്ടാന്‍ പാടുള്ളതല്ല.
പ്രസാദം സ്വീകരിക്കുമ്പോള്‍ സംസാരം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. പ്രസാദ വസ്തുക്കള്‍ തറയിലിടരുത്. ക്ഷേത്രത്തിനകത്ത് തുപ്പുകയുമരുത്. നിവേദ്യത്തിന്റെ ഉച്ഛിഷ്ടം, ഇല അവ തറയിലിടുകയോ ഇല നക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല, നടയടച്ചാല്‍ ദര്‍ശനവും നിഷിദ്ധമാണ്.
പ്രസാദമെല്ലാം സ്വീകരിച്ച് പുറത്തിറങ്ങുമ്പോള്‍ ചുരുങ്ങിയത് ഒരു മൂന്നുപടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ച് പോവേണ്ടതാണ്. മറ്റൊരു സ്ഥലത്തും തങ്ങാതെ നേരെ വീട്ടില്‍ എത്തിയശേഷം പ്രസാദവും പുഷ്പങ്ങളും ചന്ദനവും എല്ലാം മറ്റുള്ളവര്‍ക്കും നല്‍കുക. ശേഷിക്കുന്നവ ശുദ്ധിയുള്ള സ്ഥലത്ത് (പൂജാമുറി) സൂക്ഷിക്കുക
തീര്‍ത്ഥം
പുണ്യമാണ്. ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യമാണ് തീര്‍ത്ഥം സ്വീകരിക്കല്‍.
പാദസ്പര്‍ശനവും തീര്‍ത്ഥജല സ്വീകരണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
അല്‍പ്പം തീര്‍ത്ഥം മാത്രമേ ആവശ്യമുള്ളൂ. കൈവെള്ളയില്‍ സ്വീകരിക്കുന്ന
തീര്‍ത്ഥം കൈ രേഖയിലൂടെ അല്‍പ്പം അഭിമുഖമായി ഒഴുക്കി പാനം ചെയ്യുകയാണ്
വേണ്ടത്. ചുണ്ടുകള്‍ മാത്രമേ നനയേണ്ടതുള്ളൂ. ഉള്ളിലേക്ക് ഇറങ്ങേണ്ടതില്ല.
തുടര്‍ന്ന് മുഖത്തും ശിരസ്സിലും സ്പര്‍ശിച്ച് ശേഷമുള്ളത് മാറിടത്തിലേക്ക്
തളിക്കേണ്ടതാണ്.
പത്മതീര്‍ത്ഥം
എല്ലാ
ക്ഷേത്രക്കുളങ്ങളും പത്മതീര്‍ത്ഥമാണ്. തന്ത്രിയും പൂജാരികളും മാത്രമല്ല
ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തജനങ്ങളും ശരീരശുദ്ധിക്ക് പത്മതീര്‍ത്ഥമാണ്
ഉപയോഗിക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ക്ഷേത്രങ്ങളോടനുബന്ധിച്ച്
ക്ഷേത്രക്കുളങ്ങളും നിര്‍മ്മിച്ചുവരുന്നത്. സോപ്പും മറ്റുമുപയോഗിച്ച്
അശുദ്ധമാക്കുകയോ വസ്ത്രം അലക്കുകയോ അരുത്.