ധനുമാസത്തിലെ തിരുവാതിര

ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതത്തിന്റെ ഭാഗമാണ് ധനുമാസത്തിലെ തിരുവാതിര.
പണ്ട് കാലത്ത്  അശ്വതിനാളില്‍ തുടങ്ങുന്ന തിരുവാതിരക്കളി തിരുവാതിരനാളിൽ ആണ്  സമാപിക്കുന്നത്...
അശ്വതിയിൽ വ്രതം തുടങ്ങിയാല്‍ പുലർച്ചെ അഹസ്സ് പകരുന്നതിനു മുമ്പ് കുളിക്കണം. ഭരണിനാളിൽ പ്രകാശം പരക്കുംമുമ്പ്, കാർത്തികനാളിൽ കാക്ക കരയും മുമ്പ്, രോഹിണി നാളിൽ രോമം പുണരുംമുമ്പ്, മകയിരം നാളിൽ മക്കൾ ഉണരും മുമ്പ്, തുടിച്ചു കുളിക്കണം എന്നാണ് പഴമൊഴി.ഇത് കൃത്യമായി
പണ്ട് അനുഷ്ഠിച്ചിരുന്നു.
കൈകൊട്ടിക്കളിയുടെ രാവുകളാണ് തിരുവാതിര നാളുകൾ. അതിൽ മകയിരം നോമ്പിനും തിരുവാതിര നോമ്പിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മകയിരം മക്കളുടെ നന്മയ്ക്കുവേണ്ടിയാണെങ്കിൽ തിരുവാതിര ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ഉന്നതിക്കും വേണ്ടിയാണ്.
മകയിരത്തിന്റെ അന്നു വൈകിട്ടാണ് എട്ടങ്ങാടി നേദിക്കുന്നത്. കാച്ചിൽ, ഏത്തയ്ക്ക,  ചേമ്പ് തുടങ്ങിയ എട്ടുകിഴങ്ങുകൾ ചുട്ടെടുക്കുന്നതാണ് എട്ടങ്ങാടി. തിരുവാതിര നാളിലാണ് തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്നത്. അതും ഈ പറഞ്ഞ കിഴങ്ങുകളും വൻപയറും കൂടി പുഴുങ്ങുന്നതാണ് തിരുവാതിരപ്പുഴുക്ക് എന്നു പറയുന്നത്.
സുമംഗലിമാരുടെയും കന്യകമാരുടെയും മഹോത്സവമാണ് തിരുവാതിര. അന്നു മംഗല്യവതികളായ സ്ത്രീകൾ‌ നൂറ്റൊന്നു വെറ്റില കീറാതെ മുറുക്കണമെന്നാണ് പറയുന്നത്. തിരുവാതിര നാളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് പാതിരപ്പൂചൂടൽ.
പാതിരാപ്പൂ എന്നു പറയുന്നത് ദശപുഷ്പത്തെയാണ്. വളരെ രസകരമായ നിമിഷങ്ങളാണ് ഇത്. കുട്ടികൾ കളിക്കാറുളള പൂപറിക്കാൻ പോവുന്നോ എന്ന കളിപോലെയാണിതും തുടങ്ങുന്നത്. തിരുവാതിര കളിക്കുന്ന സ്ത്രീകൾ ഇരുഭാഗമായി തിരിയുന്നു. ഒരു ഭാഗമുളളവർ "പൂ പറിക്കാൻ പോരുമോ" എന്ന പാട്ടുപാടുമ്പോൾ മറുഭാഗത്തുളളവർ "ഞങ്ങളാരും വരുന്നില്ല" എന്ന പാട്ടുപാടുന്നു. പ്രാദേശിക വ്യത്യാസം അനുസരിച്ച് ആ ദേശത്തെ ദേവനെ വണങ്ങി ഈ പാട്ടുകളിൽ സ്തുതിക്കാറുണ്ട്.
പാതിരാ കഴിയുന്നതോടെ പാതിരാപ്പൂ എടുക്കാൻ എല്ലാവരും കൂടി പോവുന്നു. കൊടിവിളക്കും അഷ്ടമംഗല്യവും കിണ്ടിയിൽ വെള്ളവുമായി ആർപ്പും കുരവയോടുംകൂടിയാണ് പാതിരാപ്പൂ എടുക്കാൻ പോവുന്നത്. പാതിരാപ്പൂ നേരത്തെ തന്നെ ഒരു സ്ഥലത്ത് കൂട്ടത്തിലുളള ആരെങ്കിലും വെച്ചിരിക്കും. പിന്നീട് പൂത്തിരുവാതിര കൊണ്ടാടുന്ന പെണ്ണിനെ ആവണിപ്പലകയിൽ ഇരുത്തി പാതിരാപ്പൂവിന്റെ നീര് കൊടുക്കുക എന്ന ചടങ്ങ് നടത്തും.
പത്തു പുഷ്പങ്ങളെക്കുറിച്ചു പാടുന്ന പാട്ടിൽ എല്ലാം നീർകൊടുക്കാൻ പറയുന്നുണ്ട്. ആ സമയത്ത് കിണ്ടിയിൽ നിന്നു വെള്ളം എടുത്ത് ചെറുതായി ഒഴിക്കുന്നു. അതുകഴിഞ്ഞ് പൂത്തിരുവാതിരപ്പെണ്ണ് പാതിരാപ്പൂ എടുത്ത് പഴയസ്ഥലത്ത് വരുന്നു. വഞ്ചിപ്പാട്ടാണ് ഈ സമയത്ത് പാടുന്നത്.
പാതിരാപ്പൂ വിളക്കത്തുവെച്ച് പൂത്തിരുവാതിരപ്പെണ്ണും കൂടെ ഇരിക്കുന്നു.
പിന്നീടാണ് ദശപുഷ്പത്തെ സ്തുതിക്കുന്നത്. ഒാരോ പൂവിനും ഒാരോ ദേവതമാരുണ്ട്. പത്തു പുഷ്പത്തെക്കുറിച്ചും പാടിക്കഴിഞ്ഞാൽ പാതിരാപ്പൂ ചൂടുകയായി. തുടർന്നും തിരുവാതിരകളി തുടരുന്നു. പിറ്റേന്നും പുലർച്ചെവരെയാണ് കളി നടക്കുന്നത്.
ഒാരോ ആചാരങ്ങൾക്കു പിന്നിലും ഒാരോ നന്മയുണ്ട്. വിശുദ്ധിയുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് തിരുവാതിര. പഴയ തലമുറയിൽ നിന്നും നഷടപ്പെടാതെ കിട്ടിയ ഒരു ചൈതന്യം കൂടിയാണിത്.

Popular posts from this blog

NAKSHATRAM (നക്ഷത്രം)

UCHA NEEJA RASI - ഉച്ചരാശികൾ - നീചരാശികൾ

RASI PRAMANAM - രാശി പ്രമാണം എന്നാൽ എന്ത്