Total Pageviews

Blog Archive

Search This Blog

ദേവി മഹാലക്ഷ്മി - DEVI MAHALAXMI


നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖ ചക്രഗദാ ഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി ദേവി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും

അഭയ വരദ മുദ്രകളോടുകൂടിയതാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ  എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മി, മഹാവിഷ്ണുവിന്റെ അവതാരങ്ങളിലേയും പത്നിയായാണ്.

ആദിപരാശക്തിയുടെ അവതാരമായി മഹാലക്ഷ്മിയെ ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് ദേവിയുടെ മറ്റു രണ്ട് ഭാവങ്ങൾ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിക്കുന്നത് മഹാലക്ഷ്മി ആണ് എന്നും ഭുവനേശ്വരിക്കും മഹാലക്ഷ്മിക്കും തമ്മിൽ ഭേദമില്ല എന്നും പറയുന്നു.

പാലാഴിമഥനത്തിൽ പൊന്തിവന്ന ദിവ്യ വസ്തുക്കളിൽ ലക്ഷ്മി ഉൾപ്പെട്ടിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നു. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിക്ക് പ്രതിഷ്ഠയുണ്ട്. കേരളത്തിൽ എറണാകുളത്തെ ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ ആണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികയിലും ദേവിക്ക് മഹാലക്ഷ്മി ഭാവത്തിൽ ആരാധനയുണ്ട്. കൂടാതെ പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.

ഹൈന്ദവ പുരാണങ്ങളനുസരിച്ച് ലക്ഷ്മി എന്ന നാമം ഐശ്വര്യം, സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവയുടെ പര്യായമായി അറിയപ്പെടുന്നു. ചുവന്ന സാരിയുടുത്ത് സർവ്വാഭരണ വിഭൂഷിതയായി സ്വർണ്ണ നാണയങ്ങൾ വർഷിക്കുന്ന രീതിയിലുള്ള ചിത്രം - ഇതാണ് സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി.

ഹൈന്ദവർ, ജൈനമതക്കാർ, ബുദ്ധമതസ്ഥർ എന്നിവർ അവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും ഈ പരിശുദ്ധ ദേവതയെ ആരാധിക്കുന്നു, ലക്ഷ്മീ ദേവി അവരുടെ ഭക്തന്മാരെ സ്വർണ്ണം, പണം എന്നിവകൊണ്ട് അനുഗ്രഹിക്കുകയും സൗഭാഗ്യം കൊണ്ടുവരുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.

ലക്ഷ്മീദേവിക്ക് നിങ്ങളുടെ ജീവിതം സ്വർണ്ണം കൊണ്ടും ഐശ്വര്യം കൊണ്ടും നിറക്കാനുള്ള ശക്തിയുണ്ട്. അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കാൻ തിരക്കിടുന്നതിനു മുൻപ് സ്വർണ്ണ ദേവതയെക്കുറിച്ചുള്ള ചില സത്യങ്ങളും വിശ്വാസങ്ങളും പറഞ്ഞു തരാം.

ലക്ഷ്മി എന്ന നാമം “ലക്സ്” ‘ലക്ഷ്യത്തെ നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയ്യുന്ന’ എന്ന പദത്തിൽ നിന്നാണ്. ദേവി ഭക്തരെ അവരുടെ ജീവിതം മാറ്റി മറിക്കുന്ന അവസരങ്ങളെ മനസിലാക്കിപ്പിക്കുകയും അവരെ ആ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

സ്വർണ്ണ കരയുള്ള ചുവന്ന സാരിയുടുത്ത ദേവിയുടെ സ്വർണ്ണ കര സകാരാത്മകമായ ഊർജ്ജത്തെയും സമൃദ്ധിയെയും പ്രതീകവൽക്കരിക്കുന്നു.

ലക്ഷ്മീ ദേവിയുടെ സ്വർണ്ണ നിറം, ദയയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്.

ഭക്തർക്ക് സമ്പത്ത് നൽകുന്നതിന്റെ പ്രതീകമായാണ് കയ്യിൽ നിന്ന് സ്വർണ്ണ നാണയങ്ങൾ വർഷിക്കുന്ന ദേവിയുടെ രൂപത്തെ സങ്കൽപ്പിക്കുന്നത്.

ഹൈന്ദവ മതമനുസരിച്ച് ലക്ഷ്മീ ദേവിയുടെ നാലു കൈകൾ മനുഷ്യ ജീവിതത്തിലെ ധർമ്മം, കർമ്മം, അർത്ഥം (ഐശ്വര്യം), മോക്ഷം എന്നീ നാലു ലക്ഷ്യങ്ങളെ പ്രധിനിധാനം ചെയ്യുന്നു.

അഷ്ട(എട്ട്) ലക്ഷ്മി എന്ന രൂപം ദേവിയുടെ ഐശ്വര്യത്തിന്റെ എട്ട് ഭാവത്തെ പ്രതിനിധാനം ചെയ്യുന്നു.

ഹൈന്ദവ വിവാഹങ്ങൾ ലക്ഷ്മീ ദേവിയും ഭഗവാൻ വിഷ്ണുവുമായുള്ള വിവാഹത്തിന്റെ മാതൃകയിലാണ് നടത്തുന്നത്.

ചിലപ്പോൾ ലക്ഷ്മീ ദേവിയെ ഒന്നോ രണ്ടോ ആനകളുടെ കൂടെയും ചിലപ്പോൾ മൂങ്ങയുടെ കൂടെയും കാണപ്പെടുന്നു. ആനകൾ ജോലി, പ്രവർത്തനം, മനശക്തി, അതുപോലെത്തന്നെ ജലം, മഴയും ഫലപുഷ്ടിയും സമൃദ്ധമായ ഐശ്വര്യം എന്നിവയേയുമാണ് സൂചിപ്പിക്കുന്നത്. ക്ഷമ, അറിയാനുള്ള പരിശ്രമം, ഇരുട്ടിനാൽ ചുറ്റപ്പെട്ടിരിക്കുന്ന സമയത്ത് അറിവ് കണ്ടെത്തുക എന്നിവയുടെ പ്രതീകമായാണ് മൂങ്ങയെ സങ്കൽപ്പിക്കുന്നത്.

ലക്ഷ്മീ ദേവി വൃത്തിയായ വീടുകൾ മാത്രമേ സന്ദർശിക്കൂ എന്നാണ് വിശ്വാസം, അതുകൊണ്ടുതന്നെ പൂജ ചെയ്യുന്ന വ്യക്തി അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

വെള്ളിയാഴ്ചയാണ് ലക്ഷ്മീ ദേവിയെ പൂജിക്കാനുള്ള ഏറ്റവും നല്ല ദിവസമായി കണക്കാക്കുന്നത്.

ഭക്തർ അവരുടെ പ്രിയ ദേവിക്ക് സിന്ദൂരം, ചന്ദനം, സ്വർണ്ണാഭരണങ്ങൾ, താമര എന്നിവയുടെ കൂടെ വെറ്റിലയും അടക്കയും വെച്ച് പൂജ ചെയ്യണം.

ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തിയ പഴങ്ങളും ശർക്കര കൊണ്ടുള്ള മധുര പലഹാരങ്ങളും നാളികേരം, അരി എന്നിവ കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും ഭക്തർക്ക് ‘പ്രസാദ’മായി നൽകുന്നു.

വിഗ്രഹങ്ങൾ മാത്രമല്ല, ശ്രീ ലക്ഷ്മീ യന്ത്രത്തെയും ഭക്തർ പൂജിക്കുന്നു. ഈ യന്ത്രം സമ്പത്തിനെയും, ഐശ്വര്യത്തിനെയും സൂചിപ്പിക്കുന്നു.

ഭക്തർ ലക്ഷ്മീ ദേവിയെ ദേവിയുടെ 108 നാമങ്ങൾ ചൊല്ലി സ്തുതിക്കുന്നു. ഉദാഹരണത്തിന്: ലക്ഷ്മീ സുതം, ലക്ഷ്മീ ബീജ മന്ത്രം എന്നിവ.

ലക്ഷ്മീ ദേവിയുടെ ദിവ്യ സാന്നിധ്യത്താൽ നിങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾക്ക് യാഥാർത്ഥ്യമാക്കാൻ കഴിയും. എന്നും സന്ധ്യാ സമയത്ത് ഒരു നെയ്വിളക്കുകൊളുത്തി ദേവിയോട് സമൃദ്ധമായ സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുക.

പാലാഴിമഥനത്തില്‍നിന്ന് ഉത്ഭവിച്ചവളും മഹാവിഷ്ണുവിന്റെ ധര്‍മ്മപത്‌നിയുമായ ലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാകുന്നു. കാമദേവന്റെ മാതാവായും ഈ ക്ഷീരസാഗരസമുത്ഭവ അറിയപ്പെടുന്നുണ്ട്. മഹാലക്ഷ്മിക്ക് എട്ടുവിധത്തില്‍ രൂപകല്‍പന നല്‍കി ആരാധിച്ചുവരുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം. നവരാത്രിവേളയില്‍ ദുര്‍ഗ്ഗയോടൊപ്പം ലക്ഷ്മിയേയും ആരാധിക്കുന്ന പതിവുണ്ട്. ക്രിയാശക്തിയുടെ പ്രതീകമായാണ് ലക്ഷ്മീദേവിയെ കരുതുന്നത്.

സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്നാണ് ദേവീഭാഗവതത്തില്‍ മഹാലക്ഷ്മിയുടെ ഉത്ഭവകഥ വിവരിക്കുന്നത്. പല കാലത്തായി പല അവതാരങ്ങള്‍ ലക്ഷ്മീദേവി കൈക്കൊണ്ടിട്ടുണ്ട്.

ലക്ഷ്മീദേവിയെ മുഖ്യദേവതയായി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടില്‍ വിരളമാണ്. വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്‍പങ്ങളാണ് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്രത്തില്‍ ഈ ഐശ്വര്യദേവതയെ പ്രത്യേകം പൂജിച്ചുവരുന്നു.

ബ്രാഹ്മണ ഭവനങ്ങളിലും മറ്റും അരിമാവുകൊണ്ട് കളം വരച്ച് അതിന്‍മേല്‍ ആവണിപ്പലകയുമിട്ട് നാക്കിലയില്‍ നെല്‍ക്കതിര്‍ കുളിപ്പിച്ചുവെച്ച് താലിമാലയും ഗന്ധപുഷ്പങ്ങളും ചാര്‍ത്തി ഗൃഹനാഥന്‍ ലക്ഷ്മീപൂജ നിര്‍വ്വഹിക്കുന്നു. മറ്റു കുടുംബാംഗങ്ങളെല്ലാം ഇതില്‍ പങ്കുചേരുകയും ചെയ്യുന്നു. ചില പ്രത്യേകതരം കറികളും മറ്റും ലക്ഷ്മീപൂജയുടെ നിവേദ്യത്തിനായി അന്നേദിവസം ഒരുക്കാറുണ്ട്. ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമിദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും അതിവിശേഷമാണ്. ദീപാവലി ദിനവും ലക്ഷ്മീപ്രീതി കര്‍മ്മങ്ങള്‍ക്ക് ഉത്തമം.

പദ്മാസനസ്ഥിതേ ദേവീ പരബ്രഹ്മ സ്വരൂപിണി!
പരമേശ്വരി ജഗന്മാതാ മഹാലക്ഷ്മി നമോസ്തുതേ!

പ്രാധാന മഹാലക്ഷ്മി ക്ഷേത്രങ്ങൾ 

ശ്രീ ലക്ഷ്മി ദേവി ക്ഷേത്രം, പുത്തൂർ പാലക്കാട്, മട്ടുമണ്ട, പാലക്കാട്, കേരളം
ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ഇഴിലോട്, കണ്ണൂർ, കേരളം,
ശ്രീ മഹാലക്ഷ്മി ക്ഷേത്രം, മുളവള്ളിക്കാവ്, കൊരട്ടി, തൃശൂർ , കേരളം,
ശ്രീ മഹാലക്ഷ്മി ക്ഷേത്രം, പള്ളിപ്പുറം കടവിൽ , ആലപ്പുഴ പള്ളിപ്പുറം
ശ്രീ മഹാലക്ഷ്മി ക്ഷേത്രം,ചെവൂർ, തൃശ്ശൂർ, കേരളം
ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ഓച്ചിറ, കേരളം,
ശ്രീ അഷ്ടാലശംസ ക്ഷേത്രം, ചെന്നൈ
ശ്രീ ലക്ഷ്മി ദേവി ക്ഷേത്രം, ഹസ്സൻ
ശ്രീ മഹാലക്ഷ്മി ക്ഷേത്രം, മുംബൈ
ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രം (ബിർള മന്ദിർ), ഡൽഹി
ശ്രീപുരം  മഹാലക്ഷ്മി സുവർണക്ഷേത്രം, വെല്ലൂർ
ശ്രീ മഹാലക്ഷ്മി ക്ഷേത്രം, കോൽഹാപുർ