സുഭാഷിതം
പ്രഥമവയസി ദത്തം തോയമല്‍പം സ്മരന്തഃ
ശിരസി നിഹിതഭാരാ നാളികേരാ നരാണാം
സലിലമമൃതകല്‍പം ദദ്യുരാജീവനാന്തം
നഹികൃതമുപകാരം സാധവോ വിസ്മരന്തി
ഒന്നാം വയസ്സില്‍ (ബാല്യദശയില്‍) കൊടുത്ത അല്‍പ്പം വെള്ളം സ്മരിച്ച്, ശിരസ്സില്‍ ഭാരം പേറിയ തെങ്ങുകള്‍, അവയുടെ ഫലങ്ങളില്‍നിന്നും (നാളികേരത്തില്‍നിന്നും) അമൃതിനു തുല്യമായ വെള്ളം നമുക്കു നല്‍കുന്നു. ഇത് ഒരു ദിവസമല്ല; ആജീവനാന്തം. സജ്ജനങ്ങള്‍ അവര്‍ക്ക് ലഭിച്ച ഉപകാരം ഒരു കാലത്തും മറക്കില്ല.
സുഭാഷിതം
സന്തപ്തായസി സംസ്ഥിതസ്യപയസോ
നാമാപി ന ശ്രൂയതേ
മുക്താകാരതയാ തദേവ നളിനീ-
പത്രസ്ഥിതം ദൃശ്യതേ
അന്തഃസാഗരശുക്തിമദ്ധ്യപതിതം
തന്മൗക്തികം ജായതേ
പ്രായേണാധമമദ്ധ്യമോത്തമജൂഷാ-
മേവംവിധാ വൃത്തയഃ
ചുട്ടുപഴുത്ത ഇരുമ്പുകഷണത്തില്‍ വീണ വെള്ളത്തുള്ളിയുടെ പേരുപോലും പിന്നീട് കേള്‍ക്കില്ല. അതേ വെള്ളത്തുള്ളി ഒരു താമരയിലയില്‍ വീണാല്‍ മുത്തുമണിപോലെ കാണാനാകും. സമുദ്രത്തിന്റെ അന്തര്‍ഭാഗത്ത് കിടക്കുന്ന മുത്തുചിപ്പിയില്‍ ഈ ജലകണം വീണാല്‍ അതിമനോഹരമായ ഒരു മുത്തായി അതു രൂപംപ്രാപിക്കുന്നു. അധമന്മാരെയും മദ്ധ്യമന്മാരെയും ഉത്തമന്മാരെയും ആശ്രയിക്കുന്നവരുടെ ഗതിയും ഇവ്വിധമാകുന്നു.
സുഭാഷിതം
ഉല്‍പസ്യാരവിന്ദസ്യ
മത്സ്യസ്യ കുമുദ സ്യ ച
ഏകയോനി പ്രസൂതാപി
തേഷാം ഗന്ധം പൃഥക് പൃഥക്
ഉല്‍പലം- കരിങ്കൂവളം, അരവിന്ദം-താമര, മത്സ്യം-മീന്‍, കുമുദം- ആമ്പല്‍- ഇവയെല്ലാം ഒരേ സ്ഥലത്ത് ജനിച്ചതാണെങ്കിലും ഓരോന്നിന്റേയും ഗന്ധം വെവ്വേറെയാണല്ലോ. മനുഷ്യരുടെ കാര്യവും ഇപ്രകാരം തന്നെ. ‘ ഭിന്നരുചിര്‍ഹിലോകാ: എന്നു കേട്ടിട്ടില്ലേ?
സുഭാഷിതം
വ്യാളാശ്രയാപി വിഫലാപി സകണ്ടകാപി
വക്രാപി പങ്കിലഭവാപി ദുരാസദാപി
ഗന്ധേന ബന്ധുരിഹ കേതക പുഷ്പവല്ലി
ഏകോഗുണഃ ഖലു നിഹന്തി സമസ്തദോഷാന്‍.
കൈതപ്പൂ നില്‍ക്കുന്ന സ്ഥലത്ത് പാമ്പുകള്‍ ഉണ്ടാകാം. കൈതപ്പൂവിന് ഫലങ്ങള്‍ ഉണ്ടാകുന്നില്ല; മുള്ളുകള്‍ ഉള്ള സ്ഥലത്താണ് വളരുന്നത്; അവിടെ ചെളിയുണ്ട്. ഇവയെല്ലാം മൂലം അടുത്തു ചെല്ലുക പ്രയാസം. എന്നാലോ, കൈതപ്പൂവിന്റെ സൗരഭ്യം ഈ ദോഷങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.
സുഭാഷിതം
അനഭ്യാസേ വിഷം വിദ്യാ
അജീര്‍ണ്ണോ ഭോജനം വിഷം
വിഷം സഭാ ദരിദ്രസ്യ
വൃദ്ധസ്യ തരുണീ വിഷം
അഭ്യാസമില്ലാത്തവന് വിദ്യ വിഷമാകുന്നു. ശരിയായ ദഹനം ഇല്ലാത്തവന് ഭക്ഷണം വിഷം. ദരിദ്രനായ ഒരാള്‍ക്ക് സഭയില്‍ ചെല്ലാന്‍ മടി; അതിനാല്‍ അവന് സഭ വിഷം. ഇനി വൃദ്ധനായ ഒരാള്‍ക്കോ?. അയാള്‍ക്ക് യുവതിയായ സ്ത്രീയാണ് വിഷം.