Total Pageviews

Blog Archive

Search This Blog

ശ്രീവാഞ്ചിയം ശിവ ക്ഷേത്രം - SREE VANCHIYAM SIVA TEMPLE


തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് ശ്രീവാഞ്ചിയം ഗ്രാമം. ഭൂമിയില്‍ ആദ്യം ഉല്‍ഭൂതമായ സ്വയംഭൂ ലിംഗമാണ് ഇവിടുത്തേത് എന്ന് പറയപ്പെടുന്നു. ഏറ്റവും പഴക്കമേറിയ ശിവക്ഷേത്രമത്രെ ഇത്. പ്രളയത്തിനു മുന്‍പുതന്നെ പടിഞ്ഞാറോട്ട് അഭിമുഖമായി ഈ ശിവലിംഗം ഇവിടെ ഉണ്ടായിരുന്നു എന്നും സൂര്യഭഗവാന്‍ ഈ ലിംഗത്തെ ഉപാസിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഈ സ്വയംഭൂലിംഗം പടിഞ്ഞാറോട്ടും കിഴക്കോട്ടും അഭിമുഖമായി കാണപ്പെടുന്നതുകൊണ്ട് പൂജകളും രണ്ടു ദിശകളിലേക്കായാണ് നടത്താറുള്ളത്. ദേവന്‍ വഞ്ചിനാഥന്‍, ദേവി മംഗളാംബിക.

കുംഭകോണം-നാഗപട്ടണം റൂട്ടില്‍ കുംഭകോണത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ശ്രീവാഞ്ചിയം; തിരുവാരൂര്‍-നന്നിലം റൂട്ടില്‍ തിരുവാരൂരില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ. മുടിക്കൊണ്ടന്‍-പുട്ടാര്‍ നദികള്‍ക്കിടയിലാണ് ഈ ഗ്രാമം.

യമധര്‍മ്മരാജന് പ്രത്യേക സന്നിധിയുണ്ട് ക്ഷേത്രത്തില്‍. നിത്യപൂജാവേളകളില്‍ ഈ ദേവന് പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നു.

തന്റെ ചുമതലകള്‍ നിറവേറ്റുന്നതുവഴി തന്നില്‍ അടിഞ്ഞുകൂടുന്ന പാപഭാരത്തെക്കുറിച്ച് യമധര്‍മ്മരാജന്‍ വേവലാതി പൂണ്ടു, ഇതിനൊക്കെ പരിഹാരമുണ്ടോ എന്നോര്‍ത്ത് ചിന്താമഗ്നനായി. ഇതിന് ഒരു പരിഹാരം കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബ്രഹ്മാവ് പ്രതിവിധി നിര്‍ദ്ദേശിച്ചതനുസരിച്ച്  ശിവഭജനത്തിന് ഉചിതമായ സ്ഥലം തേടിയലഞ്ഞ യമരാജന്‍ കാവേരീനദീതീരത്തെ ഗന്ധാരണ്യം എന്ന ചന്ദനക്കാട്ടിലെത്തി. യമന്റെ തീവ്രഭക്തിയില്‍ സംപ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് തനിക്കായി ഇവിടെത്തന്നെ ഒരുക്ഷേത്രം നിര്‍മിക്കാന്‍ യമനോട് ആവശ്യപ്പെട്ടു. തന്റെ വാഹനമായി യമനും സമീപത്തുതന്നെ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് യമന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായത്. യമന്റെ ആഗ്രഹപ്രകാരം പ്രത്യേകസന്നിധി നിര്‍മിക്കുവാനും അനുമതി നല്‍കി. സാധാരണ ശിവക്ഷേത്രങ്ങളില്‍ ഗണപതി ഭഗവാനെയാണല്ലൊ ആദ്യം തൊഴാറുള്ളത്. ഇവിടെ ഗണപതിയെ തൊഴുന്നതിന് മുന്‍പ് യമരാജനെ തൊഴണമെന്നാണ്.

ക്ഷേത്രത്തില്‍ കടന്നാല്‍ വലതുവശത്ത് ആദ്യം കാണുക ഗുപ്തഗംഗ എന്ന തീര്‍ത്ഥക്കുളമാണ്.

യമസന്നിധി ആദ്യപ്രാകാരത്തില്‍ തന്നെയാണ്- ക്ഷേത്രത്തില്‍ കടക്കുമ്പോള്‍ ഇടതുവശത്തായി. തെക്കോട്ട് അഭിമുഖമായാണ് യമസന്നിധി. യമനു സമീപത്തായി നില്‍ക്കുന്ന നിലയിലുള്ള കുബേരവിഗ്രഹവുമുണ്ട്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മരണത്തിന് തൊട്ടുമുന്‍പുള്ള ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

പാപമോചനം നേടാമെന്നതിനാല്‍ ഈ ക്ഷേത്രം മുക്തിക്ഷേത്രം എന്നറിയപ്പെടുന്നു. ജനങ്ങള്‍ സ്വന്തം പാപങ്ങളില്‍നിന്ന് മുക്തി നേടുന്നതിനായി ഗംഗയില്‍ മുങ്ങിക്കുളിക്കുകയും ഈ പാപഭാരങ്ങളത്രയും തന്നില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നത് ഓര്‍ത്ത് ഗംഗാനദി വ്യാകുലയായി. പാപങ്ങളില്‍നിന്ന് മോചനം നേടുന്നതിനായി ശിവന്റെ നിര്‍ദ്ദേശമനുസരിച്ച് ഗംഗാദേവി ഗുപ്തഗംഗയില്‍ സ്‌നാനം ചെയ്ത് സ്വയം ശുദ്ധീകരിച്ചതായി പറയപ്പെടുന്നു. ഈ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചാല്‍ പാപമോചനം നേടാം, പുനര്‍ജന്മം ഉണ്ടാവുകയുമില്ല.

അകത്തെ പ്രാകാരത്തിലേക്ക് കടക്കുന്ന സ്ഥലത്ത് വിനായകന്റെയും ബാലമുരുകന്റെയും സന്നിധികളുണ്ട്. അകത്തെ പ്രാകാരത്തിലാണ് ദേവി സുഗന്ധകുന്ദളാംബികയുടെ സന്നിധി. ആദ്യപ്രാകാരത്തിലെ ഒരു തൂണില്‍ വെണ്ണൈ പിള്ളൈയാര്‍ എന്നറിയപ്പെടുന്ന ഗണപതിയുണ്ട്. ഈ ഗണപതിയുടെ വയര്‍ഭാഗത്ത് വെണ്ണ സമര്‍പ്പിച്ചാല്‍ ഉദരരോഗങ്ങള്‍ ശമിക്കുമെന്നാണ് വിശ്വാസം. ഭക്തര്‍ വെണ്ണ ധാരാളമായി അണിയിച്ചതു കാണാം.

അകത്തെ പ്രാകാരത്തില്‍ ഭൈരവര്‍ക്കും പ്രത്യേക സന്നിധിയുണ്ട്-തന്റെ വാഹനമായ നായ കൂടെ ഇല്ലാതെ ധ്യാനനിമഗ്നനായിരിക്കുന്ന നിലയിലാണ്. വന്നി ഇലകളാണ് ഭൈരവരെ പൂജിക്കാന്‍ ഉപയോഗിക്കുന്നത്. ഈ ഇലകള്‍ ശേഖരിച്ച് ഉണക്കിപൊടിച്ച് കഴിച്ചാല്‍ ഞരമ്പുരോഗങ്ങള്‍ ശമിക്കും.

ആറ് കൃഷ്ണപക്ഷ അഷ്ടമി നാളില്‍ തുടര്‍ച്ചയായി ഇവിടെ പൂജ നടത്തിയാല്‍ സന്താനങ്ങല്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് സന്താനലബ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. രാഹുവിന്റെയും കേതുവിന്റെയും ദോഷങ്ങള്‍ക്കുള്ള പരിഹാരസ്ഥലമാണ്. യോഗഭൈരവരുടെ സമീപം രാഹുവിനെയും കേതുവിനെയും ഒരേ സന്നിധിയില്‍ കാണാം. ഞായറാഴ്ചകളില്‍ വട നിവേദ്യം സമര്‍പ്പിച്ച് നടത്തുന്ന രാഹുകാല പൂജ വിവാഹ തടസ്സം അകറ്റും. രാഹുകാലത്ത് അഭിഷേകം നടത്തുന്ന പാല്‍ നീലനിറത്തിലാണ് താഴെയെത്തുക.

ഭൈരവര്‍ക്ക് എതിരെയുള്ള സന്നിധിയില്‍ മഹിഷാസുരമര്‍ദ്ദിനി ഉണ്ട്. ദേവി മഹാലക്ഷ്മിക്കും പ്രത്യേക സന്നിധി ഉണ്ട്. ദേവിയുടെ ആനയ്ക്ക് നാല് കൊമ്പുള്ളതായും കാണാം. ഇവിടുത്തെ ദേവനെ പ്രാര്‍ത്ഥിച്ചാണ് ലക്ഷ്മീ ദേവിയും മഹാവിഷ്ണുവും പരിണയിച്ചത്.

ആത്മാവിന്റെ മുക്തിയാണ് ശ്രീവാഞ്ചിയം ക്ഷേത്രദര്‍ശനവും ആരാധനയും നടത്തുന്നവര്‍ക്ക് സിദ്ധിക്കുന്നത്. അതുകൊണ്ട് ഷഷ്ടിപൂര്‍ത്തിയും ശതാഭിഷേകവും ഇവിടെ ആഘോഷിക്കാനെത്തുന്നവര്‍ ധാരാളം. തിരുക്കടൈയൂരിലെ ദര്‍ശനംകൊണ്ട് ശരീരത്തിന്റെ രക്ഷയാണ് സിദ്ധിക്കുന്നത്.

ഇവിടെ പിതൃക്രിയകള്‍ ചെയ്യുന്നത് ഉത്തമമത്രെ. പിതൃകട നിവര്‍ത്തിസ്ഥലം എന്നും സ്ഥലത്തിന് പേരുണ്ട്. അമാവാസി ദിവസങ്ങളിലെ തര്‍പ്പണത്തിന് ഏറെ പ്രാധാന്യമാണ്.