Total Pageviews
Blog Archive
Search This Blog
രാമനെ എങ്ങിനെ അറിയാം ?
രാമനാമം ഭാരതീയ മനസ്സിന് അമൃതസമാനമാണ്. ആ നാമസ്മരണയില്‍ ഒരു ജനതയുടെ ആദ്ധ്യാത്മികമായ സംസ്‌കൃതിയുടെ ഉദയകാന്തിയാണ് അനുഭവവേദ്യമാകുന്നത്. രാമനും കൃഷ്ണനുമില്ലാത്ത ഒരു ഭാരതം നമുക്ക് സങ്കല്‍പ്പിക്കുവാന്‍ പോലുമാവുകയില്ല. ഇവിടുത്തെ കലയില്‍ സാഹിത്യത്തില്‍ സംസ്‌കാരത്തില്‍-എന്തിന്, ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇത്രയും സഞ്ചാലകമായ വ്യക്തിത്വത്തിന്റെ ദീപ്തി പരത്തിയിട്ടുള്ള കഥാപുരുഷന്മാര്‍ വേറിട്ടില്ല.
'രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു'എന്നാണ് നാം കേട്ടു പഠിച്ചു പോന്നിട്ടുള്ളത്. ദശാവതാരങ്ങളില്‍ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍. പരമാത്മസ്വരൂപനായ ആ ജഗന്നിയന്താവിന്റെ നാമമന്ത്രങ്ങളാണ് ഐഹികമായ ജീവിതത്തിന്റെ കെട്ടുപാടുകളില്‍നിന്ന് മോചനം നേടുവാനുള്ള സിദ്ധൗഷധം. ആ വിശ്വാസത്തിന്റെ സാന്ദ്രാനന്ദകരമായ അനുഭൂതിയില്‍ തളിര്‍ത്തു നില്‍ക്കുന്ന ജനതയുടെ നാവിന്‍തുമ്പത്തുനിന്നടരുന്ന പ്രണവമന്ത്രമാണ് 'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ' എന്നുള്ളത്. ആത്മാരാമനായ ആ രാമന്‍ തിരുവവതാരം ചെയ്ത പുണ്യദിവസമാണ് ശ്രീരാമനവമിയായി ആഘോഷിക്കുന്നത്.
ചൈത്രമാസത്തിലെ ശുക്ലനവമി ദിനത്തിലാണ് ശ്രീരാമന്‍ ജനിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ത്രേതായുഗത്തില്‍ വിഷ്ണുവിന്റെ അവതാരമായി പിറന്ന രാമന്‍ സര്‍വ്വലോകങ്ങള്‍ക്കും തെളിഞ്ഞ ചന്ദ്രനെപ്പോലെ ഇഷ്ടം നല്‍കുന്നവനായതുകൊണ്ട് ശ്രീരാമചന്ദ്രന്‍ എന്നുവിളിക്കപ്പെട്ടു. (ഇഷ്ടഃ സര്‍വ്വസ്യ ലോകസ്യ ശശാങ്ക ഇതി നിര്‍മ്മലഃ). അയോധ്യയില്‍ ദശരഥ മഹാരാജാവിന്റെയും കൗസല്യയുടെയും മൂത്ത പുത്രനായി ജനിച്ച രാമന്റെ അവതാരം രാമായണത്തില്‍ വര്‍ണിച്ചിട്ടുള്ളത് ശ്രദ്ധിക്കുക.
'ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്കല-
ച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍
നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി
കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ
അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കടകം
അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗവന്‍മീനത്തിലും
വക്രനുമുച്ചസ്ഥനായ് മകരം രാശി തന്നില്‍
നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍
ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും
(അദ്ധ്യാത്മരാമായണം)
സര്‍വ്വമോക്ഷദനായ ജഗത്സാക്ഷിയായി സാക്ഷാല്‍ ശ്രീനാരായണന്‍ തനിക്കു പുത്രനായി പിറന്നിരിക്കുന്നുവെന്നറിഞ്ഞ കൗസല്യാസ്തുതി രാമായണത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ്. എല്ലാ ലോകങ്ങളുടെയും ആത്മാവായി പിറന്ന ആ പരംപൊരുളിന്റെ ജന്മദിനമാണ് രാമനവമിയായി ഭാരതീയര്‍ കൊണ്ടാടിവരുന്നത്. ഉത്തരഭാരതത്തിലാണ് രാമനവമി വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. രാമലീല രാമനവമിയോടു ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീരാമജയന്തി എന്ന പേരിലും ഈ ആഘോഷം അറിയപ്പെടുന്നു.
രാമന്റെ കഥ പറയുന്ന ഇതിഹാസകാവ്യമാണ് രാമായണം. ആദികാവ്യം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന രാമായണം രചിച്ച വാല്മീകി മഹര്‍ഷിയെ ആദി കവി എന്നും വിളിച്ചുപോരുന്നു. ഇന്ത്യയുടെ ചിരന്തനമായ ആദ്ധ്യാത്മിക സാംസ്‌കാരിക പാരമ്പര്യത്തിന്റെ മകുടമണിയായിട്ടുള്ള രാമായണത്തിനു സമശീര്‍ഷമായി ഒരു കൃതി ലോക സാഹിത്യത്തില്‍ പോലുമില്ല. ഏഴുകാണ്ഡങ്ങളിലായി 24000 ശ്ലോകങ്ങളില്‍ ജീവല്‍ പ്രപഞ്ചത്തിന്റെ മഹേതിഹാസമാണ് വാല്മീകി പകര്‍ത്തിയിട്ടുള്ളത്.
സംസ്‌കൃതത്തില്‍ വിരചിക്കപ്പെട്ട ആ കൃതി എല്ലാ ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാമായണം ഒരു ജനതയുടേയോ ഒരു ദേശത്തിന്റെയോ സ്വത്തല്ല. മനുഷ്യരാശിയുള്ളിടത്തോളം കാലം വായിച്ചറിയുവാനും സാരാംശം ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് ജീവിക്കുവാനും പ്രേരിപ്പിക്കുന്ന ആ വിശിഷ്ടഗ്രന്ഥം ഒരു വരിഷ്ഠ സംസ്‌കാരമാണ് വിളിച്ചറിയിക്കുന്നത്. രാമന്റെ ജന്മസ്ഥലം അയോദ്ധ്യയാണ്. അയോദ്ധ്യയെന്നാല്‍ അദൃശ്യ ദുഷ്ട ശക്തികള്‍ക്കു കടന്നുചെല്ലുവാന്‍ അസാദ്ധ്യമായ സ്ഥലം എന്നാണര്‍ത്ഥം. ആ സ്ഥലം ഹൃദയമാണ്. അവിടെയാണ് രാമന്‍ വസിക്കുന്നത്. ആ രാമനെ അടുത്തറിയുവാന്‍ ഓരോ മനുഷ്യഹൃദയവും അയോദ്ധ്യയാക്കി മാറ്റണം. എല്ലാ ദുര്‍വിചാരങ്ങളില്‍ നിന്നും വിമുക്തമാക്കണം.
രാമന്‍ ഒരു സാമാന്യ മനുഷ്യനെപ്പോലെയാണ് ജീവിച്ചത്. എന്നാല്‍ ഒരു സാധാരണ മനുഷ്യന് രാമനെപ്പോലെ ജീവിക്കുവാനാകുമോ? ആവണം. അതിനുകഴിഞ്ഞുവെങ്കില്‍ മാത്രമേ നിന്ദയിലും സ്തുതിയിലും സുഖദുഃഖങ്ങളിലും ലാഭനഷ്ടങ്ങളിലും സമനില പുലര്‍ത്തുന്ന സമീപനം സ്വീകരിക്കാനാവൂ. അതായിരുന്നു രാമന്റേത്.
ഇതൊക്കെ ഓര്‍മപ്പെടുത്തുകയാണ് ഓരോ രാമനവമി ആഘോഷവും കൊണ്ടാടുമ്പോള്‍ ചെയ്യേണ്ടത്. രാമന്‍ സീതയെ വിവാഹം കഴിച്ചതും രാമനവമി നാളിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. വൈഷ്ണവഭക്തി പ്രസ്ഥാനത്തിലെ കവികള്‍ രാമകഥാ മാഹാത്മ്യം ബോധ്യപ്പെടുത്തുന്നതിനായി രചിച്ചിട്ടുള്ള കാവ്യകൃതികള്‍ പ്രസിദ്ധങ്ങളാണല്ലൊ. വ്രതനിഷ്ഠയോടെ നവമി ദിവസം രാമകഥകള്‍ വായിച്ചും നാമങ്ങള്‍ ജപിച്ചും കഴിയുവാന്‍ ശ്രദ്ധിക്കേണ്ടത് ഹൈന്ദവ സംസ്‌കൃതിയുടെ സംരക്ഷണത്തിന് ആവശ്യമാണ്.
Subscribe to:
Posts (Atom)