Total Pageviews

Blog Archive

Search This Blog

നല്ല ശീലങ്ങള്‍


ശീലങ്ങള്‍ക്ക് നമ്മുടെ ദൈനംദിന ജീവിതത്തിലും ആദ്ധ്യാത്മിക ജീവിതത്തിലും വളരെയധികം സ്ഥാനമുണ്ട്. നല്ല ശീലങ്ങള്‍ ജീവിതത്തിന് ദിശാബോധം നല്‍കുകയും അതിനെ വിജയത്തിലെത്തിക്കുകയും ചെയ്യുന്നു. ചീത്ത ശീലങ്ങളാകട്ടെ മനസ്സിനെ ദുഷിപ്പിക്കുകയും ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു.

ജീവിതത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാള്‍ ഒരിക്കലും ശീലങ്ങള്‍ക്ക് അടിമയാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അവന്‍ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും യജമാനനായിരിക്കണം. ഓരോ ചിന്തയും പ്രവൃത്തിയും ബോധപൂര്‍വ്വമായെങ്കില്‍ മാത്രമേ ഈ ലക്ഷ്യം സാദ്ധ്യമാകുകയുള്ളു. തെറ്റായ പ്രവൃത്തികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അവ ശീലമായി മാറുന്നു. ശീലം സ്വഭാവമായി, ആ സ്വഭാവം നമ്മളെ കീഴ്‌പ്പെടുത്തുന്നു. അതോടെ നമുക്കു സ്വാതന്ത്ര്യം നഷ്ടമാകുന്നു.

ഒരു ശീലം സ്വഭാവമായിക്കഴിഞ്ഞാല്‍, അതിനു തടസ്സം വരുത്തുന്ന ഏതു സാഹചര്യവും നമ്മെ അസ്വസ്ഥരാക്കും. രാവിലെ ഭാര്യ നല്‍കുന്ന കാപ്പി കുടിച്ചു ശീലിച്ച ഒരാള്‍ക്ക് ഉണര്‍ന്നയുടനെ ഭാര്യ കാപ്പി കൊണ്ടുവന്നു കൊടുത്തില്ലെങ്കില്‍ അയാള്‍ അസ്വസ്ഥനാകും, ക്ഷുഭിതനാകും. കാപ്പി, സിഗരറ്റ്, ന്യൂസ്‌പേപ്പര്‍ എന്നിങ്ങനെയുള്ള നിസ്സാരവസ്തുക്കള്‍പോലും സമയത്തിനു ലഭിച്ചില്ലെങ്കില്‍ അതു മനസ്സിനെ അസ്വസ്ഥമാക്കും, സന്തോഷവും സംതൃപ്തിയും ഇല്ലാതാകും. ഇത്തരത്തിലുള്ള അനേകം ശീലങ്ങള്‍ക്ക് അടിമകളായിരിക്കുകയാണ് നമ്മളെല്ലാം.

പണ്ട് കാലത്ത് മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു. എന്നാല്‍ ഇന്ന് ഫാന്‍, എസി തുടങ്ങിയവയില്ലാതെ നമുക്ക് ഉറക്കം വരില്ല എന്നായിരിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ രാത്രിയില്‍ കറന്റു പോയി ഫാനോ എയര്‍ക്കണ്ടീഷനോ പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കട്ടെ; അന്നുപിന്നെ ഉറങ്ങാനേ കഴിയില്ല. കാരണം, അത്രയും നാളത്തെ ശീലം നമ്മുടെ സ്വഭാവമായി മാറി. ഇതുപോലെ ഓരോ ശീലവും നമ്മളെ കീഴ്‌പ്പെടുത്തുകയാണ്. പെട്ടെന്നു ഇത് മാറ്റിയെടുക്കുക സാദ്ധ്യമല്ല. എന്തിലെങ്കിലും ചാരിനില്‍ക്കുക എന്ന മനസ്സിന്റെ ശീലം എത്രയോ കാലമായി നമ്മള്‍ കൊണ്ടുനടന്നതാണു്.

ഒരാള്‍ മുപ്പതു വര്‍ഷം പട്ടാളത്തില്‍ ജോലിചെയ്തശേഷം അതില്‍നിന്ന് വിരമിച്ച് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ഒരു ദിവസം അയാള്‍ ചന്തയില്‍ പോയി ഒരു കുടം പാല്‍ വാങ്ങി. പാല്‍ നിറച്ച ഒരു മണ്‍കുടം തലയില്‍വെച്ച് രണ്ടുകൈകള്‍കൊണ്ടും താങ്ങിപ്പിടിച്ചുകൊണ്ട് വീട്ടിലേയ്ക്കു നടന്നു. ഇതുകണ്ട് വഴിയില്‍നിന്ന ചെറുപ്പക്കാരിലൊരാള്‍ ”അറ്റന്‍ഷന്‍” എന്നു വിളിച്ചുപറഞ്ഞു. മുപ്പതുവര്‍ഷമായി പട്ടാളത്തില്‍ കേട്ടുശീലിച്ച ആ ശബ്ദം കേട്ടതും പട്ടാളക്കാരന്‍ അറിയാതെതന്നെ തന്റെ കൈകള്‍ രണ്ടും താഴ്ത്തി പട്ടാളച്ചിട്ടയില്‍ നിവര്‍ന്നുനിന്നു.

തലയിലിരുന്ന മണ്‍കുടം താഴെവീണുടഞ്ഞു. അതിലെ പാല്‍ മുഴുവന്‍ നഷ്ടമായി. ചെറുപ്പക്കാര്‍ ആര്‍ത്തുചിരിച്ചു. നിസ്സാരപ്രവൃത്തികള്‍ പോലും യാന്ത്രികമായി ചെയ്യുന്നതു എത്രമാത്രം ദോഷകരമാണെന്നതിന് ഉദാഹരണമാണ് ഈ കഥ. ആ സ്ഥിതിക്ക് ദുശ്ശീലങ്ങള്‍ കൊണ്ടുണ്ടാകാവുന്ന വിപത്ത് എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ദുശ്ശീലങ്ങള്‍ സാധനയ്ക്ക് തടസ്സം സൃഷ്ടിക്കുക മാത്രമല്ല, ഒരാളുടെ വ്യക്തിത്വത്തെത്തന്നെ വികലമാക്കുന്നു. ഒരു ദുശ്ശീലത്തിന് അടിമയായാല്‍ പിന്നീട് അതില്‍നിന്നു മുക്തനാകുക വളരെ പ്രയാസമാണ്. ബോധപൂര്‍വ്വമായ നിരന്തരശ്രമം അതിനാവശ്യമാണ്. നല്ല ശീലങ്ങള്‍ ബോധപൂര്‍വ്വം വളര്‍ത്തുന്നതിലൂടെ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനും സാധന നേടാനും നമുക്കു കഴിയുന്നു.

നല്ല ശീലങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ്? ലക്ഷ്യത്തെക്കുറിച്ചുള്ള ബോധമുണ്ടാകുകയാണ് ഒന്നാമതായി വേണ്ടത്. ഉദാഹരണത്തിന് സൈക്കിളെന്തെന്നോ അത് ഓടിക്കേണ്ടതെങ്ങനെയെന്നോ അറിയാത്ത കുട്ടിക്ക് ആദ്യം തന്റെ കഴിവില്ലായ്മയെപ്പറ്റി ബോധമുണ്ടാവുന്നു. അപ്പോള്‍ അവനില്‍ സൈക്കിള്‍ ഓടിക്കാനുള്ള ആഗ്രഹം ഉണരുന്നു. പക്ഷേ, അത് ഓടിക്കാനുള്ള പ്രാപ്തിയില്ല. രണ്ടാം ഘട്ടത്തില്‍ പ്രയത്‌നംകൊണ്ട് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചുതുടങ്ങുന്നു. അങ്ങനെ ശരിയായ തീരുമാനത്തിലൂടെയും പ്രയത്‌നത്തിലൂടെയും അവനില്‍ അറിവും കഴിവും ഉണ്ടാകുന്നു. അപ്പോഴും വളരെ ശ്രദ്ധിച്ചും ചിന്തിച്ചും മാത്രമേ അവന് സൈക്കിളോടിക്കാനാകൂ. അങ്ങനെ കുറേ നാള്‍ അഭ്യസിച്ചു ശീലിച്ചാല്‍ പിന്നെ ബോധപൂര്‍വ്വമായ പ്രയത്‌നത്തിന്റെ ആവശ്യമില്ലാതാകുന്നു. സൈക്കിള്‍ ചവിട്ടുമ്പോള്‍ത്തന്നെ അവന് മറ്റുള്ളവരോട് സംസാരിക്കാനും കൈ വീശാനും ഒക്കെ കഴിയുന്നു. നല്ല ശീലങ്ങള്‍ ഈ നിലയിലേക്ക് നമ്മള്‍ വളര്‍ത്തിയെടുക്കണം.

എന്നാല്‍ നല്ല ശീലങ്ങളുടെ പോലും അടിമയാകാതിരിക്കാന്‍ ്‌നാം ശ്രദ്ധിക്കണം. ശീലങ്ങള്‍ നമുക്കുവേണ്ടിയാണ്. നാം അവയ്ക്കുവേണ്ടിയല്ല എന്നോര്‍ക്കണം. ഉദാഹരണത്തിന് എന്നും എട്ടുമണിക്ക് ധ്യാനിക്കുന്ന ശീലമുള്ള ഒരാള്‍ക്ക് ഒരു ദിവസം ആ സമയത്ത് അപകടത്തില്‍പെട്ട തന്റെ സഹോദരനെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു എന്നു കരുതുക. ധ്യാനം മുടങ്ങിയത് അയാളെ അസ്വസ്ഥനാക്കാന്‍ പാടില്ല. ആവശ്യമുള്ളപ്പോള്‍ ശീലങ്ങളെ അതിക്രമിക്കാനും നമുക്കു കഴിയണം. നീന്തല്‍ പഠിക്കുന്നവര്‍ തുടക്കത്തില്‍ തേങ്ങാത്തൊണ്ട് ഉപയോഗിക്കും. നീന്തല്‍ ഒരു വിധം വശമായാല്‍ പിന്നീട് അത് ഉപേക്ഷിക്കുമല്ലോ. അതുപോലെ എല്ലാ ശീലങ്ങളെയും അതിക്രമിച്ച് പൂര്‍ണ്ണസ്വാതന്ത്ര്യം പ്രാപിക്കാന്‍ നമുക്കു കഴിയട്ടെ.